വജ്രാഭരണത്തിൽ തിളങ്ങും വധു
വിവാഹത്തിന് ക്ലാസിക്കൽ സ്റ്റൈൽ ആഗ്രഹിക്കുന്നവർക്കു ഡയമണ്ട് തന്നെ വേണം. വധുവിനെ രാജകുമാരിയാക്കി മാറ്റാൻ ഒരേ ഒരു സെറ്റ് മാത്രം മതി.

വിവാഹനിശ്ചയം, വിവാഹം എന്നിവയ്ക്കെല്ലാം ഇന്ന് ഒറ്റ പീസ് വജ്രാഭരണമെങ്കിലും ഉണ്ടാകും. അതാണ് ട്രെൻഡ്. ക്രിസ്ത്യൻ വിഭാഗത്തിലുള്ളവരാണു കൂടുതലായി വജ്രാഭരണങ്ങൾ തെരഞ്ഞെടുക്കുന്നതെങ്കിലും ഹിന്ദു–മുസ്ലീം വിഭാഗക്കാരും ഇപ്പോൾ വജ്രാഭരണത്തിന്റെ ആരാധകരായി മാറിയിരിക്കുകയാണ്.

വിവാഹവസ്ത്രത്തിനു യോജിക്കും വിധം ഗോൾഡിലോ വൈറ്റ് ഗോൽഡിലോ സെറ്റ് ചെയ്ത വജ്രാഭരണങ്ങൾ തെരഞ്ഞെടുക്കാം. ഡയമണ്ട് നെക്ലേസ്, കമ്മൽ, ബ്രേസ്ലെറ്റ്, മോതിരം എന്നിവ ഉൾപ്പെടുന്ന ഒരു സെറ്റിന് ഒന്നര ലക്ഷം മുതൽ എട്ടു ലക്ഷം രൂപ വരെ വിലവരും.

ലൈറ്റ് വെയ്റ്റ് ഡയമണ്ട് സെറ്റാണ് വിവാഹ പാർട്ടികൾ കൂടുതലായും തെരഞ്ഞെടുക്കുന്നത്. സ്വർണത്തിന്റെ തൂക്കവും ഡയമണ്ടിന്റെ വലുപ്പവും കുറച്ചിട്ടുള്ള വജ്രാഭരണങ്ങൾക്കാണ് ഇന്നു ഡിമാൻഡ്. മുസ്ലീം മതവിഭാഗത്തിൽപ്പെട്ട വധുക്കൾ മാത്രമാണു ഹെവി ടൈപ്പ് വജ്രാഭരണങ്ങൾ ഉപയോഗിക്കുന്നത്.

വളകളുടെ മുകൾഭാഗത്തുമാത്രമായിരിക്കും ഡയമണ്ട് സെറ്റ് ചെയ്തിരിക്കുന്നത്. ഓവൽ ഷേപ്പിലുള്ള വളകളുടെ അടിഭാഗം പ്ലെയിൻ ആയിരിക്കും.

പെൺമനം മയക്കും വജ്രാഭരണങ്ങൾ

ആഭരണശേഖരത്തിൽ ഒരു വജ്രം ഏതു സ്ത്രീയുടെയും സ്വപ്നമാണ്. ചെത്തിയെടുക്കുന്തോറും തിളക്കം വർധിക്കുന്ന വെളുത്ത കല്ലുകളാണു വജ്രങ്ങൾ.


പതിനെട്ടു കാരറ്റ് വൈറ്റ് ഗോൾഡിലാണു വജ്രാഭരണങ്ങൾ തയാറാക്കുന്നത്. പതിനെട്ടു കാരറ്റ് ഗോൾഡിനു കൂടുതൽ ബലമുള്ളതുകൊണ്ടു ഡയമണ്ട് സെറ്റ് ചെയ്താൽ പെട്ടെന്ന് ഇളകിപ്പോകില്ല. കളർ സ്റ്റോണുകൾ കൂടി കൂട്ടിച്ചേർത്താണു ഡയമണ്ട് സെറ്റുകൾ ഉണ്ടാക്കുന്നത്. റൂബി, എമറാൾഡ് എന്നിവ കൊണ്ടുണ്ടാക്കിയ വജ്രാഭരണങ്ങൾ കണ്ടില്ലെന്നു നടിക്കാൻ പെൺമനസിനു കഴിയില്ലെന്നതു വാസ്തവം.

വജ്രത്തിന്റെ വലുപ്പത്തിനനുസരിച്ചാണ് മൂല്യം നിർണ്ണയിക്കുന്നത്. നിറവും ഒരു പ്രധാന ഘടകമാണ്. വലിയ ഒറ്റക്കൽ വജ്രാഭരണങ്ങൾ വില കൂടുതലാവും. ബൈ ബാക്ക് ഗ്യാരന്റിയാണ് മറ്റൊരു ആകർഷണം. വിൽക്കുമ്പോൾ വജ്രത്തിന് അപ്പോഴുള്ള മാർക്കറ്റ് വാല്യു തന്നെ കിട്ടും. സ്വർണം വിൽക്കുമ്പോൾ ഉണ്ടാകുന്നപോലുളള കുറവുകൾ ഇവിടെ സംഭവിക്കുന്നില്ല. ഡയമണ്ടിനു പ്രത്യേക സംരക്ഷണം ആവശ്യമില്ല. ഇടയ്ക്കിടെ പോളിഷ് ചെയ്യേണ്ടതുമില്ല. കാലപ്പഴക്കം ഉണ്ടായാൽ ഡയമണ്ടിനു തേയ്മാനവും സംഭവിക്കില്ല. പല പ്രമുഖ ജ്വല്ലറികളും ഡയമണ്ടിന് ഇൻഷ്വറൻസ് പരിരക്ഷ നൽകുന്നുമുണ്ട്.

ഗൗണിനൊപ്പം അണിയാൻ അണിയാൻ മോഡേൺ ഡിസൈൻ തന്നെയാണ് ഏവർക്കും പ്രിയം.

എസ്.എം