വിശേഷങ്ങളുമായ് വിനു മോഹൻ
വിശേഷങ്ങളുമായ് വിനു മോഹൻ
Tuesday, January 24, 2017 5:14 AM IST
ലോഹിതദാസ് കണ്ടെത്തുന്ന പ്രതിഭകളെല്ലാം തന്നെ മലയാളസിനിമയിൽ മേൽവിലാസം നേടിയെടുത്തിട്ടുണ്ട്. പല നായികമാരെയും മലയാളത്തിനു നൽകിയ ലോഹി നായകനായി അവതരിപ്പിച്ച പുതുമുഖമായിരുന്നു വിനുമോഹൻ. പുതുമുഖമായിരുന്നുവെങ്കിലും പാരമ്പര്യത്തിന്റെ വലിയ കണ്ണി ഈ നടനുണ്ടായിരുന്നു. അമ്മയുടെ അച്ഛൻ കൊട്ടാരക്കര ശ്രീധരൻനായർ, അമ്മാവൻ സായികുമാർ, അമ്മ ശോഭാ മോഹൻ ഇവരുടെയൊക്കെ പിന്തുടർച്ചക്കാരനായി നിവേദ്യത്തിലൂടെ വിനു അരങ്ങേറി. ആദ്യ ചിത്രത്തിൽ തന്നെ മികച്ച പ്രകടനം നൽകിയ വിനു കരിയറിലെ മറ്റൊരു വഴിത്തിരിവിലാണിപ്പോൾ. ചെറുതും വലുതുമായ ഇടവേളകൾക്കുശേഷം ഈ നടൻ സജീവമാവുകയാണ്. പുലിമുരുകനിലൂടെ വീണ്ടും പ്രേക്ഷകരുടെ ഇഷ്ടം നേടിയ വിനുവിന്റെ ഭാര്യ വിദ്യയും അഭിനയരംഗത്ത് സജീവമാണ്. എല്ലാ അർത്ഥത്തിലും സിനിമാ കുടുംബം. അമ്മ ശോഭാ മോഹനും അനുജൻ അനുമോഹനുമെല്ലാം സിനിമയുടെ വെള്ളിവെളിച്ചത്തിൽ തന്നെ... തൃപ്പൂണിത്തുറയിലെ ഫ്ളാറ്റിലിരുന്ന് വിനു വിശേഷങ്ങൾ പറയുന്നു...

കുറേ നാളത്തെ ഗ്യാപ്പിനുശേഷമാണല്ലോ പുലിമുരുകനിൽ എത്തുന്നത്?

അച്ഛൻ മരിച്ചതിനുശേഷമാണ് ഒരു ഗ്യാപ്പ് വേണ്ടി വന്നത്. വീട്ടിലെ കാര്യങ്ങളെല്ലാം നോക്കിയിരുന്നത് അച്ഛനാണ്. പെട്ടെന്നുള്ള അച്ഛന്റെ മരണം ഏൽപ്പിച്ച ആഘാതം വളരെ വലുതായിരുന്നു. വീട്ടിലെ ഒരു കാര്യങ്ങളും ഒരു അക്കൗണ്ട് പോലും എവിടെയാണെന്നോ ബാങ്കിലെ കാര്യങ്ങളോ ഒന്നും അറിയില്ലായിരുന്നു. എല്ലാം ചെയ്തിരുന്ന ആൾ പെട്ടെന്നു പോകുമ്പോഴുള്ള ശൂന്യത. അതിൽ നിന്നും റിക്കവർ ചെയ്യാൻ കുറേ നാളെടുത്തു. ഒരു വർഷത്തോളം അങ്ങനെയൊരു മാറിനിൽക്കൽ വേണ്ടി വന്നു. പിന്നെ നല്ല പ്രോജക്ടിനുവേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു. ഇതിനിടയിൽ വീട്ടുകാർ കല്യാണം ആലോചിക്കാൻ തുടങ്ങി. കല്യാണം കഴിഞ്ഞതോടെ അതിന്റെ തിരക്കുകൾ. വിരുന്നിനുപോക്കുമൊക്കെയായി വല്ലാതെ തടിച്ചു. ആ സമയത്ത് ഒട്ടേറെ അവസരങ്ങൾ വന്നിരുന്നു. പക്ഷേ എന്റെയൊരു അപ്പിയറൻസ് വച്ച് അഭിനയിക്കാൻ മടിയായിരുന്നു. നമ്മളെ ഇഷ്ടപ്പെടുന്ന പ്രേക്ഷകന്റെ മുന്നിൽ അവർ ഇഷ്ടപ്പെടുന്ന രൂപത്തിൽ ചെന്നില്ലെങ്കിൽ അതു പ്രശ്നമാകുമെന്ന് എനിക്കറിയാമായിരുന്നു. സിനിമ പൂർണമായും നിറുത്തുകയാണോ എന്നുവരെ ചോദിച്ചവരുണ്ട്. എനിക്ക് ഒരു കോൺഫിഡൻസ് വന്ന സമയത്താണ് നീനക്കുവേണ്ടി ലാൽജോസ് സാർ വിളിക്കുന്നത്. സണ്ണിക്കുട്ടി എന്ന അച്ചായൻ കഥാപാത്രം നന്നായി പെർഫോം ചെയ്യാനുണ്ടായിരുന്നു. നീന കഴിഞ്ഞ ഉടൻ തന്നെ പുലിമുരുകൻ കമ്മിറ്റ് ചെയ്തിരുന്നു. പക്ഷേ ഒരു വർഷത്തോളം നീണ്ട പ്രോജ്കടായതിനാലാണ് വീണ്ടും ഗ്യാപ്പ് വന്നതുപോലെ തോന്നിയത്.



പുലിമുരുകൻ കമ്മിറ്റ് ചെയ്തപ്പോഴേ അറിയാമായിരുന്നോ ഇത്രയും നാൾ നീണ്ടു നിൽക്കുമെന്ന്?

എന്നോട് ഇതിനേപ്പറ്റി വൈശാഖേട്ടൻ സംസാരിച്ചപ്പോൾ തന്നെ പറഞ്ഞത് ചിത്രം എന്നു തീരുമെന്നു പറയാൻ കഴിയില്ല, നീ വേറേ പ്രൊജക്ടൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലല്ലോ എന്നാണ്. വേറൊന്നും കമ്മിറ്റ് ചെയ്തിട്ടില്ലെന്നും നല്ലൊരു സിനിമയ്ക്കായി കാത്തിരിക്കുകയായിരുന്നുവെന്നും ഞാൻ പറഞ്ഞു. പുലിമുരുകന്റെ ഷൂട്ട് പ്രോസസ് വളരെ ഹെവിയായിരുന്നു. സാധാരണ സിനിമ ചെയ്യുന്ന രീതിയേ അല്ലായിരുന്നു. ചില ദിവസങ്ങളിൽ ഷൂട്ടിംഗ് നടത്താനേ പറ്റില്ലായിരുന്നു. കഷ്ടപ്പെട്ട് കാട്ടിനുള്ളിൽ എത്തിക്കഴിയുമ്പോൾ ഒരു മഴ പെയ്യുകയോ ലൈറ്റ് കുറയുകയോ ചെയ്താൽ ഷൂട്ടിംഗ് നടത്താൻ പറ്റാത്ത അവസ്‌ഥയായിരുന്നു. ഒരുപാട് നേരം നോക്കിയിരുന്ന് വെറുതേ തിരികെ പോന്ന ദിവസങ്ങളുണ്ടായിരുന്നു.

പുലിമുരുകൻ അനുഭവങ്ങൾ എങ്ങനെ ഓർക്കുന്നു?

ആ സിനിമ ആദ്യം തുടങ്ങിയത് കൊച്ചിയിലെ മരടിൽ വച്ചാണ്. ലാലേട്ടനും സിദ്ധിഖുമായുള്ള കോമ്പിനേഷൻ സീൻ. അതു കഴിഞ്ഞ് പൂയംകുട്ടി വനത്തിലായിരുന്നു ഷൂട്ടിംഗ്. കോതമംഗലത്തും കുട്ടംപുഴയിലുമായാണ് എല്ലാവരും താമസിച്ചത്. അവിടെ നിന്ന് പൂയം കുട്ടിയിലേക്കുള്ള യാത്ര. എല്ലാവരും ഒരുമിച്ചാണ് യാത്ര ചെയ്തിരുന്നത്. ആനയുടെ ശല്യം ഏറെയുള്ള സ്‌ഥലമായിരുന്നു. ഉൾവനത്തിലായിരുന്നു ഷൂട്ടിംഗ്. ഷൂട്ടിംഗ് സ്‌ഥലത്ത് എത്തിപ്പെടുക എന്നതായിരുന്നു വലിയ ബുദ്ധിമുട്ട്. പക്ഷേ ഞാൻ ശരിക്കും ആസ്വദിക്കുകയായിരുന്നു. വെള്ളമൊഴുകുന്ന പാറക്കെട്ടിലെ ഷൂട്ടിംഗ് വലിയ ക്യുരിയോസിറ്റിയായിരുന്നു. ചെറിയ മഴ പെയ്താൽ പാറക്കെട്ടിൽ വെള്ളം കൂടും. ഷൂട്ട് പ്രയാസമാകും. കാമറാമാൻ ഷാജിയൊക്കെ ഒത്തിരി സ്ട്രെയിൻ ചെയ്തു. ഒരു ഷോട്ട് വയ്ക്കണമെങ്കിൽ വലിയ പ്രയാസമായിരുന്നു. പാറക്കെട്ടിൽ ചെറിയ വെള്ളമുണ്ടെങ്കിൽ തെന്നിപ്പോകും. തെന്നിയാൽ വെള്ളച്ചാട്ടത്തിലേക്കു പോകും. അത്രയ്ക്കും റിസ്ക്കിയായ സ്‌ഥലമായിരുന്നു. ആ ഒരു സ്ട്രെയിൻ യൂണിറ്റിലെ എല്ലാവർക്കുമുണ്ടായിരുന്നു.


മോഹൻലാലുമൊത്തുള്ള എക്സ്പീരിയൻസ് എങ്ങനെയായിരുന്നു?

ലാലേട്ടനുമൊത്ത് മുമ്പ് ചെയ്തതെന്നു പറയാൻ ഒരു ഗവൺമെന്റ് പരസ്യം മാത്രമായിരുന്നു. സിനിമ ചെയ്യുന്നത് ആദ്യം. അതും ഒരു വർഷം നീണ്ടു നിൽക്കുന്ന ചിത്രീകരണം. ഭൂരിഭാഗവും കാട്ടിനുള്ളിൽ. യൂണിറ്റിലുള്ളവർ മാത്രമേ അവിടുള്ളൂ. പുറത്തുനിന്നാരും കാണാൻ വരില്ല. കാട്ടിൽ ഞങ്ങൾ മാത്രം. അതുകൊണ്ടു തന്നെ കൂടുതൽ സമയം ഒരുമിച്ചു ചെലവഴിക്കാൻ കഴിഞ്ഞു. നല്ലൊരു ഫ്രണ്ട്ഷിപ്പ് ഉണ്ടാക്കാൻ സാധിച്ചു. നടനവിസ്മയം എന്നൊക്കെ ലാലേട്ടനെ വിശേഷിപ്പിക്കുന്നതിന്റെ അർത്ഥം അഭിനയം നേരിട്ട് കണ്ടപ്പോഴാണ് മനസിലായത്. കോമ്പിനേഷൻ സീനുകളിൽ സഹതാരങ്ങളെ ഇത്രയധികം എൻകറേജ് ചെയ്ത് പെർഫോം ചെയ്യിപ്പിക്കുന്നത് ലാലേട്ടന്റെ പ്രത്യേകതയാണ്. അധികം പേർ അങ്ങനെയുണ്ടെന്നു തോന്നുന്നില്ല.

മോഹൻലാലിന്റെ സാഹസിക രംഗങ്ങളുടെ ഷൂട്ടൊക്കെ കണ്ടിരുന്നോ?

ആദ്യം ഷൂട്ട് ചെയ്തത് ഫോറസ്റ്റ് റെയ്ഞ്ചറുമൊത്തുള്ള ലാലേട്ടന്റെ ഫൈറ്റാണ്. ഫൈറ്റ് മാസ്റ്റർ പീറ്റർ ഹെയ്ൻ അസിസ്റ്റൻസിനെ വച്ച് പ്ലാൻ ചെയ്ത ചില രംഗങ്ങൾ എടുക്കാനുള്ള ഒരുക്കത്തിലായിരുന്നു. തുടക്കത്തിൽ ചാടി വരുന്ന ഒരു സീൻ ഡ്യൂപ്പിനെ ഉപയോഗിച്ചിട്ട് ലാൻഡിംഗ് പോർഷൻ മാത്രം ലാലേട്ടനെക്കൊണ്ട് ചെയ്യിപ്പിക്കാം എന്നാണ് പീറ്റർ ഹെയ്ൻ കരുതിയത്. അപ്പോഴാണ് ലാലേട്ടൻ സെറ്റിലേയ്ക്ക് എത്തിയത്. ഇപ്പോൾ എന്താണ് ചെയ്യുന്നതെന്ന് ചോദിച്ചു മനസിലാക്കിയ അദ്ദേഹം ഡ്യൂപ്പ് വേണ്ട തുടക്കം മുതൽ താൻ തന്നെ ചെയ്തോളാം എന്നു പറഞ്ഞ് അത് ഏറ്റെടുത്തു. ജംപ് ചെയ്തു വരുന്ന ആ രംഗം ലാലേട്ടൻ അഭിനയിക്കണം എന്നു പറയാൻ ഫൈറ്റ് മാസ്റ്റർക്ക് മടിയായിരുന്നു. ആരും അതു പ്രതീക്ഷിച്ചതുമില്ല. പക്ഷേ അദ്ദേഹം അതിശയിപ്പിക്കുന്ന രീതിയിൽ ചെയ്തു. എന്നെ തോളിലേറ്റിയുള്ള സീനൊക്കെ പലതും സേഫ്റ്റി റോക്ക് പോലും ഇല്ലാതെ ചെയ്തിട്ടുണ്ട്. ലാലേട്ടന് ഷോൾഡർ വേദന നന്നായി ഉണ്ടായിരുന്ന സമയമായിരുന്നു അത്. ഞാനതു ചോദിക്കുകയും ചെയ്തു. അതൊന്നും സാരമില്ല നീ കംഫർട്ടാണല്ലോ എന്നാണ് തിരിച്ചു ചോദിച്ചത്. ജോലി ചെയ്യുന്ന സമയത്ത് അദ്ദേഹത്തിന് ഒന്നും പ്രശ്നമല്ല.



പുലിമുരുകനുശേഷമുള്ള കരിയർ എങ്ങനെ പോകുന്നു?

ഉടൻ വരുന്നത് സത്യൻ അന്തിക്കാടിന്റെ ജോമോന്റെ സുവിശേഷങ്ങളാണ്. നി വേദ്യം കഴിഞ്ഞപ്പോൾ മുതൽ സത്യനങ്കിന്റെ ഒരു പടം ചെയ്യണമെന്നത് വലിയൊരു ആഗ്രഹമായിരുന്നു. പണ്ടൊക്കെ അങ്കിളിനോട് പറഞ്ഞിട്ടുണ്ട്. ഈ പടത്തിനു വിളിച്ചപ്പോൾ പറഞ്ഞു സബ്ജക്ട് പോലും കേൾക്കാതെ കമ്മിറ്റു ചെയ്തു. അങ്കിളിന്റെ പടത്തിൽ എന്തെങ്കിലും ചെയ്യാനുണ്ടാവുമെന്ന ഉറപ്പുണ്ടായിരുന്നു. ദുൽക്കറിന്റെ സഹോദരന്റെ വേഷമാണെനിക്ക്. ഡോക്ടറാണെങ്കിലും എങ്ങനേയും കാശുണ്ടാക്കണമെന്നു വിചാരിച്ചു നടക്കുന്ന യുവാവ്. നെഗറ്റീവ് കാരക്ടർ എന്നു പറയാൻ പറ്റില്ല. പുതിയ പല പ്രോജക്ടുകളുടേയും ചർച്ച നടക്കുന്നു. ഫെബ്രുവരിയോടെ ഒരു ചിത്രം പ്ലാൻ ചെയ്യുന്നുണ്ട്.

നിങ്ങളുടെ വീട്ടിൽ എല്ലാവരും സിനിമ– സീരിയൽ രംഗത്താണല്ലോ. വിനുവും ഭാര്യയും അമ്മ ശോഭാ മോഹനും അനുജനുമെല്ലാം. ഇതിനിടയിൽ വീട്ടുകാര്യങ്ങൾ എങ്ങനെ കൊണ്ടുപോകുന്നു?

ഓരോരുത്തരുടേയും വർക്കുകൾക്ക് അനുസരിച്ച് അഡ്ജസ്റ്റ് ചെയ്തു പോകുന്നു. എല്ലാവരും ഒരുമിച്ച് വീട്ടിൽ കാണുന്നത് ഇടയ്ക്കു മാത്രമാണ്. അനുജൻ അനുവിന്റെ വിവാഹനിശ്ചയം പ്രമാണിച്ച് കുറച്ചു ദിവസം എല്ലാവരും ഒരുമിച്ചുണ്ടായിരുന്നു. അവൻ ഏഴോളം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. ജോലി രാജിവച്ച് ഇപ്പോൾ ഫൂൾടൈം സിനിമക്കായി മാറ്റിവച്ചിരിക്കുകയാണ്. ഒരു സ്ക്രിപ്റ്റിന്റെ പണിപ്പുരയിലാണ് അവനിപ്പോൾ.

വിദ്യയുടെ വിശേഷങ്ങൾ

വിദ്യയിപ്പോൾ തമിഴിൽ വല്ലി എന്ന ഹിറ്റ് സീരിയലിൽ ചെയ്യുകയാണ്. സൺ ടിവിയിൽ 1200 എപ്പിസോഡ് പിന്നിട്ടു കഴിഞ്ഞു ഈ സീരിയൽ. അതിനു മുമ്പ് മലയാളത്തിലും തമിഴിലുമായി പതിനഞ്ചോളം സിനിമകൾ അഭിനയിച്ചിട്ടുണ്ട്. മലയാളത്തിൽ നിന്ന് ഓഫറുകൾ ഉണ്ടെങ്കിലും മാസത്തിൽ പത്തു ദിവസം തമിഴ് സീരിയലിന്റെ വർക്കുമായി ചെന്നൈയിലായിരിക്കും. പിന്നെ ഇവടേയും കൂടി ചെയ്യാൻ സമയം കിട്ടാത്ത അവസ്‌ഥയാണ്.

ബിജോ ജോ തോമസ്