ഇഗ്നിസ്: ചെറുതെങ്കിലും ചില്ലറക്കാരനല്ല
ഇഗ്നിസ്: ചെറുതെങ്കിലും ചില്ലറക്കാരനല്ല
Monday, January 30, 2017 12:37 AM IST
യുവത്വം തുളുന്പുന്ന രൂപകല്പനയുമായി മാരുതിയിൽനിന്നു ഒടുവിൽ പുറത്തിറങ്ങിയ പ്രീമിയം ഹാച്ച്ബാക്കാണ് മാരുതി ഇഗ്നിസ്. നെക്സയിലൂടെ നിരത്തിലെത്തുന്ന ഇഗ്നിസിൻറെ വിശേഷങ്ങളിലൂടെ...

പുറംഭാഗം

പുതു ഡിസൈനിംഗാണ് മാരുതി ഇഗ്നിസിൽ നല്കിയിരിക്കുന്നത്. മാരുതിയുടെ മറ്റു കാറുകളോട് ഉപമിക്കാൻ കഴിയാത്ത രൂപകല്പനയാണ് മുൻവശത്തിന്. വലിയ എൽഇഡി പ്രൊജക്ഷൻ ഹെഡ്ലാന്പും അതിനു മധ്യത്തിലായി യു ആകൃതിയിലുള്ള ഡേ ടൈം റണ്ണിംഗ് ലൈറ്റുമാണ് ഇഗ്നിസിൻറെ മുഖലക്ഷണം. ഹണി കോന്പ് ഡിസൈനിലുള്ള ഗ്രില്ലിൽ ക്രോം ലൈനുമുള്ളത് ഗ്രില്ലിൻറെ ഭംഗി വർധിപ്പിക്കുന്നുണ്ട്. ബന്പറിൻറെ ലോവർ പോർഷനിൽ താരതമ്യേന ഉയർന്ന വലുപ്പത്തിൽ ക്രോം ആവരണത്തിൽ ഫോഗ് ലാന്പ് നിലയുറപ്പിച്ചിരിക്കുന്നതും ഇഗ്നീസിൻറെ പുതുമയാണ്.

വശങ്ങളിൽ ബ്ലാക്ക് ഫിനിഷിംഗ് പ്ലാസ്റ്റിക്കിൽ തീർത്ത വീൽ ആർച്ചും ബോണറ്റിനു വശങ്ങളിലായി എൻജിൻറെ പേര് നല്കിയിരിക്കുന്നതും വശങ്ങളുടെ മാറ്റ് കൂട്ടുന്നു. ആഡംബര കാറുകളോട് സമാനമായ രീതിയിൽ ബോഡിയിൽനിന്ന് അല്പം മാറിയാണ് റിയർവ്യൂ മിററിൻറെ സ്‌ഥാനം. തികച്ചും പുതുമയാർന്ന ഡിസൈനിംഗിൽ 15 ഇഞ്ച് അലോയ് വീലുകളാണുള്ളത്.

രൂപത്തിൽ മാരുതിയുടെ കെ10നോട് സാമ്യം പുലർത്തുന്നുണ്ടെങ്കിലും ഡിസൈനിംഗിൽ മാറ്റം വരുത്താൻ കന്പനി ശ്രദ്ധിച്ചിട്ടുണ്ട്. ബോഡിയിലും ഹാച്ച്ഡോറിലുമായുള്ള ടെയിൽലാന്പും ബാക്ക് ബന്പറിൽ നല്കിയിരിക്കുന്ന ബ്ലാക്ക് ഫിനീഷിംഗ് സ്കേർട്ടുമാണ് പിൻഭാഗത്തിനു മാറ്റ് കൂട്ടുന്നത്.

ഉൾവശം

ബ്ലാക്ക് ആൻഡ് വൈറ്റ് കോമ്പിനേഷനിൽ ഒരുക്കിയിരിക്കുന്ന ആകർഷകമായ ഇൻറീരിയറാണ് ഇഗ്നിസിനുള്ളത്. വളരെ വിശാലമായ ഫ്ലാറ്റ് ഡാഷ്ബോർഡ്, ഹാച്ച്ബാക്ക് മോഡലുകളിൽ പുതുമയാണ്. സെൻറർ കൺസോൾ എന്ന ഭാഗം ഒഴിവാക്കികൊണ്ടുള്ള രൂപകല്പനയാണ് ഇഗ്നിസിൽ. ഡാഷ്ബോർഡിൻറെ നടുവിലാണ് ഏഴ് ഇഞ്ച് വലുപ്പമുള്ള ഇൻഫോടെയ്ൻമെൻറ് സിസ്റ്റം. ജിപിഎസ്, മ്യൂസിക് സിസ്റ്റം, റിവേഴ്സ് കാമറ സ്ക്രീൻ എന്നിവയാണ് ഇൻഫോടെയ്ൻമെൻറ് സിസ്റ്റത്തിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.


ഡാഷ്ബോർഡിനു താഴെയാണ് ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റിൻറെ സ്‌ഥാനം. മറ്റു കാറുകളെ അപേക്ഷിച്ച് കൂടുതൽ സ്റ്റോറേജ് സ്പേസ് ഇഗ്നിസിൽ നല്കിയിട്ടുണ്ട്. സ്റ്റിയറിംഗ് വീലിനു മാറ്റമൊന്നുമില്ല.

മീറ്റർ കൺസോളാണ് ഇഗ്നീസിൻറെ മറ്റൊരു ആകർഷണം. രണ്ട് അനലോഗ് മീറ്ററുകളും വലതുവശത്തായി ഒരു ഡിജിറ്റൽ ഡിസ്പ്ലേയും ഒരുക്കിയിട്ടുണ്ട്.

ഗിയർ ലിവറിൻറെ വശങ്ങളിൽ ബോഡി കളറിലുള്ള ഡിസൈനിംഗ് നല്കിയിട്ടുള്ളതും ഭംഗി കൂട്ടുന്നു. മികച്ച സീറ്റുകൾക്കൊപ്പം വിശാലമായ ലെഗ്റൂമും 260 ലിറ്റർ എന്ന ഉയർന്ന ഡിക്കി സ്പേസും ഇഗ്നിസിൽ ഒരുക്കിയിട്ടുണ്ട്.

സുരക്ഷ

ബേസ് മോഡൽ മുതൽ എബിഎസ്, ഇബിഡി ബ്രേക്കിംഗ് സംവിധാനവും ടോപ് എൻഡ് മോഡലിൽ ഡുവൽ എയർബാഗും നല്കി ശക്‌തമായ സുരക്ഷാ സംവിധാനമാണ് ഇതിൽ ഒരുക്കിയിട്ടുള്ളത്.

എൻജിൻ

മാരുതിയുടെ മറ്റൊരു മോഡലായ ബലേനോയിൽ ഉപയോഗിച്ചിരിക്കുന്ന എൻജിനാണ് ഇഗ്നിസിനും കരുത്തു പകരുന്നത്. 1.2 ലിറ്റർ പെട്രോൾ എൻജിനും 1.3 ലിറ്റർ ഡിസൻ എൻജിനുമൊപ്പം അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സും ഡെൽറ്റ, സീറ്റ എന്നീ ടോപ്പ് എൻഡ് മോഡലുകളിൽ ഓട്ടോമാറ്റിക് ഗിയർ ബോക്സും അവതരിപ്പിച്ചിട്ടുണ്ട്.

1197 ലിറ്റർ പെട്രോൾ എൻജിൻ 113 എൻഎം ടോർക്ക് 84.3 പിഎസ് പവറും, 1248 ലിറ്റർ ഡീസൽ എൻജിൻ 190 എൻഎം ടോർക്കിൽ 75 പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

മൈലേജ്

ഇഗ്നിസിൻറെ പെട്രോൾ മോഡലുകൾക്ക് 20.89 കിലോമീറ്ററും ഡീസൽ മോഡലിന് 26.8 കിലോമീറ്റർ മൈലേജുമാണ് കന്പനി അവകാശപ്പെടുന്നത്.
സിഗ്മ, ഡെൽറ്റ, സീറ്റ, ആൽഫ എന്നിങ്ങനെ നാല് ഓപ്ഷനുകളായാണ് ഇഗ്നീസിനെ തരം തിരിച്ചിരിക്കുന്നത്.

വില

ഡീസൽ മോഡലുകൾക്ക് 6.58 ലക്ഷം മുതൽ 8.2 ലക്ഷം രൂപ വരെയും പെട്രോൾ മോഡലുകൾക്ക് 5.37 ലക്ഷം മുതൽ 6.89 ലക്ഷം രൂപ വരെയുമാണ് എക്സ് ഷോറൂം വില.

അജിത് ടോം