യാത്ര കുടുംബസമേതം
യാത്ര കുടുംബസമേതം
Wednesday, January 4, 2017 6:52 AM IST
നിങ്ങൾക്കു സ്നേഹമില്ലാത്ത ഒരാൾക്കൊപ്പം ഒരിക്കലും യാത്രയ്ക്കായി ഇറങ്ങിത്തിരിക്കരുത് എന്നു പറഞ്ഞത് ഏണസ്റ്റ് ഹെമിംഗ് വേ. സമ്മതിച്ചു. ഇത് കുടുംബാംഗങ്ങളോടൊത്തുള്ള യാത്രയെക്കുറിച്ചാണ്. നാം സ്നേഹിക്കുന്ന, നമ്മെ സ്നേഹിക്കുന്ന ഭാര്യ, ഭർത്താവ്, മക്കൾ, മാതാപിതാക്കൾ, സഹോദരങ്ങൾ.... എല്ലാവരും ഒന്നിച്ച് ഒരു വാഹനത്തിൽ തമാശകൾ പറഞ്ഞ്, കളിയാക്കി, സ്നേഹം പ്രകടിപ്പിച്ച്, പ്രകൃതിയെ തൊട്ടറിഞ്ഞ്, രുചിത്തീറ്റകൾ തിന്ന്..... ഇന്നല്ലെങ്കിൽ ഇനിയെന്നാ ഇതിനൊക്കെ സമയം...?

ഇതു വായിച്ചുകഴിയുമ്പോഴേക്കും കുടുംബസമേതം ഒരു യാത്ര നടത്തുന്നതിനെക്കുറിച്ച് ഗൗരവത്തിൽതന്നെ ആലോചിച്ചുകൊള്ളു. കാരണം കുടുബാംഗങ്ങളോടൊത്തുള്ള യാത്രകൾ അനിവാര്യമാണെന്നു പറയാനാണ് ഈ കുറിപ്പ്. തീർന്നില്ല. ആ യാത്രയിൽ ഒരു രാത്രിയെങ്കിലുമുണ്ടാകണം. നാം യാത്രചെയ്തെത്തുന്ന കുന്നിൻചെരിവോ കടൽത്തീരമോ തോട്ടിറമ്പോ പട്ടണമോ എവിടെയുമാകട്ടെ. അവിടെ ഒരു രാത്രി. എവിടെ ആയാലും കുടുംബത്തിലെ എല്ലാവരും ഒന്നിച്ചിരുന്ന് രാപ്പകലുകളെ ആസ്വദിക്കുന്നു എന്നതാണ് കാര്യം.

ക്രിസ്മസും മധ്യവേനൽ അവധിയുമൊക്കെ വരികയാണ്. പറ്റിയ സമയം. അതിനുപോലും കാത്തിരിക്കണമെന്നില്ല. സകല പ്രശ്നങ്ങൾക്കും ഒരു അവധി കൊടുക്കേണ്ട സമയമായി എന്നു തോന്നിയാൽ അപ്പോൾ പുറപ്പെടാം. അതാണ് യാത്രയുടെ സുഖം.

അവനവനിലേക്കു നടത്തുന്ന യാത്രയാണ് സഞ്ചാരങ്ങളെന്നു പറയാറുണ്ട്. പക്ഷേ, കുടുംബയാത്രകളിൽ നാം നമ്മുടെ പ്രിയപ്പെട്ടവരിലേക്കുകൂടി സഞ്ചരിക്കുന്നു. അവർ പറയുന്നതു കേൾക്കുന്നു. അവരുടെ താത്പര്യങ്ങളെയും പ്രത്യേകതകളെയും തിരിച്ചറിയുന്നു. ഒന്നിച്ചു ഭക്ഷണം കഴിക്കുന്നു. ഒന്നിച്ചു കളിക്കുന്നു, ചിരിക്കുന്നു, ഉറങ്ങുന്നു.

ഇതൊക്കെയല്ലേ വീട്ടിലും ചെയ്യുന്നതെന്ന് ചോദിച്ചേക്കാം. പക്ഷേ, അതു നാം സ്വയം ചോദിച്ചാൽ മതി. ഉത്തരം കിട്ടും. ഇന്നത്തെ വീടുകളിൽ നാം ഒന്നിച്ച് എത്ര സമയം ചെലവഴിക്കുന്നുവെന്നതിനെക്കുറിച്ച്. തിരക്കുകളുടെ നടുക്കാണ് നാമെന്നു പറഞ്ഞ് ജീവിതത്തിന്റെ അതിസുന്ദരമായ നിമിഷങ്ങളെ അനുഭവിക്കാതെ കളയുന്നവരാണ് നമ്മിലേറെയും.



വീട്ടിലിരുന്ന് ഒരു മണിക്കൂറെങ്കിലും എല്ലാവരും ഒന്നിച്ചിരുന്ന് സംസാരിച്ചിട്ടുള്ള എത്ര കുടുംബങ്ങളുണ്ട്. ഇല്ലെന്നല്ല, കുറവാണ്. യാത്രയിൽ നമ്മൾ മണിക്കൂറുകളോളം ഒന്നിച്ചായിരിക്കുന്നു.

പണ്ടു കാലത്തെ അപേക്ഷിച്ച് യാത്രകളെക്കുറിച്ചുള്ള കാഴ്ചപ്പാടിൽ വളരെ മാറ്റം ഉണ്ടായിട്ടുണ്ടെന്നു പറയാതെ വയ്യ. സ്കൂൾ കോളജ് വിദ്യാഭ്യാസകാലത്തെ ഒന്നോ രണ്ടോ വിനോദയാത്രകളല്ലാതെ മറ്റൊന്നും നടത്തിയിട്ടില്ലാത്തവർ എത്രയോ ഉണ്ട്. അതിലും പങ്കെടുക്കാത്തവർ ധാരാളം. പക്ഷേ ഇന്നു കാര്യങ്ങൾ മാറി. യാത്ര ചെയ്യാൻ ആളുകൾ കൂടുതൽ താത്പര്യപ്പെടുന്നുണ്ട്. യാത്രക്കാര്യങ്ങൾ പറഞ്ഞുകൊണ്ട് പ്രസിദ്ധീകരണങ്ങൾ പോലും ഇറങ്ങുന്നത് അതിന്റെ ലക്ഷണമാണ്.

കൂട്ടുകാരോടൊത്ത് കുടുംബനാഥനും സ്കൂളിൽനിന്നോ കോളജിൽനിന്നോ മക്കളും നടത്തുന്ന യാത്രകളാണ് കൂടുതൽ. അമ്മയുടെ യാത്രകളുടെ എണ്ണം താരതമ്യേന കുറവാണ്. ഇവിടെ അപ്പനും അമ്മയും മക്കളും ചേർന്നുള്ള യാത്രകളാണ് നാം തുടങ്ങാൻ പോകുന്നത്.

അതെങ്ങനെ ആഘോഷമാക്കാം

യാത്രയ്ക്കു തീരുമാനമെടുത്താൽ അതേക്കുറിച്ച് ചിന്തിക്കുന്നതും പ്ലാൻ ചെയ്യുന്നതുമെല്ലാം രസകരമാണ്. ഒന്നാമത് എവിടേക്കു പോകണമെന്ന കാര്യം എല്ലാവരുംകൂടി തീരുമാനിക്കുക. സ്‌ഥലം ഏതെന്നല്ല, പോകുന്നവരുടെ ഇഷ്ടമാണു പ്രധാനം. വിനോദ സഞ്ചാരകേന്ദ്രങ്ങളെക്കുറിച്ച് സകലവിവരങ്ങളും ഇന്റർനെറ്റിലുണ്ട്. പൊതുവായ തീരുമാനത്തിലെത്തിയാൽ അതിനുള്ള ഒരുക്കങ്ങൾ തുടങ്ങാം. താമസ സൗകര്യം ബുക്ക് ചെയ്യുന്നതാണ് പ്രധാനം. ഇപ്പോൾ ഏതു സ്‌ഥലത്തും ഹോട്ടലുകൾ റിസർവ് ചെയ്യാൻ ഓൺലൈൻ സൗകര്യം ലഭ്യമാണ്. ഫോൺ നമ്പരിൽ ബന്ധപ്പെട്ട് നമ്മുടെ ആവശ്യാനുസരണമുള്ള മുറി ചോദിച്ചുവാങ്ങാം. നമ്മുടെ ബജറ്റിൽ ഒതുങ്ങുന്നതു ലഭിക്കുവോളം പല ഹോട്ടലുകളിലേക്കും മാറി മാറി വിളിക്കണം. കാശ് നമ്മുടേതാണല്ലോ.

സ്വന്തം വാഹനം

സ്വന്തമോ വാടകയ്ക്ക് എടുത്തതോ ആകട്ടെ, നമ്മുടേതായി ഒരു വാഹനം ഉണ്ടാകണം. ഒന്നോ രണ്ടോ ദിവസത്തെ യാത്രയ്ക്ക് ബസ് കയറിയിറങ്ങി പോകുന്നത് അസൗകര്യം തന്നെയാണ്. നല്ലൊരു കാഴ്ച കാണുന്നിടത്തും വിശ്രമിക്കണമെന്നു തോന്നുന്നിടത്തും നിർത്തിയിരിക്കണം. പ്ലാനിംഗ് ഉണ്ടാകണം. പക്ഷേ, കർശനമായ ചിട്ടകളോടെയല്ല വിനോദയാത്രകൾ നടത്തേണ്ടത്. മലമ്പുഴയ്ക്കാണ് പോകുന്നതെങ്കിൽ പാലക്കാട്ടെ കരിമ്പനകളുടെ ചുവട്ടിൽ അല്പനേരം നില്ക്കണമെന്നു തോന്നിയാൽ വാഹനം നിർത്തിയിരിക്കണം. മൂന്നാറിനാണെങ്കിൽ വളഞ്ഞുപുളഞ്ഞുള്ള റോഡുകൾക്കിരുവശവുമുള്ള തേയിലത്തോട്ടങ്ങളിലൂടെ ഇത്തിരി നടക്കണമെന്നു തോന്നിയാൽ അവിടെ നിർത്തണം. തേക്കടിയിലേക്കാണെങ്കിൽ ഇടയ്ക്കു കാണുന്ന വെള്ളച്ചാട്ടത്തിൽ കുളിക്കണമെന്നാകും മനസു പറയുന്നത്. ആരോടു ചോദിക്കാൻ. നിർത്തുക. ഇറങ്ങുക. അത്രതന്നെ. കമ്പം വഴിയാണെങ്കിൽ മുന്തിരിത്തോപ്പുകളിൽ കയറിയിറങ്ങാതെ എങ്ങനെ പോകും. കന്യാകുമാരിയിലേക്കു പോകുമ്പോൾ തമിഴ്നാട്ടിലെ ചെറിയ ഗ്രാമങ്ങളിൽ വെറുതെ ഇറങ്ങി വഴിയരികിൽനിന്ന് ഒരു ചായ കുടിച്ച് നാട്ടുകാരുമായി ഇത്തിരി കുശലം പറഞ്ഞുനോക്കൂ. ആലപ്പുഴയിലേക്കോ കുട്ടനാട്ടിലേക്കോ പോകുമ്പോൾ നെൽപ്പാടങ്ങളിൽ ഇറങ്ങിയും വെള്ളത്തിൽ ചവിട്ടിയും അനുഭവിക്കണം. യാത്രകൾ സഫലമാകുന്നത് ഇങ്ങനെയൊക്കെയാണ്. സ്വന്തം വാഹനമാണെങ്കിലേ ഇതു സാധിക്കൂ.

പാട്ടും സിനിമയുമൊക്കെ അമിതമാകരുത്

ചില യാത്രകളെ വ്യത്യസ്‌ഥതകളില്ലാതാക്കുന്നത് നിരന്തരമായുള്ള പാട്ടുകളും സിനിമകളുമാണ്. ഒരു ദിവസത്തെ യാത്രയാണെങ്കിൽ സിനിമയൊക്കെ ഒഴിവാക്കുകയാണ് നല്ലത്. ഇത്രയും ദിവസം വീട്ടിലിരുന്ന് ഇതുതന്നെയല്ലായിരുന്നോ പണി. മൊബൈലും അത്യാവശ്യമെങ്കിൽ മാത്രം ഉപയോഗിക്കുക. ഫോണും വിളിച്ച് മൊബൈൽ ഗെയിമും കളിച്ച് പാട്ടുംകേട്ട് ഓരോരുത്തരും അവനവന്റെ ലോകത്തേക്കു മടങ്ങാനാണെങ്കിൽ നാം യാത്രയുടെ സൗന്ദര്യം അറിയാനേ പോകുന്നില്ല. കാണുന്ന കാഴ്ചകളെക്കുറിച്ചു മാത്രമല്ല, സ്വന്തം സന്തോഷവും സങ്കടങ്ങളുമൊക്കെ തുറന്നു പറയാനുള്ള അവസരംകൂടിയാണ് യാത്രകൾ. ഇത്തിരി സങ്കടവും പരിഭവവുമൊക്കെ ഇടയ്ക്കു പറഞ്ഞെന്നുകരുതി പ്രശ്നമൊന്നുമില്ല. കൈകാര്യം ചെയ്യുന്നതു സൂക്ഷിച്ചുവേണമെന്നേയുള്ളു. സംഗതി കുളമാക്കരുതെന്നർഥം. കുടുംബത്തിലെ എല്ലാവരുമൊന്നിച്ച് ഇത്രയും സമയം ഒന്നിച്ചുകിട്ടിയത് മുമ്പ് എപ്പോഴാണെന്ന് ആലോചിച്ചുനോക്കുമ്പോഴാണ് നമ്മുടെയൊക്കെ ബന്ധത്തിന്റെ ആഴവും അതിനായി ചെലവഴിക്കുന്ന സമയവും തിരിച്ചറിയുന്നത്. മിക്കവാറും ഒരു കാറിൽ നമ്മൾ ആറോ ഏഴോ മണിക്കൂറുകൾ ഒന്നിച്ചായിരിക്കും. വീട്ടിലുള്ളപ്പോൾ രണ്ടോ മൂന്നോ ദിവസം അവധി കിട്ടിയാൽ പോലും അത്രയും നേരം നാം ഒന്നിച്ചുണ്ടാകില്ല. അതെ, യാത്രകൾ ബന്ധങ്ങളെ ഊട്ടിയുറപ്പിക്കുകയും പരസ്പരമുള്ള കരുതലുകളെ ഓർമിപ്പിക്കുകയും ചെയ്യുന്നു. ഓർത്തുനോക്കൂ നാമൊന്നു മുട്ടിയുരുമ്മി ഇരുന്നിട്ടുതന്നെ എത്രനാളായെന്ന്. അടുത്തിരുന്ന് ഇങ്ങനെ വർത്തമാനം പറഞ്ഞിട്ട് കാലമെത്രയായെന്ന്.




യാത്ര അപകടങ്ങളിലേക്കു വേണ്ട

വാഹനം അമിതവേഗത്തിൽ ഓടിക്കുന്നത് വിനോദയാത്രയുടെ ഭാഗമല്ല. മനംപുരട്ടലിനു ഛർദിക്കും ശാരീരിക അസ്വാസ്‌ഥ്യങ്ങൾക്കുമൊക്കെ ഓവർസ്പീഡ് കാരണമാകും. എല്ലാത്തിലുമുപരി അപകടസാധ്യതപോലും ഒഴിവാക്കാൻ മിതമായ വേഗം മതി. ടൂറിസ്റ്റ് കേന്ദ്രങ്ങളിലെത്തിയാലും നിയമവും നിയന്ത്രണങ്ങളും പാലിക്കണം. കുട്ടികളെ പ്രത്യേകം ശ്രദ്ധിക്കുക. ഒരു നിമിഷത്തെ അശ്രദ്ധ യാത്രയെ മാത്രമല്ല, ജീവിതത്തെ തന്നെ മാറ്റിമറിച്ച ധാരാളം സംഭവങ്ങളുണ്ട്.

ഭക്ഷണം

അതു നമ്മുടെ സൗകര്യം. പക്ഷേ, ഒരു നേരമെങ്കിലും ഏതെങ്കിലും പുൽമേട്ടിലോ പുഴയോരത്തോ ഇരുന്ന് പരസ്പരം വിളമ്പിക്കൊടുത്തും വർത്തമാനം പറഞ്ഞും പ്രകൃതിഭംഗി ആസ്വദിച്ചും ഇത്തിരി ഭക്ഷണം കഴിച്ചാൽ രുചി നൂറിരട്ടിയാകും. സംശയമില്ല. പല രീതിയിലും വ്യത്യസ്‌ഥതകൾ വരുത്താം. അമ്മയോ ഭാര്യയോ മകളോ സഹോദരിയോ ആരുമാകട്ടെ, അവർക്കു പതിവുജോലികളിൽനിന്നു ഒഴിവുകൊടുക്കുക. വിനോദയാത്രയാണെന്ന് അവർക്കുംകൂടി തോന്നണമല്ലോ. പുരുഷന്മാർ പാത്രം കഴുകുകയും വിളമ്പുകയും ചെയ്യട്ടെ. ഒരിക്കലെങ്കിലും സ്ത്രീകൾക്കു വിളമ്പിക്കിട്ടുന്ന ഭക്ഷണം കഴിക്കാൻ ഭാഗ്യവുമാകും. യാത്രകളിലെ പല നല്ല തുടക്കങ്ങളും തുടരാൻ നമ്മെ പ്രേരിപ്പിക്കുന്നതാണ്. യാത്രാമധ്യേ പാചകം ചെയ്തു കഴിക്കുന്നവരുണ്ട്. പക്ഷേ, അടുക്കളപ്പണി ചെയ്തു മടുത്ത സ്ത്രീകൾക്കു യാത്രയിലും അതിൽനിന്നു മോചനമില്ലാത്ത അവസ്‌ഥ ഒരു കാരണവശാലും ഉണ്ടാകരുത്. ഇതു പുരുഷന്മാരാണ് ചെയ്യുന്നതെങ്കിൽ സ്ത്രീകളുടെ ബുദ്ധിമുട്ടിന്റെ ഒരംശമെങ്കിലും മനസിലാക്കാൻ സഹായകരമാകുകയും ചെയ്യും. ഇതിനു സൗകര്യമില്ലെങ്കിൽ ഹോട്ടലിൽനിന്നു കഴിക്കുന്നതാണ് ഉചിതം.

യാത്രയിൽ യാത്ര കൂടരുത്

പല യാത്രകളും യാതനകളായി മാറുന്നത് പകൽമുഴുവനുമുള്ള യാത്രകളാണ്. രാത്രിയിൽ മുറിയിലെത്തിയാൽ എങ്ങനെയും ഒന്ന് ഉറങ്ങണമെന്നേയുള്ളു. അത്തരം യാത്രകൾ ആസ്വദിക്കാനാവില്ല. യാത്രാക്ഷീണം ഒഴിവാക്കാനും കാഴ്ചകാണാൻ സമയം ലഭിക്കാനും സ്വസ്‌ഥത ലഭിക്കാനുമൊക്കെ ദീർഘസമയത്തെ യാത്ര ഒഴിവാക്കണം. വൈകുന്നേരം നാലുമണിയോടെ എങ്കിലും സ്‌ഥലത്ത് എത്തണം. ഫ്രഷ് ആയ ശേഷം ഒന്നു നടക്കാനിറങ്ങാനോ കാഴ്ചകൾ കാണാനോ ഒക്കെ സമയം വേണം. ടൂറിസ്റ്റു കേന്ദ്രങ്ങളിലെ സന്ധ്യകൾ പലപ്പോഴും അവിസ്മരണീയമായിരിക്കും. വഴികളിലൂടെ കാഴ്ചകൾ കണ്ടു വർത്തമാനവും പറഞ്ഞ് അലസമായി നടക്കുന്നതുപോലും മനസിനെ കുളിർപ്പിക്കും.

ഫോട്ടോകൾ

യാത്രകളിലെ ഗ്രൂപ്പ് ഫോട്ടോകളുടെ വില മനസിലാകുന്നത് പിന്നീടാണ്. വർഷങ്ങൾക്കുമുമ്പുള്ള നമ്മുടെ കുടുംബഫോട്ടോകൾ ഇപ്പോൾ കാണുമ്പോൾ നമുക്കു തോന്നുന്നു വികാരം അറിയാമല്ലോ. അതിൽ പലരും ഇപ്പോൾ ജീവിച്ചിരിക്കുന്നപോലും ഉണ്ടാകില്ല. പക്ഷേ, അവരെക്കുറിച്ചുള്ള സ്മരണകളും ആ ഫോട്ടോയെടുത്ത ദിവസത്തെക്കുറിച്ചുപോലും അതു കാണുമ്പോൾ നാം ഓർമിക്കും. ഇപ്പോൾ മൊബൈൽ ഫോണുകൾ ഉള്ളതുകൊണ്ട് പ്രത്യേകം കാമറയുടെ ആവശ്യംപോലുമില്ല.

മടക്കയാത്ര

ഇഷ്ടംപോലെ ഉറങ്ങുകയാണ് വിനോദസഞ്ചാര കേന്ദ്രത്തിൽ നമുക്കു ചെയ്യാനുള്ള പ്രധാനപ്പെട്ട ഒരു ജോലി. ബെല്ലടിക്കാൻ പാലുകാരനും പത്രക്കാരനും വിശേഷം പറയാൻ അയൽക്കാരനും ഒന്നുമില്ലാത്ത ഒരു പ്രഭാതം. എഴുന്നേറ്റാൽ പിന്നെ പുറത്തിറങ്ങിയിരിക്കുകയോ ഒന്നിച്ചുള്ള പ്രഭാതസവാരിയോ ആവാം. നോക്കൂ, കുട്ടികൾപോലും എത്ര കൗതുകകരമായ കാര്യങ്ങൾ പറയുകയാണ്. പ്രകൃതിയിലേക്കു നോക്കി എന്തു കണ്ടുപിടിത്തങ്ങളാണ് നടത്തുന്നത്. ഇങ്ങനെ നമ്മളൊന്നിച്ചു നടന്നിട്ട് എത്ര കാലമായി. നഷ്ടപ്പെട്ടുപോയ കൗമാരവും യൗവനവുമൊക്കെ ഈ അന്യസ്‌ഥലത്തുവച്ച് നമ്മെ ഒളിഞ്ഞുനോക്കും. ആനന്ദം, ഭാവന, സൗന്ദര്യബോധം, ചിന്തകൾ, നവീന ആശയങ്ങൾ എന്തൊക്കെയാണു കടന്നുവരുന്നത്. ഇപ്പോഴല്ലെ എല്ലാത്തിനുമൊരു സമയം ഉണ്ടായത്. കാഴ്ചകളൊക്കെ കണ്ട്, രുചിയുള്ള ഭക്ഷണവും കഴിച്ച് മടങ്ങാം. പക്ഷേ, അതും യാത്രാസമയം കണക്കുകൂട്ടി നേരത്തെയാവാം. മടക്കയാത്രയിലും തിരക്കുണ്ടാകരുത്. തിരക്കിൽനിന്നും ബഹളത്തിൽനിന്നും ഒഴിഞ്ഞുള്ള ഈ ശാന്തത വീട്ടിലെത്തുവോളം ഉണ്ടാകണം.

കുടുംബവുമൊത്തുള്ള യാത്രയിൽ എന്തൊക്കെയാവാമെന്നും ആവരുതെന്നും നാം കണ്ടു. പരസ്പരമുള്ള സ്നേഹവും ബഹുമാനവും കരുതലുമൊക്കെ എത്ര വിലപ്പെട്ടതാണെന്നു നമുക്കു മനസിലായി. ഇനി അതൊക്കെ അനുഭവിക്കാൻ ഒന്നിച്ചിറങ്ങാം. ഇന്നു രാത്രിയിൽ അത്താഴം എല്ലാവർക്കും ഒന്നിച്ചാകാം. ടി.–വി. ഓണാക്കുന്നില്ല. ഉടനെയുള്ള യാത്രയെക്കുറിച്ചാകട്ടെ ചർച്ച.

സാൻഡിയാഗോയുടെ കഥ ഓർമയില്ലേ. പൗലോ കൊയ്ലോയുടെ ആൽകെമിസ്റ്റിലെ സാൻഡിയാഗോ. അയാൾ യാത്രയിൽനിന്നാണ് ജീവിതത്തിന്റെ മനോഹരവും അർഥപൂർണവുമായ വശം കണ്ടെത്തിയത്. നോവലിൽ ഇങ്ങനെയൊരു രംഗമുണ്ട്:

നിരത്തിൽ നടന്നുനീങ്ങുന്ന ആളുകളെയും നോക്കി അവർ കുറച്ചുനേരം നിശബ്ദരായി ഇരുന്നു.
നീ ഈ ആട്ടിൻപറ്റത്തെ മേച്ചു നടക്കുന്നതെന്തിനാണ്?
കറങ്ങിനടക്കാൻ എനിക്കിഷ്ടമാണ്. അതുകൊണ്ടുതന്നെ.
ദാ, ആ നിൽക്കുന്ന ആൾക്കും കുട്ടിക്കാലത്തെ മോഹം യാത്ര ചെയ്യാനായിരുന്നു അപ്പുറത്ത് തെരുവിന്റെ ഒരു കോണിൽ സ്വന്തം ബേക്കറിയുടെ ജനലരുകിൽ നിന്നിരുന്ന കടക്കാരന്റെ നേരേ അയാൾ വിരൽ ചൂണ്ടി.

പക്ഷേ, ഒട്ടു മുതിർന്നപ്പോൾ അയാൾ നിശ്ചയിച്ചു. ആദ്യം ഈ ബേക്കറി കച്ചവടം തുടങ്ങാം. പിന്നെ കുറച്ചു സമ്പാദ്യമൊക്കെയായി സാവധാനമാകാം യാത്ര....വയസായി തിരക്കൊക്കെ ഒഴിയുമ്പോൾ ആഫ്രിക്കയിലേക്കു പോകണം. ഒരു മാസമെങ്കിലും അവിടെ ചെലവഴിക്കണം. അയാളുടെ ഇപ്പോഴത്തെ ആശ അതാണ്. പക്ഷേ, അയാൾക്ക് അറിഞ്ഞുകൂടാ. കാലവും പ്രായവുമൊന്നുമല്ല പ്രശ്നം. മനുഷ്യർക്കെന്തും നേടാനാകും. മനസിൽ ഉത്കടമായ മോഹം വേണമെന്നു മാത്രം.

–ജോസ് ആൻഡ്രൂസ്