അശാന്തിയുടെ തീരത്ത്...
അശാന്തിയുടെ തീരത്ത്...
Friday, December 16, 2016 6:27 AM IST
ഇരുപത്തിയെട്ടു വർഷം മുമ്പ് വിവാഹിതരായവരാണ് സാമും സുജയും. സർക്കാർ ഉദ്യോഗസ്‌ഥനായ സാം ജോലിയിൽ നിന്ന് വിരമിച്ചിട്ട് ഒരുവർഷമായി. മകൾ എൻജിനിയറിംഗ് പാസായശേഷം ഒരു ബാങ്കിൽ ജോലി ചെയ്യുന്നു. മകൻ എൻജിനിയറിംഗ് പഠനകാലത്ത് രാഷ്ര്‌ടീയം കളിച്ച് പഠനത്തിൽ പിന്നോക്കമായി. ഇപ്പോൾ സപ്ലിമെന്ററി പരീക്ഷകൾ എഴുതി കഷ്‌ടിച്ച് പാസായി സർക്കാർ ജോലികൾക്ക് ടെസ്റ്റുകൾ എഴുതാനുള്ള തയാറെടുപ്പിലാണ്. മകളുടെ പെരുമാറ്റ പ്രശ്നത്തെക്കുറിച്ച് സംസാരിക്കാനാണ് ദമ്പതികൾ എന്റെ അടുത്തു വന്നത്. കാര്യങ്ങൾ എങ്ങനെയെന്നറിയാൻ അവരുമായി സംസാരിച്ചപ്പോൾ സുജ അവളുടെ മനസ് തുറന്നു.

കുടുംബത്തിനായി ജീവിച്ച സാം

ഇരുപത്തിയെട്ടുവർഷത്തെ ദാമ്പത്യ ജീവിതത്തിലെ പരാതികൾ മുഴുവൻ നിരത്തിവയ്ക്കാൻ രണ്ടരമണിക്കൂർ സംസാരിച്ചിട്ടും സുജയ്ക്കു തൃപ്തിയായില്ല. ഭർത്താവിനെ കൂടെ ഇരുത്തിക്കൊണ്ടുള്ള ആ സംഭാഷണത്തിൽ വളരെ പക്വതയോടെ ചോദിച്ച ചോദ്യങ്ങൾക്കു മാത്രമേ ഭർത്താവ് മറുപടി പറഞ്ഞുള്ളൂ. ചില പരാതികൾ കേൾക്കുമ്പോൾ നിസംഗതയോടെ ഭാര്യയുടെ മുഖത്തേക്ക് അയാൾ നോക്കുന്നതു കാണാമായിരുന്നു. അവർ രൂക്ഷവും ആക്രമാസക്‌തവുമായ ഭാഷയിലാണ് സംസാരിച്ചുകൊണ്ടിരുന്നത്. തുച്ഛമായ ശമ്പളമേ ഉണ്ടായിരുന്നുള്ളൂവെങ്കിലും അതു മുഴുവൻസഹോദരങ്ങൾക്കുവേണ്ടി സാം ചെലവഴിച്ചു. മൂത്ത സഹോദരന് ജോലി കിട്ടിയപ്പോൾ അയാൾ ജോലി സ്‌ഥലത്തിനടുത്തു വീടുവച്ചു താമസിച്ചു. ചെറിയ സഹായം പോലും കുടുംബത്തിലേക്ക് കൊടുത്തില്ല. ഇളയ സഹോദരനും രണ്ടു സഹോദരിമാരും അടങ്ങിയ കുടുംബത്തെ സാം വീണ്ടും സഹായിച്ചുകൊണ്ടേയിരുന്നു. വിവാഹശേഷം സുജയുമായി കുടുംബവീട്ടിൽത്തന്നെ താമസിക്കുകയും വീട്ടാവശ്യങ്ങൾക്കായി പണം ചെലവാക്കുകയും ചെയ്തു. സുജ ഇതിനെ ചോദ്യം ചെയ്തിട്ടും അയാൾ മാറ്റം വരുത്താൻ കൂട്ടാക്കിയില്ല.

സുജ ഗർഭിണിയായപ്പോൾ അവൾക്കുവേണ്ടി സാമും അയാളുടെ അമ്മയും ഒന്നും ചെയ്തില്ലെന്ന കാര്യം രോഷത്തോടെയും ദുഃഖത്തോടെയും സുജ പറഞ്ഞു. അവൾക്ക് ഭക്ഷണം പോലും കൊടുത്തില്ലെന്നും പറഞ്ഞു. ആ സമയത്ത് ജ്യേഷ്ഠന്റെ ഭാര്യ ആശുപത്രിയിലായിരുന്നപ്പോൾ അവരെ പരിചരിക്കാൻ മൂന്നുദിവസം ആശുപത്രിയിൽ നിന്ന ശേഷമാണ് അമ്മ മടങ്ങിവന്നത്. അതു മനസിൽ വലിയ ആഘാതമേൽപ്പിച്ചുവെന്നും അവൾ പറഞ്ഞു.

പതിമൂന്നു വർഷത്തിനുശേഷം അനുജൻ വിവാഹം കഴിച്ച് ജോലിസ്‌ഥലത്ത് താമസമാക്കി. അവനും കുടുംബത്തിലേക്ക് ഒന്നും കൊടുക്കാതെയായി. സഹോദരിയുടെ വിവാഹവും സാം നടത്തിക്കൊടുത്തു. അതിനുശേഷമാണ് ഭാര്യയുമായി ജോലിസ്‌ഥലത്തേക്ക് താമസം മാറ്റിയത്. അപ്പോൾ സമ്പാദ്യമായി കൈയിൽ ഒന്നും ഉണ്ടായിരുന്നില്ല. പിന്നീട് ജോലി ചെയ്ത പണം കൊണ്ടു മക്കളുടെ വിദ്യാഭ്യാസവും വീട്ടുചെലവും നടത്തി. കടമെടുത്താണ് വീടു വാങ്ങിയത്.

സമാധാനമില്ലാത്ത ജീവിതം

സുജ ഭർത്താവിനും മക്കൾക്കും ഒപ്പം യാത്ര പോകാൻ ആഗ്രഹിക്കുമ്പോഴെല്ലാം സാം മാതാപിതാക്കളെ കാണാൻ നാട്ടിലേക്കു പോകും. പിറ്റേ ദിവസമായിരിക്കും മടങ്ങി വരിക. സുജ ഇതിനെപ്പറ്റി പരാതി പറയുമ്പോൾ അയാൾ ദേഷ്യപ്പെട്ട് ഇറങ്ങിപ്പോകുകയോ ഉച്ചത്തിൽ ടിവി വയ്ക്കുകയോ ചെയ്യും. രാത്രിയായാൽ ടിവി കണ്ടും പത്രം വായിച്ചും സമയം കഴിക്കും. എന്നിട്ട് സ്വീകരണമുറിയിൽ ആയിരിക്കും പല ദിവസങ്ങളിലും ഉറങ്ങുന്നത്. മദ്യപിക്കുകയോ പുകവലിക്കുകയോ കൂട്ടുകാരുമൊത്ത് സമയം ചെലവഴിക്കുകയോ ഒന്നും സാം ചെയ്യാറില്ല. വീടും ഓഫീസുമായി ജീവിച്ച് കിട്ടുന്ന പണം മറ്റുള്ളവർക്കുവേണ്ടി ചെലവഴിക്കുകയല്ലാതെ മറ്റൊരു ദുഃസ്വഭാവവും സാമിനില്ലായിരുന്നു. സുജയുടെ സാധാരണ ആവശ്യങ്ങളെല്ലാം കൃത്യമായി ചെയ്തുകൊടുത്തിരുന്നു. എങ്കിലും സാമൂഹ്യബന്ധം നിലനിർത്താനോ അത്യാവശ്യ പൊതുചടങ്ങുകളിൽ പങ്കെടുക്കാനോ കൂടെ പോകുകയും പണം ചെലവഴിക്കുകയും ചെയ്യാൻ സാം മടി കാണിച്ചിരുന്നത് സുജയുടെ മനസിനെ ആഴത്തിൽ മുറിവേൽപ്പിച്ചു. അത്യാവശ്യ കാര്യങ്ങൾക്ക് സുജ ഭർത്താവറിയാതെ സഹോദരനിൽ നിന്ന് പണം വാങ്ങി. അങ്ങനെ വീട്ടിൽ മിക്ക ദിവസങ്ങളിലും വഴക്കു പതിവായിരുന്നു. വളർന്നുവന്നപ്പോൾ മക്കൾ കടുത്ത അനുസരണക്കേടുകാരായി മാറി. അമ്മ എന്തു പറഞ്ഞാലും മകൾ എതിർക്കും. ചിലപ്പോഴൊക്കെ സാം മകളെ പിൻതാങ്ങി സംസാരിക്കും. അപ്പോൾ സുജയ്ക്ക് കലി കയറും. കണ്ണിൽ കണ്ടതൊക്കെ എടുത്തെറിയുകയും സാമിനെ ചീത്തവിളിക്കുകയും ചെയ്യും. ഇപ്പോൾ മകൾ അച്ഛനോടും എതിർത്തു സംസാരിക്കുന്നു. അച്ഛനും അമ്മയും എന്തു പറഞ്ഞാലും അനുസരിക്കുകയില്ല എന്നു മാത്രമല്ല തർക്കുത്തരം പറഞ്ഞ് വഴക്കുണ്ടാക്കുകയും ചെയ്യും. സുജയുടെ വീട്ടുകാരെയെല്ലാം മകൾ ചീത്ത പറയും. അവർ വീട്ടിൽ വന്നാൽ സംസാരിക്കാൻ പോലും മടി കാണിക്കും. അതിനെ സാം അനുകൂലിക്കുന്നു എന്നതാണ് സുജയുടെ പരാതി. സാം അതു നിഷേധിച്ചെങ്കിലും മകളെ ശാസിക്കില്ലെന്നാണ് എനിക്ക് മനസിലാകകാൻ കഴിഞ്ഞത്.


അമിത ഭക്‌തി വരുത്തിയ വിന

നേർച്ചകൾ നേർന്ന് കൂട്ടുന്ന ഒരു സ്വഭാവം സുജയ്ക്കുണ്ട്. മകൾക്ക് ജോലി കിട്ടാൻ ഒരു സ്‌ഥലത്ത് നേർച്ച നേർന്നിരുന്നു. ജോലി കിട്ടിക്കഴിഞ്ഞപ്പോൾ അവിടെപ്പോകാൻ മകൾ കൂട്ടാക്കിയില്ല. ഈയിടെ നേർച്ച നിറവേറ്റിയില്ലെങ്കിൽ ഭ്രാന്തുപിടിക്കുമെന്ന് ആരോ സുജയോട് പറഞ്ഞു. അതു കേട്ടപ്പോൾ മുതൽ സുജയ്ക്ക് ഭയം തുടങ്ങി. നേർച്ച നിറവേറ്റാത്തതുകൊണ്ട് ഭ്രാന്താണ് മകൾക്കെന്ന് അവൾ കേൾക്കെ പറഞ്ഞത് മറ്റൊരു വഴക്കിന് തുടക്കമിട്ടു. ഭ്രാന്ത് അമ്മയ്ക്കാണെന്നും തനിക്കില്ലെന്നും അവൾ പറഞ്ഞു. സാം ഇതുകേട്ട് മൗനം പാലിച്ചപ്പോൾ സാം മകളുടെ പക്ഷത്താണെന്നും തന്നെ ഭ്രാന്തിയാക്കിയിട്ട് അപ്പനും മകളും സന്തോഷിക്കുകയാണെന്നും പറഞ്ഞ് സുജ ബഹളമുണ്ടാക്കി. അപ്പോൾ മകൾ നിനക്ക് വട്ടാണെടീ എന്ന് പറഞ്ഞ് അമ്മയെ പരിഹസിച്ചു. മകൾ എടീ എന്നു വിളിച്ചിട്ടും ഒന്നും മിണ്ടാതെ സാം അവളെ പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തതെന്ന് പറഞ്ഞ് സാമിനോടു വഴക്കിട്ടു. മകൻ ഇതിലൊന്നും കാര്യമായി ഇടപെടാറില്ലെങ്കിലും അവന്റെ മനസ് അസ്വസ്‌ഥമാണ്. മാതാപിതാക്കളോടും സഹോദരിയോടും അത്യാവശ്യത്തിനു മാത്രമേ അവൻ സംസാരിക്കു. കൂടുതൽ സമയം പുറത്തു കൂട്ടുകാരുമൊത്തോ ഫോണിലോ കംപ്യൂട്ടറിലോ ആയി അവൻ സമയം ചെലവഴിക്കുന്നു.

സ്നേഹം കൊതിച്ച ഭാര്യ

സങ്കീർണമായ ഒരു കുടുംബകഥയാണ് നാം ഇവിടെ കേട്ടത്. സുജയുടെ മനസിൽ ആഴമായി പതിഞ്ഞിരിക്കുന്ന ചില മുറിവുകൾ അനുസരിച്ചാണ് സുജ പെരുമാറുക. തന്നെ അവഗണിച്ച ഭർത്താവ് അതു മനഃപൂർവം ചെയ്തതാണെന്നും അതു തനിക്കു പരിഹരിക്കാനാകാത്ത നഷ്‌ടം വരുത്തിവച്ചുവെന്നും സുജ വിശ്വസിക്കുന്നു. ഭർത്താവ് ഒരുതരത്തിലും തന്നെ പിൻതാങ്ങുന്നില്ലെന്ന ബോധ്യത്തിൽ നിന്നുകൊണ്ട് ഭർത്താവിന്റെ പ്രവൃത്തികളെല്ലാം തനിക്കെതിരാണെന്ന് തീരുമാനിച്ച് പെരുമാറുകയാണ് അവർ ചെയ്യുന്നത്. കോഗ്നിറ്റീവ് ബിഹേവിയർ തെറാപ്പി അനുസരിച്ച് ഒരു കാര്യം കേൾക്കുമ്പോഴോ കാണുമ്പോഴോ നമുക്കുണ്ടാകുന്ന പെട്ടെന്നുള്ള ചിന്ത (Automatic Thought) വികാരങ്ങളുണ്ടാക്കുകയും ആ വികാരങ്ങൾ നമ്മെ ചില പ്രവൃത്തികളിലേക്ക് നയിക്കുകയും ചെയ്യുന്നു. അതുകൂടാതെ നാം എല്ലാവരും വിവിധതരം സ്കീമാകൾ (Schema) ഉള്ളവരാണെന്നും പറയുന്നു. സ്കീമാ എന്നാൽ നാം നമ്മുടെ അനുഭവങ്ങളുടെ പശ്ചാത്തലത്തിൽ സൃഷ്‌ടിച്ചെടുക്കുന്ന ഒരു ഫ്രെയിം എന്നാണർഥം. മഞ്ഞപ്പിത്തമുള്ളയാൾ എല്ലാം മഞ്ഞയായി കാണുന്നുവെന്ന് പറയുന്നതുപോലെ നാം കാണുന്നതെല്ലാം നമ്മുടെ ഈ സ്കീമായുടെ അടിസ്‌ഥാനത്തിലായിരിക്കും. ഭർത്താവ് തന്നെ ഒരിക്കലും പിൻതാങ്ങുന്നില്ല എന്ന സ്കീമായിൽ നിന്നുകൊണ്ട് ഭർത്താവിന്റെ എല്ലാ പ്രവൃത്തികളെയും സംശയത്തോടെ വീക്ഷിച്ചതാണിവിടെ.

അതുകൂടാതെ തന്നെപ്പറ്റിയും മറ്റുള്ളവരെപ്പറ്റിയും ഭാവിയെപ്പറ്റിയുമുള്ള ധാരണയും ഒരാളുടെ പെരുമാറ്റത്തെ ബാധിക്കും. ഇവിടെ ഭൂതകാലം മുഴുവൻ നഷ്‌ടപ്പെട്ടു. ഇനി എന്തുനേടാനാണ്, ജീവിതം ഇയാൾ നശിപ്പിച്ചു, ഒരു പ്രതീക്ഷയ്ക്കും വകയില്ല എന്ന് നിരന്തരം പറയുന്ന സുജ ജീവിതത്തിലേക്ക് വീണ്ടും ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നു. മറ്റൊരു കാര്യം ഇവരുടെ ജീവിതത്തിലെ പൊരുത്തക്കേട് കുഞ്ഞുങ്ങൾക്ക് മാർഗഭ്രംശത്തിന് കാരണമാക്കുന്നുവെന്നതാണ്. ഒരു കാര്യത്തിലും അഭിപ്രായ സമന്വയമില്ലാത്തതുമൂലം ആരു പറയുന്നതാണ് ശരിയെന്ന് കുട്ടികൾക്ക് തിരിച്ചറിയാൻ കഴിയുന്നില്ല. തന്മൂലം അവർക്ക് മാർഗഭ്രംശം സംഭവിക്കുന്നു. ഇവിടെ ത്രികോണവത്കരണം എന്ന പ്രക്രിയയും സജീവമാണ്. അപ്പൻ, അമ്മ, മക്കൾ എന്നിവരിൽ ആരെങ്കിലും രണ്ടുപേർ ഒരു പക്ഷത്തും മറ്റേയാൾ ഒറ്റയ്ക്കും ആണെന്നതാണ് ത്രികോണവത്കരണം. ഇതു അപകടകരമായ ഒരു പ്രതിഭാസമാണ്. ഒന്നായി നിൽക്കുന്നവർ മേൽക്കോയ്മയും ഒറ്റപ്പെട്ടയാൾ തിരസ്കരണവും അനുഭവിക്കുമ്പോൾ പ്രശ്നങ്ങൾ രൂക്ഷമാകുകയും കുടുംബശൈഥില്യം സംഭവിക്കുകയും ചെയ്യും. മൂന്നാമത്തേത് പ്രായപൂർത്തിയായ പെൺകുട്ടിയുടെ സ്വഭാവവൈകല്യമാണ്. അമ്മയെയും അപ്പനെയും തോൽപ്പിക്കാൻ മകൾ സ്വയം നശിക്കുകയാണ്. അവളെയും ബിഹേവിയർ തെറാപ്പിക്ക് വിധേയമാക്കേണ്ടതാണ്.

ഡോ. പി. എം. ചാക്കോ പാലക്കുന്നേൽ
പ്രിൻസിപ്പൽ, നിർമൽ ജ്യോതി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കൗൺസലിംഗ് ആൻഡ് സൈക്കോതെറാപ്പി,
പത്തനംതിട്ട.