പുതുമയുള്ള ഇന്റീരിയറുമായി പോളോ ഓൾസ്റ്റാർ
പുതുമയുള്ള ഇന്റീരിയറുമായി പോളോ ഓൾസ്റ്റാർ
Tuesday, December 13, 2016 6:48 AM IST
ജനങ്ങളുടെ വഹനം, അതാണ് ഫോക്സ്വാഗൺ. പേരിന്റെ അർഥത്തിലൂടെത്തന്നെ എന്നും ജനങ്ങൾക്ക് പ്രിയപ്പെട്ട കമ്പനി. 2007ൽ ഇന്ത്യയിലെത്തിയതു മുതൽ ചെറുകാറുകൾ പുറത്തിറക്കി ഇന്ത്യൻ വാഹനപ്രേമികളുടെയും ശ്രദ്ധയാകർഷിച്ചു. 2009– 10 കാലഘട്ടത്തിൽ അവരുടെ ഏറ്റവും ചെറിയ കാറായ പോളോ ഇറങ്ങിയതോടെയാണ് കേരളത്തിൽ ഫോക്സ്വാഗൺ ഡീലർഷിപ്പുകൾ പോലും സജീവമാകുന്നത്. പിന്നീട് വെന്റോ, അമിയോ തുടങ്ങി സാധാരണക്കാരന്റെ കൈയിൽ ഒതുങ്ങുന്ന നിരവധി മോഡലുകൾ ഫോക്സ്വാഗൺ പുറത്തിറക്കിയിട്ടുണ്ട്. എന്നാൽ, പോളോയുടെ വളർച്ച ഇന്നും തുടരുന്നു. പോളോ ജിടി–യിലേക്കും അവിടെനിന്നു പോളോ ഓൾസ്റ്റാറിലേക്കും പോളോയുടെ യാത്ര എത്തിനിൽക്കുന്നു. പോളോയുടെ ലിമിറ്റഡ് എഡിഷൻ മോഡലായ പോളോ ഓൾസ്റ്റാറിന്റെ വിശേഷങ്ങളിലൂടെ.

എക്സ്റ്റീരിയർ

മുഖകാന്തികൊണ്ട് ജനങ്ങളെ ആകർഷിച്ച മോഡലാണ് പോളോ. അതുകൊണ്ടു തന്നെയാവാം സ്പെഷൽ എഡിഷൻ മോഡലിലും മുഖത്തിനു കാര്യമായ മാറ്റം വരുത്തിയിട്ടില്ല. വലുപ്പം നന്നേ കുറഞ്ഞ ചെറിയ ഗ്രില്ലും അതിനു മധ്യത്തിലായി ഫോക്സ്വാഗൺ ലോഗോയും പോളോയുടേതു മാത്രമല്ല, മറ്റെല്ലാ ഫോക്സ്വാഗൺ കാറുകളുടെയും മുഖമുദ്രയാണ്. എന്നാൽ, ബ്ലാക്ക് ഷേഡിൽ എൽഇഡി ലൈറ്റുകൾ നല്കിയിരിക്കുന്ന ഡുവൽ ബീം ഹെഡ്ലാമ്പും ഒപ്പം ഡേടൈം റണ്ണിംഗ് ലൈറ്റുകളും അതിനു താഴെ വളരെ ചെറിയ ഇൻഡിക്കേറ്റർ ലൈറ്റും നല്കിയിരിക്കുന്നു. ബംപറിന്റെ ലോവർ പോർഷനിൽ വലിയ എയർഡാമും വശങ്ങളിലെ ഫോഗ് ലാമ്പുകളെ ബന്ധിപ്പിക്കുന്ന ക്രോം ലൈനും മുൻഭാഗത്തിന്റെ മാറ്റു കൂട്ടുന്നു.

പോളോയിൽനിന്ന് ഓൾസ്റ്റാറിലെത്തുമ്പോഴുള്ള മാറ്റം ദൃശ്യമാകുന്നത് വശങ്ങളിലാണ്. ഡോർ ഹാൻഡിലിനു താഴെക്കൂടി കടന്നുപോകുന്ന ഷോൾഡർ ലൈനുകൾ, ബ്ലാക്ക് ഫിനീഷിംഗിലുള്ള ബി പില്ലറുകൾ എന്നിവയ്ക്കു പുറമേ പുതിയ ഡിസൈനിൽ നിർമിച്ചിരിക്കുന്ന ഡയമണ്ട് കട്ട് 16 ഇഞ്ച് അലോയി വീലുകളും പോളോയിൽനിന്ന് ഓൾസ്റ്റാറിലേക്ക് എത്തുമ്പോഴുള്ള മാറ്റങ്ങളാണ്.

പിൻഭാഗം യാതൊരു രീതിയിലുമുള്ള മാറ്റത്തിനു വിധേയമാക്കിയിട്ടില്ല. താരതമ്യേന വലുപ്പം കുറഞ്ഞതാണെങ്കിലും റിഫ്ളക്ടറുകളും എൽഇഡി ലൈറ്റുകളും നല്കി ടെയിൽ ലാമ്പ് ആകർഷകമാക്കിയിരിക്കുന്നു. സ്റ്റൈലിനൊപ്പം ബൂട്ട് തുറക്കാനുള്ള ലിവറായും പ്രവർത്തിക്കുന്ന പിന്നിലെ ഫോക്സ്വാഗൺ ലോഗോ ഫോക്സ്വാഗണിനു മാത്രം അവകാശപ്പെടാൻ സാധിക്കുന്ന ഒന്നാണ്.

3971 എംഎം നീളവും 1682 എംഎം വീതിയും1469 എംഎം ഉയരവുമാണ് ഓൾസ്റ്റാറിനുള്ളത്.

ഇന്റീരിയർ

പോളോയിൽനിന്ന് ഓൾസ്റ്റാറിലേക്കുള്ള കൂടുതൽ ദൂരം വെളിവാകുന്നത് ഇന്റീരിയറിലാണ്. പഴയ പോളോയിൽ ഉള്ളതുപോലെ ബ്ലാക്ക് ഫിനീഷിംഗ് ഡാഷ്ബോർഡും എസി വെന്റുകളും ഓൾ സ്റ്റാറിലും നിലനിർത്തിയിട്ടുണ്ട്. എന്നാൽ, വെള്ളി പൂശിയ സെന്റർ കൺസോളിൽ ഡിവിഡി, പെൻെരഡെവ്, ഓക്സിലറി എന്നിവ കണക്ട് ചെയ്യാവുന്ന ഏഴ് ഇഞ്ച് ഫുൾ ടച്ച് സ്ക്രീൻ ഇൻഫോടെയ്ൻമെന്റ് സിസ്റ്റവും അതിനു താഴെ ഓട്ടോമാറ്റിക് ക്ലൈമറ്റ് കൺട്രോൾ യൂണിറ്റുമുണ്ട്. അലുമിനിയത്തിൽ തീർത്ത സ്പോർട്ടി പെഡലുകളാണ് ആക്സിലറേറ്റർ, ബ്രേക്ക്, ക്ലച്ച് എന്നിവയ്ക്ക് നല്കിയിരിക്കുന്നത്.


മുൻ സീറ്റുകളുടെ മധ്യത്തിൽ ഹാൻഡ് റെസ്റ്റ് നല്കിയിട്ടുണ്ട്. പഴയ പോളോയ്ക്ക് ഇതില്ല. കൂടാതെ, അതിനുള്ളിൽ സാമാന്യം വലുപ്പമുള്ള സ്റ്റോറേജ് സ്പേസും ഒരുക്കിയിട്ടുണ്ട്. ഡുവൽ ടോൺ ഫാബ്രിക് ഫിനിഷിംഗുള്ള സീറ്റുകളാണ് വാഹനത്തിനുള്ളത്. പിൻ യാത്രക്കാർക്ക് ഏറെ പരിഗണന നല്കുംവിധമാണ് പിന്നിലെ സീറ്റ്. സുഖപ്രദമായ സീറ്റുകൾക്കു പുറമേ പുറകിലും എസി വെന്റുകൾ നല്കിയിട്ടുണ്ട്. മീറ്റർ കൺസോൾ, സ്റ്റീയറിംഗ് വീൽ തുടങ്ങിയവയിൽ മാറ്റങ്ങൾ ഒന്നും വരുത്തിയിട്ടില്ല.

സുരക്ഷ

എല്ലാ പ്രീമിയം ഹാച്ച്ബാക് മോഡലിലുമുള്ള സുരക്ഷാ സംവിധാനങ്ങൾ ഇതിലും ഒരുക്കിയിട്ടുണ്ട്. രണ്ട് എസ്ആർഎസ് എയർബാഗുകളും എബിഎസ് ഇബിഡി ബ്രേക്കിംഗ് സംവിധാനവും റിവേഴ്സ് സെൻസറുകളുമാണ് പോളോയിൽ സുരക്ഷയൊരുക്കുന്നത്.

എൻജിൻ

അഞ്ച് സ്പീഡ് മാന്വൽ ഗിയർ ബോക്സിൽ 1.2 ലിറ്റർ പെട്രോൾ എൻജിനിലും 1.5 ലിറ്റർ ഡീസൽ എൻജിനിലുമാണ് പോളോ ഓൾസ്റ്റാർ നിരത്തിലിറക്കിയിരിക്കുന്നത്.

1198 സിസി കരുത്തിൽ മൂന്ന് സിലിണ്ടർ എംപിഐ പെട്രോൾ എൻജിൻ 75 എൻഎം ടോർക്ക് 110 പിഎസ് പവറും, 1498 സിസി കരുത്തിൽ നാല് സിലിണ്ടർ ടിഡി ഐ ഡീസൽ എൻജിൻ 90 എൻഎം ടോർക്ക് 230 പിഎസ് പവറുമാണ് ഉത്പാദിപ്പിക്കുന്നത്.

നിറങ്ങൾ

അഴകാർന്ന ആറു വ്യത്യസ്ത നിറങ്ങളിൽ ഓൾസ്റ്റാർ ലഭ്യമാണ്. റിഫ്ളെക്സ് സിൽവർ, കാൻഡി വൈറ്റ്, ഫ്ളാഷ് റെഡ്, ടോഫി ബ്രൗൺ, കാർബൺ സ്റ്റീൽ എന്നിവയ്ക്കു പുറമേ ബ്ലൂ സിൽക്കി എന്ന പുതിയ നിറത്തിലും പോളോ നിരത്തിലെത്തുന്നു.

മൈലേജ്

പെട്രോൾ മോഡലിന് 16.47 കിലോമീറ്ററും ഡീസൽ മോഡലുകൾക്ക് 20.14 കിലോമീറ്ററും കമ്പനി അവകാശപ്പെടുന്നുണ്ട്.

വില

പെട്രോൾ മോഡലിന് 8.38 ലക്ഷം മുതലും ഡീസൽ മോഡലിന് 10.07 ലക്ഷം രൂപ മുതലുമാണ് കോട്ടയത്തെ ഓൺറോഡ് വില.

ടെസ്റ്റ്ഡ്രൈവ്: ഇവിഎം മോട്ടോഴ്സ് കോട്ടയംഫോൺ: 9895133440

–അജിത് ടോം