തരംഗങ്ങളില്ലാതെ നായികമാർ
തരംഗങ്ങളില്ലാതെ നായികമാർ
Tuesday, January 10, 2017 6:34 AM IST
ഒരു നായികയ്ക്കും പ്രത്യേക തരംഗമൊന്നും സൃഷ്ടിക്കാൻ കഴിയാതെയാണ് 2016 കടന്നുപോകുന്നത്. നായികാ പ്രാധാന്യമുള്ള സിനിമകളുണ്ടായെങ്കിലും ഓരോ സിനിമയിലും ഓരോ നായിക എന്ന നിലയിലായിരുന്നു കാര്യങ്ങൾ. മികച്ച പ്രതീക്ഷ നൽകുന്ന ഒരുപിടി പുതുമുഖങ്ങളും നായിക നിരയിൽ ഉദയം ചെയ്തു. മഞ്ജുവാര്യരും കാവ്യാ മാധവനും മീരാ ജാസ്മിനുമൊക്കെ സാന്നിധ്യമറിയിച്ചപ്പോൾ തന്നെ കഴിവുള്ള പുതുമുഖങ്ങളും ശ്രദ്ധിക്കപ്പെട്ടു.

അടൂർ ഗോപാലകൃഷ്ണന്റെ പിന്നെയും കാവ്യയുടെ മികച്ച സിനിമകളിലൊന്നായി. ചിത്രത്തിലെ ദേവി എന്ന കഥാപാത്രമായി കാവ്യ മിന്നുന്ന പ്രകടനം കാഴ്ചവച്ചു. ഏറെ വൈകാരിക മുഹൂർത്തങ്ങൾ നിറഞ്ഞ ഈ കഥാപാത്രം കാവ്യയുടെ കരിയർബെസ്റ്റ് സിനിമകളിലൊന്നായി മാറി. ആകാശവാണി എന്നൊരു ചിത്രം കൂടി കാവ്യയുടേതായി എത്തിയെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല.

മഞ്ജുവാര്യർ രണ്ടു ചിത്രങ്ങളിലൂടെ സാന്നിധ്യമറിയിച്ചു. വേട്ടയും കരിങ്കുന്നം സിക്സസും. കരിങ്കുന്നത്തിന്റെ വിജയം മഞ്ജുവിന് കരിയറിൽ തുണയായി. വോളിബോൾ കോച്ച് ആയുള്ള മഞ്ജുവിന്റെ പ്രകടനം മികച്ചതായി. നായകന്മാർ അരങ്ങു വാഴുന്ന ഈ രംഗത്ത് വേറിട്ട പാതയിലൂടെയുള്ള മഞ്ജുവിന്റെ സഞ്ചാരം നിസാരമായി കാണേണ്ടതില്ല. 10 കൽപനകളിലൂടെ മീരാജാസ്മിൻ ഈ വർഷം തിരിച്ചുവരവ് നടത്തി. മറ്റൊരു സീനിയർ നായികയായ നയൻതാര പുതിയ നിമയത്തിലൂടെ ഗംഭീര പ്രകടനം നൽകി. കമാലിനി മുഖർജിയാണ് 2016–ൽ ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു നായിക. പുലിമുരുകനിൽ മോഹൻലാലിനൊപ്പം മൽസരാഭിനയം കാഴ്ചവയ്ക്കാൻ കമാലിനിക്കു കഴിഞ്ഞു.

സ്വതസിദ്ധമായ ശൈലിയിൽ അനുശ്രീ ഈ വർഷവും ശ്രദ്ധിക്കപ്പെട്ടു. മഹേഷിന്റെ പ്രതികാരത്തിലും ഒപ്പത്തിലും ഈ നടി തിളങ്ങി. ഒപ്പത്തിലെ പോലീസ് വേഷം പതിവ് കഥാപാത്രങ്ങളിൽ നിന്നും വേറിട്ടു നിന്നു. വേദികയാണ് മികച്ച പ്രകടനം നൽകിയ മറ്റൊരു നായിക. ജയിംസ് ആൻഡ് ആലീസിലെ പ്രകടനം പ്രശംസാർഹമായിരുന്നു. വെൽക്കം ടു സെൻട്രൽ ജയിലിലും ഈ നടി ശ്രദ്ധിക്കപ്പെട്ടു. പാവാട, ഹലോ നമസ്തേ എന്നീ ചിത്രങ്ങളിലാണ് മിയ വേഷമിട്ടത്. അമലാപോൾ രണ്ടു ചിത്രങ്ങളിൽ അഭിനയിച്ചെങ്കിലും ശ്രദ്ധിക്കപ്പെട്ടില്ല. രണ്ടുപെൺകുട്ടികൾ, ഷാജഹാനും പരീക്കുട്ടിയും എന്നിവയായിരുന്നു അമലയുടെ ചിത്രങ്ങൾ.

പ്രേമത്തിലെ രണ്ടു നായികമാരും ഈ വർഷവും സാന്നിധ്യമറിയിച്ചു. സായ്പല്ലവി കലിയിൽ ദൂൽക്കറിന്റെ നായികയായപ്പോൾ മഡോണ സെബാസ്റ്റ്യൻ കിംഗ്ലയറിൽ ദിലീപിന്റെ ജോഡിയായി. മംമ്ദ മോൻദാസും ആൻഡ്രിയ ജെറമിയയും തോപ്പിൽജോപ്പനിൽ നായികമാരായി. ഭാമ രണ്ടു ചിത്രങ്ങളിൽ നായികയായി. മാൽഗുഡി ഡേയ്സും മറുപടിയും. മറുപടിയിൽ ഗംഭീര പ്രകടനമാണ് ഈ നടി കാഴ്ചവച്ചത്. ആടുപുലിയാട്ടത്തിലെ കിടിലൻ പ്രകടനത്തിലൂടെ രമ്യാകൃഷ്ണൻ ശ്രദ്ധിക്കപ്പെട്ടു. ഹലോ നമസ്തേ, കുട്ടികളുണ്ട് സൂക്ഷിക്കുക എന്നീ ചിത്രങ്ങളിൽ ഭാവന നായികയായി. ജലം എന്ന ചിത്രത്തിലെ നായികാ വേഷത്തിലൂടെ പ്രിയങ്ക നല്ലൊരു തിരിച്ചുവരവാണ് നടത്തിയത്.


അപർണാഗോപിനാഥ്– സ്കൂൾബസ്, മേഘ്നാരാജ്– ഹല്ലേലുയ്യ, പാർവതിനമ്പ്യാർ– ലീല, ശിവദ–ഇടി, ശ്വേതാമേനോൻ–ധനയാത്ര, ജനനി അയ്യർ– ഇതു താൻടാ പോലീസ്, സനൂഷ– ഒരു മുറൈ വന്തു പാർത്തായാ തുടങ്ങിയവരും രംഗത്തുണ്ടായിരുന്നു.

ഒരുപറ്റം പുതുമുഖ നായികമാർ ഈ വർഷം ശ്രദ്ധിക്കപ്പെട്ടു. ഒരു മുറൈ വന്തു പാർത്തായാ എന്ന ചിത്രത്തിലൂടെ എത്തിയ പ്രയാഗ മാർട്ടിൻ ആണ് ഇതിൽ ഒരു പ്രധാന താരം. പാവ, കട്ടപ്പനയിലെ ഋത്വിക്റോഷൻ എന്നീ ചിത്രങ്ങളിലും വേഷമിട്ട പ്രയാഗയെ തേടി ഒട്ടേറെ ഓഫറുകളുണ്ട്. മഹേഷിന്റെ പ്രതികാരത്തിലെ അപർണാ ബാലമുരളിയാണ് പ്രേക്ഷക പ്രീതി നേടിയ മറ്റൊരു പുതുമുഖം. ഈ ചിത്രത്തിൽ തന്നെ അഭിനയിച്ച ലിജോമോൾ കട്ടപ്പനയിലെ ഋത്വിക് റോഷനിലും ശ്രദ്ധേയമായ വേഷം ചെയ്തു.

അനുരാഗ കരിക്കിൻ വെള്ളത്തിലെ നായിക രജീഷാ വിജയൻ ആണ് മികച്ച പ്രകടനത്തിലൂടെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു പുതുമുഖ താരം. ബിജുമേനോനും ആസിഫ് അലിയും നിറഞ്ഞാടുമ്പോൾ തന്നെ രജീഷയ്ക്കും സ്കോർ ചെയ്യാനായി. പ്രേതത്തിലൂടെ ആങ്കറിംഗ് രംഗത്തു നിന്ന് പേളി മാണി സിനിമയിലെത്തി. വർഷാന്ത്യമെത്തിയ കാപ്പിരിത്തുരുത്തിലും പേളി മാണിയാണ് നായിക. ഹാപ്പി വെഡ്ഡിംഗിലെ നായികമാരായി അനുസിത്താരയും ദൃശ്യയും തുടക്കം കുറിച്ചു. ആക്ഷൻ ഹിറോ ബിജുവിലൂടെ അനു ഇമ്മാനുവലും ഡാർവിന്റെ പരിണാണത്തിലെ നായികയായി ചാന്ദ്നി ശ്രീധറും എത്തി. മുദ്ദുഗൗ എന്ന ചിത്രത്തിലൂടെ അർത്ഥനാ ബിനുവും നായികയായി തുടക്കം കുറിച്ചു. ലെനിൻ രാജേന്ദ്രന്റെ ഇടവപ്പാതിയിലൂടെ ഊർമിള ഉണ്ണിയുടെ മകൾ ഉത്തര നായിക നിരയിലെത്തി.