ഡിജിറ്റൽ ഇടപാട്: ചാർജുകളുടെ പെരുമഴക്കാലമോ?
ഡിജിറ്റൽ ഇടപാട്: ചാർജുകളുടെ  പെരുമഴക്കാലമോ?
Monday, January 30, 2017 6:49 AM IST
രാജ്യത്തു നടക്കുന്ന എല്ലാ പണമിടപാടുകൾക്കും കൃത്യമായി സർക്കാരിലേക്ക് നികുതി എത്തിക്കുക എന്നതുതന്നെയാണു പണരഹിത സമ്പദ്ഘടനകൊണ്ടു കേന്ദ്രസർക്കാർ ലക്ഷ്യമിടുന്നത്. കറൻസി പിൻവലിച്ചതിനെത്തുടർന്നുണ്ടായ പ്രശ്നങ്ങളെ തുടർന്നു ഡിസംബർ വരെ 2000 രൂപ വരെയുള്ള ഇടപാടുകൾക്ക് യാതൊരുവിധ പ്രോസസിംഗ് ഫീസും ഈടാക്കുകയില്ല എന്നാണ് കേന്ദ്രസർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. പക്ഷേ അധികം താമസിക്കാതെ ഈ ചാർജുകളും മറ്റ് നികുതികളും വീണ്ടും പുനർജനിക്കും. ഇതുവരെ ടിക്കറ്റിന് പ്രോസസിംഗ് ചാർജ് വാങ്ങിയിരുന്ന റെയിൽവേ കേന്ദ്ര സർക്കാരിന്റെ പ്രഖ്യാപനം വന്നതോടെ തത്കാലം അത് അവസാനിപ്പിച്ചിരിക്കുകയാണ്. നിലവിൽ ഇന്ത്യയിൽ സേവനം നടത്തുന്ന മിക്ക മൊബൈൽ വാലറ്റുകളും മറ്റു ധനകാര്യ ഇടപാട് സൈറ്റുകളുമെല്ലാം പക്ഷേ, ഇപ്പോഴും പ്രോസസിംഗ് ചാർജ് ഈടാക്കുന്നുണ്ട്.

കാഷ്ലെസ് ഇടപാടുകൾ

നിലവിലുള്ള കാഷ്ലെസ് ഇടപാടുകളിൽ മുഖ്യമായത് ഇവയാണ്.
* ഡെബിറ്റ് കാർഡ്
* ക്രെഡിറ്റ് കാർഡ്
* ഇന്റർനെറ്റ് ബാങ്കിംഗ്
* ഇ വാലറ്റുകൾ തുടങ്ങിയവ

ഇതിൽ തന്നെ ഡെബിറ്റ് കാർഡ് ആണ് കൂടുതലായും ഉപയോഗിക്കുന്നത്. എടിഎമ്മിൽ നിന്നു പണം പിൻവലിക്കുന്നതു കൂടാതെ പിഒഎസ് മെഷീൻ സ്‌ഥാപിച്ചിരിക്കുന്ന എവിടെയും ഡെബിറ്റ് കാർഡ് ഉപയോഗിച്ച് ഇടപാടുകൾ നടത്താം. കാഷ്ലെസ് ഇടപാടുകൾക്ക് ഈടാക്കുന്ന സർവീസ് ചാർജുകൾ റദ്ദാക്കണമെന്ന് കേന്ദ്രസർക്കാർ ഫെബ്രുവരിയിൽ ആവശ്യപ്പെട്ടിരുന്നെങ്കിലും പക്ഷേ, ആരും അതു നടപ്പാക്കിയിരുന്നില്ല.

വൻതുക ചെലവാക്കി മൊബൈൽ വാലറ്റുകൾ തങ്ങളുടെ മാർക്കറ്റ് പിടിച്ചടക്കുമ്പോൾ ഇതിനു വേണ്ടിവരുന്ന ചെലവുകൾ അവർ കണ്ടെത്തുന്നത് ഇടപാടുകാരിൽനിന്നു തന്നെയാണ്. മൊബൈൽ വാലറ്റിനോടു തുല്യവും ഇടപാടുകാർക്ക് കൂടുതൽ സുരക്ഷ വാഗ്ദാനം ചെയ്യുന്ന യുപിഐ ആപ്പ് ആകട്ടെ കാര്യമായി ഇടപാടുകാരിലേക്ക് എത്തുന്നുമില്ല.

നിലവിൽ പേടിഎമ്മിന് 16.5 കോടി ഉപഭോക്‌താക്കൾ ഉള്ളപ്പോൾ യുപിഐ ആപ്ലിക്കേഷൻ ഉപയോഗിക്കുന്നവർ 20.6 ലക്ഷം മാത്രമാണ്. മൊബിക്വിക്കിനുള്ളത് 4 കോടി ഉപഭോക്‌താക്കളാണ്. അടുത്ത മാർച്ച് അവസാനത്തോടെ 2.5 കോടി ഉപഭോക്‌താക്കളെയും പ്രതിദിനം 10 ലക്ഷം ഇടപാടുകളുമാണ് എൻപിസിഐ, യുപിഐ ആപ്പിലൂടെ ലക്ഷ്യംവയ്ക്കുന്നത്. മൊബൈൽ വാലറ്റുകളിൽ നിക്ഷേപിച്ചിരിക്കുന്ന പണത്തിനു പലിശ ലഭിക്കാത്തപ്പോൾ ബാങ്ക് അക്കൗണ്ടിനോടു ചേർന്നു പ്രവർത്തിക്കുന്ന യുപിഐയിൽ ഇതു ലഭ്യമാണ്.


റെയിൽവേയുടെ കൊള്ളയടി 20 മുതൽ 40 രൂപ വരെ

ഓൺലൈൻ വഴി ടിക്കറ്റ് ബുക്ക് ചെയ്യുമ്പോൾ ഏറ്റവും കൂടുതൽ ഇൻർനെറ്റ് ഹാൻഡിലിംഗ് ചാർജ് ഈടാക്കിയിരുന്നത് റെയിൽവേയായിരുന്നു. റെയിൽവേ പ്രോസസിംഗ് ഫീ ആയി റെയിൽവേ ഈടാക്കിയിരുന്നത് 20 മുതൽ 40 രൂപ വരെ. ഓൺലൈൻ വഴി ബുക്ക് ചെയ്യുന്ന എല്ലാ ടിക്കറ്റുകൾക്കും ഇതു ബാധകമായിരുന്നു. സ്ലീപ്പർ ടിക്കറ്റിന് പ്രോസസിംഗ് ഫീ ആയി ഈടാക്കിയിരുന്നത് 20 രൂപയാണ്. ഇതോടൊപ്പം സർക്കാരിന്റെ നികുതിയും സെസും നൽകണം. ഇത് ചേർത്തുകഴിയുമ്പോൾ തുക 23 രൂപയായി വർധിക്കും. ഉയർന്ന ക്ലാസിലാണെങ്കിൽ പ്രോസസിംഗ് ഫീ 40 രൂപയാണ്. മറ്റു നികുതി കൂടി ചേർക്കുമ്പോൾ ഇതും 43 രൂപയാകും.

ഇത് കൂടാതെ നമ്മൾ ഏത് ബാങ്ക് വഴിയാണോ ടിക്കറ്റ് എടുക്കുന്നത് അതിന്റെ സർവീസ് ചാർജും സേവന നികുതിയും ചേർത്ത് മറ്റൊരു 11 രൂപ കൂടെ നൽകണം. ചുരുക്കത്തിൽ റെയിൽവേയുടെ ടിക്കറ്റ് കൗണ്ടറിൽ ചെന്നു ടിക്കറ്റ് എടുക്കുന്നതിനേക്കാൾ 34 രൂപ സ്ലീപ്പർ ടിക്കറ്റിനും 57 രൂപ മറ്റ് ഉയർന്ന ക്ലാസുകൾക്കും അധികമായി നൽകണം.

ക്രെഡിറ്റ് കാർഡ് ആണ് ഉപയോഗിക്കുന്നതെങ്കിൽ ഇതുകൂടാതെ 1.8 ശതമാനം വേറെയും നൽകണം. ഇ–വാലറ്റുകളിൽ നിന്നാണെങ്കിൽ ഇത് 1.3 ശതമാനം മുതൽ 1.8 ശതമാനം വരെയാണ് അധികമായി നൽകേണ്ടി വരിക.

ഇപ്പോൾ തന്നെ റെയിൽവേയുടെ പകുതിയിലധികം റിസർവേഷൻ ടിക്കറ്റുകളും ഓൺലൈൻ വഴിയാണ് നടക്കുന്നത്. ഇത് 14 ലക്ഷത്തോളം വരുമെന്നാണ് കണക്കുകൾ പറയുന്നത്. അതായത് പ്രതിമാസം റെയിൽവേയ്ക്ക് സർവീസ് ചാർജ് ഇനത്തിൽ അധികമായി കിട്ടിയിരുന്നത് 76 കോടിയോളം രൂപയാണ്. നോട്ട് റദ്ദാക്കലിന്റെ ഭാഗമായി കാഷ്ലെസ് ഇടപാടിനു കൂടുതൽ പ്രാധാന്യം വന്നതോടെ കേന്ദ്രസർക്കാരിന്റെ നിർദേശപ്രകാരം ഈ കൊള്ളയടിക്കു റെയിൽവേ തൽക്കാലിക ഇടവേള നൽകിയിരിക്കുകയാണ്. ഡിസംബർ 31 നാണ് ഇതിന്റെ പരിധി അവസാനിക്കുക. ഇതോടെ വീണ്ടും സർവീസ് ചാർജുകൾ തലപൊക്കും.