വാഹനവില്പന 16 വർഷത്തെ ഏറ്റവും താഴ് ന്ന നിലയിൽ: സിയാം
വാഹനവില്പന 16 വർഷത്തെ ഏറ്റവും താഴ് ന്ന നിലയിൽ: സിയാം
Wednesday, January 11, 2017 2:10 AM IST
ന്യൂഡൽഹി/മുംബൈ: നവംബർ എട്ടിലെ കറൻസി റദ്ദാക്കലിൽ രാജ്യത്തെ വാഹനവിപണി കൂപ്പുകുത്തി. 16 വർഷത്തിനിടയിലെ ഏറ്റവും വലിയ കുറവാണ് ഡിസംബറിൽ രേഖപ്പെടുത്തിയത്. കറൻസി റദ്ദാക്കലിൽ നട്ടംതിരിഞ്ഞ ജനങ്ങളുടെ വാങ്ങൽശേഷി കുറഞ്ഞതാണ് ഡിസംബർ മാസത്തെ വാഹനവിപണിയിൽ പ്രതിഫലിച്ചതെന്ന് വാഹനനിർമാതാക്കളുടെ സംഘടനയായ സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മനുഫാക്ചറേഴ്സ് (സിയാം) അറിയിച്ചു.

ഡിസംബറിലെ മൊത്തം വില്പന 18.66 ശതമാനം ഇടിഞ്ഞ് 12.21 ലക്ഷം വാഹനങ്ങളായി. 2000നു ശേഷമുള്ള ഏറ്റവും വലിയ തകർച്ചയാണിത്. അന്ന് വില്പനയിൽ 21.81 ശതമാനം ഇടിവ് രേഖപ്പെടുത്തി. യാത്രാവാഹനങ്ങളുടെ വില്പന പോയ മാസം 1.4 ശതമാനം ഇടിഞ്ഞപ്പോൾ സ്കൂട്ടർ, മോട്ടോർസൈക്കിൾ വില്പന 22.04 ശതമാനമാണ് താഴേക്കു പോയത്, ഇതുവരെയുള്ളതിൽ ഏറ്റവും വലിയ ഇടിവ്. ഗ്രാമീണമേഖലയിൽ കറൻസി റദ്ദാക്കൽ വലിയ പ്രത്യാഘാതം സൃഷ്‌ടിച്ചതിൻറെ തെളിവാണ് ഇരുചക്രവാഹനങ്ങൾക്കുണ്ടായ വലിയ ഇടിവ്.

ഇതൊരു താത്കാലിക പ്രതിഭാസമായി കണക്കാക്കുകയാണെന്ന് സിയാം ഡയറക്ടർ ജനറൽ വിഷ്ണു മാതുർ പറഞ്ഞു. ഫെബ്രുവരി ഒന്നിലെ കേന്ദ്ര ബജറ്റിൽ ഉപയോക്‌താക്കൾക്ക് അനുകൂലമായ നടപടികൾ ഉണ്ടാകുമെന്നു പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു.

ഏഷ്യയിലെ ഏറ്റവും വലിയ മൂന്നാമത്തെ സാന്പത്തിക രാഷ്ട്രമായ ഇന്ത്യയിലെ കറൻസി വിനിയോഗം കുറയ്ക്കാനുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ശ്രമവും വില്പനയിൽ പ്രതിഫലിച്ചിട്ടുണ്ടെന്ന് സിയാം റിപ്പോർട്ടിൽ പറയുന്നു. 12 ശതമാനം വളർച്ച ലക്ഷ്യംവച്ച വാഹനമേഖലയ്ക്ക് കറൻസി റദ്ദാക്കൽ വലിയ തിരിച്ചടി നല്കി.

ഡിസംബറിൽ വാഹനവിപണി 18.66 ശതമാനം ഇടിഞ്ഞു. തൊട്ടുമുന്പത്തെ മാസത്തെ അപേക്ഷിച്ച് 5.48 ശമതാനം ഇടിവുമാണിത്. ലൈറ്റ് കൊമേഴ്സ്യൽ വാഹനങ്ങളുടെ വിപണിയിൽ 1.15 ശതമാനം എന്ന നേരിയ മുന്നേറ്റമുണ്ടായി. മറ്റു വിഭാഗങ്ങളുടെ വളർച്ചാസൂചിക താഴേക്കായിരുന്നു. യാത്രാവാഹന വില്പന ഡിസംബറിൽ 1.36 ശതമാനം ഇടിഞ്ഞു. തൊട്ടു തലേ മാസം 1.82 ശതമാനമായിരുന്നു ഇടിവ്. ഇതിൽ യാത്രാകാറുകളുടെ വില്പന 8.14 ശതമാനവും യൂട്ടിലിറ്റി വാഹനങ്ങളുടേത് 29.94 ശതമാനവും വാനുകളുടേത് 18.76 ശതമാനവും ഇടിഞ്ഞു. യൂട്ടിലിറ്റി വാഹനങ്ങളായ മാരുതി വിറ്റാര ബ്രസ, ടൊയോട്ട ഇന്നോവ ക്രിസ്റ്റ, ഹ്യുണ്ടായി ക്രെറ്റ എന്നിവയുടെ വില്പന അല്പം കുതിപ്പു കാണിച്ചെങ്കിലും മൊത്ത വിഭാഗം താഴേക്കുതന്നെ.


ഇതിനു മുന്പ് പാസഞ്ചർ കാറുകളുടെ വില്പനയിലുണ്ടായ ഏറ്റവും വലിയ ഇടിവ് 2014 ഒക്ടോബറിലും 2014 ഏപ്രിലിലുമായിരുന്നു. യാഥാക്രമം 7.52 ശതമാനവും 10.15 ശതമാനവുമായിരുന്നു ഇടിവ്.

ലൈറ്റ് കൊമേഴ്സ്യൽ വെഹിക്കിളിൻറെ ചെറിയ മുന്നേറ്റത്തിൽ കൊമേഴ്സ്യൽ വാഹനവിപണിക്ക് നേരിട്ട ഇടിവ് 5.06 ശതമാനത്തിലൊതുങ്ങി. ഹെവി കൊമേഴ്സൽ വാഹനവില്പന 12.41 ശതമാനം ഇടിഞ്ഞു.

ഏറ്റവും വലിയ ഇടിവു ദർശിച്ചത് മുച്ചക്ര വാഹനവിപണിയിലാണ്, 36.23 ശതമാനം.
ഇരുചക്ര വാഹനവിപണിയും ബഫർ സോണിൽത്തന്നെ. സ്കൂട്ടർ വില്പനയിൽ 15 വർഷത്തിനിടയിലുള്ള ഏറ്റവും വലിയ രണ്ടാമത്തെ ഇടിവാണ് പോയ മാസം രേഖപ്പെടുത്തിയത്, 26.38 ശതമാനം. മുന്പ് 2001 മാർച്ചിൽ 27.05 ശതമാനവും 2003 മാർച്ചിൽ 23.32 ശതമാനവും ഇടിവുണ്ടായിരുന്നു.

മോട്ടോർ സൈക്കിളും മെച്ചപ്പെട്ട നിലയിലായിരുന്നില്ല. 22.50 ശതമാനം ഇടിവ് രേഖപ്പെടുത്തി. ഇതിനു മുന്പ് 2008 ഡിസംബറിൽ 23.07 ശതമാനം വില്പന ഇടിഞ്ഞിരുന്നു.