എസ്ര
എസ്ര
Friday, January 27, 2017 5:56 AM IST
മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും സത്യസന്ധമായ ഒരു ഹൊറർ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തുന്നു. മലയാളി പ്രേക്ഷകർക്കു മുൻപരിചയമില്ലാത്ത ഹൊറർ കാഴ്ചകളുമായി എത്തുന്നത് നവാഗതനായ സംവിധായകൻ ജയ് കെ. ആണ്. ബോളിവുഡ് സംവിധായകൻ രാജ്കുമാർ സന്തോഷി, രാജീവ് രവി തുടങ്ങിയവരുടെ ശിഷ്യനായ ജെയ് കെ. സംവിധാനംചെയ്യുന്ന ഹൊറർ ചിത്രമാണ് എസ്ര.

എസ്ര എന്നത് ജൂതഭാഷയാണ്. രക്ഷിക്കൂ എന്നാണ് അർഥം. കൊച്ചിയിൽ ആദ്യകാലത്ത് ഉണ്ടായിരുന്ന ജൂതമത വിശ്വാസവും അതിലെ മിത്തുകളും അവരുടെ ജീവിതപശ്ചാത്തലവുമാണ് എസ്രയുടെ കഥയിൽ വിവരിക്കുന്നത്.

പൃഥ്വിരാജ് രഞ്ജൻ എന്ന കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നു. പ്രിയ ആനന്ദാണ് നായിക. രഞ്ജന്റെ ഭാര്യാവേഷമിടുന്ന പ്രിയയുടെ ആദ്യ മലയാള ചിത്രമാണിത്.

ടൊവിനോ തോമസ് അസിസ്റ്റന്റ് കമ്മീഷണർ ഷഫീർ അഹമ്മദ് എന്ന ശക്‌തമായ കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

വിജയരാഘവൻ, പ്രതാപ് പോത്തൻ, ബാബു ആന്റണി, സുജിത് ശങ്കർ, സുദേവ് നായർ തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.




ഒരു പഴയ ജൂത ബംഗ്ലാവിൽ താമസിക്കാനെത്തുന്ന രഞ്ജന്റെയും ഭാര്യയുടെയും ജീവിതത്തിലുണ്ടാകുന്ന ദുരൂഹമായ സംഭവവികാസങ്ങളുടെ സത്യം അന്വേഷിക്കാനെത്തുന്ന പോലീസ് ഉദ്യോഗസ്‌ഥൻ കണ്ടെത്തുന്ന ചില യാഥാർഥ്യങ്ങളാണ് എസ്ര ഹൊറർ ത്രില്ലർ ചിത്രത്തിൽ ജയ് കെ. ദൃശ്യവത്കരിക്കുന്നത്.
കോ പ്രൊഡ്യൂസർ– പ്രശോഭ് കൃഷ്ണ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ– അഭിലാഷ് ജോർജ്, ജോർജ് ബെനഡിക്ട് ജോൺ, ചീഫ് അസോസിയേറ്റ് ഡയറക്ടർ– സാഗർ, അസോസിയേറ്റ് ഡയറക്ടർ– സബ, സംവിധാന സഹായികൽ– പ്രശാന്തൻ പി, സഫീർ, സിബിൻ രാജൻ, വിപിൻ, സൻവിൻ, പ്രൊഡ. എക്സിക്യൂട്ടീവ്– അനിൽ അങ്കമാലി, സജീവ് ചന്തിരൂർ.

ജനുവരി അവസാനം സെൻട്രൽ പിക്ചേഴ്സ് എബി പ്രദർശനത്തിനെത്തിക്കുന്നു.
എ.എസ്. ദിനേശ്