ജയേഷ് നായർ (കാമറ സ്ലോട്ട്)
ജയേഷ് നായർ (കാമറ സ്ലോട്ട്)
Thursday, December 15, 2016 6:20 AM IST
ഒറ്റനോട്ടത്തിൽ ജയേഷ് നായർ ഒരു റോക്ക് ബാൻഡിലെ അംഗമെന്നോ സിനിമാ താരമെന്നോ മറ്റോ തോന്നൂ. നീട്ടിവളർത്തിയ മുടിയും തിളങ്ങുന്ന കണ്ണുകളുമൊക്കെ ഇത്തരമൊരു ലുക്കാണ് ജയേഷിനു നൽകുന്നത്. പക്ഷേ, ഛായാഗ്രാഹകനെന്ന നിലയിൽ ജയേഷിന്റെ സ്‌ഥാനം കാമറയ്ക്കു പിന്നിലാണ്. മൂന്നുവർഷം നീണ്ട കരിയറിൽ നാമമാത്രമായ ചിത്രങ്ങൾക്കു മാത്രമേ ഛായാഗ്രഹണം നിർവഹിച്ചിട്ടുള്ളുവെങ്കിലും അവ ജയേഷിന്റെ പ്രതിഭയെ അടയാളപ്പെടുത്തുന്നവയാണ്.

ഷോർട്ട് ഫിലിമുകൾക്കും ഡോക്യുമെന്ററികൾക്കും ഛായാഗ്രഹണം നിർവഹിച്ചുകൊണ്ടായിരുന്നു ജയേഷിന്റെ തുടക്കം. തുടർന്ന് യുവസംവിധായകനായ അനിൽ രാധാകൃഷ്ണമേനോൻ ഒരുക്കിയ മൂന്നു ചിത്രങ്ങളുടെയും ഛായാഗ്രഹണം നിർവഹിക്കാൻ ജയേഷിനു സാധിച്ചു.

അനിലിന്റെ ആദ്യചിത്രമായ നോർത്ത് 24 കാതമാണ് ജയേഷിന്റെയും തുടക്ക ചിത്രം. ഒരു ഹർത്താൽ ദിനത്തിൽ അവിചാരിതമായി ഒത്തുചേരുന്ന മൂന്നു യാത്രക്കാരുടെ കഥ പറഞ്ഞ ഈ ചിത്രം വ്യത്യസ്തമായ കാഴ്ചയുടെ അനുഭവങ്ങളാണു പ്രേക്ഷകർക്കു സമ്മാനിച്ചത്. ഫഹദ് ഫാസിൽ, നെടുമുടി വേണു, സ്വാതി റെഡ്ഡി എന്നിവരായിരുന്നു ഈ ചിത്രത്തിലെ താരങ്ങൾ. അനിൽതന്നെ രചനയും സംവിധാനവും നിർവഹിച്ച ഈ ചിത്രം ദേശീയ, സംസ്‌ഥാന അവാർഡുകൾ കരസ്‌ഥമാക്കി.

തുടർന്ന് അനിൽ സംവിധാനംചെയ്ത സപ്തമശ്രീ തസ്ക്കരാഹഃ എന്ന ചിത്രത്തിന്റെയും കാമറാമാൻ ജയേഷായിരുന്നു. ഏഴു കള്ളന്മാരുടെ കഥ പറഞ്ഞ ഈ ചിത്രം തിയറ്ററിൽ വൻ വിജയമാണു നേടിയത്. പ്രേക്ഷകർക്കു രസിക്കുന്ന രീതിയിൽ സിനിമയൊരുക്കിയാൽ കഥയിലെ ലോജിക്കിനു സ്‌ഥാനമില്ലെന്നു തെളിയിച്ച ഈ ചിത്രത്തിനു ദൃശ്യമനോഹാരിത പകരാൻ ജയേഷിന്റെ കാമറ പര്യാപ്തമായിരുന്നു.
ലോർഡ് ലിവിംഗ്സ്റ്റൺ 7000 കണ്ടി– കേരളത്തിലെ വനഭംഗി ഇത്രയും മനോഹരമായി ചിത്രീകരിച്ചിട്ടുള്ള മറ്റൊരു ചിത്രം മലയാള സിനിമയുടെ ചരിത്രത്തിലില്ല. വനവും അതിലെ ഉൾക്കാഴ്ചകളും മുൻപും സിനിമയിൽ ചിത്രീകരിച്ചിട്ടുണ്ടെങ്കിലും ഈ ചിത്രത്തിൽ, കാട് പുതിയൊരു അനുഭവമാക്കി മാറ്റാനുള്ള ആത്മാർഥമായ പരിശ്രമമാണ് സംവിധായകൻ അനിൽ രാധാകൃഷ്ണമേനോനും അണിയറക്കാരും ചേർന്നു നടത്തിയത്. അത്രയ്ക്ക് യുക്‌തിഭദ്രമൊന്നുമല്ലാത്ത കഥ സിനിമയാക്കിയപ്പോൾ, കാഴ്ചക്കാരനെ തിയറ്ററിൽ പിടിച്ചിരുത്താനുള്ള ശ്രമകരമായ ദൗത്യം ഛായാഗ്രാഹകൻ ജയേഷ് നായർക്കായിരുന്നു. ഹോളിവുഡ് ചിത്രത്തിന്റെ നിലവാരത്തോടെ ചിത്രമൊരുക്കി ജയേഷ് തന്റെ കടമ നിർവഹിച്ചു.

വയനാട്, ഇടുക്കി വനമേഖലകളിലായിരുന്നു ലോർഡ് ലിവിംഗ്സ്റ്റൺ ചിത്രീകരിച്ചത്. ഏറെ ക്ലേശകരമായാണ് ഉൾവനങ്ങളിലെ ചിത്രീകരണം നിർവഹിച്ചത്. ജിമ്മി ജിബ് കാമറാ ക്രെയിൻ സംവിധാനം ഉപയോഗിച്ചു ചിത്രീകരിച്ച വനത്തിലെ കയറ്റിറക്കങ്ങൾ ചിത്രത്തിന് അലങ്കാരമായി. 82–ഓളം വി.എഫ്.എക്സ് രംഗങ്ങളാണ് ചിത്രത്തിൽ ഉപയോഗിച്ചിരിക്കുന്നത്. ഇതിനുവേണ്ടി ശ്രദ്ധയോടെയുള്ള ചിത്രീകരണമാണ് ജയേഷ് നായർ നടത്തിയത്.

മുംബൈയിൽ ജനിച്ചുവളർന്ന ജയേഷിന്റെ കുടുംബവേരുകൾ ചാലക്കുടിയിലാണ്. പൂനയിലെ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു പഠിക്കാനായിരുന്നു ചെറുപ്പംമുതലുള്ള ആഗ്രഹം. അവിടേക്കുള്ള എൻട്രൻസ് ടെസ്റ്റിൽ ആദ്യതവണ പരാജയപ്പെട്ടതിനെത്തുടർന്ന് ബോളിവുഡ് സിനിമാട്ടോഗ്രാഫർ കിരൺ ദ്യോഹന്റെ അസിസ്റ്റന്റായി ഒരു വർഷത്തോളം പ്രവർത്തിച്ചു. തുടർന്ന് 2011–ൽ പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽനിന്നും ഛായാഗ്രണത്തിൽ ബിരുദമെടുത്തു. തുടർന്ന് അനുരാഗ് കശ്യപിന്റെ ഹിന്ദിചിത്രത്തിൽ രാജീവ് രവിയുടെ അസിസ്റ്റന്റായി പ്രവർത്തിക്കാനായത് തന്റെ കരിയറിലെ വഴിത്തിരിവായതായി ജയേഷ് കരുതുന്നു. ഇക്കാലത്ത് അദ്ദേഹത്തിൽനിന്നും ഏറെ കാര്യങ്ങൾ പഠിക്കാനായതും ഇദ്ദേഹം ഓർമിക്കുന്നു.

കാമറയുടെ ലോകം വിട്ടാൽ, യാത്രകളാണ് ജയേഷിനു ഹരം. പുതിയ സ്‌ഥലങ്ങളും കാഴ്ചകളും തേടിയുള്ള യാത്രകൾ കാമറാമാൻ എന്ന രീതിയിൽ ഏറെ പ്രചോദനമാകാറുണ്ടെന്നും ജയേഷ് പറയുന്നു.

തയാറാക്കിയത്: സാലു ആന്റണി