എബി
എബി
Friday, January 13, 2017 6:54 AM IST
എബി. മരിയാപുരം ഗ്രാമത്തിൽ എബിയെന്നു പറഞ്ഞാൽ ഒരാളേയുള്ളു. തനി സാധാരണക്കാരനായ എബിക്ക് പല സവിശേഷതകളുമുണ്ട്. അങ്ങനെ കുറെ സവിശേഷതകളുള്ള ഈ എബി ഒരു അപൂർവജന്മമാണ്, പ്രതിഭാസമാണ്.

സാധാരണക്കാരനാണെങ്കിലും ബുദ്ധിയുള്ള പയ്യൻ. പ്രതിസന്ധികളിൽ തളരാതെ മാർഗതടസങ്ങൾ വകവയ്ക്കാതെ മറ്റുള്ളവർ എന്തു വിചാരിക്കും, പറയുമെന്നൊക്കെ ചിന്തിക്കാതെ ലക്ഷ്യത്തിലെത്താൻ കുതിക്കുന്ന പയ്യൻ. തോൽക്കുമെന്നറിയാമെങ്കിലും ജയിക്കാൻ മോഹിച്ചു പരിശ്രമിക്കുന്ന ചെറുപ്പക്കാരൻ.
എന്തുകൊണ്ട് എന്റെ പിറകിൽ ചിറകുണ്ടായില്ല. ചിറകുണ്ടായിരുന്നെങ്കിൽ പക്ഷികളെപ്പോലെ പറക്കാമായിരുന്നു.– ഈ ചോദ്യമാണ് എബിയെ മുന്നോട്ടു നയിച്ചത്.

എബിക്ക് ഇതൊരു സ്വപ്നമായിരുന്നു. അനന്തമായ ആകാശത്ത് നിലാവെളിച്ചത്തിൽ കണ്ണുംനട്ട് മണ്ണിൽ മലർന്നുകിടക്കുമ്പോൾ എബിക്ക് ഒരൊറ്റ ലക്ഷ്യമേയുണ്ടായിരുന്നുള്ളു. പറക്കണം. പറന്നുപറന്ന് ആകാശത്ത് അലിയണം. അതിനുള്ള ശ്രമത്തിനിടയിൽ എബി നേരിടുന്ന രസകരങ്ങളായ സംഭവവികാസങ്ങളാണ് എബി എന്ന ചിത്രത്തിൽ ദൃശ്യവത്കരിക്കുന്നത്.

കുഞ്ഞിരാമായണം എന്ന ഹിറ്റ് ചിത്രത്തിനുശേഷം വിനീത് ശ്രീനിവാസൻ നായക കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് എബി. പതിനെട്ടോളം ചിത്രങ്ങളിൽ പ്രിയദർശന്റെ സഹായിയായിരുന്ന ശ്രീകാന്ത് മുരളി ആദ്യമായി സംവിധാനംചെയ്യുന്ന ചിത്രമാണ് എബി.


കുഞ്ഞിരാമായണത്തിനുശേഷം ലിറ്റിൽ ബിഗ് ഫിലിംസിന്റെ ബാനറിൽ സുവിൻ കെ. വർക്കി നിർമിക്കുന്ന ഈ ചിത്രത്തിൽ എബിയായി വിനീത് ശ്രീനിവാസൻ അഭിനയിക്കുമ്പോൾ മെറീന മൈക്കിൾ നായികയാകുന്നു.

അജു വർഗീസ്, സുരാജ്, സുധീർ കരമന, ഹരീഷ് പേരടി, ദിലീഷ് പോത്തൻ, ഗോകുൽ, ബാലാജി, സുബീഷ് സുധി, ഷാജി ചെന്നൈ, ബോളിവുഡ് താരം മഹീഷ് ചൗധരി, വിനീത കോശി, പ്രസീദ മേനോൻ, മായാ മേനോൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.

സന്തോഷ് എച്ചിക്കാനം രചന നിർവഹിക്കുന്ന എബിയുടെ ഛായാഗ്രാഹകൻ സുധീർ സുരേന്ദ്രനാണ്. റഫീഖ് അഹമ്മദ്, സന്തോഷ് വർമ്മ എന്നിവരുടെ വരികൾക്കു ബിജിബാൽ, അനിൽ ജോൺസൺ, ജയ്സൺ ജെ. നായർ എന്നിവർ സംഗീതം പകരുന്നു.

പ്രൊഡ. കൺട്രോളർ– മനോജ് പൂങ്കുന്നം, പ്രൊഡ. ഡിസൈനർ– ഷിജി പട്ടണം, കല– രജിത് കൊത്തേരി, മേക്കപ്– ശ്രീജിത് ഗുരുവായൂർ, വസ്ത്രാലങ്കാരം– അരുൺ മനോഹർ, സ്റ്റിൽസ്– ജയപ്രകാശ് അതല്ലൂർ, പരസ്യകല– സുനിൽ രാജ്, എഡിറ്റർ– ഇ.എസ്. സൂരജ്, പ്രൊഡ. എക്സിക്യൂട്ടീവ്– അനിൽ അങ്കമാലി, സജീവ് ചന്തിരൂർ, വിതരണം– സെൻട്രൽ പിക്ചേഴ്സ്. എ.എസ്. ദിനേശ്