വോഡഫോണും ഐഡിയയും ഒന്നിക്കുന്നു
ന്യൂഡൽഹി: ഇന്ത്യയിലെ മൊബൈൽ ടെലികോം ബിസിനസിൽ രണ്ടും മൂന്നും സ്‌ഥാനങ്ങളിലുള്ളവർ ഒന്നിച്ച് ഒന്നാമനാകുന്നു. വോഡഫോണും ഐഡിയയും ഒന്നിക്കുമ്പോൾ ഒന്നാം സ്‌ഥാനക്കാരായ ഭാരതി എയർടെൽ രണ്ടാം സ്‌ഥാനത്തേക്കു തള്ളപ്പെടും. ലയനചർച്ച തുടങ്ങിയതായി ഇരുകമ്പനികളും അറിയിച്ചു.

ബ്രിട്ടീഷ് കമ്പനിയായ വോഡഫോണിൻറെ പൂർണ ഉടമസ്‌ഥതയിലുള്ള വോഡഫോൺ ഇന്ത്യ ലിമിറ്റഡ് ഇനി സ്വതന്ത്ര കമ്പനിയാകും. ഇന്ത്യൻ ഓഹരിവിപണിയിൽ കമ്പനി ലിസ്റ്റ് ചെയ്യും.

ആദിത്യ ബിർള ഗ്രൂപ്പും മലേഷ്യയിലെ ആക്സിയാറ്റ ഗ്രൂപ്പും ചേർന്നു പ്രമോട്ട് ചെയ്തതാണ് ഐഡിയ.

ലയനത്തിനുശേഷം വോഡഫോണിനും ഐഡിയയ്ക്കും സംയുക്‌ത കമ്പനിയിൽ തുല്യപങ്കാളിത്തമുണ്ടാകും. ഐഡിയ, വോഡഫോണിനു പുതിയ ഓഹരികൾ നല്കും. വോഡഫോണിനു മൊബൈൽ ടവർ കമ്പനിയായ ഇൻഡസ് ടവറിലുള്ള ഓഹരി വിൽക്കില്ല.

മുകേഷ് അംബാനിയുടെ റിലയൻസ് ജിയോ ഉയർത്തുന്ന വെല്ലുവിളി നേരിടാനാണ് ലയനം. അഞ്ചു മാസംകൊണ്ട് ഏഴരക്കോടി വരിക്കാരെ പിടിച്ച ജിയോ വളരെ താഴ്ന്ന ഡാറ്റാനിരക്കും സൗജന്യ കോളുകളുമായാണു മത്സരിക്കുന്നത്. ഇതിനകം 1.7 ലക്ഷം കോടി രൂപ മുതൽ മുടക്കിയ ജിയോ 30,000 കോടി രൂപ കൂടി മുതൽ മുടക്കാൻ ഒരുങ്ങുകയാണ്.


വോഡഫോൺ–ഐഡിയ സംയുക്‌ത സംരംഭത്തിനു 38.7 കോടി വരിക്കാരുണ്ടാകും. മൊത്തം മൊബൈൽ വരിക്കാരിൽ 36 ശതമാനം വരുമിത്. രാജ്യം മുഴുവൻ 4 ജി സ്പെക്ട്രം ഉണ്ടാകും. ചില സർക്കിളുകളിൽ മൊത്തം സ്പെക്ട്രത്തിൻറെ പകുതിയിലേറെ സംയുക്‌ത കമ്പനിക്കുണ്ടെങ്കിൽ അധികമുള്ളതു വില്ക്കേണ്ടിവരും. സംയുക്‌ത കന്പനിക്ക് 71,800 കോടിരൂപയുടെ കടമുണ്ടാകും. ഭാരതി എയർടെലിന് 26.5 കോടി വരിക്കാർ ഉണ്ട്.

ലയനനീക്കത്തെ ഓഹരിവിപണി സഹർഷം സ്വാഗതം ചെയ്തു. ഐഡിയയുടെ ഓഹരിവില ഇന്നലെ 29 ശതമാനം കൂടി. വോഡഫോൺ ഓഹരികൾക്കു ലണ്ടനിൽ നാലു ശതമാനം കയറ്റമുണ്ട്. എയർടെലിനും വില കൂടുകയാണു ചെയ്തത്. ആദിത്യ ബിർള ഗ്രൂപ്പ് കമ്പനികൾക്കും ഓഹരിവില വർധിച്ചു.

ഇന്ത്യൻ മൊബൈൽ വിപണിയിൽ ശേഷിക്കുന്ന ചെറിയ കമ്പനികളെ ഏതെങ്കിലും വമ്പന്മാർ വിഴുങ്ങുമെന്നാണു നിരീക്ഷണം. മൂന്നോ നാലോ കമ്പനികളേ ശേഷിക്കൂ എന്നു വിലയിരുത്തപ്പെടുന്നു.

അനിൽ അംബാനിയുടെ റിലയൻസ് ടെലികോമും ടാറ്റാ ഗ്രൂപ്പിൻറെ കമ്പനികളും പിടിച്ചുനിൽക്കാൻ പ്രയാസപ്പെടും.