ടെക് കിംവദന്തികൾ!
ടെക് കിംവദന്തികൾ!
Tuesday, January 10, 2017 6:36 AM IST
‘‘ഫേസ്ബുക്കും വാട്സ്ആപ്പും ശനിയാഴ്ച മുതൽ പണം ഈടാക്കും’’! കഴിഞ്ഞ ദിവസങ്ങളിൽ ഉപയോക്‌താക്കളിൽ ഏറെ ആശങ്ക സൃഷ്‌ടിച്ച സന്ദേശമാണിത്. എന്നാൽ ഈ സന്ദേശത്തിൽ യാതൊരു ആധികാരികതയുമില്ലെന്ന് ഫേസ്ബുക്ക് ഔദ്യോഗികമായി പറഞ്ഞതോടെ ആശങ്കയ്ക്കു താത്കാലിക പരിഹാരമായി. എന്നാൽ ഇത് ഫേസ്ബുക്കിലെ സ്കാമുകളെക്കുറിച്ച് ചർച്ചയ്ക്കു വീണ്ടും തുടക്കമിട്ടിരിക്കുകയാണ്.

സ്കാമുകൾ നേരത്തെ മുതൽ സോഷ്യൽ മീഡിയ സൈറ്റുകളിൽ സജീവമാണ്. അനധികൃതമായി അക്കൗണ്ടുകളിൽ നിന്നു വിവരങ്ങൾ ചോർത്തുന്നതിനെയാണ് സ്കാമെന്നു പറയുന്നത്. പക്ഷേ ഇപ്പോൾ അതിന്റെ ആക്രമണം കൂടിയിരിക്കുകയാണ്. കൂടുതൽ സ്കാമുകളും ലക്ഷ്യമിടുന്നത് ഫേസ്ബുക്കിനെയും വാട്സ്ആപ്പിനെയുമാണ്. ഉപയോക്‌താക്കളുടെ എണ്ണത്തിലുള്ള വർധനയാണ് ഇതിന്റെ കാരണം.

ഫേസ്ബുക്ക് ചാർജ് ഈടാക്കാതിരിക്കാൻ ഈ ലിങ്ക് ഷെയർ ചെയ്യുക, ഗിഫ്റ്റ് വൗച്ചറുകൾക്കായി ലിങ്കിൽ ക്ലിക്ക് ചെയ്യുക, ഓഫറുകൾ ലഭിക്കാൻ സൈറ്റ് സന്ദർശിക്കുക, ഫേസ്ബുക്ക് പോസ്റ്റുകൾ എല്ലാവർക്കും കാണാവുന്ന (പബ്ലിക്) വിധത്തിലാകാതിരിക്കാൻ ഈ മെസേജ് കോപ്പി ചെയ്ത് പേസ്റ്റ് ചെയ്യുക, വാട്സ് ആപ്പിന്റെ പുതിയ വേർഷനായ വാട്സ്ആപ് ഗോൾഡ് ഡൗൺലോഡ് ചെയ്യാൻ ലിങ്കിൽ ക്ലിക്ക് ചെയ്യൂ തുടങ്ങി വിവിധ രൂപത്തിലുള്ള സ്കാമുകളാണ് ഫേസ്ബുക്കിലും വാട്സ് ആപ്പിലും സജീവമായിട്ടുള്ളത്.


ലിങ്കിൽ ക്ലിക്ക് ചെയ്ത് ഓപ്പൺ ചെയ്യുന്നതോടെ അക്കൗണ്ടിലെ വിവരങ്ങളെല്ലാം ചോർത്തപ്പെടുന്നു. കൂടുതൽ ലിങ്കുകളും ആരെയും ആകർഷിക്കുന്ന തലക്കെട്ടോടും ചിത്രങ്ങളോടും കൂടിയായിരിക്കും പ്രത്യക്ഷപ്പെടുക.

ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ ഫേസ്ബുക്ക് സ്കാമുകളിൽ നിന്നു രക്ഷപ്പെടാം.

1. ഫേസ്ബുക്കിൽ നിലവിൽ ഫ്രണ്ട്സ് ലിസ്റ്റിലുള്ളവരുടെ പുതിയ ഫ്രണ്ട്സ് റിക്വസ്റ്റുകൾ സ്വീകരിക്കാതിരിക്കുക. ഒരു പക്ഷേ അവ സ്കാമായിരിക്കും.
2. ‘ഫേസ്ബുക്ക് പണം ഈടാക്കാൻ ആരംഭിക്കുന്നു’ തുടങ്ങിയ മെസേജുകളോട് പ്രതികരിക്കാതിരിക്കുക. എന്തെങ്കിലും സംശയമുണ്ടെങ്കിൽ ഫേസ്ബുക്കിന്റെ ഔദ്യോഗിക ബ്ലോഗ് സന്ദർശിക്കുക.
3. ഗിഫ്റ്റ് വൗച്ചറുകൾ, ഡിസ്കൗണ്ട് കൂപ്പണുകൾ തുടങ്ങിയ ഓഫറുകൾ അടങ്ങിയ മെസേജുകൾ ലഭിക്കുകയാണെങ്കിൽ കമ്പനിയുടെ വെബ്സൈറ്റോ ഒഫീഷ്യൽ ഫേസ്ബുക്ക് പേജോ സന്ദർശിച്ച് ഉറപ്പുവരുത്തുക.
4. സെലിബ്രിറ്റികളുടെ ഫ്രണ്ട്സ് റിക്വസ്റ്റ് ലഭിച്ചാൽ ശ്രദ്ധിക്കുക. മിക്കവാറും സെലിബ്രിറ്റികൾക്ക് ഫേസ്ബുക്ക് വെരിഫൈ ചെയ്ത പേജുകൾ ഉണ്ടായിരിക്കും.

–സോനു തോമസ്