പുത്തൻ രസക്കൂട്ടുകളുമായ് ധർമ്മജൻ
പുത്തൻ രസക്കൂട്ടുകളുമായ് ധർമ്മജൻ
Sunday, January 29, 2017 4:21 AM IST
തമാശയുടെ പുത്തൻ രസക്കൂട്ടുമായെത്തി കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ പ്രേക്ഷക ഹൃദയം കീഴടക്കിയിരിക്കുകയാണ് ധർമ്മജൻ ബോൾഗാട്ടി. ചിത്രത്തിലെ ദാസപ്പൻ എന്ന കഥാപാത്രത്തെ മലയാളികൾ നെഞ്ചിലേറ്റിക്കഴിഞ്ഞു. സ്റ്റേജ് ഷോകളിലും ടെലിവിഷൻ പരിപാടികളിലും കോമഡിയുടെ മണിമുത്തുകൾ വാരിവിതറിയ ധർമ്മജൻ ബോൾഗാട്ടി ഇപ്പോൾ സിനിമയുടെ തിരക്കിലാണ്. ദാസപ്പനെ തന്റെ സിനിമാ ജീവിതത്തിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രമാക്കി മാറ്റിയ ധർമ്മജൻ വാചാലനാകുന്നു... അതിൽ സിനിമയുണ്ട്... ഒപ്പം ജീവിതവും.

ദിലീപ് ചിത്രം പാപ്പി അപ്പച്ചയിലൂടെയാണ് സിനിമയിലേക്ക് അരങ്ങേറ്റം. ഇപ്പോൾ ദിലീപ് നിർമ്മിച്ച കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മറ്റൊരു ഗംഭീര വേഷം. തിരിഞ്ഞു നോക്കുമ്പോൾ എന്തു തോന്നുന്നു?

ഞാൻ പാപ്പി അപ്പച്ചയിലൂടെ സിനിമയിലേക്ക് എത്തുന്നത് 2009–ലാണ്. ആ ചിത്രവും ദിലീപേട്ടനാണ് നിർമിച്ചത്. ആ ചിത്രത്തിനു മുമ്പുവരെ ദിലീപേട്ടനൊപ്പം സലിംകുമാർ, ഹരീശ്രീ അശോകൻ തുടങ്ങിയവരാണ് സിനിമയിൽ സ്‌ഥിരമായി എത്തുന്നത്. അതുകൊണ്ടു തന്നെ എന്നെ ആ കഥാപാത്രം ചെയ്യാൻ വിളിച്ചപ്പോൾ പലരും ദിലീപേട്ടനെ നിരുത്സാഹപ്പെടുത്തിയിരുന്നു. പക്ഷേ ദിലീപേട്ടനും അനൂപേട്ടനും പ്രൊഡക്ഷൻ കൺട്രോളർ റോഷൻ ചിറ്റൂരും അതിലുറച്ചു നിന്നു. ഈ അന്തർനാടകങ്ങളൊന്നും അറിയാതെയാണ് ഞാൻ അവിടെയെത്തുന്നത്. ടിവിയിൽ മിമിക്രി ചെയ്യുന്നതുകൊണ്ട് സിനിമയിലും നമ്മൾ അതു തന്നെ ചെയ്യുമെന്നാണ് പലരുടേയും വിചാരം. ഷൂട്ടു തുടങ്ങി ആദ്യ സീൻ, രണ്ട് തവണ റിഹേഴ്സൽ നടത്തി. ആദ്യ ഷോട്ട് ഫസ്റ്റ് ടേക്കിൽ ഓകെയായി കഴിഞ്ഞപ്പോൾ എല്ലാവരും നല്ല കയ്യടി. ഞാൻ ഭയങ്കര അഭിനയമൊന്നുമല്ല കാണിച്ചത്. പക്ഷെ, അതാണ് എന്നെ ഉറപ്പിച്ചത്. ആ ചിത്രത്തിൽ മുഴുനീള കഥാപാത്രമായി സിനിമയിൽ അഭിനയിച്ചു തുടങ്ങി, പിന്നീട് കരിയറിൽ ഇപ്പോൾ ആ മൂന്നു പേരും ചേർന്ന് കട്ടപ്പനയിലെ ഋത്വിക് റോഷനിലൂടെ മികച്ചൊരു വേഷത്തിനെ എന്നിലേക്കെത്തിച്ചു. പിന്നെ ഇത്തരം കഥാപാത്രങ്ങൾ നമുക്ക് കിട്ടണം. അവസരം കിട്ടുമ്പോഴല്ലെ നമുക്കത് തെളിയിക്കാൻ സാധിക്കു. സംവിധാനം ചെയ്ത നാദിർഷിക്കയുടെ ഒരു ധൈര്യം കൂടിയാണ് ഈ സിനിമ. ഇതിനിടയിൽ ഏറെ വേഷങ്ങൾ ചെയ്തെങ്കിലും ഇത്തരം ഒരു വേഷം ഇപ്പോഴാണ് കിട്ടുന്നത്. സിനിമയിലെത്തി ആറു വർഷംകഴിഞ്ഞിരിക്കുന്നു. അപ്പോൾ ആറു വർഷത്തെ ഇടവേളയ്ക്കു ശേഷം ധർമ്മജൻ വീണ്ടും വന്നിരിക്കുന്നു.

ദിലീപ് എന്ന വ്യക്‌തിയുമായുള്ള ആത്മബന്ധം?

ദിലീപേട്ടനുമായി നല്ലൊരു ആത്മബന്ധം ഉണ്ട്. അത് ദിലീപേട്ടന്റെ മിമിക്രി കാലം മുതലുള്ളതാണ്. അക്കാലത്തെ എന്റെ ജീവിതാഭിലാഷം എന്നത് ദിലീപ്, നാദിർഷ, അബി ടീമിന്റെ ദേ മാവേലി കൊമ്പത്ത് എന്ന മിമിക്രി കാസറ്റിൽ പങ്കെടുക്കുക എന്നതാണ്. അതു എന്റെ മാത്രമല്ല അന്നുള്ള മിമിക്രി താരങ്ങളുടെ എല്ലാം മനസിലെ ആഗ്രഹമാണത്. നടൻ ജയസൂര്യയൊക്കെ അതു പറഞ്ഞു കേട്ടിട്ടുണ്ട്. പിന്നെ പ്രോഗ്രാം അവതരിപ്പിക്കാനായി വിദേശത്തു പോകണം, ഫ്ളൈറ്റിൽ കയറണം എന്നൊക്കെയാണ് എന്റെ മനസിലെ സ്വപ്നങ്ങൾ. അന്ന് ഏറ്റവും കൂടുതൽ കോമഡി കാസറ്റുകളും കോമഡി ഷോകളും ചെയ്യുന്ന തോമസ് തോപ്പിൽക്കുടിയുടെ ഒപ്പമായിരുന്നു ഞാൻ. ഏകദേശം പത്തു വർഷത്തോളം കാസറ്റിൽ ഒരു സ്റ്റാംപ് സൈസ് ഫോട്ടോ വരാനുള്ള ആഗ്രഹവുമായി നിശബ്ദനായി അദ്ദേഹത്തോടൊപ്പം കോമഡി കാസറ്റിന്റെ വർക്കിൽ ഞാനുമുണ്ടായിരുന്നു. ഒരു ഫോട്ടോ കൊടുക്കുമോ ചേട്ടാ എന്നു ചോദിക്കില്ല, പക്ഷെ അമ്മച്ചി വീട്ടിൽ കൂട്ടിവയ്ക്കുന്ന പൈസ എടുത്തുകൊണ്ടു പോയി ഭാവൻസിൽ നിന്നും ഫോട്ടോ എടുത്തു കൊണ്ടു കൊടുക്കും. വളരെ കഷ്ടപ്പെട്ട് കുറേനാള് അതിന്റെ എഴുത്തിനൊക്കെയായി നടന്നിട്ടുണ്ട്. നമ്മൾ അതിന്റെ ആവശ്യങ്ങൾക്കായി കഷ്ടപ്പെട്ടു നടക്കുമ്പോൾ ഒരു ദിവസം മാത്രം എത്തി ഡയലോഗ് പറഞ്ഞു പോകുന്നവന്റെ വരെ ഫോട്ടോ വരുന്നത് കാണുമ്പോൾ സങ്കടം വന്നിട്ടുണ്ട്. പക്ഷെ അതിനൊന്നും പ്രതികരിക്കാൻ പോയിട്ടില്ല. അങ്ങനെ നടന്ന കാലത്താണ്ദിലീപേട്ടനുമായും നാദിർഷ ഇക്കയുമായുള്ള പരിചയം. ഒരു അനിയനെപ്പോലെ ഒരു കരുതലാണ് ഇരുവരും എന്നും എനിക്കു നൽകിയിട്ടുള്ളത്. അത് എന്നോടു മാത്രമല്ല, മലയാള സിനിമയിൽ പലരോടും അങ്ങനെയുണ്ട്. അതു ദിലീപേട്ടന്റെ ബുദ്ധി എന്നൊന്നും വിളിക്കാനാവില്ല, മനസിന്റെ ഒരു നന്മയാണ്. അതൊക്കെ ഹൃദയത്തിൽ നിന്നും വരുന്നതാണ്. സ്നേഹം എന്നത് എപ്പോഴും കാണുന്നതും ഫോൺ വിളിക്കുന്നതുമല്ലല്ലോ. കൂടുതലും ദിലീപേട്ടൻ എന്നെ ഇങ്ങോട്ടു വിളിക്കാറാണുള്ളത്. എന്നെ കുറേ നാള് കണ്ടില്ലെങ്കിൽ, എന്റെ സുഹൃത്തുക്കളെ കാണുമ്പോൾ എന്നെ തിരിക്കും. അതൊരു കരുതലാണ്. ഒരു ജ്യേഷ്ഠ സഹോദരനോടുള്ള സ്നേഹമാണ് എനിക്കും ദിലീപേട്ടനോട്. പുതിയ വീട്ടിലേക്കു താമസം മാറിയപ്പോൾ രണ്ടു സിനിമാ നടന്മാരെയാണു ഞാൻ വിളിച്ചത്. ഒന്നു ദിലീപേട്ടനും, മറ്റൊന്ന് കലാഭവൻ മണിയും. അവർ ഇരുവരും എത്തുകയും ചെയ്തു. ഞാൻ വന്നതിനു ശേഷമുള്ള ദിലീപേട്ടന്റെ ഒട്ടു മിക്ക ചിത്രങ്ങളിലും എന്നെ വിളിക്കാറുണ്ട്. പലതിലും പോകാൻ പറ്റാറില്ല. ടു കൺട്രീസ്, ലൈഫ് ഓഫ് ജോസൂട്ടി ചിത്രങ്ങളിലൊക്കെ മറ്റു പ്രോഗ്രാമുകളുടെ തിരക്കുകാരണം പോകാൻ പറ്റാത്തതാണ്. പുതിയ ചിത്രമായ രാമലീലയിലും വിളിച്ചിട്ടുണ്ട്.



സിനിമയിൽ സജീവമായിട്ടും ടെലിവിഷനിൽ സ്‌ഥിരം സാന്നിധ്യമാണ്. രണ്ടിനെയും എങ്ങനെ ബാലൻസ് ചെയ്യുന്നു

അതു ബാലൻസിംഗല്ല. ബിഗ് സ്ക്രീനായാലും മിനിസ്ക്രീനായാലും നമ്മുടെ കർമ്മം ഒന്നുതന്നെയാണ്. അത് ആത്മാർത്ഥമായി ചെയ്യണം. ടിവിയിൽ നിൽക്കുമ്പോൾ സിനിമയ്ക്കായി മാറിനിൽക്കാമെന്നു കരുതിയാൽ നമ്മൾ പട്ടിണിയായിപ്പോകും. സിനിമയിൽ ആ സമയത്ത് വിളിക്കണമെന്നില്ല. ടെലിവിഷനിലും എന്നും നിലനിൽക്കണമെന്നില്ല. എങ്കിലും ടെലിവിഷനെ അത്ര കുറച്ചു കാണണ്ടതല്ല. അത്തരം ചില സിനിമാക്കാരുണ്ട്. ടെലിവിഷനിലൂടെയാണ് നമ്മൾ വന്നത്. ദിലീപേട്ടനൊക്കെ അങ്ങനെയാത്തിയവരാണ്. ടെലിവിഷനിൽ നല്ല പ്രോഗ്രാമുകളിൽ വിളിക്കുന്നുണ്ട്. സിനിമയിൽ തിരക്കായതിനാലാണ് പ്രോഗ്രാമുകൾ കുറച്ചത്.

ആദ്യ കാലങ്ങളിൽ മിമിക്രിയയേക്കാൾ കോമഡി പരിപാടികളുടെ എഴുത്തിലൂടെയാണല്ലോ ശ്രദ്ധേയനാകുന്നത്?

സ്കൂളിൽ പഠിക്കുമ്പോൾ മുതൽ മിമിക്രി ഉണ്ടെങ്കിലും എഴുത്തിലൂടെയാണ് ഞാൻ ഈ രംഗത്ത് എത്തുന്നത്. മിമിക്രിയിലേക്ക് ഇറങ്ങിയപ്പോൾ അവിടെ കോട്ടയം നസീറും ദിലീപേട്ടനുമടക്കമുള്ള അതികായന്മാർ നിൽക്കുകയാണ്. അവരോടൊപ്പം പിടിച്ചു നിൽക്കുക എന്നതു വെല്ലുവിളിയാണ്. അപ്പോൾ നമ്മുടെ കയ്യിലുള്ള ആയുധം എഴുത്താണ്. അതുകൊണ്ടു തന്നെ ഏറ്റവും വലിയ കോമഡി നടനടക്കം എല്ലാവരുമായി ബന്ധം സ്‌ഥാപിക്കാൻ പറ്റും. കോട്ടയം നസീറൊക്കെ വിളിച്ചു ഷോയ്ക്കു വേണ്ടി എഴുതിക്കും. ഏകദേശം എട്ടു വർഷത്തോളം ഏഷ്യാനെറ്റിലെ സിനിമാലയ്ക്കു വേണ്ടി എഴുതിയിട്ടുണ്ട്. പിന്നെ ടിംഗ് ടോഗ്, എട്ടു സുന്ദരികളും ഞാനും, സന്താനഗോപാലം തുടങ്ങിയ സീരിയലുകൾക്കു വേണ്ടിയും എഴുതിയിട്ടുണ്ട്. പിന്നെ നിരവധി സ്റ്റേജ് ഷോകൾ, കാസറ്റുകൾ എന്നിവകൾക്കൊക്കെ എഴുതിയിട്ടുണ്ട്. ഇപ്പോൾ എഴുത്തിലിത്തിരി പുറകോട്ടാണ്. ഇനി കുറേ എഴുതിപ്പിടിപ്പിക്കാനുണ്ട്.

ആ എഴുത്ത് ഇനി ഒരു സിനിമയുടെ ഭാഷയിലേക്കും മാറുമോ?

ഇനിയുള്ള എഴുത്ത് സിനിമാ രൂപത്തിനു വേണ്ടിയാകണമെന്നാണു വിചാരിക്കുന്നത്. എങ്കിലും മറ്റു പ്രോഗ്രാമുകൾക്കുള്ള എഴുത്ത് ഇപ്പോഴും നടക്കുന്നുണ്ട്. ഞാനും പിഷാരടിയും ഉള്ള ഷോകൾക്കു വേണ്ടിയും ഏപ്രിൽ അവസാനത്തോടെയുള്ള ദിലീപേട്ടന്റെ അമേരിക്കൻ പ്രോഗ്രാമുകൾക്കുള്ള എഴുത്തുമാണ് ഇപ്പോൾ നടക്കുന്നത്. ഇപ്പോഴത്തെ എഴുത്ത് ഗ്രൂപ്പായിട്ടാണ്, നേരത്തെ അതായിരുന്നില്ല. പണ്ട് സീരിയൽ ചെയ്യുമ്പോൾ അത് ആഴ്ചയിൽ ഏഴു ദിവസവും എപ്പിസോഡുള്ളതായിരിക്കും. അപ്പോൾ വീട്ടിൽ പോലും പോകാറില്ല. സീരിയലിനെ അപേക്ഷിച്ച് സിനിമയുടെ എഴുത്ത് സുഖമാണ്. സീരിയലിൽ ശമ്പളം പോലെയാണ് ജോലി ചെയ്യണത്. പ്രത്യേകിച്ച് കോമഡി സീരിയലിൽ വെല്ലുവിളി കൂടും.

ചാനൽ മത്സരങ്ങൾക്കിടയിൽ നിങ്ങളുടെ പ്രോഗ്രാമിന്റെ വിജയഘടകമാകുന്നത് എന്താണ്?

ഇരുപതിലിധകം ചാനലുകൾ നമുക്കുണ്ട്. അതിലോരോ ചാനലിലും മൂന്നോ നാലോ കോമഡി പ്രോഗ്രാമുകളുണ്ട്. അതിനിടയിൽ ഒരു പ്രോഗ്രാം കാണാൻ പ്രേക്ഷകരെ പിടിച്ചിരുത്തുക എന്നത് ശ്രമകരമായ ദൗത്യമാണ്. അതും ഒരു ദിവസം കണ്ടാൽ തുടർച്ചയായിട്ട് കാണണം. പ്രേക്ഷകർ പുറത്തെവിടെവെച്ചെങ്കിലും കണ്ടാൽ നല്ല പ്രോഗ്രാമാണെന്നു വെറുതെ പറയാതെ അതിനൊപ്പം നല്ല രണ്ടു വിശദീകരണവുമൊക്കെ കേൾക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്നുള്ള പല പ്രോഗ്രാമുകളും തരം താണു പോകുന്നത് നമ്മൾ കാണുന്നുണ്ട്. ഒരാളുടെ ന്യൂനതയെ പരിഹസിക്കുന്ന വിധത്തിൽ കോമഡികൾ ഞാനും പിഷാരടിയും ചെയ്തട്ടില്ല. കോമഡിയെ ആവർത്തിക്കാതെ പരീക്ഷണങ്ങൾ കാണിക്കാനാണ് ഞങ്ങൾ ശ്രദ്ധിച്ചത്. തിരക്കഥ പോലുമില്ലാതെ പരിപാടികൾ ഞങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. ഹിറ്റ് പ്രോഗ്രാമായ ബ്ലഫ് മാസ്റ്റേഴിസിനു വേണ്ടി ജിവിതത്തിലെ വളരെ നിസാര സംഭവങ്ങളിൽ നിന്നുമാണ് ഞങ്ങൾ കോമഡി കണ്ടെത്തിയത്. നമ്മുടെ വീട്ടിൽ നിന്നും ചുറ്റുപാടും നിന്നും കണ്ടെത്തുന്ന സാഹചര്യങ്ങളിലൂടെ 500 എപ്പിസോഡാണ് ഞങ്ങൾ ബ്ലഫ് മാസ്റ്റേഴ്സിൽ കൊണ്ടു വന്നത്. അന്ന് അതൊരു പുതുമയായിരുന്നു. പിന്നെയും അതു തുടരാമായിരുന്നു. ഞങ്ങൾ തന്നെ അതു നിർത്തിയതാണ്. പിന്നെ നാലു വർഷത്തിനു ശേഷമാണ് ബഡായി ബംഗ്ലാവുമായി എത്തിയത്. ഒതും ഒരു ബിഗ് ഹിറ്റായി മാറി.


എന്താണ് രമേഷ് പിഷാരടി– ധർമ്മജൻ കൂട്ടുകെട്ടിന്റെ വിജയത്തിനു പിന്നിൽ?

ഞാൻ സിനിമാല എഴുതുന്ന സമയത്ത് അതിലെഴുതാൻ സാജൻ പള്ളുരുത്തിക്കൊപ്പം എത്തിയതാണ് പിഷാരടി. അങ്ങനെയാണ് ഞങ്ങൾ കൂട്ടാകുന്നത്. പിന്നീട് ഞാനും അവനും ചേർന്ന് കുറച്ച് എപ്പിസോഡു ചെയ്തു. അതെല്ലാം നല്ല ഹിറ്റായിരുന്നു. ബ്ലഫ് മാസ്റ്റേഴ്സ് തുടങ്ങിയത് പിഷാരടിയും മറ്റൊരു അവതാരകനുമായിരുന്നു. അയാൾ ചാനലിനോട് പറയാതെ വിദേശത്തു പോയപ്പോൾ അവർക്കു വേറൊരു ആളുവേണം. അപ്പോൾ പിഷാരടി പറഞ്ഞിട്ടാണ് എന്നെ രണ്ടു എപ്പിസോഡും ചെയ്യാൻ വിളിച്ചത്. ആ എപ്പിസോഡുകൾ നല്ല ഹിറ്റ് നേടി. പിന്നീട് വിദേശത്തു പോയ അവതാരകൻ തിരിച്ചു വന്നപ്പോൾ ഞാൻ പിൻമാറി. പക്ഷെ ചാനലുകാർക്ക് റേറ്റിംഗൊക്കെ നോക്കണമല്ലോ. അങ്ങനെ ചാനലുകാരുടെ നിർബന്ധ പ്രകാരം ഒരു എപ്പിസോഡ് ഞാനും അടുത്ത എപ്പിസോഡ് മറ്റേയാളും ചെയ്തു. പിന്നെ ആ അവതാരകൻ താനെ ഒഴിഞ്ഞു പോയി. അങ്ങനെയാണ് ഞങ്ങളുടെ കൂട്ടുകെട്ട് 500 എപ്പിസോഡു വരെ നീണ്ടത്. ഞങ്ങൾ തമ്മിൽ ഭയങ്കര കെമിസ്ട്രിയാണെന്നാണ് പലരും പറയുന്നത്. ഞങ്ങളുടെ സ്വഭാവത്തിൽ ഒരു സാമ്യവും ഇല്ലെന്നതാണു സത്യം. ആകെയുള്ള സാമ്യം മറ്റുള്ളവരെ സഹായിക്കാൻ ഒരുപോലെ ഞങ്ങൾ മനസ് കാണിക്കുന്നുവെന്നതാണ്. ഞാനും അവനും തമ്മിൽ ഭയങ്കര വ്യത്യാസമാണ് ഉള്ളത്. അവനൊപ്പോഴും സംസാരിച്ചിരിക്കുന്നയാളാണ്. അതിനൊപ്പം പുതിയത് ചിന്തിക്കുകയും ചെയ്യും. അവന്റെ നാവിൽ സരസ്വതിയുണ്ട്. ഒരാളോട് സംസാരിക്കുമ്പോൾ എത്ര വലിയ ആളാണെങ്കിലും തലച്ചോറിൽ ചിന്തിച്ച്, നാവിൽ സെൻസറു ചെയ്തിട്ടാണ് പിഷാരടി സംസാരിക്കാറുള്ളത്. തമാശയും വേണം, എന്നാൽ അതിൽ ആർക്കും ദോഷമായി തോന്നുകയും ചെയ്യരുത്. അതിൽ അവൻ അഗ്രഗണ്യനാണ്. ബഡായി ബംഗ്ലാവിനെ അനുകരിച്ചു പല ചാനലുകളിൽ പ്രോഗ്രാമുകൾ വന്നെങ്കിലും ശ്രദ്ധിക്കപ്പെടാത്തത് അതിനാലാണ്. മലയാളത്തിൽ സ്റ്റാൻഡ് അപ് കോമഡിയൻമാരിൽ നമ്പൻ വൺ അവൻ ആകുന്നത് ആ ഒരു കഴിവുകൊണ്ടാണ്.



ഇനി ആയാലും മിനിസ്ക്രീനിൽ ഈ കൂട്ടുകെട്ട് പ്രതീക്ഷി ക്കാമോ?

ഞങ്ങൾ രണ്ടു പേരും ഒരേ മേഖലയിൽ തന്നെ ഉള്ളവരാണ്. എന്നേക്കാൾ ഏറെ സിനിമ അവസരങ്ങൾ വരുന്നത് അവനാണ്. മറ്റു പ്രോഗ്രാമുകളിലായിപ്പോകുന്നതിനാലാണ് സിനിമയിൽ കുറവു തോന്നുന്നത്. ഞാൻ സിനിമയിലും അവൻ ടെലിവിഷനിലും എന്ന വേർതിരിവൊന്നും ഇല്ല. പതിനാലു വർഷത്തെ കൂട്ടുകെട്ടാണ് ഞങ്ങളുടേത്. അതു തന്നെ വലിയൊരു റെക്കോർഡാണ്. ഞങ്ങൾ തമ്മിൽ ഈഗോയില്ല എന്നതാണു വാസ്തവം. അതു ഞങ്ങളിൽ മാത്രമല്ല, ഞങ്ങളുടെ ടീമിലെ സുബി, ദേവി ചന്ദന, സാജൻ പള്ളുരുത്തി, പ്രജിത്ത്, ഹരിദാസ് തുടങ്ങിയവർ എല്ലാവരിലും അങ്ങനെയാണ്. ഞങ്ങളുടെ കുടുംബങ്ങളുമായും ആ ബന്ധം കാത്തു സൂക്ഷിക്കുന്നുണ്ട്. അതുകൊണ്ടു തന്നെ പിരിയുമോ എന്ന ചോദ്യം ഉണ്ടാകുന്നില്ല.

ചില സിനിമകളിൽ മുഴുനീള കഥാപാത്രത്തിൽ കാണുന്ന ധർമജൻ അടുത്ത ചിത്രത്തിൽ ഒരു സീനിൽ മാത്രം ഒതുങ്ങിപ്പോകുന്നു. അത് തിരഞ്ഞെടുപ്പിൽ സംഭവിക്കുന്ന പാളിച്ചയാണോ?

സിനമയുടെ തെരഞ്ഞെടുപ്പ് ഇപ്പോഴും എനിക്ക് അറിയാൻ പാടില്ല എന്നതാണ്. ഒരു വേഷം തന്നാൽ അത് അഭിനിയക്കാൻ അറിയാം. ഒരു വേഷമുണ്ട്, നല്ലതാണ് എന്നു പറഞ്ഞാണ് എല്ലാവരും വിളിക്കുന്നത്. മൈ ബോസ് സിനിമയിൽ ഞാൻ ഒരു സീനിൽ മാത്രമാണുള്ളത്. പെട്ടെന്നു വിളിച്ചതാണ്, ഞാൻ ചെന്നു ഒരു മണിക്കൂറുകൊണ്ടു ചെയ്തു തീർത്തു. ഒരു ചായക്കടക്കാരന്റെ വേഷമാണ്. ആ വേഷത്തെ ഞാനും ദിലീപേട്ടനും ചേർന്ന് പൊളിച്ചൊന്നു തയാറാക്കി. ആ കാരക്ടർ വളരെ ഹിറ്റായി. അതിനു ശേഷം ഒരു സീനിലേക്കും രണ്ടു സീനിലേക്കും മാത്രമായി വിളി. ഇപ്പോൾ ഞാൻ ആ പരിപാടി നിർത്തി. ഇനി അങ്ങനെ ചെയ്യേണ്ടന്നാണ് തീരുമാനം. ഇനി സിനിമയുടെ തിരഞ്ഞെടുപ്പിൽ വലിയ പാളിച്ചകൾ സംഭവിക്കില്ല എന്നാണ് എന്റെ പ്രതീക്ഷ.

വിഷ്ണു നായകനായ് എത്തുന്ന സിനിമയിൽ ഒരു മുഴുനീള വേഷത്തിലേക്കെത്തുന്നത്?

എനിക്കു വളരെ ചെറുപ്പം മുതൽ തന്നെ വിഷ്ണുവിനെ അറിയാം. ഞാൻ വിഷ്ണുവിനെ ആദ്യമായി കാണുന്നത് അവൻ ഏഴാം ക്ലാസിൽ പഠിക്കുന്ന സമയത്താണ്. എന്റെ നാട്ടിൽ ഒരു പ്രോഗ്രാമിനു വന്നിട്ട് വളരെ മികച്ച രീതിയിൽ മിമിക്രി കാണിക്കുന്നു. വളരെ ചെറിയ രൂപമാണ് അന്നവന്. ഞാൻ വളരെ അത്ഭുതത്തോടെയാണ് അന്നത് കണ്ടത്. ആ പരിപാടി കഴിയാറായപ്പോൾ എന്റെയും സുഹൃത്തുക്കളുടേയുമൊക്കെയായി ഒരു നോട്ടു മാലയൊക്കെ ചാർത്തിക്കൊടുത്തു. പിന്നെ നമ്മൾ അതു മറന്നു. പക്ഷെ അത് അവനു ഓർമ്മയുണ്ടായിരുന്നു. പിന്നെ ചാനലിൽ എഴുതുന്ന സമയത്താണ് തിരക്കഥാകൃത്തിലൊരാളായ ബിബിനുമായി സൗഹൃദമുണ്ടാകുന്നത്. ബിബിൻ വഴിയാണ് വിഷുണുവുമായും സൗഹൃദമുണ്ടാകുന്നത്. അത് സിനിമയിൽ എത്തുന്നതിനും വർഷങ്ങൾക്കു മുമ്പുള്ളതാണ്. എന്നെപ്പറ്റി അവർക്കും നല്ലതുപോലറിയാം. അങ്ങനെയാണ് ദാസപ്പൻ എന്ന കഥാപാത്രം എന്നിലേക്കെത്തുന്നത്. ഇപ്പോഴത്തെ ട്രെൻഡ് നോക്കുമ്പോൾ അതു മറ്റു നടന്മാരിലേക്കു പോകേണ്ടതാണ്. അവിടെ തിരക്കഥാകൃത്തുക്കളായ ബിബിനും വിഷ്ണുവും സംവിധായകനായ നാദിർഷയുമാണ് ഞാൻ തന്നെ ഈ വേഷം ചെയ്യണമെന്നു നിർബന്ധം പിടിച്ചത്. സിനിമയിൽ ധർമ്മനും വിഷ്ണുവും ഒരുപോലെയാവില്ലേ, ഇതു ഇവൻ ചെയ്താൽ ശരിയാകുമോ എന്നു ദിലീപേട്ടൻ പോലും ചോദിച്ചിരുന്നു. അപ്പോൾ അവർ കഥ പറഞ്ഞു കേൾപ്പിച്ചത് തന്നെ എന്റെ ടോണിലായിരുന്നു. അതു കേട്ടതും ഞാൻ തന്നെ ഈ വേഷം ചെയ്താൽ മതിയെന്നു ദിലീപേട്ടനും ഉറപ്പിച്ചു. എങ്കിലും നാദിർഷ എന്ന സംവിധായകനിലും തിരക്കഥയിലുമുള്ള വിശ്വാസം എല്ലാവർക്കുമുണ്ടായിരുന്നു. സത്യത്തിൽ കട്ടപ്പനയിലെ ഋത്വിക് റോഷൻ എനിക്കും വിഷ്ണുവിനും ലിജമോൾക്കുമൊക്കെ വേണ്ടിയുള്ള സിനിമയായിരുന്നു. സാമ്പത്തിക ലാഭം ദിലീപേട്ടൻ കൊണ്ടുപോയാലും അതിനേക്കാൾ ലാഭം ഈ സിനിമകൊണ്ട് ഞങ്ങൾക്കായിരുന്നു.

പുതിയ പ്രോജക്ടുകൾ ഏതൊക്കെയാണ്?

ഉടൻ അഭിനയിക്കാൻ പോകുന്നത് കണ്ണൻ താമരക്കുളത്തിന്റെ ജയറാമേട്ടൻ ചിത്രം അച്ചായൻസാണ്. ഒരു കള്ളുകുടിയന്റെ വേഷമാണ് ചെയ്യുന്നത്. പിന്നെ സുഗീത് സംവിധാനം ചെയ്യുന്ന ചാക്കോച്ചൻ ചിത്രം, ബൈ സൈക്കിൾ തീവ്സ് ചെയ്ത ജിസ്മോന്റെ പുതിയ ചിത്രം, പിന്നെ അടുത്ത സുഹൃത്തുക്കളായ ഹരിശ്രീ യൂസഫും ഹരീശ്രി ബാബുരാജും ചേർന്നു രചനയും സംവിധാനം നിർവ്വഹിക്കുന്ന ഹലോ ദുബായിക്കാരൻ എന്ന സനിമ, ഇതിനു ശേഷം സംവിധായകരായ ജി. മാർത്താണ്ഡനും അജയ് വാസുദേവും പ്രൊഡക്ഷൻ കൺട്രോളർ ഡിക്സൻ പൊടുത്താസും ചേർന്നു നിർമ്മിച്ച് ഹാപ്പി വെഡ്ഡിംഗിനു ശേഷം ഒമർ സംവിധാനം ചെയ്യുന്ന സിനിമ എന്നിവയാണ് ഇതുവരെ കമ്മിറ്റ് ചെയ്തിരിക്കുന്നത്. അതിനു ശേഷം ഒരുമാസത്തോളം ദിലീപേട്ടനൊപ്പം അമേരിക്കയിൽ ഷോയ്ക്കു പോവുകയാണ്.

കോമഡിയിൽ മാത്രം ഒതുങ്ങിപ്പോകുന്നു എന്നു തോന്നിയിട്ടുണ്ടോ?

ഞാൻ സിനിമയിൽ എത്തി ആറു വർഷം കൊണ്ടാണ് കോമഡി കൈകാര്യം ചെയ്യുമെന്ന് ബോധ്യപ്പെടുത്തിയത്. ഇനിയിപ്പോൾ ഏറെ വ്യത്യസ്തമായ കഥാപാത്രങ്ങളെ ചെയ്യാം. അങ്ങനെയുള്ള കഥാപാത്രങ്ങളുമായി ആൾക്കാർ സമീപിക്കുന്നുണ്ട്. നായകനാകാനും, അച്ഛനും മകനുമായി അഭിനയിക്കാനുമൊക്കെ വേഷങ്ങളുമായി പലരും സമീപിക്കുന്നുണ്ട്. എങ്കിലും ഉടൻ ചാടിയിറങ്ങുന്നില്ല.

–ലിജിൻ കെ. ഈപ്പൻ