ന്യൂഡൽഹി: ഡിസംബറിലെ കാർ വില്പനയിൽ മാരുതി സുസുകി ഇന്ത്യക്ക് തിരിച്ചടി. ആഭ്യന്തര വില്പനയിൽ നാലു ശതമാനം ഇടിവ് മാരുതിക്കുണ്ടായപ്പോൾ കയറ്റുമതിയിൽ 47.1 ശതമാനം നേട്ടമുണ്ടായി. പ്രധാന കമ്പനികൾക്കൊന്നും കാർവില്പനയിൽ ശോഭിക്കാനായില്ല. കറൻസി റദ്ദാക്കൽ പ്രധാന വില്ലനായപ്പോൾ ഹ്യുണ്ടായി, മഹീന്ദ്ര എന്നീ കമ്പനികളുടെ വില്പനയിൽ ഇടിവുണ്ടായി. അതേസമയം ടൊയോട്ട കിർലോസ്കർ മോട്ടോറിനും റെനോ ഇന്ത്യക്കും പോയ മാസം നേട്ടമുണ്ടാക്കാനായി. ഇരുചക്ര വിഭാഗത്തിലും കൊമേഴ്സൽ വാഹന വിഭാഗത്തിലും ഇടിവ് തുടർന്നു.
മാരുതി സുസുകി ഇന്ത്യ
പോയ മാസം 1,06,414 കാറുകൾ മാരുതിയിൽനിന്ന് ആഭ്യന്തര നിരത്തിലിറങ്ങി. തലേ വർഷം ഇതേ മാസം 1,11,333 കാറുകൾ പുറത്തിറങ്ങിയ സ്ഥാനത്തായിരുന്നു ഇത്. കയറ്റുമതി 47.1 ശതമാനം ഉയർന്ന് 7,816 കാറുകളിൽനിന്ന് 11,494 ആയി. വിറ്റ മൊത്തം കാറുകൾ 1,19,149ൽനിന്ന് 1,17,908 ആയി.
ഹ്യുണ്ടായി മോട്ടോർ
ഹ്യുണ്ടായിക്കും പോയ മാസം വില്പനയിൽ തളർച്ച നേരിട്ടു. പോയ മാസം 40,057 കാറുകൾ വിറ്റു. തലേ വർഷം ഇതേ മാസം 41,861 കാറുകളായിരുന്നു വിറ്റത്. കുറവ് 4.3 ശതമാനം.
ടൊയോട്ട കിർലോസ്കർ!
വില്പന 29 ശതമാനം ഉയർന്ന് 14,093 വാഹനങ്ങളായി. ഇന്നോവ ക്രിസ്റ്റയും പുതിയ ഫോർച്യൂണറും പോയ മാസം ടൊയോട്ടയുടെ താരങ്ങളായി.
മഹീന്ദ്ര ആൻഡ് മഹീന്ദ്ര
മഹീന്ദ്രയുടെ മൊത്തം ആഭ്യന്തര വില്പന 1.5 ശതമാനം ഇടിഞ്ഞ് 34,310 വാഹനങ്ങളായി. 2015 ഡിസംബറിൽ 34,839 വാഹനങ്ങളായിരുന്നു വിറ്റത്. പോയ മാസം യാത്രാവാഹന വില്പന എട്ടു ശതമാനം കുറഞ്ഞ് 16,698 ആയി. 2015 ഡിസംബറിൽ 18,197 വാഹനങ്ങൾ മഹീന്ദ്രയിൽനിന്ന് ഇറങ്ങിയിരുന്നു.
ട്രാക്ടർ, ഹെവി ഉൾപ്പെടെ മൊത്തം 36,363 വാഹനങ്ങൾ പോയ മാസം വിറ്റു. തലേ വർഷം ഡിസംബറിനെ അപേക്ഷിച്ച് നാലു ശതമാനം കുറവാണിത്. കയറ്റുമതിയിൽ 33 ശതമാനമാണ് ഇടിവുണ്ടായത്.
ഫോർഡ് ഇന്ത്യ
ആഭ്യന്തര വിപണിയിൽ 6.04 ശതമാനം വില്പന ഇടിവാണ് ഫോർഡിനു നേരിടേണ്ടിവന്നത്. 2015 ഡിസംബറിൽ 5,566 വാഹനങ്ങൾ എന്നത് പോയ മാസം 5,924 ആയി കുറഞ്ഞു.
റെനോ ഇന്ത്യ
ഫ്രഞ്ച് കാർ നിർമാതാക്കളായ റെനോ ഇന്ത്യക്ക് പോയ മാസം മികവു തുടരാനായി. 9.2 ശതമാനം നേട്ടത്തോടെ 11,244 വാഹനങ്ങൾ റെനോയിൽനിന്ന് നിരത്തിലിറങ്ങി. തലേ വർഷം ഡിസംബറിൽ 10,292 വാഹനങ്ങളായിരുന്നു വിറ്റത്.
അശോക് ലേലാൻഡ്
വില്പന 12 ശതമാനം ഇടിഞ്ഞ് 10,731 ആയി.
ടാറ്റാ മോട്ടോഴ്സ്
ആഭ്യന്തര വിപണിയിൽ ടാറ്റാ മോട്ടോഴ്സിൻറെ യാത്രാവാഹന വില്പന 35 ശതമാനം ഉയർന്ന് 10,827 എണ്ണമായി. കാർവില്പനയിൽ 40 ശതമാനമാണ് നേട്ടം. അതേ സമയം കൊമേഴ്സ്യൽ വാഹനവിപണിയിൽ വില്പന ഒമ്പത് ശതമാനം ഇടിഞ്ഞ് 24,998 എണ്ണമായി.
നിസാൻ
പോയ മാസം രണ്ടക്ക വളർച്ചയുമായി നിസാൻ കുതിപ്പു കാട്ടി. 21 ശതമാനം വളർച്ചയോടെ 3,711 വാഹനങ്ങൾ വിറ്റു.
ഫോക്സ് വാഗൺ
68 ശതമാനം നേട്ടമാണ് ഫോക്സ് വാഗണ് പോയ മാസം സമ്മാനിച്ചത്. വില്പന 2577ൽനിന്ന് 4348 ആയി ഉയർന്നു.
ഇരുചക്രത്തിൽ സമ്മിശ്ര നേട്ടം
ടിവിഎസ് മോട്ടോഴ്സ്
ടിവിഎസ് മോട്ടോഴ്സിൻറെ എല്ലാ സെഗ് മെൻറിലും തകർച്ച പ്രകടമായി. മൊത്തം വാഹനവില്പന 8.5 ശതമാനം ഇടിഞ്ഞപ്പോൾ മുച്ചക്ര വിഭാഗത്തിന് 32.8 ശതമാനവും ഇരുക്ര വിഭാഗത്തിന് 8.8 ശതമാനവുമാണ് വില്പന ഇടിഞ്ഞത്. ഇരുചക്ര വിഭാഗത്തിൽ മോട്ടോർസൈക്കിൾ വില്പന 18.55 ശതമാനം ഇടിഞ്ഞപ്പോൾ സകൂട്ടർ വിഭാഗം 14. 6 ശതമാനം ഇടിവ് രേഖപ്പെടുത്തി.
ബജാജ്
ബജാജിൻറെ മോട്ടോർ സൈക്കിൾ വിഭാഗത്തിന് 11 ശതമാനം ഇടിവുണ്ടായി. പോയ മാസം 1,06,665 വാഹനങ്ങൾ വിപണിയിലെത്തി. 2015 ഡിസംബറിൽ ഇത് 1,20,322 ആയിരുന്നു.
യമഹ
ഇന്ത്യ യമഹ മോട്ടോർ 28 ശതമാനം വളർച്ചയോടെ 49,775 ബൈക്കുകൾ വിറ്റു.
റോയൽ എൻഫീൽഡ്
41 ശതമാനം കുതിപ്പ് നേടാൻ റോയൽ എൻഫീൽഡിനായി. വില്പന 40,037ൽനിന്ന് 56,316 ആയി ഉയർന്നു.