ദേഷ്യം എന്ന മനുഷ്യ ബോംബ്
ദേഷ്യം എന്ന മനുഷ്യ ബോംബ്
Saturday, December 10, 2016 6:18 AM IST
എന്താണ് തെറ്റ് എന്താണ് ശരി എന്ന് തിരിച്ചറിയാനാകാത്തവിധം ജീവിതത്തിൽ നിങ്ങൾ സ്‌ഥിരമായി ദേഷ്യപ്പെടാറുണ്ടോ? ആരോടോ അല്ലെങ്കിൽ എന്തിനോടോ ഉള്ള കടുത്ത ദേഷ്യത്തിൽ കാരണം കാണാൻ പരാജയപ്പെട്ട സമയങ്ങളുണ്ടായിട്ടുണ്ടോ?

ട്രാഫിക് ബ്ലോക്കിൽ നിങ്ങളെ ആരെങ്കിലും മറികടന്നാൽ നിങ്ങൾ ക്ഷോഭിക്കാറുണ്ടോ? നിങ്ങളുടെ കുഞ്ഞ് സഹകരിക്കാതിരുന്നാൽ നിങ്ങളുടെ രക്‌ത സമ്മർദം റോക്കറ്റ് വേഗത്തിൽ കുതിച്ചുയരാറുണ്ടോ? ദേഷ്യം വരുമ്പോൾ നിങ്ങളുടെ പങ്കാളിയോട്, കുട്ടികളോട്, സുഹൃത്തുക്കളോട്, കീഴിലുള്ള ഉദ്യോഗസ്‌ഥരോട് അലറിവിളിക്കാറുണ്ടോ?

ഇനി യാഥാർത്ഥ്യത്തിലേക്കു വരാം. എപ്പോൾ വേണമെങ്കിലും പൊട്ടിത്തെറിക്കാൻ തയാറായി നിൽക്കുന്ന, മനുഷ്യ ബോംബെന്ന അപകടകാരിയായ വൈകാരിക അസ്‌ഥിരതയുടെ, ലക്ഷോപലക്ഷം ഇരകളിലൊരാളാണ് നിങ്ങൾ!

ഇരുതല മൂർച്ഛയുള്ള വാൾ

നിർഭാഗ്യവശാൽ ദേഷ്യമെന്ന ഈ മാരക വൈറസ് നിങ്ങൾക്കു ദോഷമുണ്ടാക്കുകയാണ്. സമ്മർദം, ഉയർന്ന രക്‌ത സമ്മർദം, ബന്ധങ്ങൾ നശിക്കൽ, സുഹൃത്തുക്കൾ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവരിൽ നിന്നെല്ലാം ഒറ്റപ്പെടൽ എന്നിവ വഴി നിങ്ങൾക്കു കേടു പറ്റുന്നു.

ആരാണ് നിങ്ങൾ, എന്താണ് നിങ്ങൾ, ആരോടാണ് നിങ്ങൾ സംസാരിക്കുന്നത്, എന്തുകൊണ്ടാണ് നിങ്ങൾ സംസാരിക്കുന്നത് എന്നു തുടങ്ങിയ കാര്യങ്ങളെല്ലാം ദേഷ്യം വരുമ്പോൾ നിങ്ങൾ മറന്നു പോകുന്നു. രസകരമായ കാര്യം പലരും ആരോടെങ്കിലും അലറി വിളിക്കുന്നതിലൂടെ തങ്ങളുടെ ദേഷ്യത്തെ പുറത്തെടുത്ത് കളയാറുണ്ടെന്നതാണ്.

‘ദൈവമേ എന്റെ നാവിന്റെ നിയന്ത്രണം വിട്ടു പോയല്ലോ‘ എന്നോർത്ത് നിങ്ങളിൽ ഭൂരിഭാഗവും പിന്നീട് ഖേദിക്കാറുമുണ്ട്. ദേഷ്യം എന്നത് ഇരുതല മൂർച്ചയുള്ള ഒരു വാളാണെന്ന് നിങ്ങൾ മറന്നു പോകുന്നു. അത് നിങ്ങൾക്ക് വ്യക്‌തിപരമായി വേദന തരുന്നുതുപോലെ നിങ്ങൾ ആരോട് ദേഷ്യപ്പെടുന്നുവോ അവർക്കും വേദനിക്കുന്നു.

ഈ അടുത്ത് ഞാൻ വായിച്ച ഒരു ചെറുകഥ ഇവിടെ പങ്കുവെക്കാം. ദേഷ്യം എങ്ങനെ നിങ്ങൾക്കും മറ്റുള്ളവർക്കും കേടുപാട് വരുത്തും എന്നതിനെക്കുറിച്ചായിരുന്നു ആ കഥ. ഇത് ഒരു അച്ഛന്റെയും മകന്റെയും കഥയാണ്. മകൻ ക്ഷിപ്രകോപിയാണ്. അവന് പെട്ടന്ന് ദേഷ്യം വരും. ഇതിനൊരു പരിഹാരം കാണാൻ പിതാവ് തീരുമാനിച്ചു. ഒരു ദിവസം അച്ഛൻ മകന് ഒരു സഞ്ചി ആണി നൽകി എപ്പോഴൊക്കെ അവന് ദേഷ്യം വരുന്നോ അപ്പോൾ ഒരു ആണി മതിൽ തറക്കണം. ആദ്യ ദിവസം കുട്ടി 37 ആണികൾ വേലിയിൽ തറച്ചു.

ക്രമേണ ഇത് കുറഞ്ഞു കുറഞ്ഞു വന്നു. അവസാനം, വേലിയിൽ ആണി തറക്കുന്നതിനെക്കാൾ എളുപ്പമാണ് തന്റെ മനോനില നിയന്ത്രിക്കൽ എന്ന് കുട്ടി കണ്ടെത്തി. കുട്ടിയുടെ മനോനിയന്ത്രണം വിട്ടു പോകില്ല എന്ന അവസ്‌ഥയിലേക്ക് എത്തിച്ചേർന്ന ദിവസമെത്തി. അച്ഛനോട് കുട്ടി ഇതു പറഞ്ഞപ്പോൾ മനോനില കൈവിടാതിരിക്കാൻ അച്ഛൻ മറ്റൊരു നിർദേശം വെച്ചു. ഓരോ ദിവസവും വേലിയിൽ തറച്ചിരിക്കുന്ന ഓരോ ആണി പറിച്ചെടുക്കണം.

ദിവസങ്ങൾ കടന്നു പോയി എല്ലാ ആണികളും പറിച്ചെടുത്തു എന്ന് ഒരു ദിവസം അവൻ അച്ഛനോട് പറഞ്ഞു. അച്ഛൻ ഇവനെ കൈയ്യിൽ പിടിച്ചു വേലിയിലേക്കു കൊണ്ടു പോയി.
അദേഹം പറഞ്ഞു മകനെ നീ നന്നായി ചെയ്തിരിക്കുന്നു. പക്ഷേ മകനേ, നീ വേലിയിലേക്കു നോക്കു. ഇനിയൊരിക്കലും വേലി പഴയതു പോലെയാകില്ല. നീ ദേഷ്യപ്പെട്ട് എന്തെങ്കിലും പറയുമ്പോൾ അവരിലും ഇതുപോലെയുള്ള പാടുകളുണ്ടാകും. നിനക്ക് ഒരു മനുഷ്യനിൽ ഒരു കത്തി കുത്തിയിറക്കി വലിച്ചൂരാൻ സാധിക്കും. പക്ഷേ, അതിനുശേഷം എത്ര തവണ നീ ക്ഷമ പറഞ്ഞാലും തീരാവുന്നതല്ല അത.് കാരണം ആ മുറിവ് അവിടെ തന്നെയുണ്ടാകും.

ഇതൊരു ലളിതമായ കഥയാണ് പക്ഷേ, ഇത് നിങ്ങളുടെ എവിടെയെങ്കിലും കൊണ്ടോ? തീർച്ചയായും, നിങ്ങൾ തിരിഞ്ഞു നോക്കുമ്പോൾ നിരവധി തവണ നിങ്ങൾ ഇത്തരത്തിലുള്ള മുറിവകളുണ്ടാക്കി സൗകര്യ പൂർവ്വം മറന്നിട്ടുണ്ടാകും. ദേഷ്യത്തെ നിയന്ത്രിക്കാനുള്ള നിങ്ങളുടെ കഴിവില്ലായ്മ മൂലം ഒരിക്കലും ബോധ്യമാകാതെ പോയ നിരവധി മുറിവുകൾ നിങ്ങളിലും മറ്റുള്ളവരിലും ഉണ്ടാക്കിയിട്ടുണ്ട്

വളർച്ചക്കുള്ള തടസം

മാർഷൽ ഗോൾഡ് സ്്മിത്തിന്റെ ഏറ്റവും കുടുതൽ വിറ്റഴിക്കപ്പെട്ട What Got You Here Won't Get You There എന്ന പുസ്തകത്തിൽ പറയുന്നുണ്ട് ‘‘നിങ്ങൾ എപ്പോൾ ദേഷ്യപ്പെട്ട് സംസാരിക്കുന്നുവോ അത് വിജയത്തിൽ നിന്നും നിങ്ങളെ തടഞ്ഞു നിർത്തുന്ന മോശം സ്വഭാവങ്ങളിലൊന്നാണ്’’ എന്ന്. ഒരു മാനേജ്മെന്റ് ഉപകരണം എന്ന നിലയ്ക്ക് ദേഷ്യത്തിന് അതിന്റേതായ മൂല്യമുണ്ട്.

പക്ഷേ, ഈ വൈകാരിക അസ്‌ഥിരത ഒരിക്കലും നേതൃത്വത്തിന് ആശാസ്യമല്ല. നിങ്ങൾക്ക് എപ്പോൾ ദേഷ്യം വരുന്നോ അപ്പോൾ നിങ്ങൾക്ക് നിയന്ത്രണം നഷ്‌ടപ്പെടും. ഇത്തരത്തിൽ നിയന്ത്രണം നഷ്‌ടപ്പെടുന്ന ഒരാൾക്ക് ജനങ്ങളെ നയിക്കുക എന്നത് ദുഷ്കരമായിരിക്കും.

നിങ്ങൾക്കു നിങ്ങളുടെ ദേഷ്യം നിയന്ത്രിക്കാൻ കഴിയുമെന്ന് ചിന്തിക്കുന്നുണ്ടാകാം, അതുകൊണ്ട് നിങ്ങൾ പെട്ടന്നുണ്ടാകുന്ന ദേഷ്യത്തെ കൗശല പൂർവം നിയന്ത്രിച്ച് ആളുകളെ പ്രചോദിപ്പിക്കും. പക്ഷേ, ആളുകൾ എങ്ങനെയായിരിക്കും നിങ്ങളുടെ ദേഷ്യത്തോട് പ്രതികരിക്കുക എന്നത് പ്രവചിക്കാൻ കഴിയില്ല.

ദേഷ്യത്തിന്റെ ഏറ്റവും മോശം വശമെന്നു പറയുന്നത് മാറാനുള്ള കഴിവിനെ അത് തടസപ്പെടുത്തും എന്നുള്ളതാണ്. ഒരിക്കൽ ഈ വൈകാരിക അസ്‌ഥിരതയുടെ പേരിൽ ഖ്യാതി നേടി കഴിഞ്ഞാൽ നിങ്ങൾ ജീവിത കാലം മുഴുവൻ അക്കാരണത്താൽ ബ്രാൻഡ് ചെയ്യപ്പെടും. നിങ്ങൾ ഒരു ദേഷ്യക്കാരനായ നേതാവാണെങ്കിൽ സഹപ്രവർത്തകരുടെ മനസിൽ നിങ്ങൾക്ക് പ്രത്യേകമായൊരു സ്‌ഥാനമായിരിക്കും. നിങ്ങളെക്കുറിച്ച് എപ്പോഴെങ്കിലും അവർ സംസാരിച്ചാൽ അവരുടെ വായിൽ നിന്നും ആദ്യം വരിക ഇതായിരിക്കും. ‘ അദേഹം ഒരു ദേഷ്യക്കാരനാണെന്നാണ് ഞാൻ കേട്ടിരിക്കുന്നത്.’

ദേഷ്യം വരുന്നത് തടയാനാകുമോ?

ഇത് ലക്ഷം കോടി വില വരുന്ന ചോദ്യമാണ്! മാർഷൽ ഗോൾഡ് സ്മിത്ത് അദേഹത്തിന്റെ ബുക്കിൽ ഒരു കഥ പറയുന്നുണ്ട്. ഒരു യുവ കർഷകൻ ഗ്രാമത്തിലേക്കുള്ള ഉത്പന്നങ്ങളുമായി നദിയുടെ ഒഴുക്കിനെതിരെ ഒരു ബോട്ടിൽ സഞ്ചരിക്കുകയായിരുന്നു. നല്ല ചൂടുള്ള ദിവസമായതിനാൽ ഗ്രാമത്തിൽ സാധനങ്ങൾ വിതരണം ചെയ്ത ശേഷം ഇരുട്ടുന്നതിനു മുമ്പ് തിരിച്ചെത്താനായി അൽപം തിരക്കിലുമായിരുന്നു അദേഹം.

കർഷകൻ മുകളിലേക്ക് നോക്കുമ്പോൾ തന്റെ ബോട്ടിനു നേരെ മറ്റൊരു ബോട്ട് വേഗത്തിൽ താഴേക്ക് ഒഴുകി വരുന്നു. തന്റെ ബോട്ടിനെ ഇടിക്കാനായി സർവശക്‌തിയുമെടുത്ത് ആ ബോട്ട് വരികയാണെന്ന് അദേഹത്തിന് തോന്നി. ആബോട്ടിന്റെ പാതയിൽനന്ന് രക്ഷപെടാനായി ആദ്ദേഹം വേഗത്തിൽ തുഴഞ്ഞു.


പക്ഷേ, അതു സാധിക്കില്ലെന്ന് അദ്ദേഹത്തിനുതോന്നിയതോടെ ചെറുപ്പക്കാരൻ വിളിച്ചൂ കൂവി
‘‘വിഡ്ഢീ നീ നിന്റെ ദിശ മാറ്റൂ... നീ എന്നെ ഇടിക്കാൻ പോകുകയാണോ. ഈ പുഴ വളരെ വലുതാണ്. ശ്രദ്ധിക്കൂ.’’ പക്ഷേ, അദേഹത്തന്റെ അലറി വിളിക്കലിന് യാതൊരു ഗുണവുമുണ്ടായില്ല. എതിർ ദിശയിൽ വന്ന ബോട്ട് അയാളുടെ ബോട്ടിൽ വന്ന് ഇടിച്ചു.

അരിശത്തോടെ കർഷകൻ എഴുന്നേറ്റു നിന്ന് മറ്റേ ബോട്ടിലേക്കു നിലവിളിച്ചു കൊണ്ട് പറഞ്ഞു ‘‘ മന്ദബുദ്ധി എങ്ങനെയാണ്, നിനക്ക് എന്റെ ബോട്ടിനെ ഈ നദിയുടെ നടുവിൽ വെച്ച് ഇടിക്കാൻ കഴിഞ്ഞത്? എന്താണ് നിനക്ക് പറ്റിയത്?’’

തുടർന്ന്, അദ്ദേഹം മറ്റേ ബോട്ടിലേക്ക് നോക്കിയപ്പോഴാണ് യാഥാർത്ഥ്യം മനസിലായത്. ആ ബോട്ടിൽ ആരുമില്ല. ആരുമില്ലാതെ താഴേക്ക് വന്ന ബോട്ടിനെ നോക്കിയാണ് അദേഹം അലറിവിളിച്ചത്.
ഇതിൽ നിന്നുള്ള പാഠം വളരെ ലളിതമാണ്. എതിരേ വരുന്ന ബോട്ടിൽ ആരുമുണ്ടാകാറില്ല. നിങ്ങൾക്ക് ദേഷ്യം വരുമ്പോൾ നിങ്ങൾ ശൂന്യമായ ബോട്ടിനെ നോക്കിയാണ് അലറിവിളിക്കുന്നത്. എല്ലാവരുടെയും ജീവിതത്തിൽ ഇത്തരത്തിൽ ഭ്രാന്തമായ ആവേശത്തോടെ തുഴയുന്നവരുണ്ടാകാം തീവ്രമായി വെറുക്കുന്നവരുണ്ടാകാം. അവരെ ദേഷ്യം പിടിപ്പിക്കുകയല്ല ചെയ്യേണ്ടത്്. ദേഷ്യം എന്നത് സാഹചര്യത്തെ മെച്ചപ്പെടുത്തില്ല. മോശമാക്കി കളയാൻ ജീവിതം വളരെ ഹൃസ്വമാണ്. ഇത് ഒരു വ്യക്‌തിയുടെ യശസ് നഷ്‌ടപ്പെടുത്താൻ മാത്രമേ കാരണമാകു. എപ്പോൾ ദേഷ്യം വരുന്നോ അപ്പോൾ മൗനം അവലംബിക്കുക എന്നതാണ് നല്ലത്. കാരണം നിങ്ങളുടെ വികാരം എന്താണെന്നുള്ളത് ആർക്കും മനസിലാകില്ലല്ലോ.

എങ്ങനെ നിയന്ത്രിക്കാം

ദേഷ്യം എങ്ങനെ നിയന്ത്രിക്കാം എന്ന് പറയുന്ന ആയിരക്കണക്കിന് പുസ്തകങ്ങൾ, ലേഖനങ്ങൾ, വെബ്സൈറ്റുകൾ എന്നിവയെല്ലാമുണ്ട്. ഇവയിൽ നിന്നെല്ലാം ഞാൻ വായിച്ച വളരെ പ്രധാനപ്പെട്ടതും മികച്ചതുമായ കാര്യങ്ങളാണ് ചുവടെ പറയുന്നത്. അരിശം നിങ്ങളുടെ രക്‌ത സിരകളിലൂടെ ഒഴുകുമ്പോൾ താഴെക്കൊടുത്തിരിക്കുന്ന ചെയ്യാൻ ശ്രമിക്കാം.

1. സ്വയം ശാന്തനാകുക: ഒരു ദീർഘ നിശ്വാസം എടുക്കുക. നിങ്ങൾ ഇഷ്‌ടപ്പെടുന്ന ഒരു ശാന്തമായ ഒരു സാഹചര്യം ഓർക്കുക. സ്വയം പറയുക ശാന്തമാകു, നിസാരമായി കാണൂ.

2. എന്തും പറയുന്നതിന് മുമ്പ് രണ്ടു വട്ടം ചിന്തിക്കുക: ദേഷ്യം വരുമ്പോഴെ തുടങ്ങും ശപിക്കാനും മോശം വാക്കുകൾ പ്രയോഗിക്കാനും. ഒരു നിമിഷം ഇതിന് വിരാമമിട്ട് ചിന്തിക്കുക ഈ പറയുന്നത് വല്ല നേട്ടവുമുള്ള കാര്യമാണോ? അതിലും നല്ലത് നിശബ്ദത പാലിക്കുന്നതാണോ?

3. കുറച്ചു ദൂരം നടക്കുക: നടക്കുമ്പോൾ നിങ്ങളുടെ തലച്ചോറ് എൻഡോർഫിൻ എന്ന ഹോർമോൺ പുറപ്പെടുവിക്കും. അതു സിരകളെ ശാന്തമാക്കും.

4. ദേഷ്യം പിടിപ്പിക്കുന്നവരുമായി ചേർന്ന് പ്രവർത്തിക്കുക: നിങ്ങളും നിങ്ങളോട് ദേഷ്യപ്പെട്ടവരും ശാന്തരായിരിക്കുമ്പോൾ ഇത് ചെയ്യാം. ഈ വഴി നിങ്ങൾക്ക് പ്രശ്നങ്ങളെ പരിഹരിക്കാം.
5. വെറുപ്പ് മനസിൽ സൂക്ഷിക്കരുത്: നിങ്ങളോട് ദേഷ്യപ്പെട്ടവരോട് ക്ഷമിക്കുക. ഇതാണ് നിങ്ങൾക്ക് അവരോട് ദേഷ്യമില്ല എന്നു തെളിയിക്കാനുള്ള വഴി. പക്ഷേ, മറ്റെ ആളും നിങ്ങളുടെ മാതൃക പിന്തുടരുമെന്ന് ചിന്തിക്കരുത്. നിങ്ങളെപ്പോലെ തന്നെ മറ്റുള്ളവരും പെരുമാറുമെന്ന് ചിന്തിക്കുന്നത് ഒരിക്കലും യഥാർത്ഥ്യമല്ല.

6. അരിശം രേഖപ്പെടുത്താൻ ലോഗ് ബുക്ക്: നിങ്ങൾ ദേഷ്യപ്പെട്ട ഒരോ സാഹചര്യങ്ങളും ഈ ലോഗ് ബുക്കിൽ എഴുതി സൂക്ഷിക്കുക. ഇത് പരിശോധിച്ച് ദേഷ്യപ്പെട്ട സാഹചര്യങ്ങൾ മനസിലാക്കാം. പിന്നീട് വരുന്ന ദിവസം ദേഷ്യം പരിഹരിക്കാൻ ദേഷ്യപ്പെട്ടതിന്റെ രേഖകൾ സൂക്ഷിക്കുന്നത് സഹായിക്കും.

7. ശാന്തമാകാനുള്ള ചില കഴിവുകൾ പഠിക്കാം: ദീർഘനിശ്വാസം, ധ്യാനം, യോഗ തുടങ്ങിയ ശാന്തമാകാനുള്ള വിദ്യകൾ പഠിക്കാം

8. ചില വ്യായാമങ്ങൾ ചെയ്യാം: ഭൗതികമായ ചില പ്രവർത്തനങ്ങൾ വഴി ദേഷ്യത്തിനു കാരണമാകുന്ന സമ്മർദ്ദം കുറയ്ക്കാം. ദേഷ്യം വരുന്നു എന്നു തോന്നുമ്പോൾ ചടുലമായി നടക്കാനോ ഓടാനോ പോകാം. അല്ലെങ്കിൽ ആസ്വാദ്യകരമായി തോന്നുന്ന മറ്റെന്തെങ്കിലും പ്രവർത്തനത്തിൽ ഏർപ്പെടാം.
9. ഇടവേള എടുക്കുക: ഇടവേളകൾ കുട്ടികൾക്കു മാത്രമുള്ളതല്ല. സമ്മർദ്ദത്തിലാകുന്ന ദിവസങ്ങളിൽ സ്വയം ചെറിയ ഇടവേളകൾ എടുക്കാം. സ്വസ്‌ഥമായിരിക്കുന്ന കുറച്ചു നിമിഷങ്ങൾ മികച്ച അനുഭവം നൽകുകും. മുന്നോട്ട് ചെയ്യാനുള്ള പ്രവർത്തനങ്ങളെ ദേഷ്യമോ സമ്മർദ്ദമോ ഇല്ലാതെ ചെയ്തു തീർക്കാൻ അതു സഹായിക്കുകയും.

10. ടെൻഷൻ ഇല്ലാതാക്കാൻ തമാശ: സമ്മർദ്ദത്തിനുുള്ള സാഹചര്യത്തെ അതിൽ നിന്നും ഒഴിവാക്കുക. തമാശകൾ വഴി ദേഷ്യം വരുന്നതും. കുത്തുവാക്കുകൾ ഒഴിവാക്കാം കാരണം അത് വികാരങ്ങളെ മുറിപ്പെടുത്തും കാര്യങ്ങളെ മോശമാക്കും.

11. എപ്പോൾ സഹായം തേടണമെന്ന് അറിയുക: ദേഷ്യം നിയന്ത്രിക്കാൻ പഠിക്കുക എന്നത് എല്ലാവർക്കും ഒരു വെല്ലുവിളിതന്നെയാണ്. നിങ്ങളുടെ ദേഷ്യം നിയന്ത്രണത്തിൽ നിന്നും പോകുന്നു എന്നു തോന്നിയാൽ ദേഷ്യം വരുന്ന കാര്യങ്ങളിൽ സഹായം തേടുക. കാരണം നിങ്ങൾ ചെയ്യുന്ന കാര്യങ്ങൾ വിഷമിപ്പിക്കുന്നത് നിങ്ങളുടെ ചുറ്റുമുള്ളവരെയാണ്.

12. ദേഷ്യവുമായി മുന്നോട്ട് പോകുക: ഇപ്പോൾ ദേഷ്യം നിങ്ങളുടെ നിയന്ത്രണത്തിലായിരിക്കുകയാണ്. ബന്ധങ്ങൾക്കും വസ്തുക്കൾക്കും കേടുപാടുകളൊന്നുമുണ്ടാക്കാതെ ഇനി നിങ്ങൾക്കത് പ്രകടിപ്പിക്കാം. ഓർക്കുക ദേഷ്യം പിടിക്കുമ്പോൾ നിങ്ങളുടെ ആരോഗ്യമാണ് നശിക്കുന്നത്. അതിനാൽ നിങ്ങളുടെ രക്‌തസമ്മർദം ഉയർത്തുന്നതിനെക്കാൾ നല്ലത് ദേഷ്യം വരുമ്പോൾ അത് പ്രകടിപ്പിക്കുന്നതു തന്നെയാണ്.
അടുത്തതവണ ദേഷ്യപ്പെട്ട് സംസാരിക്കാനൊരുങ്ങുമ്പോൾ കണ്ണാടിയിൽ നോക്കുന്നത് നന്നായിരിക്കും. നിങ്ങളുടെ രോഷത്തിന്റെ വേരുകൾ അന്വേഷിക്കുമ്പോൾ മനസിലകും ദേഷ്യത്തിന്റെ കാരണം പുറത്തൊന്നുമല്ല നിങ്ങളുടെ ഉള്ളിൽ തന്നെയാണെന്ന്. വ്യക്‌തിപരവും തൊഴിൽ പരവുമായ നിങ്ങളുടെ വിജയത്തിനുള്ള ഏറ്റവും വലിയ തടസമായ, മാരകമായ ആയുധം ദേഷ്യം വഹിക്കുന്ന മനുഷ്യബോംബല്ല ഇനി നിങ്ങൾ.

പുഞ്ചിരിക്കുക. ദേഷ്യമില്ലാത്ത ലോകത്തെ സ്വാഗതം ചെയ്യാം.

ഷമീം റഫീഖ്
ഇന്റർനാഷണൽ ട്രെയിനർ * ബിസിനസ് കോച്ച്
വിന്നർ ഇൻ യു ട്രെയിനിംഗ് ആൻഡ് കോച്ചിംഗ് സർവീസസ്
[email protected]