എക്കോ സ്പോർട്ട്; ഫോർഡിന്റെ അഭിമാനം
എക്കോ സ്പോർട്ട്; ഫോർഡിന്റെ അഭിമാനം
Monday, January 16, 2017 3:46 AM IST
അമേരിക്കൻ കമ്പനിയായ ഫോർഡിന് ഇന്ത്യയിൽ മികച്ച മുന്നേറ്റത്തിന് അവസരം നല്കിയ മോഡലാണ് എക്കോസ്പോർട്ട്. ഇന്ത്യയിൽ മറ്റു കമ്പനികളുമായുള്ള മത്സരത്തിൽ വർഷങ്ങൾക്കുമുമ്പ് ഫോർഡ് കിതച്ചപ്പോൾ കമ്പനിയെ മുന്നോട്ടു നടത്തിയത് എക്കോ സ്പോർട്ട് എന്ന കോംപാക്ട് എസ്യുവിയായിരുന്നു. ഈ വിഭാഗത്തിൽ മറ്റു കമ്പനികൾ നല്കാത്ത വിധത്തിലുള്ള ആധുനിക സംവിധാനങ്ങളും ഫോർഡ് എക്കോ സ്പോർട്ടിൽ നല്കിയിട്ടുണ്ട്.

പുറംഭാഗം: യുവത്വം തുളുമ്പുന്ന ഡിസൈനാണ് എക്കോസ്പോർട്ടിൻറെ മുഖമുദ്ര. നാലു മീറ്റർ ഹാച്ച്ബാക്കുകളിൽ നല്കാത്തവിധം ടെയിൽ മൗണ്ടഡ് സ്പെയർ വീൽ വാഹനത്തിന് പ്രത്യേക ആഢ്യത്വം പകരുന്നുണ്ട്. ക്രോം ഫിനീഷിംഗിലുള്ള വലിയ ഗ്രില്ലും, ഫോഗ്ലാമ്പും ബോണറ്റിനോടു ചേർന്നു നിൽക്കുന്ന ചെറിയ ഹെഡ് ലാമ്പുകളും മുൻഭാഗം ആകർഷകമാക്കുന്നു.

മറ്റു വാഹനങ്ങളെ അപേക്ഷിച്ച് ഉയരത്തിലാണ് ഫോഗ് ലാമ്പുകളുടെ സ്‌ഥാനം. ഉയരമുള്ള ബോണറ്റ് ആണെങ്കിലും ഡ്രൈവിംഗിനു തടസമാവുന്നില്ല എന്നത് എടുത്തു പറയേണ്ട ഒന്നാണ്. 80 ഡിഗ്രി ആംഗിളിൽ തുറക്കാവുന്ന ഡോറുകൾ മുതിർന്നവർക്ക് അനായാസം പ്രവേശിക്കാനുള്ള സൗകര്യം നല്കുന്നുണ്ട്.

വശത്തേക്കു തുറക്കാവുന്ന ടെയിൽ ഗേറ്റിൻറെ നടുവിലാണ് സ്പെയർ വീലിൻറെ സ്‌ഥാനം. സിംപിൾ ടച്ച് ഓപ്പൺ ഡോർ ആയതിനാൽ തുറക്കാനും എളുപ്പം. ഒപ്പം വശങ്ങളിലും ഡോറിലുമായി ടെയിൽ ലാമ്പ് ക്ലസ്റ്ററും.

ഉൾവശം: ബ്ലാക്ക്, ഗ്രേ, സിൽവർ പാലറ്റിൽ തീർത്ത ഉൾവശം ഫോർഡ് എക്കോസ്പോർട്ടിന് പ്രീമിയം ലുക്ക് നല്കുന്നുണ്ട്. അച്ചടക്കത്തോടെ തയാറാക്കിയിരിക്കുന്ന സെൻട്രൽ കൺസോളിൽ വയർലെസ് ടെലിഫോണി സംവിധാനമുൾപ്പെടെയുള്ള ഇൻഫോടെയ്മെൻറ് സിസ്റ്റം, ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ എന്നിവ നല്കിയിരിക്കുന്നു. വോയിസ് കമാൻഡ് വഴി ടെലിഫോണിക് സൗകര്യം ഉപയോഗിക്കാം.

മുതിർന്ന പൗരന്മാർക്കായി കൂടുതൽ ലെഗ് സ്പേസുള്ളതിനൊപ്പം ഉയരമുള്ള സീറ്റുകൾ മറ്റൊരു പ്രത്യേകതയാണ്. ഹൈഡ്രോളിക് ഹൈറ്റ് അഡ്ജസ്റ്റബിൾ ഡ്രൈവർസീറ്റ്, കോ ഡ്രൈവർ സീറ്റിനു താഴെ സ്റ്റോറേജ് സ്പേസ്, ഡബിൾ ഫോൾഡബിൾ റിയർ സീറ്റ്, ടിൽറ്റ് ആൻഡ് ടെലിസ്കോപിക് അഡ്ജസ്റ്റബിൾ സ്റ്റിയറിംഗ് വീൽ, ലെതർ ഫിനിഷിംഗ് സീറ്റുകൾ എന്നിവയും ഇക്കോ സ്പോർട്ടിനുണ്ട്.


എൻജിൻ: 1 ലിറ്റർ, 1.5 ലിറ്റർ പെട്രോൾ എൻജിനുകളിലും 1.5 ഡീസൽ എൻജിനിലുമാണ് എക്കോ സ്പോർട്ട് എത്തുന്നത്. 1498 സിസി ഡീസൽ എൻജിൻ 98.59 ബിഎച്ച്പി പവറിൽ 205എൻഎം ടോർക്ക് ഉത്പാദിപ്പിക്കുന്നു. 1.5 ലിറ്റർ പെട്രോൾ എൻജിൻ 112 പിഎസ് പവറിൽ 140 എൻഎം ടോർക്ക് ഉത്പാദിപ്പിക്കുമ്പോൾ 1 ലിറ്റർ എക്കോ ബൂസ്റ്റ് ടർബോ പെട്രോൾ എൻജിൻ 125 പിഎസ് പവറിൽ 170 എൻഎം ടോർക്കാണ് ഉത്പാദിപ്പിക്കുന്നത്.

1.5 ലിറ്ററിൽ 5 സ്പീഡ് മാന്വൽ ഗിയർബോക്സിലും 6 സ്പീഡ് ഡുവർ ക്ലച്ച് ഓട്ടോ ബോക്സിലും ലഭിക്കും. അതേസമയം 1 ലിറ്റർ എൻജിന് മാന്വൽ ഗിയർ ബോക്സേ നല്കിയിട്ടുള്ളൂ. ഡീസൽ എൻജിനും 5 സ്പീഡ് മാന്വൽ ഗിയർ ബോക്സാണ് നല്കിയിരിക്കുന്നത്.

സുരക്ഷ: ബേസ് മോഡലിൽ ഡുവൽ എയർബാഗ്. ടോപ് എൻഡിൽ ആറ് എയർ ബാഗുകൾ. ഒപ്പം എബിഎസ്, ഇബിഡി, ട്രാക്ഷൻ കൺട്രോൾ, ഹിൽ ലോഞ്ച് അസിസ്റ്റ്, എമർജൻസി അസിസ്റ്റ് എന്നിവയും.

എമർജൻസി അസിസ്റ്റ്

പ്രീമിയം വാഹനങ്ങളിൽ മാത്രമുള്ള സംവിധാനമാണിത്. അപകടത്തിൽപ്പെട്ടാൽ വാഹനവുമായി ബന്ധിപ്പിച്ചിരിക്കുന്ന മൊബൈൽ ഫോണിൽനിന്ന് അപകടസന്ദേശം തൊട്ടടുത്തുള്ള എമർജൻസി സർവീസുകളിലേക്ക് അയയ്ക്കും. സ്പെഷൽ നമ്പർ നല്കിയിട്ടുണ്ടെങ്കിൽ ആ നമ്പറിലേക്കും സന്ദേശം ലഭിക്കും. വാഹനം എവിടെയാണെന്ന് ട്രാക്ക് ചെയ്യാൻ കഴിയുന്ന വിധത്തിലുള്ള സംവിധാനമാണിത്. എയർ ബാഗുകൾ പുറത്തുവന്നാലോ ഫ്യുവൽ കേബിൾ മുറിഞ്ഞാലോ ആണ് അപകടസന്ദേശം അയയ്ക്കുക.

സർവീസ്

www.india.ford.com വഴി ഫോർഡ് പ്രോമിസ് എന്ന സർവീസ് അസിസ്റ്റൻസിൽ രജിസ്റ്റർ ചെയ്താൽ സർവീസ് സംബന്ധമായ സഹായങ്ങൾ ലഭിക്കും.