മിന്നിത്തിളങ്ങാൻ മൃദുല
മിന്നിത്തിളങ്ങാൻ മൃദുല
Tuesday, January 10, 2017 6:35 AM IST
രാഗ്ദേശിലൂടെ ഹിന്ദി സിനിമാരംഗത്തേക്ക് പ്രവേശിക്കുകയാണ് മൃദുല മുരളി. ഡാൻസും മോഡലിംഗും ആങ്കറിങ്ങുമെല്ലാം മുതൽക്കൂട്ടായിട്ട് ഉണ്ടെങ്കിലും അഭിനയത്തിനു തന്നെയാണ് മൃദുല മുൻഗണന നൽകുന്നത്. റെഡ് ചില്ലീസിൽ മോഹൻലാലിനൊപ്പം വരദ ഭട്ടതിരിപ്പാടായാണ് മൃദുലയുടെ തുടക്കം. മൃദുലയുടെ വിശേഷങ്ങളിലേക്ക്...

ബോളിവുഡിലേക്ക്

ആർമിയെ ആസ്പദമാക്കിയുള്ള കഥയാണ് രാഗ് ദേശ്. 1945ൽ നടന്ന കഥയാണ് ചിത്രീകരിക്കുന്നത്. സ്വാതന്ത്ര്യ സമരസേനാനികളും സിനിമയിലുണ്ട്. ജീവിച്ചിരുന്ന ഒരു ഗൈനക്കോളജിസ്റ്റിന്റെ കഥാപാത്ര മാണ് ചെയ്യുന്നത്. പ്രധാന വേഷം തന്നെയാണ്. ഭാഷ മാറി അഭിനയിക്കുന്നതിന്റെ പ്രശ്നമൊന്നും ഉണ്ടെന്നു തോന്നുന്നില്ല. എങ്കിലും ഷൂട്ട് ലൊക്കേഷനൊക്കെ എങ്ങനെയുണ്ടാകുമെന്നൊന്നും അറിയില്ല. പല ഷെ ഡ്യൂളുകളായിട്ടാണ് അഭിനയിക്കുന്നത്. സിനിമയുടെ കാസ്റ്റിംഗ് ഡിപ്പാർട്ട്മെന്റ് നേരിട്ട് വിളിക്കുകയായിരുന്നു. ഓഡീഷനും ഉണ്ടായിരുന്നു. ഈ സിനിമയുടെ ചില ഭാഗങ്ങൾ തന്നെയാണ് അഭിനയിച്ചു കാണിക്കാൻ പറഞ്ഞത്. കോസ്റ്റ്യൂമിനെക്കുറിച്ചൊന്നും ഇപ്പോൾ കൂടുതൽ പറയാറായിട്ടില്ല.

നല്ല കഥാപാത്രമാകണം

സിനിമ തെരഞ്ഞെടുക്കുന്നത് പല ഘടകങ്ങളുടെ ഒരു മിശ്രിതമാണ്. നല്ല തീമായിരിക്കണം. നല്ല കഥ വേണം. എന്റെ കഥാപാത്രം, കഥയിൽ എത്രത്തോളം പ്രാധാന്യമുള്ളതാണെന്ന് മനസിലാക്കാൻ ശ്രമിക്കും. അതോടൊപ്പം എനിക്ക് ഏറ്റെടുക്കാൻ യോജിച്ച വിധത്തിലുള്ള പ്രൊജക്ടാണോയെന്ന് പരിശോധിക്കുകയും ചെയ്യും. എന്റെ മനസിൽ നെഗറ്റീവ് റോൾ, പോസീറ്റിവ് റോൾ എന്നിങ്ങനെയുള്ള വേർതിരിവുകളൊന്നുമില്ല. ചില കഥാപാത്രങ്ങളെക്കുറിച്ച് കേൾക്കുമ്പോൾ എനിക്ക് യോജിക്കാത്തതാണ് അല്ലെങ്കിൽ ഞാൻ ചെയ്താൽ നന്നാവില്ല എന്നു തോന്നിയാൽ ഞാൻ അത്തരം വേഷങ്ങളെ ഒഴിവാക്കാൻ ശ്രമിക്കും.

? റെഡ് ചില്ലീസ്, എൽസമ്മ എന്ന ആൺകുട്ടി, അയാൾ ഞാനല്ല... ഇങ്ങനെ സാമ്പത്തിക വിജയം കൈവരിച്ച കുറെ നല്ല സിനിമകളുടെ ഭാഗമാകാൻ കഴിഞ്ഞു. ഇത്തരം വിജയങ്ങളുടെ രഹസ്യമെന്താണ്
എനിക്ക് അങ്ങനെ ഒരു തുടർച്ചയായ വിജയഫോർമുലയൊന്നും ലഭിച്ചിട്ടില്ല. അത് ലക്ഷ്യമിട്ടുകൊണ്ട് സിനിമ ചെയ്യുന്ന ആളല്ല ഞാൻ. ഒന്നോ രണ്ടോ വർഷത്തിൽ ഒരു സിനിമയാണ് ഞാൻ ചെയ്യുന്നത്. എല്ലാ സിനിമകളും ബോക്സ് ഓഫീസിൽ വിജയിച്ചിട്ടുമില്ല. ഞാൻ ചെയ്യുന്ന വേഷങ്ങൾ എനിക്ക് തൃപ്തി തരുന്നുണ്ടെന്ന് മാത്രമല്ല, ഈ സിനിമകൾ കണ്ടിട്ട് പ്രേക്ഷകർ ഇഷ്ടപ്പെടുന്നുവെന്ന് പറയുന്നുണ്ട്. ഇതാണ് സുപ്രധാന ഘടകം. ഈ ഗ്രാഫിലാണ് ഞാൻ വിശ്വസിക്കുന്നത്. ഇത് ടീം വർക്കിന്റെ ഭാഗമാണ്. കാരക്ടറിനു യോജിച്ച വിധത്തിലുള്ള കാസ്റ്റിംഗും സംവിധായകൻ പറഞ്ഞുതരുന്ന രീതിയിൽ നമ്മുടെ തായിട്ടുള്ള ചില ചേരുവകളും കൂട്ടിയിണക്കി അഭിനയിക്കുമ്പോഴാണ് ഇത്തരം സൃഷ്ടികൾ സംജാതമാകുന്നത്.

മോഹൻലാലിനൊപ്പം

റെഡ് ചില്ലീസിൽ ലാൽ സാറിന്റെ കൂടെ മൂന്നു ദിവസത്തെ കോമ്പിനേഷൻ ഷൂട്ടാണ് ഉണ്ടായിരുന്നത്. ലാൽ സാറിന്റെ അനുഗ്രഹമൊക്കെ വാങ്ങിച്ചിട്ടാണ് ഷൂട്ട് തുടങ്ങിയത്. വരദ ഭട്ടതിരിപ്പാടെന്ന കാരക്ടറാണ് റെഡ് ചില്ലീസിൽ. ലാൽ ജോസ് സാറിന്റെ ടീമിൽ എൽസമ്മ എന്ന ആൺകുട്ടിയിൽ അഭിനയിച്ചു. സാർ വളരെ ശാന്ത സ്വഭാവക്കാരനാണ്. എല്ലാ കാര്യങ്ങളും വളരെ ക്ഷമയോടെ പറഞ്ഞുതരുമായിരുന്നു.

അയാൾ ഞാനല്ല...

അയാൾ ഞാനല്ലയുടെ ഷൂട്ട് ഗുജറാത്തിലായിരുന്നു. ആദ്യമായിട്ടായിരുന്നു ഗുജറാത്ത് കാണുന്നതു തന്നെ. ഭൂകമ്പം കഴിഞ്ഞതിനു ശേഷമുള്ള കാഴ്ചകളും ജീവിതരീതികളും കണ്ട് ശരിക്കും അമ്പരന്നുപോയി. പുതിയ സ്‌ഥലങ്ങളെ വെറുതെ കാണുന്നതിലുപരി അവിടത്തെ സംസ്കാരവും ജീവിതരീതിയുമൊക്കെ മനസിലാക്കാൻ പൊതുവെ എനിക്ക് ഇഷ്ടമാണ്. ഫഹദ് ഫാസിലാണ് ഹീറോ. സിനിമയിലെ ഒരു ഷൂട്ടിന്റെ വിശേഷം പറയാം. ഗുജറാത്തിൽ അവരുടെ ബിസിനസ് ആവശ്യങ്ങൾക്കായി ഉപയോഗിക്കുന്ന ഒരു പ്രത്യേകതരം വണ്ടിയുണ്ട്. ലോഡ് കയറ്റിക്കൊണ്ടു പോകുന്ന വണ്ടി. ആ വണ്ടി ഞാൻ ഉപയോഗിക്കുന്നതായിട്ടുള്ള ഒരു സീനാണ്. മുമ്പും ഷൂട്ടിന്റെ ആവശ്യത്തിനു വേണ്ടി ഈ വണ്ടി ഉപയോഗിച്ചിട്ടുണ്ടത്രെ. അമിതാഭ് ബച്ചൻ സാർ ഷൂട്ടിനു വേണ്ടി ഉപയോഗിച്ചതായിരുന്നു അത്. ഞാനും ഫഹദും ഓടിക്കുന്ന സീനുണ്ട്. ഭയങ്കര ബുദ്ധിമുട്ടാണ് ഇത് ഓടിക്കാൻ. ആദ്യം ഓടിച്ചപ്പോൾ ബ്രേക്കും കൺട്രോളും ഒക്കെ പോയി. നസ്റിയയും ഷൂട്ടിനുണ്ടായിരുന്നു. സൂക്ഷിച്ച് ഓടിക്കണമെന്ന് നസ്റിയ ഇടയ്ക്കിടെ പറയുമായിരുന്നു.

* ഡാൻസിലൊക്കെ ഇപ്പോഴും ആക്ടീവാണോ?

ചെറുപ്പത്തിൽ നല്ല ആക്ടീവായിരുന്നു. എങ്കിലും ഇടയ്ക്ക് സ്റ്റേജ് ഷോസ് ചെയ്യുന്നുണ്ട്. ഒരു ത്രാസിൽ വച്ച് നോക്കിയാൽ മുൻഗണന അഭിനയമെന്നാണ് എനിക്കു പറയാനുള്ളത്. മൂന്നു വയസു മുതൽ എനിക്ക് ഒരു ആക്ടർ ആകണമെന്നു തന്നെയാണ് ഞാൻ പറഞ്ഞിരുന്നത്. നല്ല സിനിമകളുടെ ഭാഗമാ കാനാണ് താൽപര്യം.

ഷോപ്പിംഗ് ഇഷ്ടം

എനിക്ക് ഷോപ്പിംഗ് ഇഷ്ടമാണ്. പലപ്പോഴും ഞാൻ ഒറ്റയ്ക്കാണ് ഷോപ്പ് ചെയ്യുന്നത്. ചിലപ്പോൾ അമ്മയുണ്ടാകും കൂട്ടിന്. ഷൂട്ടിന് മറ്റു സ്‌ഥലങ്ങളിൽ പോകുമ്പോൾ ആ സ്‌ഥലത്തെ പ്രത്യേകതകൾക്ക് അനുസരിച്ചുള്ള എന്തെങ്കിലും വാങ്ങാൻ ശ്രമിക്കും. ഞാൻ ആസ്വദിക്കുന്ന ഒരു കാര്യമാണ് ഷോപ്പിംഗ്. വസ്ത്രങ്ങളിൽ കാഷ്വൽസ് ആണ് കൂടുതൽ വാങ്ങിക്കുന്നതും ഉപയോഗിക്കുന്നതും.

പ്രേക്ഷകരുടെ സ്നേഹം

ഇതുവരെ ഒരു ബുദ്ധിമുട്ടായിട്ട് തോന്നിയിട്ടില്ല. പലരും പൊതുസ്‌ഥലങ്ങളിൽ വച്ചു കാണുമ്പോൾ എന്നോട് സംസാരിക്കാറുണ്ട്, ഫോട്ടോ എടുക്കാറുണ്ട്. അതൊക്കെ എനിക്ക് ഇഷ്ടമാണ്. നമ്മൾ ചെയ്യുന്ന ജോലിക്കുള്ള അംഗീകാരമായാണ് ഞാൻ ഇതിനെ കാണുന്നത്. എയർപോർട്ടിലും മറ്റും എത്തിയാൽ ഒരി ക്കലും രഹസ്യവഴിയിലൂടെ പുറത്തു കടന്ന് രക്ഷപ്പെടാൻ ശ്രമിക്കാറില്ല. അത്രയ്ക്ക് വലിയ ഒരു ജനക്കൂട്ടത്തെയൊന്നും ഞാൻ ഇതുവരെ നേരിടാത്തതു കൊണ്ടായിരിക്കും ഒരു പക്ഷെ ബുദ്ധിമുട്ടായിട്ട് തോന്നാത്തത്.

പുതിയ പ്രോജക്ട്

മലയാളത്തിൽ ഏറ്റവും ഒടുവിൽ റിലീസായത് ശിഖാമണിയാണ്. അതിനു ശേഷം ഒന്നും അഭിന യിച്ചിട്ടില്ല. നല്ല കഥാപാത്രങ്ങൾക്കു വേണ്ടിയുള്ള കാത്തിരിപ്പാണ്.

ഡ്രീം റോൾ

ചരിത്രം സൃഷ്ടിക്കാൻ കെല്പ്പുള്ള റോളുകളെ കാത്തിരിക്കുന്ന ആളല്ല ഞാൻ. എനിക്കു ലഭിക്കുന്ന വേഷങ്ങൾ പൂർവാധികം ഭംഗിയാക്കിത്തീർക്കുക എന്നു മാത്രമേ സ്വപ്നത്തിലുള്ളൂ. എന്റെ ശബ്ദത്തിലൂടെത്തന്നെ കഥാപാത്രങ്ങളെ അവതരിപ്പിക്കണമെന്നു തന്നെയാണ് എന്റെ ഇഷ്ടം. മലയാളത്തിൽ ഞാൻ തന്നെയാണ് ഡബ്ബ് ചെയ്യുന്നത്. ബുദ്ധിമുട്ടുള്ള ജോലിയാണ് ഡബ്ബിംഗ്.

സുനിൽ വല്ലത്ത്