ഓർമകളുടെ താഴ്വരയിൽ
ഓർമകളുടെ താഴ്വരയിൽ
Wednesday, December 14, 2016 6:31 AM IST
സൂപ്പർ ക്യാരക്ടർ

ഇന്നലെകളിലേക്കുള്ള യാത്രയിലാണ് രവി. തന്നിലെ മനുഷ്യനെ മാറ്റിയെടുത്ത മണ്ണിൽ ഒരു വിശ്രമ കാലത്തിന്റെ വസന്തത്തിലേക്ക്. ഇതാണ് ഡോ. രവി തരകൻ ജനിച്ച സ്‌ഥലം... തന്റെ ജീവിതം തിരിച്ചറിഞ്ഞ് ഒരു നെടുവീർപ്പോടെയുള്ള ആത്മഗതം. അയാളും ഞാനും തമ്മിലുള്ള ആത്മബന്ധത്തിന്റെ കാണാനൂലിഴകൾ മരണം കൊണ്ട് അന്യമായിരിക്കുന്നു. അയാൾ... രവി തരകനെ ഡോ.രവി തരകനാക്കിയ ഡോ. സാമുവൽ.

ലാൽ ജോസിന്റെ സംവിധാനത്തിലെത്തിയ അയാളും ഞാനും തമ്മിൽ എന്ന ചിത്രത്തിൽ പൃഥ്വിരാജിന്റെ അവിസ്മരണീയമാക്കിയ കഥാപാത്രമായിരുന്നു ഡോ. രവി തരകൻ. സഞ്ജയ് ബോബിയുടെ തിരക്കഥയിൽ 2012ൽ എത്തിയ ഈ ചിത്രത്തിലൂടെ ആ വർഷത്തെ മികച്ച നടനുള്ള സംസ്‌ഥാന പുരസ്കാരമടക്കം നിരവധി നേട്ടങ്ങളാണ് പൃഥ്വിരാജ് നേടിയത്. ഒന്നര പതിറ്റാണ്ടു വരുന്ന അഭിനയ ജീവിതത്തിലെ തന്നെ ഏറ്റവും മികച്ച വേഷങ്ങളിലൊന്നാണ് അയാളും ഞാനും തമ്മിലിലെ ഡോ.രവി തരകൻ. ഒരു ഡോക്ടറിന്റെ ജീവിതത്തെ വരച്ചിട്ടു കാണിച്ച ചിത്രത്തിൽ പൃഥ്വിരാജിലെ അഭിനേതാവിനെ ഏറ്റവും ഫലപ്രദമായി സംവിധാകൻ ലാൽ ജോസ് ഉപയോഗിച്ചിരിക്കുന്നു.

ഡോ. രവി തരകൻ പ്രശസ്തനായ ഹൃദ്രോഗ ചികിത്സാവിദഗ്ദനാണ്. എന്നാൽ ഇപ്പോൾ അദ്ദേഹം പോലീസും മാധ്യമങ്ങളും അന്വേഷിക്കുന്ന കുറ്റവാളിയാണ്. അത്യാസന്ന നിലയിൽ ആശുപത്രിയിലെത്തിയ പെൺകുട്ടിയെ മാതാപിതാക്കളുടെ സമ്മതമില്ലാതെ സർജറിക്കു വിധേയയാക്കി. എന്നാൽ പെൺകുട്ടി മരണപ്പെടുന്നു. നാട്ടുകാർ പ്രകോപിതാരാവുന്നതോടെ ഡോക്ടറെ കാണാതാവുന്നു. ഇതാണ് അന്നുവരെ ഏവർക്കു പ്രിയങ്കരനായ ഡോക്ടർ ഇന്നു കുറ്റവാളിയായതിനു കാരണം. ആശുപത്രിയിൽ രവിയുമായി സൗഹൃദമുണ്ടായിരുന്ന ദിയ സുഹൃത് ബന്ധത്തിലൂടെ അയാളെ തിരക്കിയിറങ്ങുകയാണ്.

മെഡിക്കൽ പഠനം പൂർത്തിയാക്കുന്ന രവിക്കു റൂറൽ ഇന്റേൺഷിപ്പു ചെയ്യാനായി പോകേണ്ടിവരുന്നത് മൂന്നാറിലെ റിഡംപ്ഷൻ ഹോസ്പിറ്റലിലേക്കാണ്. കോളജിലെ സുഹൃത്തായ വിവേകും പ്രണയിനി സൈനുവും അപ്പോഴും രവിയുമായി ബന്ധം സൂക്ഷിച്ചിരുന്നു. എന്നാൽ കണിശക്കാരനായ ഡോ. സാമുവലിന്റെ പെരുമാറ്റം അവിടെ ഒരു ജയിലിന്റെ അന്തരീക്ഷമാണ് രവിക്കു സമ്മാനിച്ചത്. ആകെ ആശ്രയം ഡോ. സുപ്രിയയുടെ സൗഹൃദമായിരുന്നു. എസ്. ഐ പുരുഷോത്തമനുമായി ഇതിനിടയിൽ രവി ഉടക്കുണ്ടാക്കുന്നു. എറണാകുളത്തുവെച്ച് സൈനുവുമായി രജിസ്റ്റർ കല്യാണം നടത്താൻ പദ്ധതിയിടുന്നുണ്ടെങ്കിലും പോകുന്ന വഴിയിൽ എസ്.ഐ തടസമായി മാറുന്നു. രവി അവിടെത്തുമ്പോഴേക്കും സൈനുവിനെ വീട്ടുകാർ പിടിച്ചു കൊണ്ടു പോയിരുന്നു. ഇനിയൊരിക്കലും സൈനുവുമായി ഒന്നിക്കില്ല എന്ന തിരിച്ചറിവിൽ ഹോസ്പിറ്റലിൽ എത്തി അവളുടെ ഓർമകളിൽ ജീവിച്ചു.


ഒരു ദിവസം വൈകുന്നേരം അതീവ ഗുരുതരാവസ്‌ഥയിൽ കൊണ്ടുവന്ന പെൺകുട്ടി പഴയ പോലീസുകാരന്റെ മകളാണെന്ന് അറിയുന്ന രവി താൻ ഈ കുട്ടിയെ ചികിത്സിക്കില്ല എന്നു പറഞ്ഞു മാറിനിന്നു. ആ പോലീസുകാരൻ കരഞ്ഞു കാലിൽ വീണിട്ടും ചികിത്സിക്കാൻ സമ്മതിക്കുന്നില്ല. ഇതറിഞ്ഞു വന്ന ഡോ.സാമുവൽ എല്ലാവരുടേയും മുന്നിൽ വെല്ലു രവിയെ തല്ലുന്നു. പിറ്റേന്ന് ചികിത്സാ വീഴ്ച കുറ്റത്തിനു രവിയുടെ ഡോക്ടർ പദവി എടുത്തു കളയാനുള്ള അന്വേഷണം നടക്കുന്നു. പക്ഷെ അവിടെഎത്തുന്ന ഡോ.സാമുവൽ രവിക്ക് അനുകൂലമായി സാക്ഷി പറയുകയും കുട്ടി സുരക്ഷിതയാണെന്നു അറിയിക്കുകയും ചെയ്യുന്നു. ആ നിമിഷമാണ് ഡോ.സാമുവൽ ആരാണെന്നും ഡോക്ടർ പദവിയുടെ മൂല്യവും രവി തിരിച്ചറിയുന്നത്. പൂർണ സുരക്ഷിതയായി തിരിച്ചു സ്കൂളിൽ പോകുന്ന ആ കുട്ടിയെ രവി വന്നു കാണുകയും ആ കാലിൽ തൊട്ട് ഉള്ളുകൊണ്ട് മാപ്പു പറയുകയും ചെയ്തു. പിന്നീടു വിദേശത്തേക്കു പോയി തിരിച്ചെത്തി പ്രഗത്ഭനായ ഡോക്ടറായി മാറുകയുമായിരുന്നു. ഇപ്പോഴുണ്ടായ ഈ കേസിൽ മൂന്നാറിൽ നിന്നും രവിയെ പോലീസ് അറസ്റ്റു ചെയ്യുമ്പോഴേക്കും ഡോ. സാമുവൽ മരണപ്പെട്ടിരുന്നു. കുട്ടിയുടെ അമ്മയുടെ സമ്മതത്തോടെയാണ് സർജറി ചെയ്യുന്നതെന്നു തിരിച്ചറിയുന്നതോടെ രവി കുറ്റവിമുക്‌തനാകുന്നു. പിന്നീട് മൂന്നാറിലെ റിഡംഷൻ ആശുപത്രിയുടെ മുന്നിലെ ചെരുവിലെ ബഞ്ചിൽ വന്നിരിക്കുമ്പോൾ തന്നിലേക്കാണ് രവി തിരിഞ്ഞു നോക്കുന്നത്.

ഡോ. സാമുവൽ തനിക്കു വേണ്ടി അന്നു പറഞ്ഞ നുണയുടെ ആഴത്തിനെ... അർത്ഥത്തെ തിരിച്ചറിഞ്ഞ് ഡോ.രവി തരകൻ ആ താഴ്വരയിൽ... ഓർമകളെ മനസിൽ നിറച്ചകൊണ്ട്...
തയാറാക്കിയത്: അനൂപ് ശങ്കർ