പലിശ കുറയുന്നു; ഇനി എന്ത് ?
ഡിപ്പോസിറ്റ് പലിശ കുറയുകയാണ്.
റിസർവ് ബാങ്ക് നയ പലിശനിരക്കുകൾ വെട്ടിക്കുറയ്ക്കാതെതന്നെയാണ് ഇതു സംഭവിക്കുന്നത്.

മോദി ഗവൺമെന്റ് 500 രൂപ, 1000 രൂപ നോട്ടുകൾ പിൻവലിച്ചതിനെത്തുടർന്നു കുമിഞ്ഞു കൂടിയ നിക്ഷേപം വായ്പയായി നൽകാൻ ബാങ്കുകൾക്കു കഴിയാത്തതാണ് പലിശ നിരക്കിനെ താഴേയ്ക്ക് നീക്കുന്നത്. വായ്പാ ഡിമാണ്ട് വർധിക്കാത്തതും പലിശ നിരക്കിൽ സമ്മർദ്ദം ചെലുത്തുന്നു.

മറ്റു വാക്കിൽപ്പറഞ്ഞാൽ ബാങ്കിംഗ് സംവിധാനത്തിൽ ഇഷ്ടംപോലെ പണമുണ്ട്. പക്ഷേ വായ്പ നൽകാൻ സാധിക്കുന്നില്ല.

നോട്ട് പിൻവലിക്കലിന്റെ ഫലം

മോദി സർക്കാരിന്റെ നോട്ടു പിൻവലിക്കൽ രാജ്യത്തിനു നേട്ടവും കോട്ടവുമുണ്ടാക്കിയിട്ടുണ്ട്. ഏറ്റവും വലിയ നേട്ടം കള്ളപ്പണം ഉപയോഗിച്ചു ഓടിയിരുന്ന ‘സമാന്തര സമ്പദ്ഘടന’ സമ്മർദ്ദത്തിലാകുന്നുവെന്നതാണ്.

ഏറ്റവും കൂടുതൽ കാഷ് ഇടപാടുകളും കള്ളപ്പണ ഇടപാടുകളും നടക്കുന്ന റിയൽ എസ്റ്റേറ്റ്, സ്വർണം നിക്ഷേപാസ്തികളിൽ നോട്ട് പിൻവലിക്കലിന്റെ പിന്നാലെ നടപടികൾ ഉണ്ടായാൽ സമാന്തര സമ്പദ്ഘടന യഥാർത്ഥ സംഘടനയിലേക്ക് സംയോജിക്കപ്പെടും. ഇത് രാജ്യത്തിന്റെ പൊതുവളർച്ച മെച്ചപ്പെടുത്തും.

വളർച്ച തിരിച്ചുവന്നാൽ ബാങ്കുകൾക്കു വായ്പ നൽകൽ എളുപ്പമാകും. കുറഞ്ഞു നിൽക്കുന്ന പലിശനിരക്ക് സമ്പദ്ഘടനയുടെ എല്ലാ മേഖലകളിലും ഡിമാണ്ട് ഉണ്ടാക്കുകയും ചെയ്യും.

നികുതിവല വലുതാകുന്നു

കൂടുതൽ പേർ നികുതിദായകർ ആയി മാറുന്നുവെന്നതാണ് നോട്ട് പിൻവലിക്കലിന്റേയും കാഷ് ലെസ് സമ്പദ്ഘടനയെ ‘മുന്നോട്ടു തള്ളു’ന്നതിന്റെയും മറ്റൊരു ഗുണം. രാജ്യത്തു നടക്കുന്ന ഇടപാടുകൾ എല്ലാം നികുതി സംവിധാനത്തിലോ ബാങ്കിംഗ് സംവിധാനത്തിലോ രജിസ്റ്റർ ചെയ്യുന്നതോടെ ഗവൺമെന്റിനു വരുമാനം വർധിക്കും. കൂടുതൽ വരുമാനം ലഭിക്കുന്നതുവഴി രാജ്യത്തിന്റെ അടിസ്‌ഥാനസൗകര്യമുൾപ്പെടെയുള്ള മേഖലകളിൽ കൂടുതൽ ചെലവഴിക്കാൻ ഗവൺമെന്റിനു കഴിവുണ്ടാകും. ഇത് സമ്പദ്ഘടനയുടെ വളർച്ചയെ കൂടുതൽ ഉയരങ്ങളിലേക്ക് കൊണ്ടുപോകും.

പക്ഷേ, വളർച്ച കുറയുന്നു

ചെലവഴിക്കാൻ ആവശ്യത്തിനു പണം കൈവശം വരാത്തത് ആളുകളുടെ ഉപഭോഗം ഗണ്യമായി കുറച്ചിട്ടുണ്ട്. ഇത് എല്ലാ വ്യവസായങ്ങളേയും ബാധിച്ചതായാണ് റിപ്പോർട്ടുകൾ. ഇതിന്റെ കൃത്യമായ ഫലം വരും ക്വാർട്ടറുകളിലേ അറിയുവാൻ കഴിയുകയുള്ളു. എഫ്എംസിജി മേഖലയ്ക്ക് 3.5 ലക്ഷം കോടി രൂപയുടെ വിറ്റുവരവാണ് നോട്ട് പിൻവലിച്ചതിനുശേഷം നഷ്ടമായിരിക്കുന്നതെന്നാണ് പുറത്തുവന്ന കണക്ക്. മിക്ക മേഖലകളുടേയും സ്‌ഥിതി ഇതാണ്.

മിക്ക കമ്പനികളുടേയും മൂന്നാം ക്വാർട്ടർ മോശമായിരിക്കുമെന്ന് ഇപ്പോൾ തന്നെ വിദഗ്ധർ വിലിയിരുത്തിക്കഴിഞ്ഞു. നോട്ട് പിൻവലിക്കൽ കമ്പനികളുടെ ലാഭത്തെ ബാധിക്കുമെന്നും ഇതിൽനിന്നുള്ള തിരിച്ചുവരവ് 2017–18 വർഷത്തിൽ പ്രതീക്ഷിച്ചാൽ മതിയെന്നുമാണ് വിലയിരുത്തൽ. അടുത്ത രണ്ടു ക്വാർട്ടറുകളിൽ1–1.5 ശതമാനം ഇടിവാണ് ജിഡിപി വളർച്ചയിൽ നല്ലൊരു പങ്ക് പ്രതീക്ഷിക്കുന്നത്.

റിയൽറ്റി, ഓട്ടോ, കൺസ്യൂമർ ഡ്യൂറബിൾസ്, കാപ്പിറ്റൽ ഗുഡ്സ്, എഫ്എംസിജി, മാനുഫാക്ചറിംഗ്, ഫിനാൻസ്, മെറ്റൽ തുടങ്ങിയ നിരവധി മേഖലകളിലെ ഓഹരികളുടെ വില ഒന്നര മാസമായി ഗണ്യമായി താഴ്ന്നിരിക്കുകയാണ്. എങ്കിലും കിതപ്പിനു മുമ്പേയുള്ള കുതിപ്പായി ഇതിനെ കാണാനാണ് വിപണിക്ക് ഇഷ്ടം.

ഇപ്പോൾ നിലനിൽക്കുന്ന നോട്ട് ദൗർലഭ്യം താൽക്കാലികമാണെന്നും അത് അവസാനിക്കുകയും വളർച്ചയ്ക്ക് അനുകൂലമായ നികുതി ഘടനയും നിക്ഷേപത്തിന് അനുകൂലമായ നയങ്ങളും അടുത്ത ബജറ്റിൽ വരുന്നതോടെ സമ്പദ്ഘടന സജീവമാകുമെന്നുമാണ് പ്രതീക്ഷിക്കുന്നത്. സാമ്പത്തിക പരിഷ്കാരങ്ങൾ ഉണ്ടാവുമെന്ന് പ്രധാനമന്ത്രി സൂചിപ്പിച്ചിട്ടുണ്ട്.

നോട്ട് പിൻവലിക്കലിനുശേഷം ഫെബ്രുവരി ഒന്നിന് എത്തുന്ന 2017–18 ലേക്കുള്ള ബജറ്റ് ആയിരിക്കും ഇനി എന്ത് എന്ന ചോദ്യത്തിന് ഉത്തരം നൽകുക.

നികുതി വല മുറുകുമ്പോൾ

നോട്ട് പിൻവലിക്കൽ, കാഷ്ലെസ് ഇടപാടുകൾ തുടങ്ങിയവയിലെ പ്രശ്നങ്ങൾ പരിഹരിച്ച് സാമ്പത്തിക പ്രവർത്തനങ്ങൾ സുതാര്യമാകുന്നതോടെ നിക്ഷേപകനു മുന്നിലുള്ള വഴി നിയമപരമായി ഏറ്റവും നികുതി കുറച്ചുകൊടുത്തു മാക്സിമം വരുമാനം ഉണ്ടാക്കുകയെന്നതാണ്; നിയമം നൽകുന്ന ഇളവുകൾ എങ്ങനെ കൃത്യമായി ഉപയോഗപ്പെടുത്താമെന്നതാണ്; ദീർഘകാലത്തേക്കും മധ്യകാലത്തേക്കും ഹ്രസ്വകാലത്തേക്കും ഈ ഇളവുകൾ എങ്ങനെ പ്രയോജനപ്പെടുത്താമെന്നതാണ്. അതിനു വേണ്ടത് ആസൂത്രണമാണ്.

ബാങ്ക് ഡിപ്പോസിറ്റ്, ഓഹരി, മ്യൂച്വൽ ഫണ്ടുകൾ, സ്വർണം, റിയൽ എസ്റ്റേറ്റ്... നിരവധി ആസ്തികൾ നിക്ഷേപത്തിനു ലഭ്യമാണ്.

ആസൂത്രണം ആവശ്യം

ഡിപ്പോസിറ്റിന്റെ നിരക്ക് താഴുകയും അതിൽനിന്നു പണപ്പെരുപ്പത്തെ അതിജീവിക്കാനുള്ള വരുമാനം ഇല്ലാതാകുകയും ചെയ്യുന്ന സാഹചര്യത്തിൽ മറ്റു നിക്ഷേപങ്ങളിലേക്കു നീങ്ങുകയേ വഴിയുള്ളു.

റിട്ടേൺ, നികുതി ബാധ്യത, നിക്ഷേപ കാലയളവ് തുടങ്ങിയവയെല്ലാം കണക്കിലെടുത്തുകൊണ്ടുള്ള നിക്ഷേപാസൂത്രണമാണ് ഈ സമയം വേണ്ടത്. നേരത്തെ സൂചിപ്പിച്ചതുപോലെ നിരവധി ആസ്തികൾ നമ്മുടെ മുമ്പിലുണ്ട്. ബാങ്ക് ഡിപ്പോസിറ്റു മുതൽ ഓഹരി വരെ.

ബാങ്ക് ഡിപ്പോസിറ്റ്: ബാങ്ക് ഡിപ്പോസിറ്റിന്റെ പലിശ തെക്കോട്ടാണ്. നേരത്തെ സൂചിപ്പിച്ചതുപോലെ റിസർവ് ബാങ്ക് പലിശ കുറച്ചില്ലെങ്കിൽപ്പോലും ബാങ്കുകളിൽ കുമിഞ്ഞു കൂടിയിരിക്കുന്ന നിക്ഷേപം ഡിപ്പോസിറ്റ് പലിശയെ താഴേയ്ക്ക് നീക്കുകയാണ്. ഇപ്പോഴത്തെ പലിശയിൽ സംതൃപ്തരാകുന്നവർക്കു മധ്യകാലത്തേക്ക് ( മൂന്നുവർഷം) ഡിപ്പോസിറ്റ് ലോക്ക് ചെയ്യാം.

ഇപ്പോൾ പലിശ ഉയർന്നു നിൽക്കുന്ന ലഘുസമ്പാദ്യ പദ്ധതികളാണ് മറ്റൊരു മേഖല. പക്ഷേ, അടുത്ത ക്വാർട്ടറിലേക്കുള്ള പലിശ കുറയ്ക്കുന്നതിനു ധനമന്ത്രാലയം തയാറെടുക്കുകയാണ്. എന്നാൽ ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചമായിരിക്കും.

ബാലൻസ്ഡ് ഫണ്ടുകൾ: ബാങ്ക് ഡിപ്പോസിറ്റിൽനിന്നു മറ്റു ധനകാര്യ ആസ്തികളിലേക്കു നീങ്ങേണ്ട സമയമാണിപ്പോൾ. പ്രത്യേകിച്ചും ചെറുപ്പക്കാരും മധ്യവയസ്കരും. അതിനുള്ളഏറ്റവും മികച്ച വഴിയാണ് ഡെറ്റിലും ഇക്വിറ്റിയിലുമുള്ള മ്യൂച്വൽ ഫണ്ട് പദ്ധതികൾ.

കുടുംബം സ്‌ഥാപിച്ചു തുടങ്ങിയവർക്കു കുട്ടികളുടെ വിദ്യാഭ്യാസം, വിവാഹം, തുടങ്ങിയ ലക്ഷ്യങ്ങൾ വച്ച് ബാലൻസ്ഡ് ഫണ്ടുകൾ നിക്ഷേപത്തിനായി തെരഞ്ഞെടുക്കാം. ഇക്വിറ്റി, ഡെറ്റ് ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകൾ ഉണ്ട്. ഇക്വിറ്റി ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകളിൽ ( കുറഞ്ഞത് 65 ശതമാനം നിക്ഷേപം ഓഹരിയിലുള്ള ഫണ്ടുകൾ) ഒരു വർഷത്തിനു മുകളിൽ മൂലധന വളർച്ചയ്ക്കു നികുതിയില്ല.

ഡെറ്റ് ഒറിയന്റ്ഡ് ബാലൻസ്ഡ് ഫണ്ടുകളിൽ 36 മാസത്തിനു മുകളിൽ നിക്ഷേപത്തിനു ദീർഘകാല മൂലധന വളർച്ച നികുതി നൽകണം. അതാകട്ടെ ഇൻഡെക്സേഷൻ ഇല്ലാതെ 10 ശതമാനവും ഇൻഡെക്സേഷനോടുകൂടി 20 ശതമാനവുമാണ്. ഇത് തീർച്ചയായും ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചപ്പെട്ട റിട്ടേൺ നികുതിക്കുശേഷം നൽകും. കൺസർവേറ്റീവായ നിക്ഷേപകർക്ക് കുട്ടികളുടെ വിദ്യാഭ്യാസം വിവാഹം, വീടിനു വേണ്ട മൂലധനം സ്വരൂപിക്കൽ തുടങ്ങിയ മധ്യകാല ആവശ്യങ്ങൾക്കായി ഉപയോഗപ്പെടുത്താം. മിക്ക മ്യൂച്വൽ ഫണ്ട് കമ്പനികളും ഇക്വിറ്റി, ഡെറ്റ് ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ട് പദ്ധതികൾ പുറത്തിറക്കിയിട്ടുണ്ട്.

ഇക്വിറ്റി ഒറിയന്റഡ് ബാലൻസ്ഡ് ഫണ്ടുകളിൽ 13–15 ശതമാനം റിട്ടേൺ ദീർഘകാലത്തിൽ പ്രതീക്ഷിക്കാം. മധ്യകാലത്തേക്കുള്ള പല ധനകാര്യ ലക്ഷ്യങ്ങൾക്കുമുള്ള മികച്ച നിക്ഷേപ സൊലൂഷനാണ് ബാലൻസ്ഡ് ഫണ്ടുകൾ.

എൻപിഎസ്: നികുതി ലാഭിക്കാൻ സാധിക്കുന്നുവെന്നു മാത്രമല്ല, മെച്ചപ്പെട്ട റിട്ടേണും നൽകുന്ന പെൻഷൻ പദ്ധതിയാണ് എൻപിഎസ്. സ്റ്റാറ്റ്യൂട്ടറി പെൻഷൻ ഇല്ലാത്തവർക്ക് പെൻഷൻ ലക്ഷ്യത്തിനായി ഇതിൽ നിക്ഷേപം നടത്താം. റിസ്ക് ശേഷിയനുസരിച്ച് നിക്ഷേപത്തിനായി വൈവിധ്യമാർന്ന ആസ്തികൾ തെരഞ്ഞെടുക്കാനുള്ള അവസരവും എൻപിഎസിലുണ്ട്.


എൻപിഎസ് കൃത്യമായ റിട്ടേൺ ഒന്നും വാഗ്ദാനം ചെയ്യുന്നില്ല. വിപണിയെ ആശ്രയിച്ചാണിരിക്കുന്നത്. എങ്കിലും 12–14 ശതമാനം റിട്ടേൺ ദീർഘകാലത്തിൽ പ്രതീക്ഷിക്കാം. എന്തായാലും ബാങ്ക് ഡിപ്പോസിറ്റിനേക്കാൾ മെച്ചമാണ്. മാത്രവുമല്ല നികുതി ലാഭിക്കുവാനും സാധിക്കുന്നു. നിലവിൽ 80 സിയിലുള്ള 1.5 ലക്ഷം രൂപയ്ക്കു പുറമേ എൻപിഎസിലെ 50,000 രൂപയ്ക്കു കൂടി നികുതിയളവു ലഭിക്കും.

ഇപ്പോൾ റിട്ടേണിന്റെ 40 ശതമാനംവരെ നികുതിയിൽനിന്ന് ഒഴിവാക്കിയിട്ടുണ്ട്. എൻപിഎസ് ആകർഷകമാക്കുവാൻ ഇതിൽനിന്നുള്ള റിട്ടേണിനു പൂർണമായ നികുതിയിളവു നൽകണമെന്ന ആവശ്യം ഉയരുന്നുണ്ട്. പെൻഷൻ ഫണ്ട് റെഗുലേറ്ററും ഈ ആവശ്യം ഉന്നയിക്കുന്നുണ്ട്. ഇപ്പോൾ ഇപിഎഫ്, പിപിഎഫ് എന്നിവയിൽനിന്നുള്ള വരുമാനം പൂർണമായും നികുതി മുക്‌തമാണ്.

ഡെറ്റ് ഫണ്ട്: ഇടത്തരം കാലയളവിലേക്കു നിക്ഷേപം നടത്തുന്നവർക്കും റിട്ടയർ ചെയ്തവർക്കും ബാങ്ക് ഡിപ്പോസിറ്റിനു പകരം നിക്ഷേപം നടത്താവുന്ന മികച്ച ഉപകരണങ്ങളാണ് മ്യൂച്വൽ ഫണ്ട് ഡെറ്റ് ഫണ്ടുകൾ. മൂന്നുവർഷത്തിനു മുകളിൽ മികച്ച ടാക്സ് എഫിഷ്യന്റ് ഉപകരണങ്ങളാണിത്.

2017–ൽ ഡെറ്റ് ഫണ്ടുകൾ സ്‌ഥിരതയുള്ളതും മെച്ചപ്പെട്ടതുമായ റിട്ടേൺ നൽകുമെന്നാണ് വിലയിരുത്തപ്പെടുന്നത്. റിസർവ് ബാങ്ക് പലിശ നിരക്കു കുറയ്ക്കുന്ന സാഹചര്യത്തിൽ ദീർഘകാലയളവിലുള്ള ബോണ്ടു ഫണ്ടുകൾ വരും മാസങ്ങളിൽ നല്ല പ്രകടനം കാഴ്ച വയ്ക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.( എഫ്ഡി ഃ ബോണ്ട് ഫണ്ട് കാണുക)

ഇഎൽഎസ്എസ്: നികുതി ലാഭിക്കുവാൻ സഹായിക്കുന്ന ഓഹരി നിക്ഷേപമാണിത്. നികുതി ലാഭ ഉപകരണങ്ങളിൽ ഏറ്റവും കുറവ് ലോക്ക് ഇൻ പീരിയഡ് ഉള്ള ഉപകരണമാണ്. മൂന്നുവർഷമാണ് ഇതിന്റെ ലോക്ക് ഇൻ പീരിയഡ്. മാത്രവുമല്ല ഇതിന്റെ റിട്ടേൺ പൂർണമായും നികുതി മുക്‌തവുമാണ്.

ചെറുപ്പക്കാർ തീർച്ചയായും നികുതി ലാഭിക്കാനായി ഇഎൽഎസ്എസിൽ നിക്ഷേപിക്കണം. ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാനും സഹായിക്കും. മധ്യവയ്സ്കർക്കും നികുതി ലാഭത്തിനു ഇതുപയോഗിക്കാം.

നികുതി നൽകേണ്ട മുതിർന്ന പൗരന്മാർക്ക്, പ്രത്യേകിച്ചും സമീപകാലത്തു റിട്ടയർചെയ്തവർക്ക്, ഇഎൽഎസ്എസ് നിക്ഷേപം പരിഗണിക്കാവുന്നതാണ്. ഒരു പക്ഷേ, ജോലി ചെയ്ത കാലത്തോളം ജീവിക്കേണ്ടതായി വരുന്ന സാഹചര്യത്തിൽ പണപ്പെരുപ്പത്തെ അതിജീവിക്കാൻ തീർച്ചയായും ഒരു ഭാഗം ഇക്വിറ്റിയിൽ നിക്ഷേപിക്കേണ്ടത് അത്യാവശ്യമാണ്. അത് ഇഎൽഎസ്എസ് ആകുമ്പോൾ നികുതിയും ലാഭിക്കാം. നികുതിയില്ലാത്ത മൂലധന വളർച്ചയും നേടാം.

ഓഹരി: ഓഹരി വിപണി അതിന്റെ റിക്കാർഡ് ഉയരത്തിനു സമീപമെത്തിയശേഷം 2016–ന്റെ രണ്ടാം പകുതിയിൽ താഴേയ്ക്കു പോയിരിക്കുകയാണ്. സാമ്പത്തിക വളർച്ച മെച്ചപ്പെട്ടു തുടങ്ങിയ സമയത്താണ് കറൻസി റദ്ദാക്കൽ എത്തിയത്. അത് തീർച്ചയായും ഹൃസ്വകാലത്തിൽ ജിഡിപിയെ വളർച്ചയെ ബാധിക്കുമെന്നാണ് വിലയിരുത്തുന്നത്.

ഒന്നോ രണ്ടോ ക്വാർട്ടറുകൾക്കുശേഷം സമ്പദ്ഘടന വളർച്ചയിലേക്കു നീങ്ങുമെന്നാണ് പൊതുവേയുള്ള വിലയിരുത്തൽ.

ഇപ്പോഴത്തെ ഈ അനിശ്ചിതത്വത്തിൽ വിപണിയിലുണ്ടാകുന്ന തിരുത്തൽ അവസരമാക്കിയെടുക്കുക എന്നതാണ്. നല്ല ഓഹരികളിൽ നിക്ഷേപം നടത്തുക.

വിപണി ഉയരുമ്പോൾ നിക്ഷേപം നടത്തുകയും താഴ്ന്നു കിടക്കുമ്പോൾ വിപണിയിൽനിന്നു പണം പിൻവലിക്കുകയും ചെയ്യുന്ന പൊതു ടെൻഡൻസിയാണ് ഓഹരി നിക്ഷേപകരുടെ ഇടയിൽ കാണുന്നത്. വന്യമായ വ്യതിയാനങ്ങൾ ഉണ്ടാകുമ്പോൾ നിക്ഷേപം നടത്താതിരിക്കുകയും ചിലപ്പോൾ നിക്ഷേപം അപ്പാടെ വിറ്റഴിച്ച് പിൻമാറുകയും ചെയ്യുന്ന പ്രവണതയും നല്ലൊരു പങ്ക് നിക്ഷേപകരും കാണിക്കാറുണ്ട്.

ഓഹരിയെന്ന ആസ്തിയെ ശരിക്കും മനസിലാക്കാത്തതുകൊണ്ടാണ് ഇതു സംഭവിക്കുന്നത്. ആദ്യമേ മനസിലാക്കുക ഓഹരി നിക്ഷേപം ദീർഘകാലത്തിൽ സമ്പത്തു സൃഷ്ടിക്കാനുള്ളതാണ്. ഹ്രസ്വകാലത്തിലുണ്ടാകുന്ന വന്യമായ വ്യതിയാനത്തിൽ മനസു മടുക്കരുത്. ക്ഷമയോടെ കാത്തിരിക്കുകയേ ചെയ്യാനുള്ള. ഓഹരി വിപണി ഒരിക്കലും സ്‌ഥിരതയോടെ ഇരിക്കുകയില്ല. എപ്പോഴും ചലിച്ചുകൊണ്ടിരിക്കും. ഹ്രസ്വകാലത്തിൽ ആ ചലനം വന്യമായിരിക്കുമെന്നു മാത്രം. ദീർഘകാലത്തിൽ ശാന്തവും.

കഴിഞ്ഞ 25 വർഷത്തിനുള്ളിൽ എത്രയോ തവണ ഓഹരി വിപണി അപ്പാടെ തകർന്നുപോയിട്ടുണ്ട്. രണ്ടോ മൂന്നു വർഷം കഴിയുമ്പോൾ പതിന്മടങ്ങു ശക്‌തിയോടെയാണ് പിന്നീട് വിപണി തിരിച്ചുവന്നിട്ടുള്ളത്. ഉദാഹരണത്തിന് 2008–ൽ സെൻസെക്സ് 20000 പോയിന്റിൽനിന്ന് 8000 പോയിന്റുവരെ താഴ്ന്നു. പിന്നീട് കയറ്റിറക്കങ്ങളിലൂടെ 2015–ൽ 30000 പോയിന്റിലേക്ക് എത്തിച്ചേർന്നു. ഏഴു വർഷംകൊണ്ട് മൂന്നിരട്ടിയിലധികം.

ഓഹരി വിപണിക്ക് ഒരിക്കലും ഒരോ അവസ്‌ഥയിൽ ദീർഘകാലം തുടരാൻ വയ്യ. കയറിയാൽ ഇറങ്ങും; ഇറങ്ങിയാൽ കയറും.

ദീർഘകാലത്തിൽ മൂലധന വളർച്ച നേടാനുള്ള ഓഹരികളുടെ സാധ്യത ഉപയോഗപ്പെടുത്താവുന്ന അവസരവും കൂടിയാണ് നോട്ട് പിൻവലിക്കൽ കൊണ്ടുവന്നിരിക്കുന്ന വിപണിയിലെ താഴ്ച. നേരിട്ട് ഓഹരിയിൽ അല്ലെങ്കിൽ ഓഹരിയധിഷ്ഠിത മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കാം.

ഇന്ത്യക്കാരുടെ സമ്പാദ്യം

ഇന്ത്യക്കാർ പ്രധാനമായും രണ്ടു രീതിയിലാണ് സമ്പാദ്യം നിക്ഷേപിക്കുന്നത്. ഭൗതിക ആസ്തികളിലും ധനകാര്യ ഉപകരണങ്ങളിലും.

ഭൂമി, സ്വർണം, ലോഹങ്ങൾ, മറ്റു കമോഡിറ്റികൾ തുടങ്ങിയവയാണ് ഭൗതിക സ്വത്തിൽ വരുന്നത്. മറ്റു ചിലർ സ്വർണത്തെ ഊഹത്തിനനുസരിച്ച ്സൂക്ഷിച്ചുവെക്കുന്ന സ്വത്താണ്. പണം, ബാങ്കിലും കോർപറേറ്റ് മേഖലയിലുമുള്ള നിക്ഷേപങ്ങൾ, ഓഹരി, മ്യൂച്ചൽ ഫണ്ട് നിക്ഷേപങ്ങൾ, പ്രോവിഡന്റ് ഫണ്ട്, പെൻഷൻ ഫണ്ട്, പോസ്റ്റോഫീസ്, സീനിയർ സിറ്റിസൺ നിക്ഷേപ പദ്ധതികൾ എന്നിവയാണ് ധനകാര്യ സമ്പാദ്യങ്ങളായി വരുന്നത്.

നോട്ട് അസാധുവാക്കിയത് എങ്ങനെ സമ്പാദ്യത്തെ സ്വാധീനിക്കും

പകുതിയിലധികം ഇന്ത്യക്കാർ ഇപ്പോഴും ബാങ്ക് അക്കൗണ്ട് ഇല്ലാത്തവരാണ്. എന്നാൽ സമ്പാദ്യത്തിൽ ധനകാര്യ ഉപകരണങ്ങളിലുള്ള നിക്ഷേപം പത്തു ശതമാനത്തിൽ താഴെയാണ്. നോട്ട് നിരോധനത്തിന്റെ ആദ്യത്തെ സ്വാധീനം ബാങ്ക് ഡെപ്പോസിറ്റ് സമ്പാദ്യങ്ങളിലുണ്ടാകുമെന്നാണ് കണക്കുകൂട്ടലുകൾ. കാരണം പഴയ നോട്ടുകളെല്ലാം ഡെപ്പോസിറ്റുകളായി മാറുമെന്നു പ്രതീക്ഷിക്കുന്നു. ഇത് ബാങ്കുകളിൽ അമിത നിക്ഷേപം മെത്താൻ കാരണമാകും. നിക്ഷേപങ്ങളുടെ പലിശ കുറയ്ക്കാൻ ഇതോടെ ബാങ്കുകൾ നിർബന്ധിതരാകും. നിക്ഷേപകർക്ക് റിട്ടേൺ കുറയും.

എങ്ങനെ മറികടക്കാം

സാമ്പത്തിക വിദഗ്ധർ പ്രതീക്ഷിക്കുന്നത് ബാങ്ക് നിക്ഷേപങ്ങളിൽ നിന്നും സ്റ്റോക്ക്, മ്യൂച്ചൽ ഫണ്ട്, ഇൻഷുറൻസ്, പെൻഷൻ ഫണ്ട് എന്നിങ്ങനെയുള്ള ഉത്പന്നങ്ങളിലേക്ക ്നിക്ഷേപം നീങ്ങുമെന്നാണ്. ഇതിനു കാരണം മുൻകാലങ്ങളിൽ ഡെപ്പോസിറ്റുകളുടെ പലിശ നിരക്ക് കുറഞ്ഞപ്പോൾ നിക്ഷേപകർ സ്റ്റോക്ക്, മ്യൂച്ചൽ ഫണ്ട് എന്നിവയിലേക്ക് നീങ്ങിയിരുന്നു. ലഘുസമ്പാദ്യപദ്ധതികളുടെ പലിശ നിരക്ക് ബാങ്ക് ഡെപ്പോസിറ്റുകളെക്കാൾ കൂടുതലാണെങ്കിൽ ഇവിടേയ്ക്ക് നിക്ഷേപങ്ങൾ നീങ്ങും.

ഭൗതിക സ്വത്തിലുള്ള സമ്പാദ്യത്തെ സംബന്ധിച്ച്

ഉയർന്ന മൂല്യമുള്ള നോട്ടുകൾ അസാധുവാക്കിയത് സമ്പദ്വ്യവസ്‌ഥയിലെ കള്ളപ്പണത്തെ ഇല്ലാതാക്കാനാണ്. ഭൗതിക സ്വത്തിലെ ഒരു ഭാഗം പ്രത്യേകിച്ച് വീടുകൾ, സ്വർണ്ണം എന്നിവ കണക്കിൽപെടാത്ത പണം കൊണ്ട് വാങ്ങിക്കുന്നു എന്നാണ് കണക്കാക്കുന്നത്. സ്വർണ്ണം വാങ്ങി സൂക്ഷിക്കുന്നതു സംബന്ധിച്ചു പല അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. റിയൽ എസ്റ്റേറ്റിലും കൂടുതൽ നടപടി വരുമെന്ന സൂചനയുണ്ട്. ചുരുക്കത്തിൽ നോട്ട് പിൻവലിക്കലിനു ശേഷം വരുന്ന ആദ്യത്തെ ബജറ്റിൽ ഇവ സംബന്ധിച്ചുള്ള കാര്യങ്ങൾക്ക് വ്യക്‌തി ലഭിക്കുമെന്നു കരുതുന്നു.

കെ മനോജ് കുമാർ
സീനിയർ മാനേജർ, റിസർച്ച് ആൻഡ് ഇൻവെസ്റ്റ്മെന്റ്സ്. ഡിബിഎഫ്എസ്
Email: manojkumar@dbfsindia.com
Mobile: 9349804114