തമിഴ് സിനിമ –2016
തമിഴ് സിനിമ –2016
Tuesday, January 10, 2017 6:33 AM IST
പരീക്ഷണങ്ങൾക്കും വാണിജ്യഘടകങ്ങൾക്കും അവസരങ്ങൾ ഒരുങ്ങുന്നതാണ് കോളിവുഡ് സിനിമ ലോകത്തിൽ ഈ വർഷം കണ്ടത്. സ്റ്റൈൽ മന്നൻ രജനികാന്ത് മുടി നരച്ചെത്തിയിട്ടും ബോക്സോഫീസ് കിംഗ് താനെന്ന് ഉറപ്പിക്കുന്നു. അതേ സമയം 16 വർഷങ്ങളുടെ ഇവേളയ്ക്കു ശേഷം വിസാരണൈ ഓസ്കാർ നോമിനേഷനു ഇന്ത്യയിൽ നിന്നും തെരഞ്ഞെടുത്തതിലൂടെ തമിഴ് സിനിമലോകം യശസുയർത്തുന്നതിനും ഈ വർഷം സാക്ഷ്യം വഹിച്ചു.

കബാലിയും വിസാരണൈയും

വർഷാദ്യം മുതൽ ഇന്ത്യൻ സിനിമാ പ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രമായിരുന്നു പാ രഞ്ജിത്തിന്റെ സംവിധാനത്തിൽ രജനികാന്ത് നായകനായി എത്തിയ കബാലി. ആദ്യ ദിനം കളക്ഷൻ കൊണ്ടു തന്നെ ചരിത്രം സൃഷ്ടിച്ച കബാലി വളരെ വേഗത്തിലാണ് 500 കോടി കളക്ഷനിലേക്ക് എത്തിയതും. കഴിഞ്ഞ വർഷം ബാഹുബലിയാണ് തമിഴിൽ നിന്നും 500 കോടി കിലുക്കവുമായി എത്തിയതെങ്കിൽ ഇത്തവണ അതു കബാലിക്ക് ഒപ്പമായിരുന്നു. പതിവു രജനികാന്ത് മാസ് മസാല ചിത്രങ്ങളുടെ ശ്രേണിയിലേക്കു കൂപ്പുകുത്തിയില്ല കബാലി എന്നതു ശ്രദ്ധേയമാണ്. മികച്ച സിനിമകളിലൂടെ ശ്രദ്ധേയനായ പാ രഞ്ജിത് ചേരുവകളെയെല്ലാം സമം ചേർത്തപ്പോൾ സൂപ്പർ സ്റ്റാർ ചിത്രം എന്നതിനുമപ്പുറം സംവിധായകന്റെ കലയാണ് സിനിമ എന്ന് ഓർമപ്പെടുത്തി.

പോയ വർഷത്തെ മികച്ച ചിത്രത്തിനുള്ള ദേശീയ പുരസ്കാരം സ്വന്തമാക്കിയ തമിഴ് ചിത്രമായിരുന്നു വിസാരണൈ. കൂടാതെ 2000–ൽ കമലഹാസൻ ചിത്രം ഹേറാമിനു ശേഷം ഇന്ത്യൻ ഓസ്കാർ നോമിനേഷൻ കിട്ടുന്ന തമിഴ് ചിത്രവും. ഫെബ്രുവരിയിൽ തിയറ്ററിലെത്തിയ ചിത്രം മികച്ച വിജയമാണ് നേടിയത്. ദിനേശ്, മുരുകദോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളായ ചിത്രം ജയിലറകളിലെ ക്രൂരകൃത്യമാണ് ചർച്ചചെയതത്. ദേശീയ അവാർഡ് ജേതാവ് വെട്രിമാരാനാണ് ചിത്രം സംവിധാനം ചെയ്തത്.

കമലും അജിത്തും ഇല്ലാതെ

സകലകലാ വല്ലഭൻ കമലഹാൻ, തല അജിത് ചിത്രങ്ങളൊന്നും ഈ വർഷം തിയറ്ററിലെത്തിയില്ല എന്നു ശ്രദ്ധേയമായി. ഷൂട്ടിംഗിനിടയിൽ അപകടം സംഭവിച്ചതിനാലാണ് കമലഹാസന്റെ ചിത്രങ്ങൾ മുന്നോട്ടു പോകാൻ കരണമായത്. എങ്കിലും കാളിദാസിന്റെ നായക അരങ്ങേറ്റം മീൻ കുഴമ്പും മൺപാനയും ചിത്രത്തിൽ അതിഥി വേഷത്തിലെത്തി തന്റെ സാന്നിധ്യം അറിയിക്കാൻ കമലിനു കഴിഞ്ഞു. ബിഗ് ബഡ്ജറ്റു ചിത്രം തല 57 ന്റെ തിരക്കിലാണ് അജിത്.

100 കോടിയുമായി സൂര്യയും വിജയും

ഇളയ ദളപതി വിജയും നടിപ്പിൻ നായകൻ സൂര്യയും നൂറു കോടിക്കു മേൽ കളക്ഷനുമായാണ് വിജയ ചിത്രങ്ങളുമായെത്തിയത്. അറ്റ്ലിയുടെ സംവിധാനത്തിൽ വിജയും സാമന്തയും ഒന്നിച്ച ആക്ഷൻ ത്രില്ലർ ചിത്രം തെരി ഈ വർഷത്തെ ആദ്യ ബ്ലോക്ക്ബസ്റ്ററായിരുന്നു. സമയ ചക്രത്തിന്റെ അകമ്പടിയോടെ സയൻസ് ഫിക്ഷൻ കഥയുമായെത്തിയ സൂര്യയുടെ 24 പ്രേക്ഷകരെ വിസ്മയിപ്പിച്ചാണ് തിയറ്റർ വിട്ടത്. ബോക്സോഫീസുകളിൽ തങ്കക്കിലുക്കം സൃഷ്ടിക്കാൻ ഇരുവരുടേയും ചിത്രങ്ങൾ ഉടൻ തിയറ്ററിലെത്തുകയാണ്. സൂര്യയുടെ എവർഗ്രീൻ ആക്ഷൻ കഥാപാത്രം ദുരൈസിങ്കം എന്ന പോലീസ് കഥാപാത്രം മൂന്നാം തവണയും പ്രേക്ഷകനു മുന്നിലേക്ക് എത്തിക്കഴിഞ്ഞിരിക്കുന്നു. സിങ്കം പതിപ്പിലെ എസ് 3 യുമായി സൂര്യ തന്റെ വരവ് അറിയിച്ചപ്പോൾ ഭൈരവ എന്ന ആക്ഷൻ ത്രില്ലർ ചിത്രവുമായി ജനുവരിയിൽ വിജയും എത്തുകയാണ്.

തന്റെ അപ്പിയറൻസുകൊണ്ട് എന്നും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന ചിയാൻ വിക്രം ഇത്തവണയും പതിവു തെറ്റിച്ചില്ല. ഇരുമുഖൻ എന്ന ആക്ഷൻ ത്രില്ലർ ചിത്രവുമായാണ് വിക്രം എത്തിയത്. ചിത്രത്തിലെ വിക്രമിന്റെ ഇരട്ട വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. രഹസ്യാന്വേഷകന്റെ വേഷത്തിൽ നായകനായും ഭിന്നലിംഗക്കാരൻ ലൗവ് എന്ന വില്ലൻ വേഷത്തിലൂടെയും വിക്രം വീണ്ടും അതിശയിപ്പിച്ചു. എന്നാൽ വേഷം കെട്ടലിനപ്പുറം തിരക്കഥയിലെ പോരായ്മ ചിത്രത്തിനെ ഒരു ബിഗ് ഹിറ്റാക്കുന്നതിൽ നിന്നും പിന്തിരിപ്പിച്ചു. എങ്കിലും ബോക്സോഫിസിൽ തന്റെ കിരീടം സുരക്ഷിതമാക്കിവയ്ക്കാൻ വിക്രമിനു കഴിഞ്ഞിട്ടുണ്ട്.

വിസ്മയിപ്പിച്ച് വിജയ് ആന്റണി

കോളിവുഡ് പ്രതീക്ഷിക്കാത്തൊരു നേട്ടമാണ് നടനും സംഗീത സംവിധായകനുമായ വിജയ് ആന്റണി ചിത്രം പിച്ചൈക്കാരൻ നേടിയത്. തമിഴ്നാടിനു പുറമെ മൊഴിമാറ്റ പതിപ്പോടെ തെലുങ്കിൽ നിന്നും ചിത്രം ബിഗ് ഹിറ്റായി മാറുകയായിരുന്നു. ശശി സംവിധാനം ചെയ്ത് ഈ ആക്ഷൻ ത്രില്ലർ ചിത്രം 2016–ലെ ഉയർന്ന കളക്ഷൻ നേടിയ ചിത്രങ്ങളുടെ പട്ടികയിൽ മുൻപന്തിയിലാണ് ഇടം പിടിച്ചിരിക്കുന്നത്. വർഷാവസാനം തിയറ്ററിലെത്തിയ വിജയ് ആന്റണിയുടെ സൈക്കോളജിക്കൽ ത്രില്ലർ ചിത്രം സെയ്താനും തിയറ്ററിൽ മികച്ച പ്രതികരണമാണ് നേടുന്നത്. ഇരു ചിത്രങ്ങളിലും വിജയുടെ പ്രകടനം പ്രേക്ഷക നിരൂപക പ്രശംസ നേടുന്നതായിരുന്നു. അതുകൊണ്ടു തന്നെ വരും വർഷങ്ങളിലേക്കു ബിഗ് ബഡ്ജറ്റു ചിത്രങ്ങളാണ് ഈ സംഗീതഞ്ജൻ നായകനായി എത്താൻ കാത്തിരിക്കുന്നത്.

മാധവന്റെ തിരിച്ചു വരവ്

തമിഴിനു പുറമെ ബോളിവുഡിലും തന്റെ കയ്യൊപ്പു ചാർത്തിയ മാധവൻ ഒരു ഇടവേളയ്ക്കു ശേഷം തമിഴിൽ നായകനായി എത്തിയ ഇരുധി സുട്രു മികച്ച വിജയം നേടി. റിതിക സിംഗും പ്രധാന വേഷത്തിലെത്തിയ ചിത്രം രണ്ടു ബോക്സർമാരുടെ അതിജീവന കഥയാണ് പറയുന്നത്. ബോക്സർ കോച്ചിന്റെ വേഷത്തിലൂടെ കയ്യടി നേടിയ മാധവൻ കോളിവുഡിലേക്കുള്ള തിരിച്ചു വരവ് ഗംഭീരമാക്കി. ധനുഷ് രണ്ടു ചിത്രങ്ങളുമായാണ് ഈ വർഷം എത്തിയത്. ഹിറ്റ് സംവിധായകൻ പ്രഭു സോളമനുമായി ചേർന്ന് തൊടരി ഒരുക്കിയെങ്കിലും ചിത്രം തിയറ്ററിൽ ദയനീയ പരാജയമാണ് നേരിട്ടത്. എന്നാൽ തൊട്ടു പിന്നാലെ പൊളിറ്റിക്കൽ ത്രില്ലറുമായി എത്തിയ കൊടി പരുക്കുകളില്ലാതെ രക്ഷപെട്ടു. ധനുഷ് ആദ്യമായി ഇരട്ട വേഷത്തിലെത്തിയ കൊടി ത്രില്ലർ സ്വഭാവം കാണിച്ചെങ്കിലും പ്രേക്ഷകരെ മാസ് ലെവലിലേക്കുകൊണ്ടു പോകുന്നതിൽ പരാജയപ്പെട്ടു.


തോഴ, കാഷ്മോറ എന്നീ രണ്ടു ഹിറ്റു ചിത്രങ്ങളുമായി കാർത്തി പ്രേക്ഷക പ്രതീക്ഷയ്ക്കൊത്തുയർന്നത് ശ്രദ്ധേയമായി. തെലുങ്കിലും തമിഴിലും ഒരുപോലെ ഒരുക്കിയ തോഴ വലിയ വിജയമാണ് നേടിയത്. തെലുങ്ക് സൂപ്പർ സ്റ്റാർ നാഗാർജുനയും പ്രധാന വേഷം ചെയ്ത ചിത്രത്തിൻ തമന്നയാണ് നായികയായത്. ഹൊറർ ചിത്രവുമായെത്തിയ കാഷ്മോറ ഫസ്റ്റ് ലുക്ക് പോസ്റ്റർ കൊണ്ടു വിസ്മയിപ്പിച്ചെങ്കിലും ഒരു പതിവു ഹൊറർ ചിത്രത്തിന്റെ ശ്രേണിയിലേക്കു താഴ്ന്നു പോയി.

തനി ഒരുവന്റെ വിജയത്തോടെ എത്തിയ ജയ രവിയുടെ മിരുതൻ മികച്ച വിജയമാണ് നേടിക്കൊടുത്തത്. ഇംഗ്ലീഷ് സിനിമകളിൽ മാത്രം കണ്ടിരുന്ന കഥാ തന്തുവിനെ തമിഴ് നാട്ടിലേക്കു പറിച്ചു നടുന്നതിൽ സംവിധായകൻ ശക്‌തി സുന്ദർ രാജൻ വിജയിച്ചു. ചിത്രത്തിൽ ലക്ഷ്മി മേനോനായിരുന്നു നായികയായി എത്തിയത്. ചിമ്പു– ഗൗതം മേനോൻ ചിത്രം അച്ചം യെമ്പതു മടമയ്യടാ ഹിറ്റ് ലിസ്റ്റിൽ ഏറെ പണിപ്പെട്ടാണ് ഇടം പിടിച്ചത്. പതിവു ഗൗതം മേനോൻ ചിത്രം പോലെ പ്രേക്ഷകരെ തൃപ്തരാക്കാൻ കഴിഞ്ഞില്ലെങ്കിലും നിരാശാരാക്കിയില്ല, ഈ ചിത്രം ഹിറ്റായെങ്കിലും നയൻ താരയുമായി ഒന്നിച്ച ഇതു നമ്മ ആള് ബോക്സോഫീസിൽ തകർന്നു വീഴുകയാണുണ്ടായത്. അച്ചെ യെമ്പതു മടമയ്യടായുടെ വിജയം ചിമ്പുവിനു അല്പമെങ്കിലും ആശ്വാസം പകരുന്നതാണ്,

മനസ് നിറച്ച് ശിവകാർത്തികേയനും വിജയ് സേതുപതിയും

പുത്തൻ വാഗ്ദാനങ്ങളായ ശിവകാർത്തികേയനും വിജയ് സേതുപതിയും തുടർച്ചയായി ഹിറ്റുകളുമായി താരപട്ടത്തിലേക്കു കുതിക്കുകയാണ്. കീർത്തി സുരേഷും ശിവകാർത്തികേയനും ജോഡികളായ രജനി മുരുകനും റെമോയും ഈ വർഷത്തെ കൂറ്റൻ രണ്ടു വിജയങ്ങളാണ്. ഭാഗ്യ ജോഡിയായി രണ്ടുപേരും മാറിക്കഴിഞ്ഞിരിക്കുന്നു. സേതുപതി, കാതലും കടന്തു വപോകും, ഇരൈവി, ധർമ്മ ദുരൈ, ആണ്ടവൻ കട്ടലൈ, രേഖ എന്നിങ്ങനെ ആറു ചിത്രങ്ങളാണ് വിജയ് സേതുപതിയുടേതായി തിയറ്ററുകളിലെത്തിയത്. എല്ലാ ചിത്രങ്ങളും തിയറ്റർ വിജയം നേടിയപ്പോൾ വിജയ് സേതുപതിയുടെ മാർക്കറ്റ് മൂല്യം മുൻനിര നായകന്മാർക്കൊപ്പമാകുന്നു എന്നത് ശ്രദ്ധേയമാണ്.

വർഷാരംഭത്തിൽ കഥകളി എന്ന തട്ടുപൊളിപ്പൻ ചിത്രവുമായെത്തി ഭേദപ്പെട്ട വിജയം നേടാനായത് വിശാലിനു ആശ്വാസം പകരുന്നു. തുടർച്ചയായ പരാജയത്തിനു ശേഷമുള്ള വിശാലിന്റെ വിജയ ചിത്രമായിരുന്നു അത്. ഉദയനിധി സ്റ്റാലിന്റെ ഗെതു തിയറ്ററിൽ തകർന്നടിഞ്ഞപ്പോൾ കോർട്ട് ഡ്രാമയായി എത്തിയ മനിതൻ പ്രേക്ഷക പിന്തുണ നേടി. സൂപ്പർഹിറ്റു മലയാള ചിത്രം ബാഗ്ലൂർ ഡെയ്സിന്റെ തമിഴ് പതിപ്പായ ബാംഗളൂർ നാട്കളിൽ ആര്യയ്ക്കു ബോക്സോഫിൽ അടിപതറി. ബിഗ് ബഡ്ജറ്റ് ചിത്രം കടമ്പന്റെ പണിപ്പുരയിലായിരുന്നു ആര്യ എന്നതാണ് ഈ വർഷം ആര്യക്കു ചിത്രങ്ങൾ കുറയാൻ കാരണമായത്.

പോക്കിരിരാജ, തിരുമണം എന്നീ ചിത്രങ്ങൾ നിരാശനാക്കിയെങ്കിലും കാജൽ അഗർവാളിനൊപ്പമെത്തിയ കാവലൈ വേണ്ടും എന്ന ചിത്രത്തിലൂടെ ആവറേജ് വിജയം നേടുന്നതിനു ജീവയ്ക്കു സാധിച്ചു. ദേശീയ അവാർഡ് ജേതാവ് ബാലയുടെ ശശികുമാർ ചിത്രം താരൈ തപ്പട്ടൈ ചിത്രം നിരൂപക പ്രശംസയോടൊപ്പം ഭേദപ്പെട്ട നിലയിൽ തിയറ്റർ വിജയവു നേടിയിരുന്നു. പിന്നീടെത്തിയ വെട്രിവേലും കിടാരിയും ബോക്സോഫിസിൽ പരുക്കുകളില്ലാതെ രക്ഷപ്പെട്ട ശശികുമാർ ചിത്രങ്ങളായിരുന്നു. ബോബി സിംഹയുടെ കോ 2, വിഷ്ണു വിശാലിന്റെ വേലൈനു വന്തുട്ടാ വേലൈക്കാര, ജിവി പ്രകാശിന്റെ എനക്കു ഇന്നൊരു പേരിറിക്ക്, കടവുൾ ഇരുക്കാം കുമാരു എന്നീ ചിത്രങ്ങളും ബോക്സോഫിൽ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളാണ്.

ഹിറ്റുമായി നയൻസും സാമന്തയും

അമ്മ കണക്ക് എന്ന ചിത്രത്തിലൂടെ അമല പോൾ അമ്പരപ്പിക്കുന്ന അഭിനയമാണ് കാഴ്ച വെച്ചത്. മൈനയ്ക്കു ശേഷം അമലയുടെ നാട്യ മികവ് പ്രകടമായൊരു ചിത്രമായിരുന്നു ഇത്്. കബാലിയിലൂടെ രാധിക ആപ്തെയും തമിഴിൽ തന്റെ സാന്നിധ്യം അറിയിച്ചു. 24, തെരി ചിത്രങ്ങളിലൂടെ സാമന്ത തന്റെ താരപട്ടം സുരക്ഷിതമാക്കിയപ്പോൾ ലേഡി സൂപ്പർ സ്റ്റാർ നയൻ താര സുരക്ഷിതയായി മുന്നേറി. വർഷാരംഭത്തിലെത്തിയ മലയാള ചിത്രം പുതിയ നിയമം, തെലുങ്കിൽ ബാബു ബംഗാരം, തമിഴിൽ ഇരുമഖൻ, കാഷ്മോറ എന്നിങ്ങനെ നാലു വിജയ ചിത്രങ്ങളും രണ്ടു പരാജയ ചിത്രങ്ങളുമാണ് നയൻതാരയ്ക്കുള്ളത്. നിത്യാ മേനോൻ 24, ഇരുമുഖൻ ചിത്രങ്ങളിലൂടെ രണ്ടാം നായികയായി വിജയിച്ചെങ്കിലും സുധീപിനൊപ്പമെത്തിയ മുടിഞ്ചാ ഇവനെ പിടിയിലൂടെ വിജയം നേടാനായില്ല. കീർത്തി സുരേഷും രണ്ടു സൂപ്പർ ഹിറ്റു ചിത്രങ്ങളുടെ ഭാഗമായപ്പോൾ തോടരി ദയനീയ പരാജയമാണ് നൽകിയത്. എൽ. വിജയ് സംവിധാനം ചെയ്ത ദേവി, തോഴ, ധർമ്മദുരൈ ചിത്രങ്ങളിലൂടെ തമന്ന മികച്ചു നിന്നപ്പോൾ ജീവയ്ക്കൊപ്പം നായികയായി കാജളും ശ്രദ്ധേയയായി. തൃഷയെ കൊടി, അരമനൈ 2 ചിത്രങ്ങൾ രക്ഷിച്ചെങ്കിലും കേന്ദ്രകഥാപാത്രമായെത്തിയ നായകി തീർത്തു നിരാശരാക്കി. ലക്ഷ്മി മേനോൻ, ഹാൻസിക, റിതിക സിംഗ്, ശ്രീദിവ്യ, രമ്യ നമ്പീശൻ, മഡോണ സെബാസ്റ്റ്യൻ, നിക്കി ഗൽറാണി, ആനന്ദി, നിഖിലാ വിമൽ എന്നീ നായികമാരും ഹിറ്റു ചിത്രങ്ങളുടെ ഭാഗമായി പ്രേക്ഷകനു മുന്നിലെത്തിയിരുന്നു.

വാണിജ്യ വിജയം മാത്രം ലക്ഷ്യം വയ്ക്കുന്ന സിനിമകൾക്കിടയിലും ബാലയുടെ താരൈ തപ്പട്ടൈ, സമുദ്രക്കനിയുടെ അപ്പ, അശ്വനി അയ്യർ തിവാരിയുടെ അമ്മ കണക്ക്, വെട്രിമാരന്റെ വിസാരണൈ, ലക്ഷ്മി രാമകൃഷ്ണന്റെ അമ്മണി എന്നീ ചിത്രങ്ങൾ കാഴ്ചയുടെ ആവർത്തനങ്ങളിൽ നിന്നും മാറി സഞ്ചരിച്ചത് ശ്രദ്ധേയമായ കാര്യമാണ്. മൗലികമായ സിനിമയുടെ സമാന്തരവഴി, വാണിജ്യ ഘടകങ്ങൾക്കിടയിലും കോളിവുഡ് സിനിമ ലോകത്ത് ശക്‌തമാണെന്ന് ഇതു തെളിയിക്കുന്നു.