വിജയത്തിനു പിന്നിൽ വിനീത്: ഗണേഷ് രാജ്
വിജയത്തിനു പിന്നിൽ  വിനീത്: ഗണേഷ് രാജ്
Tuesday, December 27, 2016 6:22 AM IST
സിനിമയോടു വലിയ താല്പര്യമില്ലാതിരുന്ന കുട്ടി ക്കാലം. പതിനെട്ടാം വയസിൽ പെട്ടെന്നൊരു ദിവസം സിനിമ കാണാൻ തുടങ്ങി. കാഴ്ചയുടെ ശീലങ്ങൾ ലോക സിനിമകളിലേക്കും എത്തിയതോടെ തന്റെ വഴിയും സിനിമയെന്നു തിരിച്ചറിഞ്ഞു. അങ്ങനെയാണ് സംവിധാന മോഹവുമായി മലയാള സിനിമയിലേക്കെത്തുന്നത്. പ്രേക്ഷകർക്ക് ആനന്ദം പകർന്നെത്തിയ ആനന്ദത്തിന്റെ സംവിധായകൻ ഗണേഷിന്റെ വാക്കുകളാണിത്. സിനിമയുടെ വിവിധ മേഖലകളിൽ കയ്യൊപ്പു ചാർത്തിയ വിനീത് ശ്രീനിവാസന്റെ കളരിയിൽ നിന്നും മലയാള സിനിമയ്ക്കു ലഭിച്ച പുത്തൻ വാഗ്ദാനമാണ് ഗണേഷ് രാജ്. ഒരുകാലം വരെ തിയറ്ററിൽ പോയി സിനിമ കാണ്ടിരുന്നില്ല താനെന്ന് ഈ സംവിധായൻ തുറന്നു പറയുന്നുണ്ട്. എന്നാൽ സിനിമ എന്തെന്നു തിരിച്ചറിഞ്ഞ ഗണേഷ് രാജിനു ആദ്യ ചിത്രം കൊണ്ടു തന്നെ ഹിറ്റ്മേക്കർ പട്ടം ചൂടാൻ കഴിഞ്ഞിരിക്കുന്നു. എൻജിനിയറിംഗ് പഠനത്തിനു ശേഷം സിനിമയിലേക്കെത്തിയവഴികളും ആദ്യ ചിത്രം ആനന്ദത്തിന്റെ വിശേഷങ്ങളുമായി ഗണേഷ് രാജ്...

ആദ്യം ചിത്രം തന്നെ പുതുമുഖങ്ങളെ കേന്ദ്രകഥാപാത്രമാക്കി ഒരുക്കാൻ തോന്നിയ ധൈര്യം എന്തായിരുന്നു?

ഈ സിനിമയുടെ രചന ഞാൻ തന്നെയാണ് ഒരുക്കിയത്. കോളജിൽ നടക്കുന്ന ഒരു കഥയാണ്. അപ്പോൾ ആ പ്രായത്തിലുള്ള കുട്ടികൾ തന്നെ വേണം. മുപ്പതു വയസുള്ള താരങ്ങൾക്ക് ചെയ്തു ഫലിപ്പിക്കാവുന്ന വേഷമല്ല ഇത്. അങ്ങനെയാണ് പുതുമുഖങ്ങളിലേക്ക് എത്തുന്നത്. കൂടാതെ പുതുമുഖങ്ങളെ വെച്ചു സിനിമ ഒരുക്കുന്നത് വളരെ സെയ്ഫായിട്ടുള്ള തീരുമാനം എന്നാണു തോന്നുന്നത്. മുപ്പതു വയസുള്ള താരങ്ങളെ ഇങ്ങനെ ഒരു കഥയിൽ പ്രധാനവേഷക്കാരാക്കി സിനിമ വിജയിപ്പിക്കുക എന്നതിനാണ് ധൈര്യം വേണ്ടത്. കാരണം അതാണ് വെല്ലുവിളി. പുതിയ ആൾക്കാരോടൊപ്പം സിനിമ ഒരുക്കാൻ ഞാൻ കംഫർട്ടബിൾ ആയിരുന്നു.



സിനിമയുടെ വിജയഘടകങ്ങളിലൊന്നായിരുന്നു വിനീത് ശ്രീനീവാസൻ ആനന്ദം നിർമിക്കുന്നു എന്നത്. എങ്ങനെയാണ് വിനീത് നിർമാതാവാകുന്നത്?

വിനീത് ശ്രീനിവാസൻ എനിക്കു സ്വന്തം ചേട്ടനെ പോലെയാണ്. നാലഞ്ചു വർഷമായി അടുത്തറിയാം. സിനിമയ്ക്കപ്പുറത്തു ജീവിതത്തിലും എനിക്കു എന്നും സപ്പോർട്ടാണ് അദ്ദേഹം. 2012ൽ ഈ സിനിമയുടെ ആദ്യ ഐഡിയ പറയുന്നതും വിനീതേട്ടനോടാണ്. ഇതാണ് എന്റെ ആദ്യ സിനിമ എന്നു വിനീതിനും അറിയാമായിരുന്നു. ഓരോ തവണ തിരക്കഥ പൂർത്തീകരിക്കുമ്പോഴും ഒരു ഫീഡ്ബാക്കിനു വേണ്ടി ഞാൻ വിനീതിനെ കാണിച്ചിരുന്നു. സിനിമ നിർമിക്കാമോ എന്നു ചോദിക്കാൻ മാത്രം ഞാൻ വളർന്നിട്ടില്ല. കാരണം അദ്ദേഹം എന്റെ ഗുരുവാണ്. ഓരോ തവണ തിരുത്തിയ തിരക്കഥ വിനീതിനെ കാണിക്കുമ്പോഴും പറയാറുണ്ടായിരുന്നു നിനിക്ക് തിരക്കഥ എപ്പോൾ പൂർണമായും ഇഷ്ടമാകുന്നോ, അപ്പോൾ നമുക്കിടയിൽ നിന്നു തന്നെ ഒരു നിർമാതാവിനെ കണ്ടെത്താമെന്ന്.

വടക്കൻ സെൽഫിക്കു ശേഷം അതിന്റെ നിർമാതാവ് വിനോദ് ഷൊർണൂരാണ് ഞാനെഴുതിയ കഥ കേൾക്കുന്നത്. വിനോദേട്ടന് ഇഷ്ടപ്പെട്ടിട്ടാണ് വിനീതിനോട് ഈ ചിത്രം നിർമിക്കാൻ പറയുന്നത്. കാരണം എല്ലാം പുതുമുഖങ്ങളാണ് സിനിമയിൽ. അപ്പോൾ അതിനു പുറകിൽ നിൽക്കാൻ ഒരാൾ വേണം. അല്ലെങ്കിൽ ചിലപ്പോൾ മറ്റു ചിത്രങ്ങൾക്കിടയിൽ ഇതു മുങ്ങിപ്പോകും. അതുകൂടാതെ വിനീതിന്റെ ആദ്യം ചിത്രം മലർവാടിയുമായി ഈ ചിത്രത്തിനും ഒരുപാട് സമാനതകൾ ഉണ്ടായിരുന്നു. പുതുമുഖങ്ങളാണു രണ്ടു ചിത്രത്തിലും എത്തിയത്. വിനീത് മലർവാടി ചെയ്യുമ്പോഴുണ്ടായ പ്രായമാണ് ഇന്ന് എനിക്ക്. അതൊക്കെ ഒരു നിമിത്തമായി തോന്നി. വിനീത് ആദ്യമായി സിനിമ ചെയ്തപ്പോഴുണ്ടായ പ്രയാസമൊക്കെ മാറിയത് അതിന്റെ നിർമാതാവ് നടൻ ദിലീപ് ആയതുകൊണ്ടാണ്. അതുപോലൊരു പിൻബലമായിരുന്നു വിനീത് ഈ ചിത്രത്തിനും നൽകിയത്.

ചിത്രം പ്രേക്ഷകരിലേക്കെത്തിയപ്പോഴുള്ള പ്രതികരണം

എല്ലായിടത്തു നിന്നും മികച്ച പ്രതികരണമാണ് കിട്ടിയത്. അതു വളരെ സന്തോഷം നൽകുന്നതായിരുന്നു. തിയറ്ററിലെത്തുന്നതിനു മുന്നേ ഇതൊരു നല്ല സിനിമയാണെന്നത് ഞങ്ങൾക്കെല്ലാവർക്കും ഉറപ്പുണ്ടായിരുന്നു. റിലീസിന്റെ സമയത്ത് നല്ല ടെൻഷനുണ്ടായിരുന്നു. പ്രേക്ഷകർ അതേറ്റെടുത്തു എന്നറിഞ്ഞപ്പോൾ വളരെ സന്തോഷം തോന്നി. ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് പ്രായമുള്ളവർക്കുവരെ സിനിമ ഇഷ്ടപ്പെട്ടു എന്നു പറഞ്ഞു വിളിക്കുമ്പോഴാണ്. പ്രതീക്ഷിക്കാത്ത സന്തോഷമാണ് ചിത്രം നൽകിയത്. സിനിമയിൽ നിന്നും നിരവധി പേർ വിളിച്ച് അഭിനന്ദനം അറിയിച്ചിരുന്നു.

നിർണായക നിമിഷത്തിൽ ചിത്രത്തിൽ നിവിൻ പോളിയും എത്തുന്നുണ്ടല്ലോ

തട്ടത്തിൻ മറയത്തു മുതൽ ജേക്കബിന്റെ സ്വർഗ്ഗരാജ്യം വരെ ഞാൻ നിവിൻ പോളിക്കൊപ്പം വർക്കു ചെയ്തിരുന്നു. അതുകൊണ്ടു തന്നെ നിവിന്റെ സ്റ്റാർഡം വളരുന്നത് അടുത്തു നിന്നു നോക്കിക്കണ്ട വ്യക്‌തിയാണ് ഞാനും. നിവിനും എന്റെ സിനിമയിൽ ഉണ്ടാകണം എന്നത് എന്റെ ഒരു ആഗ്രഹമായിരുന്നു. പിന്നെ തിരക്കഥയിൽ അത്തരമൊരു സാഹചര്യത്തിൽ ഒരു സീനിയർ താരമാണ് വേണ്ടത്. അതു നിവിൻ ആണെങ്കിൽ സിനിമയ്ക്കും ഏറെ ഗുണം ചെയ്യുമെന്നു കരുതിയിരുന്നു. അങ്ങനെയാണ് ഞാൻ നിവിനോട് സംസാരിക്കുന്നതും തിരക്കഥ വിശദീകരിച്ചതും. ഒപ്പം വിനീതേട്ടനും സംസാരിച്ചിരുന്നു. പിന്നെ നമ്മളോടുള്ള സ്നേഹത്തിന്റെ പുറത്തു മാണ് നിവിൻ അഭിനയിച്ചത്.


വിനീത് ശ്രീനിവാസനുമായുള്ള ആത്മബന്ധം ഉണ്ടാകുന്നത്?

എൻജിനിയറിംഗ് കഴിഞ്ഞ സമയത്താണ് എനിക്കു സിനിമ തലയ്ക്കു പിടിക്കുന്നത്. ആ സമയത്ത് രണ്ടു മൂന്നു ഷോർട്ട് ഫിലിമുകൾ ഞാൻ ചെയ്തിരുന്നു. അതു ഫേസ്ബുക്കിൽ ഞാൻ വിനീതേട്ടന് അയച്ചു കൊടുത്തു. സിനിമയിൽ അസിസ്റ്റ് ചെയ്യാൻ താല്പര്യമുണ്ട്, എന്റെ വർക്ക് കണ്ട് ഇഷ്ടമാവുകയാണെങ്കിൽ എന്നെ പരിഗണിക്കണം എന്നു മെസ്സേജും അയച്ചു. വിനീത് അന്നു മലർവാടി കഴിഞ്ഞിട്ടു നിൽക്കുകയാണ്. എനിക്ക് അന്നു സിനിമ ബന്ധങ്ങൾ വേറെയൊന്നുമില്ല. എന്തായാലും എന്നെ ഇന്റർവ്യൂവിനു വിളിച്ചു. രണ്ടുമൂന്നു മണിക്കൂർ ഞങ്ങൾ സംസാരിച്ചിരുന്നു. സംസാരിച്ചിരിക്കാൻ കഴിയുന്ന ഒരാളാണോ എന്നാണു വിനീത് നോക്കുന്നത്. അങ്ങനെയാണ് വിനീതേട്ടനൊപ്പം ഞാൻ കൂടുന്നത്. സിനിമയ്ക്കപ്പുറത്ത് എന്റെ സ്വന്തം ചേട്ടനോടെന്നപോലെ സ്വാതന്ത്ര്യവും ബഹുമാനവും എനിക്കു വിനീതിനോടുണ്ട്. സിനിമയേക്കാൾ എന്നെ ജീവിതം പഠിപ്പിച്ചിട്ടുള്ള മനുഷ്യനാണ് അദ്ദേഹം. വിനീത് ശ്രീനിവാസനെ പോലെ ഒരു സംവിധായകനാവുക എന്നതിലുപരി അദ്ദേഹത്തെ പോലെ ഒരു മനുഷ്യനാവാനാണ് ഞാൻ എപ്പോഴും ശ്രമിക്കാറുള്ളത്.

കോളേജ് ജീവിതത്തിനേക്കാൾ ഒരു യാത്രാ സിനിമയാണ് ആനന്ദം. ലൊക്കേഷൻ കണ്ടെത്തുക എന്നത് പ്രയാസമായിരുന്നോ?

ഏറെ ശ്രമകരമായ ഒരു ജോലിയായിരുന്നു അത്. ഞാനും കാമറമാൻ ആനന്ദും സംഗീത സംവിധായകൻ സച്ചിൻ വാര്യരും സിനിമ എഴുതുന്ന സമയത്ത് ഹംപി, ഗോവയിലൊക്കെ ഞങ്ങൾ താമസിച്ചിരുന്നു. സിനിമയിൽ കഥാപാത്രങ്ങൾ പോയ വഴികളിലൂടെ വളരെ സമയമെടുത്ത് ഞങ്ങൾ ഒരു യാത്ര ചെയ്തു. ആ സമയത്ത് എഴുത്തും യാത്രയും ഒന്നിച്ചായിരുന്നു കൊണ്ടുപോയത്.

ഇങ്ങനെയൊരു കഥ തെരഞ്ഞെടുക്കാൻ കാരണം ?

ചെറിയ സമയത്തിനുള്ളിൽ സംഭവിക്കുന്ന വലിയകാര്യങ്ങളെ സിനിമയാക്കുക എന്നത് എന്റെ ആഗ്രഹമായിരുന്നു. കാരണം അത്തരമൊരു തിരക്കഥ ഒരുക്കുക എന്നത് വെല്ലുവിളിയാണ്. ഇതു നാലുദിവസത്തെ കഥയാണ്. ചുരുങ്ങിയ സമയത്തിനുള്ളിൽ എല്ലാ കഥാപാത്രങ്ങളും സംഭവങ്ങളും പ്രേക്ഷകനു മുന്നിലെത്തണം. ആ ഒരു വെല്ലുവിളിയേറ്റെടുക്കണം എന്നു തോന്നി. എഴുതി വന്നപ്പോൾ പ്രണയമായിരുന്നു ആദ്യ വിഷയം. പക്ഷെ സൗഹൃദമായിരുന്നു എനിക്കു കൂടുതൽ ഫീൽ ചെയ്തത്. രണ്ടു കഥാപാത്രങ്ങളിൽ നിന്നും അതു നാലായി, പിന്നീടത് ഏഴു കഥാപാത്രങ്ങളായി. അതോടൊപ്പം സിനിമ തുടങ്ങുമ്പോഴുള്ള കഥാപാത്രങ്ങൾ അവസാനമാകുമ്പോഴേക്കും മറ്റൊരാളായി മാറുന്ന ഐഡിയ എനിക്കു വലിയ താല്പര്യമുള്ളതായിരുന്നു. അത്തരമൊരു രൂപാന്തരം ഏഴു കഥാപാത്രത്തിനും സിനിമയിൽ കൊണ്ടുവന്നിട്ടുണ്ട്.

പുതുമുഖങ്ങൾക്കു വേണ്ടിയുള്ള ഓഡിഷനും കാസ്റ്റിംഗും എങ്ങനെയായിരുന്നു?

ഏഴു പുതുമുഖങ്ങൾ എന്ന ബുദ്ധിമുട്ട് ഉണ്ടായിരുന്നു. അതിൽ ഒരാൾ മാത്രമാണ് മുമ്പ് രണ്ട് സിനിമയിൽ അഭിനയിച്ചിട്ടുള്ളത്. കാസ്റ്റിംഗിനു ഒരുമാസം മാത്രമാണ് സമയം കിട്ടിയത്. വൈഡ് ഓഡിഷനു നിൽക്കാതെ കുറച്ചു കോളേകുൾ മാത്രം തിരഞ്ഞെടുത്തു. 495 കുട്ടികളെയാണ് ഞാൻ ഓഡിഷൻ ചെയ്തത്. അതിൽ നിന്നും എനിക്കാവശ്യമുള്ള ഏഴു കുട്ടികളെ തിരഞ്ഞടുക്കുകയായിരുന്നു.

സ്വന്തമായാണ് ചിത്രത്തിന്റെ രചനയും ഒരുക്കിയിരുന്നത്. തിരക്കഥ രചനയിൽ ബുദ്ധിമുട്ട് അനുഭവപ്പെട്ടിരുന്നോ?

സിനിമയ്ക്കു മുമ്പു തന്നെ എഴുത്തിനോട് വലിയ താല്പര്യമുണ്ടായിരുന്നു. ആ ഒരു താല്പര്യം സിനിമയിലെത്തിയപ്പോൾ തിരക്കഥ എഴുതുന്നതിനു സഹായകമായി. അതൊരു ബുദ്ധിമുട്ടായി തോന്നിയില്ല. ഒരു എഴുത്തുകാരനായ സംവിധായകനായിരിക്കാനാണ് എന്റെ ആഗ്രഹം. എഴുത്ത് എന്നു പൂർത്തിയാകുന്നുവോ, അതിനു ശേഷമേ സിനിമയുടെ ബാക്കി ജോലികൾ തുടങ്ങു. കാരണം ഇനി ഉത്തരവാദിത്വം കൂടുകയാണ്.

പുതിയ ചിത്രത്തിന്റെ പണിപ്പുരയിലോണോ ഇപ്പോൾ?

പുതിയ സിനിമയുടെ ഏകദേശ ധാരണ മനസിൽ വന്നിട്ടുണ്ട്. എഴുത്ത് ഈ മാസം മുതൽ ആരംഭിക്കും. ഞാൻ തന്നെയാണ് എഴുതുന്നത്. അതുകൊണ്ടു നല്ല സമയമെടുക്കും.

–ലിജിൻ കെ. ഈപ്പൻ