വിശ്വസിക്കാം, ലാർജ് കാപ് ഫണ്ടുകളെ
കഴിഞ്ഞ രണ്ടു വർഷമായി ഓഹരി വിപണിയിൽ വന്യമായ വ്യതിയാനമാണ് സംഭവിച്ചു പോരുന്നത്. 2015–ൽ പ്രതീക്ഷയുടെ വെളിച്ചത്തിലായിരുന്നുവെങ്കിൽ 2016–ൽ മുൻകരുതൽ എന്നതിന്റെ പേരിലായിരുന്ന വിപണിയിലെ വന്യമായ വ്യതിയാനം.

ഇന്ത്യയിലെ സാമ്പത്തിക വളർച്ച സംബന്ധിച്ച അനിശ്ചിതത്വവും അതിന്റെ പിന്നാലെ എത്തിയ നോട്ടു പിൻവലിക്കലും അതിന്റെ പ്രത്യാഘാതങ്ങളും, ജിഎസ്ടി നടപ്പാക്കുന്നതിലെ അനിശ്ചിതാവസ്‌ഥ, യുഎസിൽ പ്രസിഡന്റ് തെരഞ്ഞെടുപ്പ്.... തുടങ്ങിയവയെല്ലാം അനിശ്ചിതത്വത്തിനു വഴിയൊരുക്കി. പുതിയൊരു വർഷത്തിലേക്കു കടക്കുമ്പോഴും അനിശ്ചിതത്വതം അവസാനിച്ച് സൂതാര്യമായ അന്തരീക്ഷത്തിലേക്ക് എത്തിയിട്ടില്ല.

ഫലം വർഷാന്ത്യത്തിൽ വന്യമായ വ്യതിയാനമാണ് ഓഹരി വിപണിയിൽ ദൃശമാകുന്നത്.
ഈ സാഹചര്യത്തിൽ മ്യൂച്വൽ ഫണ്ടുകളിൽ നിക്ഷേപിക്കുന്നത,് ഓഹരിയിൽ നേരിട്ടു നിക്ഷേപിക്കുന്നതിനേക്കാൾ റിസ്ക് കുറഞ്ഞതും ലളിതവുമാണ്. കാരണം മ്യൂച്വൽ ഫണ്ടുകൾ വളരെയേറെ പഠനങ്ങൾക്കും ഗവേഷണങ്ങൾക്കുംശേഷമാണ് നിക്ഷേപത്തിനുള്ള ഓഹരികൾ തെരഞ്ഞെടുക്കുന്നത്.
പക്ഷേ ഏതു മ്യൂച്വൽ ഫണ്ട് പദ്ധതിയിൽ? ലാർജ് കാപ്, മിഡ് കാപ്, സ്മോൾകാപ്, ഡൈവേഴ്സിഫൈഡ്, മൾട്ടികാപ്, ഡൈവേഴ്സിഫൈഡ്... നിരവധി ഫണ്ടുകൾ ഏതു തെരഞ്ഞെടുക്കും?
മറുപടി ലാർജ് കാപ് ഫണ്ടുകൾ എന്നാണ്.

എന്താണ് ലാർജ് കാപ്?

വലിയ വിപണി മൂല്യമുള്ളതും അതാതു മേഖലയിലെ മുൻനിര കമ്പനിയും വിപണിയിൽ ശക്‌തമായി നിലയുറപ്പിച്ചിട്ടുള്ളതുമായ കമ്പനികളാണ് ഈ ഗണത്തിൽ വരുന്നത്. നല്ല പ്രവർത്തനപാരമ്പര്യവും വളർച്ചാ ട്രാക്ക് റിക്കോർഡും ഇത്തരം കമ്പനികൾക്കുണ്ടാകും. സ്വഭാവികമായും ഇത്തരം കമ്പനികളിലെ നിക്ഷേപത്തിന് മറ്റു ചെറിയ കമ്പനികളെ അപേക്ഷിച്ച് റിസ്ക് കുറവായിരിക്കും.
ഒരു പരിധിവരെ സമ്പദ്ഘടനയിലുണ്ടാകുന്ന പ്രത്യാഘാതങ്ങൾക്കെതിരേ ഇത്തരം കമ്പനികൾക്കു പ്രതിരോധിക്കാനും കഴിവുണ്ടായിരിക്കും. ഏതെങ്കിലും വിധത്തിൽ ഇതിനു സാധിച്ചില്ലെങ്കിലും ഇത്തരം ‘ ഞെട്ടലുകളെ’ അതിജീവിക്കുവാനുള്ള കരുത്ത് ഈ കമ്പനികൾക്കുണ്ട്. സമ്പദ്ഘടനയുടെ പ്രകടനത്തെ കൂടിയാണ് ലാർജ് കാപ് ഓഹരി പ്രതിഫലിപ്പിക്കുന്നത്. വിപണി സൈക്കിളുകളെ നേരിടുവാനുള്ള കരുത്ത് ഇത്തരം ഓഹരികൾക്കുണ്ട്.

കമ്പനിയുടെ ലാഭത്തിന്റെ അടിസ്‌ഥാനത്തിലും വളർച്ചാ സാധ്യതയുടെ അടിസ്‌ഥാനത്തിലുമായിരിക്കും ഓഹരി വിലകളിൽ മാറ്റമുണ്ടാവുക. ഇത്തരം കമ്പനികൾ സ്‌ഥിരതയുള്ളവയായിരിക്കും. കമ്പനികളുടെ വരുമാനത്തില വലിയ വ്യതിയാനങ്ങൾ ഉണ്ടാവാൻ ഇടയില്ല. അതിനാൽ ഇടത്തരം, ചെറുകിട വിഭാഗത്തിൽ വരുന്ന കമ്പനികളേക്കാൾ ഇവയുടെ വിലയിൽ വന്യമായ വ്യതിയാനങ്ങൾ കുറവായിരിക്കും.
ചുരുക്കത്തിൽ കുറഞ്ഞ റിസ്കിൽ മെച്ചപ്പെട്ട റിട്ടേൺ നേടുവാൻ സാധ്യതയുള്ള ലാർജ് കാപ് ഓഹരികളിൽ നിക്ഷേപിക്കുന്ന ലാർജ് കാപ് ഫണ്ടുകളുടെ വരുമാനത്തിലും വന്യമായ വ്യതിയാനം കുറവായിരിക്കും.

ആർക്ക് നിക്ഷേപിക്കാം

നിക്ഷേപത്തിൽ ചെറിയൊരു റിസ്ക് എടുക്കുവാൻ സാധിക്കുന്നവർക്കു ഓഹരിയിൽ നിക്ഷേപിക്കാം. ഓഹരിയിൽ നിക്ഷേപിക്കാൻ ആഗ്രഹിക്കുന്നവർക്കു ലാർജ് കാപ് ഓഹരികൾ തെരഞ്ഞെടുക്കാം.
ഓഹരിയിൽ നിക്ഷേപം തുടങ്ങാൻ ആഗ്രഹിക്കുന്നവർക്കും അടുത്തകാലത്ത് തുടങ്ങിയവർക്കും ഏറ്റവും യോജിച്ചതാണ് ലാർജ് കാപ് ഇക്വിറ്റി ഫണ്ടുകൾ. നിക്ഷേപത്തിന്റെ ഉള്ളുകള്ളികൾ പഠിക്കുവാൻ ഇതു സഹായിക്കും. കാരണം ലാർജ് കാപ് ഫണ്ടുകൾ മുഖ്യമായും നിക്ഷേപം നടത്തുന്നത് അറിയപ്പെടുന്ന ബ്രാൻഡുകളിലും ബിസിനസുകളിലുമായിരിക്കും. നിക്ഷേപംനടത്തുന്നവരും ആ കമ്പനികളെക്കുറിച്ചു കേട്ടിട്ടുണ്ടായിരിക്കും.


ഏറ്റവും പ്രധനമായി ഈ ഫണ്ടുകൾ 15 വർഷക്കാലത്ത് 19.1 ശതമാനം വാർഷിക റിട്ടേൺ നൽകിയിട്ടുണ്ട്. സമ്പദ്ഘടന ടേണറൗണ്ട് ചെയ്യുമ്പോൾ ലാർജ് കാപ് ഓഹരികളുടെ പ്രകടനം മറ്റ് വിഭാഗങ്ങളിലെ ഫണ്ടുകളെ അപേക്ഷിച്ചു പുറകിലായിരിക്കുവാനാണ് സാധ്യത. പക്ഷേ, ദീർഘകാലത്തിൽ സ്റ്റെഡി റിട്ടേൺ നൽകുന്നതായാണ് അനുഭവം.

അഞ്ചുവർഷത്തിനു മുകളിലുള്ള ലാർജ്കാപ് ഫണ്ടുകളിടെ നിക്ഷേപം തുടർച്ചയായി മികച്ച റിട്ടേൺ നൽകിപ്പോരുന്നു. അഞ്ചുവർഷത്തിനു മുകളിലെ നിക്ഷേപത്തിന്റെ റിട്ടേൺ 12 ശതമാനത്തിനു മുകളിലാണ്. പത്തു വർഷക്കാലയളവിനു മുകളിലിത് 14 ശതമാനവും 20 വർഷത്തിനു മുകളിൽ 21 ശതമാനവുമാണ്. ഈ കാലയളവിലെ സെൻസെക്സ് റിട്ടേൺ യഥാക്രമം 12 ശതമാനവും 8.6 ശതമാനവും 12.5 ശതമാനവും വീതമാണ്.

ചുരുക്കത്തിൽ പണപ്പെരുപ്പത്തിനെതിരേ പോരാടുക മാത്രമല്ല, ദീർഘകാലത്തിൽ സമ്പത്തുണ്ടാക്കി നൽകുന്നതുമാണ് ലാർജ് കാപ് മ്യൂച്വൽ ഫണ്ടുകൾ.

മ്യൂച്വൽ ഫണ്ട് ആസ്തി റിക്കാർഡ് ഉയരത്തിൽ

ഇന്ത്യൻ അസറ്റ് മാനേജ്മെന്റ് കമ്പനികൾ മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം റിക്കാർഡ് ഉയരത്തിലെത്തി. ഒക്ടോബർ 31–ന് ഈ മ്യൂച്വൽ ഫണ്ടുകൾ എല്ലാം കൂടി മാനേജ് ചെയ്യുന്ന ആസ്തി 16.8 ലക്ഷം കോടി രൂപയിലെത്തി. 2007 മാർച്ച് 31–ന് ഇത് 3.26 ലക്ഷം കോടി രൂപയായിരുന്നു. അതായത് പത്തുവർഷംകൊണ്ട് അഞ്ചിരട്ടി!

2014 മേയിലാണ് ആസ്തി ആദ്യമായി പത്തു ലക്ഷം കോടി രൂപയ്ക്കു മുകളിലെത്തുന്നത്.
തുക മാത്രമല്ല, അക്കൗണ്ട് ഉടമകളുടെ എണ്ണവും കുത്തനെ ഉയർന്നിരിക്കുന്നു. മ്യൂച്വൽ ഫണ്ട് ഫോളിയോകളുടെ എണ്ണം ഒക്ടോബർ 31–ന് അഞ്ചു കോടി കവിഞ്ഞ് 5.13 കോടിയായി ഉയർന്നു. ഇതിൽ ഓഹരി, ഇഎൽഎസ്എസ്, ബാലൻസ്ഡ് ഫണ്ടുകൾ എന്നിവയിൽ ഏതാണ്ട് 3.79 കോടി ഫോളികളാണുള്ളത്. ഏതാനും വർഷമായി സ്‌ഥിരതയോടെ ഫോളിയോകളുടെ എണ്ണം ഉയരുകയായിരുന്നു.
ഡെറ്റ് ഒറിയന്റഡ് പദ്ധതികളിലെ അക്കൗണ്ടുകളുടെ എണ്ണം 95.3 ലക്ഷമാണ്. എക്സ്ചേഞ്ച് ട്രേഡഡ് ഫണ്ടുകളുടെ ഫോളിയോ എണ്ണം6.82 ലക്ഷമാണ്.

ഇന്ത്യൻ വിപണിയിൽ വന്യമായ വ്യതിയാനങ്ങൾ സംഭവിക്കുകയാണെങ്കിലും എസ്ഐപി വഴിയുള്ള പങ്കാളിത്തം സ്‌ഥിരതയോടെ വർധിച്ചുവരികയാണ്. ഒക്ടോബറിൽ എസ്ഐപി വഴി വിപണിയിൽ 3434 കോടി രൂപയെത്തി. ശരാശരി പ്രതിമാസ എസ്ഐപി നിക്ഷേപം ഒരു വർഷം മുമ്പുള്ള 2500 രൂപയിൽനിന്നു 3000–3500 രൂപയിലേക്ക് ഉയർന്നിട്ടുണ്ട്.

എസ്ഐപി അക്കൗണ്ടുകളുടെ എണ്ണം ഒരു കോടിക്കു മുകളിലായതായി അസോസിയേഷൻ ഓഫ് മ്യൂച്വൽ ഫണ്ട്സ് ഇന്ത്യ (ആംഫി) അറിയിച്ചു.

റിലയൻസ് മ്യൂച്വൽ ഫണ്ട് 2 ലക്ഷം കോടി ക്ലബ്ബിൽ

റിലയൻസ് കാപ്പിറ്റലിന്റെ ഭാഗമായ റിലയൻസ് മ്യൂച്വൽ ഫണ്ട് അസറ്റ് മാനേജ് ചെയ്യുന്ന കാര്യത്തിൽ ‘രണ്ടു ലക്ഷം കോടി ക്ലബ്ബി’ൽ പ്രവേശിച്ചു. റിലയൻസ് മ്യൂച്വൽ ഫണ്ട് മാനേജ് ചെയ്യുന്ന ആസ്തിയുടെ വലുപ്പം രണ്ടു ലക്ഷം കോടി രൂപയ്ക്കു മുകളിലായി. രാജ്യത്തെ 43 ഫണ്ട് ഹൗസുകളിൽ ഈ ക്ലബ്ബിൽ പ്രവേശിക്കുന്ന മൂന്നാമത്തെ ഫണ്ട് ഹൗസ് ആണ് റിലയൻസ് മ്യൂച്വൽ ഫണ്ട്.

ഐസിഐസിഐ പ്രൂഡൻഷ്യൽ മ്യൂച്വൽ ഫണ്ട് ( 2.16 ലക്ഷം കോടി രൂപ), എച്ച്ഡിഎഫ്സി മ്യൂച്വൽ ഫണ്ട് ( 2.13 ലക്ഷം കോടി രൂപ) എന്നിവരാണ് ഒന്നും രണ്ടും സ്‌ഥാനത്ത്.