മൾട്ടി പർപ്പസ് മരോട്ടി
മൾട്ടി പർപ്പസ് മരോട്ടി
Tuesday, January 24, 2017 5:15 AM IST
ഗൂഗിളിൽ സർച്ച് ചെയ്തപ്പോൾ ഒരു ലിറ്റർ മരോട്ടി എണ്ണയുടെ വില 1250 രൂപ. നാം ഇതുവരേയും നിസാരമായി കണ്ട മരോട്ടി തരുന്ന സമ്പന്നത ഇതിലും വളരെ വലുതാണ്. സന്ധ്യക്ക് മരോട്ടിത്തോടിൽ മരോട്ടി എണ്ണ ഒഴിച്ച് തിരിയിട്ടു കത്തിക്കുന്ന ഒരു ആചാരം പണ്ടുണ്ടായിരുന്നു. മരോട്ടി എണ്ണയുടെ പുകയ്ക്ക് ചെറിയൊരു വിഷാംശമുണ്ടെന്നാണ് കരുതുന്നത്. ഈ വിഷാംശം മൂലം വീടിനകത്തെ പാറ്റകളും പ്രാണികളും സ്‌ഥലം വിടും. മരോട്ടി എണ്ണയുടെ പ്രത്യേക സിദ്ധിയാണ് അതിനെ മര ഉരുപ്പടികളുടെ രക്ഷാകവചമായി മാറ്റുന്നത്. കാളവണ്ടി, മരച്ചക്ക് എന്നിവയിൽ മരത്തിന്റെ ഘർഷണ ഭാഗത്തു പുരട്ടുന്നത് മരോട്ടി എണ്ണയാണ്. ഇത് മരത്തിന്റെ തേയ്മാനം കുറയ്ക്കും.

ഫർണിച്ചറുകൾ ഊറൻ കുത്താൻ ആരംഭിച്ചാൽ പിന്നെ അവയ്ക്ക ധികം ആയുസില്ല. അതിനു നല്ലൊരു പ്രതിവിധിയാണ് മരോട്ടി എണ്ണ. മഴക്കാലങ്ങളിൽ പ്ലൈവുഡ് പൂപ്പലടിക്കുമ്പോൾ മരോട്ടി എണ്ണ തുടച്ച് ഇതില്ലാതാക്കാം. തെങ്ങിന്റെ കൂമ്പു ചീയലിനും കമുകിലെ മഹാളി രോഗത്തിനും കൊക്കോയിലെ കായ്കൊഴിച്ചിലിനും റബറിലെ ഇലപൊഴിച്ചിലിനും കുരുമുളകിന്റെ ദ്രുതവാട്ടത്തിനും കാരണം ഒരുതരം കുമിളാണ്. തെങ്ങിന്റെ കൂമ്പുചീയലിന് മരോട്ടി എണ്ണയാണ് പ്രതിവിധിയെന്ന് പഴമക്കാർ പറയുന്നു. കുരുമളകിന്റെ ദ്രുതവാട്ടത്തിന് ഗോമൂത്രം ചേർത്ത് നേർപ്പിച്ച മരോട്ടി എണ്ണ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ട്. 2004 ൽ കുരുമുളക് കർഷകന്റെ തോട്ടത്തിൽ പരീക്ഷിച്ചാണ് ഇത് ഉറപ്പുവരുത്തിയത്.

ഇതിനിടയിലാണ് പറമ്പിലെ പ്രായം ചെന്ന പ്ലാവിന്റെ കൊമ്പുകൾ ഉണങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടത്. ഇതിനെതിരേ ചെറിയൊരു പരീക്ഷണത്തിനു മുതിർന്നു. 50 മരോട്ടി പരിപ്പ് ചതച്ച് അഞ്ചു ലിറ്റർ വെള്ളത്തിൽ നല്ലപോലെ തിളപ്പിച്ച് ഇതിലേക്ക് അരകിലോ കുമ്മായം ചേർത്തു. ചുവപ്പു നിറം ആകുന്നതുവരെ തിളപ്പിച്ചു. ഉണ ക്കു ബാധിച്ച പ്ലാവിൻ കൊമ്പിൽ ഈ മിശ്രിതം പുരട്ടി. ഒരാഴ്ച കഴിഞ്ഞപ്പോൾ കൊമ്പിന്റെ ഉണക്കം മാറിത്തുടങ്ങി. മഴക്കാലവും മഞ്ഞു കാലവു ഈ പരീക്ഷണത്തിന് ഉത്തമമല്ല.


കലർപ്പില്ലാത്ത മരോട്ടി എണ്ണ ക്കുഴമ്പ് വാതരോഗം ശമിപ്പിക്കാൻ ഉപയോഗിക്കാറുണ്ട്. കൈകാലുകളുടെ മരവിപ്പു മാറുന്നതിനും മരോട്ടി എണ്ണ ഉത്തമമാണ്. കന്നുകാലികളുടെ കുളമ്പു രോഗത്തിനും ഉപയോഗിക്കാം. ഒരു കാലത്ത് കുഷ്ഠരോഗത്തിന്റെ മരവിപ്പിൽ നിന്നും രോഗിക്ക് ആശ്വാസം നൽകിയിരുന്നത് മരോട്ടി എണ്ണയാണ്. അന്ന് നമ്മുടെ നാട്ടിൽ ഇത് സുലഭമായിരുന്നു. അതുകൊണ്ടുതന്നെ സ്‌ഥലനാമങ്ങൾക്കും വീട്ടുപേരുകൾക്കും ഒപ്പം മരോട്ടി ചേർക്കാറുമുണ്ടായിരുന്നു. കേരളത്തിലെ കാവുകളിലും വെളിമ്പ്രദേശങ്ങളിലും ചില വീട്ടുവളപ്പുകളിലും ഇവ ഇപ്പോഴും ഉണ്ട്. എന്നാൽ മരോട്ടിയുടെ പ്രയോജനം വേണ്ട ത്ര തിരിച്ചറിയാൻ നമുക്കായിട്ടില്ല. അതുകൊണ്ടുതന്നെ മരോട്ടി കൃഷി ചെയ്യുന്നവരും അപൂർവം.

പാകികിളിർപ്പിച്ച തൈകളുടെ വേരുകൾക്ക് ക്ഷതമേൽക്കാതെ വേണം പ്രത്യേകം തയാർ ചെയ്ത കുഴികളിൽ വെക്കാൻ. അഞ്ചു വർഷം കൊണ്ട് കായ്ക്കാൻ തുടങ്ങും. നല്ലതുപോലെ മൂത്ത മരോട്ടി കായ്കൾ കൂട്ടിയിട്ട് ഏതാനും ദിവസം കഴിഞ്ഞാൽ പഴുക്കും. ഈ ഘട്ടത്തിൽ കുരുവെടുത്ത് അതിനുള്ളിലെ പരിപ്പ് ചാണകവെള്ളത്തിൽ ഇട്ടശേഷം ഉണക്കണം. ഉണക്കിയെടുത്ത ഈ പരിപ്പ് ആട്ടിയാൽ എണ്ണകിട്ടും. കലർപ്പില്ലാത്ത മരോട്ടി എണ്ണയ്ക്കു വിപണിയിൽ ആവശ്യക്കാർ ഏറെയുണ്ട്. കേരളത്തിൽ നിന്ന് വിദേശത്തേക്കും മരോട്ടി എണ്ണ കയറ്റി അയയ്ക്കുന്നുണ്ട്. ഉയർന്ന വിലയും ലഭിക്കുന്നു. എന്നാൽ മരോട്ടി തരുന്ന ഈ സമ്പന്നത ഇനിയും നമ്മുടെ കർഷകർ വേണ്ടത്ര മനസിലാക്കിയിട്ടില്ല. ഫോൺ– പോൾസൺ: 9495355436.

പോൾസൺ താം