ഭക്ഷണത്തിലും വേണം ശ്രദ്ധ
ഭക്ഷണത്തിലും വേണം ശ്രദ്ധ
Monday, January 9, 2017 6:18 AM IST
ബാല്യത്തിന്റെ നിഷ്കളങ്കതയും കൗമാരത്തിന്റെ കുതൂഹലവും കഴിഞ്ഞു ഉത്തരവാദിത്വമേറുന്ന യൗവനം. മുൻപിൽ പഠനത്തിന്റെ മൂർധന്യത, ജോലി കിട്ടാനുള്ള വെപ്രാളം, വിവാഹജീവിതത്തിന്റെ പുതുമകൾ.. വ്യക്‌തിജീവിതത്തിന്റെ അവിസ്മരണീയമായ മൂഹൂർത്തങ്ങളെല്ലാം യൗവനത്തിനു സ്വന്തം. ഈ സമയത്തു ഭക്ഷണക്രമങ്ങളിൽ പ്രത്യേകിച്ചൊരു മാറ്റത്തിന്റെ ആവശ്യമില്ല. ശരീരത്തിന്റെ വളർച്ച ഏതാണ്ട് അവസാനിച്ചിരിക്കുന്നു. ഇനി മെയിന്റനൻസ് മാത്രം മതി. കൂടെ ഭാവിയിലേക്കുള്ള ചില കരുതലുകളും.

പൊക്കത്തിനനുസരിച്ചുള്ള ശരീരഭാരം

ജോലി സ്‌ഥലത്തും വീട്ടിനകത്തും മാനസിക പിരിമുറുക്കങ്ങൾ വർധിപ്പിക്കുന്ന നിരവധി സംഭവങ്ങൾ. ഇത്തരം മാനസിക പിരിമുറുക്കങ്ങൾ പല രോഗങ്ങൾക്കും കാരണമാകുന്നുവെന്നാണ് പുതിയ പഠനങ്ങൾ തെളിയിക്കുന്നത്. ആരോഗ്യകരമായ ജീവിതരീതിയുടെ ആവശ്യം ഇവിടെയാണ്. ഭക്ഷണക്രമങ്ങളും വ്യായാമവും ശുഭാപ്തിവിശ്വാസവും കൈകോർക്കുന്ന ജീവിതചര്യ ചെറുപ്പം മുതലേ ശീലിക്കണം. പൊക്കത്തിനനുസരിച്ച് ശരീരഭാരം ക്രമീകരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം.


കൊഴുപ്പും മധുരവും കൂടുതലുള്ള ഭക്ഷണങ്ങൾക്ക് അമിതപ്രാധാന്യം കൊടുക്കാതിരിക്കുക. പച്ചക്കറികളും പഴങ്ങളും ധാരാളം കഴിക്കുക. മാംസാഹാരങ്ങളിൽ മീനും കൊഴുപ്പ് അധികമില്ലാത്ത മാംസവുമാണ് നല്ലത്. ശരീരത്തിന്റെ രോഗപ്രതിരോധശക്‌തി കൂട്ടുന്ന ആന്റിഓക്സിഡന്റുകൾ അടങ്ങിയ ആഹാരസാധനങ്ങൾ വളരെ നല്ലതാണ്. കാരറ്റ്, പച്ചമുളക്, മഞ്ഞൾ, കുരുമുളക്, ആപ്പിൾ, പേരയ്ക്ക, ബീൻസ്, നട്സ്, ബദാം, വാൾനട്ട് എന്നിവയാണ് ആന്റി ഓക്സിഡന്റ് ധാരാളമടങ്ങിയവ. കോളപാനീയങ്ങൾക്ക് പകരം നമ്മുടെ നാടൻ സംഭാരം, നാരങ്ങാവെള്ളം, കരിക്കിൻവെള്ളം എന്നിവ ഉപയോഗിക്കുക.

വ്യായാമം വേണം

അരമണിക്കൂർ നടത്തത്തോടുകൂടി ദിവസം തുടങ്ങുക. ക്രമമായി വൈദ്യപരിശോധനയും നടത്തേണ്ടതുണ്ട്. ആറുമാസം കൂടുമ്പോൾ രക്‌തത്തിലെ പഞ്ചസാര, കൊളസ്ട്രോൾ, ബിപി എന്നിവ പരിശോധിക്കണം.

അനിത ജോൺസൺ
ചീഫ് ഡയറ്റീഷൻ
ലിസി ഹോസ്പിറ്റൽ
എറണാകുളം.