ഒന്നിൽ കൂടുതൽ ബാങ്ക് അക്കൗണ്ടുകൾ; ഗുണവും ദോഷവും
എടിഎമ്മിൽ നിന്നുള്ള പണം പിൻവലിക്കൽ കൂടുതലായിരിക്കും

ഓരോ ബാങ്ക് അക്കൗണ്ടുകൾക്കും എടിഎംൽ നിന്നും പണം പിൻവലിക്കുന്നതിന് പരിധികൾ വച്ചിട്ടുണ്ട്. ചില ബാങ്കുകളിൽ മാസം അഞ്ചു തവണ മാത്രമേ എടിഎമ്മിൽനിന്നു പണം പിൻവലിക്കുവാൻ അനുവദിക്കുകയുള്ളു. ചില ബാങ്കുകൾ അവരുടെ ഇടപാടുകാർക്ക് പരിധിയില്ലാതെ എടിഎമ്മിൽനിന്നു പണം പിൻവലിക്കാൻ അനുമതി നൽകിയിട്ടുണ്ട്. മറ്റ് ബാങ്കുകളുടെ എടിഎമ്മിൽനിന്നു മാസത്തിൽ 3–5 വരെ മാത്രമേ ഇടപാടു നടത്താൻ സാധിക്കൂ.

എന്നാൽ ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ ഉണ്ടെങ്കിൽ എടിഎമ്മിൽനിന്നു പണം പിൻവലിക്കുന്നതിനുള്ള ശേഷി വർധിപ്പിക്കും. ഇതിന് വരുമാനം പല അക്കൗണ്ടുകളായി നിക്ഷേപിച്ചാൽ മതി. ഇതുവഴി ആവശ്യമുള്ളപ്പോൾ എടിഎമ്മിൽ നിന്നു പണം പിൻവലിക്കാം.
മിക്കവരും നിശ്ചിത പരിധിയിൽ കൂടുതൽ ഇടപാടുകൾ നടത്തുന്നുണ്ട്. ഇതിനു ചാർജും നൽകുന്നുണ്ട്. പക്ഷേ ചെറിയ തുകയായതിനാലും അക്കൗണ്ടിൽനിന്നു കിഴിക്കുന്നതിനാലും അതിനു വലിയ ശ്രദ്ധ നൽകുന്നില്ലെന്നു മാത്രം. ചാർജിൽന്നു രക്ഷപ്പെടാനുള്ള വഴിയിലൊന്നാണ് ഒന്നിലധികം അക്കൗണ്ടുകൾ.

ഉയർന്ന ബ്രാഞ്ച് ഇടപാടുകൾ

എല്ലാ സേവിംഗ്സ് അക്കൗണ്ടുകളിലും തന്നെ ഒരു നിശ്ചിത പരിധിക്കു മുകളിലുള്ള ചെക്ക് ഇടപാടുകൾ, നിക്ഷേപം, പണം പിൻവലിക്കൽ എന്നിവക്ക് ചാർജുകൾ ഈടാക്കാറുണ്ട്. രണ്ടോ അതിൽ കൂടുതലോ ബാങ്ക് അക്കൗണ്ടുകളുള്ളവർക്ക് ഈ ഇടപാടുകൾ വിവിധ അക്കൗണ്ടുകളിലായി നടത്തി ചാർജിൽ നിന്ന് ഒഴിവാകാം.

മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ്, ഓഹരി എന്നിവയെല്ലാം വാങ്ങുന്നത് സേവിംഗ്സ് അക്കൗണ്ട് വഴിയാണ്. അതുപോലെ തന്നെ ലാഭവിഹിതം, ബോണസ്, ഇളവുകൾ എന്നിവ ലഭിക്കുന്നതും സേവിംഗ്സ് അക്കൗണ്ടുകൾ വഴിയാണ്. സാലറി അക്കൗണ്ടുമായി നിക്ഷേപങ്ങളും മറ്റും ബന്ധിപ്പിച്ചാൽ ഓരോ ജോലി മാറുന്നതിനനുസരിച്ച് അക്കൗണ്ട് വിവരങ്ങളും മാറി, മാറി നൽകേണ്ടി വരും. ഇത് ഒഴിവാക്കാനായി നിക്ഷേപങ്ങൾക്കും ടെലിഫോൺ ബിൽ, വൈദ്യുതി ബിൽ തുടങ്ങിയ മറ്റു സ്‌ഥിരം പേമെന്റുകൾക്കുമായി സ്‌ഥിരമായ ഒരു സേവിംഗ്സ് അക്കൗണ്ട് തുറക്കാം. നിക്ഷേപങ്ങളും മിച്ചം വരുന്ന തുകയും ഇതിൽ നിക്ഷേപിക്കാം. ദിവസ ചെലവുകൾക്കായി സാലറി അക്കൗണ്ട് ഉപയോഗിക്കാം.

ഡെബിറ്റ് കാർഡ് ഓഫറുകൾ നേടാം

ഒരു വിധം എല്ലാ ഡെബിറ്റ് കാർഡുകളും കാഷ് ബാക്ക് ഓഫറുകൾ, ഡിസ്കൗണ്ടുകൾ, റിവാർഡ് പോയിന്റുകൾ എന്നിവ നൽകാറുണ്ട്. ഒന്നിൽ കൂടുതൽ ഡെബിറ്റ് കാർഡുകൾ ഉള്ളവർക്ക് ഏതിലാണോ കൂടുതൽ ഓഫറുകൾ ഉള്ളത് അതുപയോഗിച്ച് ഷോപ്പിംഗും ഓൺലൈൻ ഇടപാടുകളും നടത്തി ഓഫറുകൾ നേടാം.


ഒന്നിൽ കൂടുതൽ അക്കൗണ്ടിന്റെ ദോഷങ്ങൾ

കുറഞ്ഞ റിട്ടേൺ

ഓരോ സേവിംഗ്സ് അക്കൗണ്ടിലും നിശ്ചിത തുക മിനിമം ബാലൻസായി ഓരോ മാസവും സൂക്ഷിക്കണം. അക്കൗണ്ടുകളുടെ തരമനുസരിച്ച് ഇത് പൂജ്യം രൂപ മുതൽ രണ്ട് ലക്ഷം രൂപവരെയാണ്. ഇതിന് ഒരു വർഷം ലഭിക്കുന്നത് നാല് ശതമാനം മുതൽ 6.1 ശതമാനം വരെ പലിശയാണ്. ( 10 ലക്ഷം രൂപയ്ക്കു മുകളിൽ ചില ബാങ്കുകൾ 7 ശതമാനം പലിശ നൽകുന്നു). എന്നാൽ ഈ തുക ഫിക്സിഡ് ഡെപ്പോസിറ്റായോ, ഡെറ്റ് മ്യൂച്ചൽ ഫണ്ടായോ നിക്ഷേപിച്ചാൽ ഉയർന്ന പലിശ നിരക്ക് നേടാം.

നോൺ മെയിന്റനൻസ് ചാർജ് കൂടും

മിനിമം ബാലൻസും മറ്റും സൂക്ഷിച്ചില്ലെങ്കിൽ പ്രതിമാസം 450 രൂപ വരെ എങ്കിലും നോൺ മെയിന്റനൻസ് ചാർജായി നഷ്‌ടപ്പെടും. ചിലപ്പോൾ സൗജന്യമായി നത്തേണ്ട ഇടപാടുകൾക്ക് പോലും ഇത്തരം കാര്യങ്ങൾ കൊണ്ട്് ചാർജ് നൽകേണ്ടതായി വരും. എല്ലാ അക്കൗണ്ടുകളിലും മിനിമം ബാലൻസ് സൂക്ഷിക്കേണ്ടതായി വരുന്നു.

ചെലവ് കൂടും

ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ ഒന്നിൽ കൂടുതൽ കാർഡുകളും ഉണ്ടാകും. സാധാരണയായി ഒരു എടിഎം അല്ലെങ്കിൽ ഡെബിറ്റ് കാർഡിന്റെ വാർഷിക മെയിന്റനൻസ് ചാർജായി 100 മുതൽ 750 രൂപ വരെ നൽകേണ്ടി വരും. ഒന്നിൽ കൂടുതൽ കാർഡുകൾ ഉണ്ടെങ്കിൽ ഈ ചാർജ് ഇതിൽ കൂടുതലാകും. ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ട് ഉണ്ടെങ്കിൽ തീർച്ചയായും ഒന്നിൽ കൂടുതൽ ചെക്ക് ബുക്ക്, ഡെബിറ്റ് കാർഡ് പിൻ നമ്പർ, ആവറേജ് ബാലൻസ്, നെറ്റ് ബാങ്കിംഗ് യൂസർനെയിം പാസ് വേർഡ് എന്നിവയും സൂക്ഷിക്കേണ്ടതായി വരും.

ഓർമിക്കാൻ

* ഓരോരുത്തരും അവരവർ നടത്തുന്ന ഇടപാടുകൾക്ക് അനുസരിച്ച് സേവിംഗ്സ് അക്കൗണ്ടുകൾ നിലനിർത്തുക.
* വർഷത്തിൽ ഒരിക്കൽപ്പോലും ഇടപാടു നടത്താത്ത അക്കൗണ്ടുകൾ അവസാനിപ്പിക്കുക.
* ജോലി മാറുമ്പോൾ പുതിയ അക്കൗണ്ടു തുറക്കേണ്ടി വന്നാൽ, ജോലി അവസാനിപ്പിക്കുമ്പോൾ ആ അക്കൗണ്ട് ആവശ്യമില്ലെങ്കിൽ അവസാനിപ്പിക്കുക.
* വീടിനടുത്തുള്ള ബാങ്കുകൾക്കു മുൻഗണന നൽകുക.
* സാലറി അക്കൗണ്ടുകളെ പ്രതിദിന ആവശ്യങ്ങൾക്കുള്ള അക്കൗണ്ടായി നിലനിർത്തുക.
* ഓഹരി, മ്യൂച്വൽ ഫണ്ട്, ഇൻഷുറൻസ്, തുടങ്ങിയ നിക്ഷേപങ്ങൾക്കായി ഒരു അക്കൗണ്ട് സൂക്ഷിക്കുക. എല്ലാ നിക്ഷേപങ്ങളേയും ഈ അക്കൗണ്ടുമായി ബന്ധിപ്പിക്കുക.
* വലിയ തുകയുടെ ഇടപാടുകൾ, നിരവധി ഇടപാടുകൾ എന്നിവ നടത്തുന്നവർക്ക് ഒന്നിൽ കൂടുതൽ സേവിംഗ്സ് അക്കൗണ്ടുകൾ നല്ലതാണ്.