ബിസിനസ് ഇന്റലിജൻസ് വിജയ രഹസ്യങ്ങളുടെ കലവറ
ബിസിനസ് ട്രാൻസാക്ഷനുകളെ ടെക്നോളജിയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും അത്തരം പ്രാഥമിക ഡേറ്റയിൽ നിന്നും ബിസിനസ് നടത്തിപ്പിനും വികസനത്തിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന ഒരു ക്രമീകരണമാണ് ബിസിനസ് ഇൻഫർമേഷൻ ടെക്നോളജി.

ബിസിനസ് മേഖലയിൽ ആധുനിക സാങ്കേതികവിദ്യയുടെ എല്ലാ സഹായവും ലഭ്യമാവുന്ന ഈ നവീന കാലഘട്ടത്തിൽ നമ്മുടെ ബിസിനസ് മേധാവികളോട് കമ്പ്യൂട്ടർ സാങ്കേതിക വിദ്യയുടെ (ഐടി) സഹായത്തോടെയാണോ സംരംഭം നടത്തിക്കൊണ്ടു പോവുന്നത് എന്ന് ചോദിച്ചാൽ, ഭൂരിഭാഗവും നൽകുക 75–100 ശതമാനത്തിനിടയിലുള്ള ഒരു ഉത്തരമായിരിക്കും. കാരണം കമ്പ്യൂട്ടർ, പ്രിൻറർ, ടാബ്, മൊബൈൽ ഫോൺ തുടങ്ങിയ ടെക്നോളജികൾ ഉപയോഗിക്കാത്ത സ്‌ഥാപനങ്ങൾ ഇന്നു വളരെ ചുരുക്കമാണ്.

എന്നാൽ യാഥാർഥ്യം പരിശോധിക്കുമ്പോൾ മറ്റൊന്നാണ് മനസിലാക്കാൻ സാധിക്കുക. ഒരു കാൽക്കുലേറ്റർ എന്നതിനപ്പുറം രേഖപ്പെടുത്തിയ ഡേറ്റ മെമ്മറിയിൽ സൂക്ഷിക്കുന്നു എന്ന അധിക ധർമം കൂടി നിർവഹിക്കുന്നു എന്നാണ് ഇൻഫർമേഷൻ ടെക്നോളജി എന്ന പദം കൊണ്ട് നമ്മുടെ 85 ശതമാനം സ്‌ഥാപനങ്ങളും ഉദ്ദേശിക്കുന്നത് എന്നതാണ് വസ്തുത.

ബിസിനസ് ഇൻഫർമേഷൻ ടെക്നോളജി എന്നത് വളരെ ലളിതമായി നിർവചിച്ചാൽ ബിസിനസ്സ് ട്രാൻസാക്ഷനുകളെ ടെക്നോളജിയുടെ സഹായത്തോടെ രേഖപ്പെടുത്തുകയും അത്തരം പ്രാഥമിക ഡേറ്റയിൽ നിന്നും ബിസിനസ്സ് നടത്തിപ്പിനും വികസനത്തിനും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുകയും ചെയ്യുന്ന ഒരു ക്രമീകരണം ആണ്. ഇങ്ങനെ ലഭ്യമാവുന്ന വിവരങ്ങൾ, ബിസിനസ്സ് പുരോഗതിക്കും അതത് കാലഘട്ടങ്ങൾക്ക് വേണ്ടിയുള്ള തീരുമാനങ്ങൾ എടുക്കുന്നതിൽ നിർണ്ണായക പങ്ക് വഹിക്കുമ്പോൾ മാത്രമേ, ഐടി ഉപയോഗിച്ചുള്ള ബിസിനസ്സ് ഇന്റലിജൻസ് എന്ന യഥാർത്ഥ ധർമ്മം നടപ്പിലാവുന്നുള്ളു.

എന്താണ് ബിസിനസ് ഇന്റലിജൻസ്?

ചിത്രം ഒന്നിന്റെ ഇടുതവശത്തു കാണിച്ചിട്ടുള്ള ഡേറ്റ എന്ന ഭാഗം പ്രതിനിധാനം ചെയ്യുന്നത് ഉൽപ്പന്നത്തിന്റെ പേര്, അളവ്/എണ്ണം, വില, ഉപഭോക്‌താവിന്റെ പേര്, സെയിൽസ്മാന്റെ പേര് തുടങ്ങി ഒരു വിൽപ്പന ബില്ലിൽ ഉൾപ്പെടുന്ന പ്രാഥമിക വസ്തുതകൾ (ഡേറ്റ) ആണ്. സാധാരണ ഗതിയിൽ ഇത്തരം കാര്യങ്ങൾ സൂക്ഷിച്ചു വച്ച് ആവശ്യ സമയത്തു വീണ്ടെടുക്കുവാനും, ഇതുപയോഗിച്ച് ലഡ്ജർ തുടങ്ങിയ കണക്കു പുസ്തകങ്ങൾ ഉണ്ടാക്കുവാനും ആണ് കംപ്യൂട്ടർ ടെക്നോളജി ഉപയോഗിക്കുന്നത്.

ഈ ചിത്രത്തിന്റെ വലതു ഭാഗത്തുള്ള ഇൻഫർമേഷൻ വിഭാഗത്തിൽ ഉയർന്ന വിൽപന, മാർജിൻ പോലെയുള്ള നിരവധി പ്രധാന വിവരങ്ങൾ ഈ വിഭാഗത്തിൽ ഒളിഞ്ഞു കിടപ്പുണ്ട്. ഉദാഹരണത്തിനു ഏതു ബ്രാൻഡ് ഉത്പന്നങ്ങൾക്കാണ് കൂടുതൽ മാർജിൻ ലഭിക്കുന്നത്, അല്ലെങ്കിൽ സ്വീകാര്യത, ആകെ വില്പനയും, തിരച്ചടവും (ക്രെഡിറ്റ്) ഒരുമിച്ചു പരിഗണിക്കുമ്പോൾ ആരാണ് ഏറ്റവും നല്ല ഉപഭോക്‌താവ്, ഏതു പ്രദേശത്തു നിന്നാണ് കൂടുതൽ ഉപഭോക്‌താക്കൾ കടന്നു വരുന്നത്,
സ്‌ഥാപനത്തിന്റെ ആവറേജ് ടിക്കറ്റ് വാല്യൂ എന്താണ്, ആവറേജ് ബക്കറ്റ് സൈസ് എന്താണ്, ഏതൊക്കെ സെയിൽസ്മാൻമാർക്ക് ഏതൊക്കെ ഉത്പന്നങ്ങൾ കൈകാര്യം ചെയ്യുന്നതിലാണ് വൈദഗ്ധ്യം എന്ന് തുടങ്ങി എല്ലാ വിവരങ്ങളും ശരിയായ ഇൻഫർമേഷൻ ടെക്നോളജി ഉപയോഗിക്കുന്നതിലൂടെ നമ്മുടെ വിൽപന ബില്ലിൽനിന്നു അധിക മനുഷ്യാദ്ധ്വാനവുമില്ലാതെ തന്നെ കണ്ടുപിടിക്കാവുന്നതാണ്.
ഒരു ആയാസവുമില്ലാതെ ഒരു മൗസ് ക്ലിക്കിൽ ലഭ്യമാക്കാവുന്ന ഇത്തരം വിവരങ്ങൾ ഉപയോഗിച്ച് നിർണ്ണായക തീരുമാനങ്ങളും തന്ത്രങ്ങളും ബിസിനസിൽ നടപ്പിലാക്കുവാൻ നമുക്ക് സാധിക്കുമ്പോൾ അവിടെ ഒരു യഥാർത്ഥ ബിസിനസ് ഇന്റലിജൻസ് ഉണ്ട് എന്ന് പറയാം.

ഉദാഹരണങ്ങൾ അനുഭവങ്ങൾ

റീട്ടയിൽ രംഗത്ത് തന്നെ ഉദാഹരണമായെടുത്താൽ, ഒരു 20 വർഷം മുൻപ് വിശേഷാവസരങ്ങളിലും മറ്റും വസ്ത്രം എടുക്കുവാൻ നമ്മൾ ചെന്നിരുന്ന വലിയ നിലയിൽ പ്രവർത്തിച്ചിരുന്ന ടെക്സ്റ്റൈൽ സ്‌ഥാപങ്ങൾ പലതിലും ഇന്ന് കൈലിയും തോർത്തും വാങ്ങുവാൻ മാത്രം കയറിച്ചെല്ലുന്ന കടകൾ ആയി മാറിയ കാഴ്ച നമുക്ക് ചുറ്റും ഒന്ന് കണ്ണോടിച്ചാൽ കാണാവുന്നതാണ്. എന്താണ് സംഭവിച്ചത്? അന്ന് വലിയ നിലയിൽ പ്രവർത്തിച്ചിരുന്ന അത്തരം കടകൾ ഒരിക്കലും മൂലധനത്തിന്റെ കുറവ് കൊണ്ടോ സ്റ്റോക്ക് ചെയ്യുവാനുള്ള പ്രശ്നം കൊണ്ടോ അല്ല ഇന്നത്തെ അവസ്‌ഥയിൽ എത്തിയത്. പലപ്പോഴും സാമ്പ്രദായികമായ ഒരു രീതിയിലാണ് ഇവിടെ ബിസിനസ്സ് തീരുമാനങ്ങൾ നടപ്പിലാക്കുന്നത്, മറിച്ച് നിലവിലെ സ്‌ഥിതി പരിശോധിച്ചു അതിനു അനുസരിച്ച് തീരുമാനങ്ങൾ എടുക്കുവാൻ പരാജയപ്പെടുന്നു.

ഫർണിച്ചർ സ്‌ഥാപനങ്ങൾക്ക് വേണ്ടിയുള്ള കൺസൾട്ടൻസി കൊടുക്കുന്നതിന്റെ ഭാഗമായി കേരളത്തിൽ അങ്ങോളമിങ്ങോളം സഞ്ചരിച്ചപ്പോഴുണ്ടായ ഒരു അനുഭവം വിവരിക്കാം. ഒരു പ്രമുഖ സ്‌ഥാപനത്തിന്റെ 3000 ചതുരശ്രയടി ഷോറൂമിന്റെ ഒരു ഭാഗത്ത് ക്രമീകരിച്ച ഒരു ബെഡ് റൂം സെറ്റ് (കട്ടിൽ, ഷെൽഫ്, ടീപോയ്) കണ്ടപ്പോൾ തന്നെ ഒരു പഴയ മോഡൽ ആണെന്ന് തോന്നുകയും സെയിൽസ്മാനോട് ചോദിച്ചപ്പോൾ ഏതാണ്ട് 7 വർഷമായി അവിടെ വിറ്റു പോവാതെ കിടക്കുന്ന ഒന്നാണെന്ന് അറിയുകയും ചെയ്തു. അത് എടുത്തു പുറത്തു കൊണ്ട് കളഞ്ഞാലും നിങ്ങൾക്ക് ലാഭമായിരിക്കും എന്ന് ഉടനേ തന്നെ സ്‌ഥാപന ഉടമയെ വിളിച്ചു പറയേണ്ടി വന്നു. കാരണം കുറഞ്ഞത് 50 രൂപ ചതുരശ്രയടിക്കു വാടക കണക്കാക്കിയാൽ പോലും 300 ചതുരശ്രയടിയോളം സ്‌ഥലം കവർന്നിരുന്ന ആ സെറ്റിനു വേണ്ടി ഏഴു വർഷത്തേയ്ക്ക് പന്ത്രണ്ടര ലക്ഷം രൂപ ആ സ്‌ഥാപനം അപ്പോൾ തന്നെ നഷ്‌ടം വരുത്തിയിരുന്നു. പുറമേ അതേ സ്‌ഥലത്തു ഒരു പുതിയ മോഡൽ വച്ചിരുന്നെങ്കിൽ അതു വിറ്റു കിട്ടുമായിരുന്ന ലാഭവും. ഒറ്റ നോട്ടത്തിൽ പലപ്പോഴും നമുക്ക് ഇത്തരം നഷ്‌ടങ്ങൾ കണ്ടു പിടിക്കാൻ കഴിയില്ല. എന്നാൽ നിലവിലുള്ള കമ്പ്യൂട്ടർ സംവിധാനത്തിൽ തന്നെ ഇതിനു വേണ്ട ഡേറ്റ ഉണ്ട്, വാടക, ബെഡ്റൂം സെറ്റ് വാങ്ങിയ തീയതി, വില തുടങ്ങിയവ. പക്ഷേ, ഈയൊരു ഇൻഫർമേഷൻ ഒറ്റ മൗസ് ക്ലിക്കിൽ ലഭ്യമാവുന്ന രീതിയിൽ കമ്പ്യൂട്ടർ സംവിധാനം നടപ്പിലാക്കാത്തതാണ് ഇവിടെ സംഭവിച്ച പരാജയം. സ്റ്റോക്ക് ഏജിങ്, സ്ക്വയർ ഫീറ്റ് പ്രകാരം വിലപ്ന (Sales per sq. ft.) തുടങ്ങിയ കാര്യങ്ങൾ ഇത്തരം സ്‌ഥാപനങ്ങളിൽ ഒഴിച്ച് കൂടാനാവാത്തതാണ്.

വലിയ റീട്ടൈൽ ശൃംഖലകൾ നടത്തുന്ന മാളുകളിൽ ചെന്നാൽ, ചില നിലകളിൽ ചില വിഭാഗങ്ങളിൽ ലഭ്യമാവുന്ന ഓഫറുകളെ കുറിച്ച് മൈക്കിലൂടെ ഇടയ്ക്കിടെ ഉയരുന്ന അറിയിപ്പുകൾ കേൾക്കാം. അതത് സമയത്തെ വില്പനയിൽ നിന്ന് ലഭിക്കുന്ന ഡേറ്റ ഇന്റലിജൻസ് ഉപയോഗിച്ച് സ്റ്റോക്ക് മൂവ്മെന്റ് എല്ലാ വിഭാഗങ്ങളിലും കൃത്യമായി ഉറപ്പു വരുത്തുക എന്നതു കൂടിയാണ് ഇത് കൊണ്ട് ഉദ്ദേശിക്കുന്നത്.

ഈ മേഖലയിലെ വലിയ മുന്നേറ്റങ്ങൾ

ക്യത്യമായ രീതിയിൽ ഡേറ്റ കൈകാര്യം ചെയ്തു തങ്ങളുടെ സാമ്രാജ്യം വിപുലപ്പെടുത്തിക്കൊണ്ടിരിക്കുന്ന വലിയ കോർപ്പറേറ്റ് കമ്പനികൾ കടന്നു വരാൻ തുടങ്ങിയതോടെ, യാഥാർഥ്യം തിരിച്ചറിഞ്ഞു തുടങ്ങിയ നമ്മുടെ പല സ്‌ഥാപനങ്ങളും വലിയ ഒരു മാറ്റത്തിന് തയ്യാറെടുക്കുന്ന കാഴ്ചയും ഇന്ന് കാണുന്നുണ്ട്.

കെഫ്കോൺ ചെയർമാൻ കെ.പി. രവീന്ദ്രന്റെ നേതൃത്വത്തിലുള്ള ഫർണിച്ചർ മാനുഫാക്ചററേഴ്സ് ആൻഡ് മെർച്ചന്റ്സ് അസോസിയേഷൻ ഓഫ് കേരള (FUMMA), 2017ൽ ഇന്ത്യയിൽ പ്രവർത്തനം വ്യാപിപ്പിക്കാൻ പോവുന്ന ഐക്യ (IKEA) എന്ന ലോക ഫർണിച്ചർ ഭീമനുമായി മത്സരിക്കാൻ തയ്യാറെടുത്തു കൊണ്ടിരിക്കയാണ്. ബിർള ഗ്രൂപ്പിന്റെ സ്റ്റൈൽ സ്പാ എന്ന ഡിവിഷനിൽ ഉന്നത സ്‌ഥാനം വഹിച്ചിരുന്ന ഇന്ത്യയിലെ തന്നെ ഫർണിച്ചർ ഉത്പാദന, വിതരണ രംഗത്തെ ഏറ്റവും വിദഗ്ധരിൽ ഒരാളായ സതീഷ് കുമാറിനെ കേരളത്തിലേക്ക് കൊണ്ട് വന്ന് അദ്ദേഹത്തെയാണ് അവർ ഈ ദൗത്യം ഏൽപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വരുംകാല ബിസിനസ്സുകൾ മുഴുവനും ഡേറ്റ ഇന്റലിജൻസിൽ അധിഷ്ഠിതമായി പ്ലാൻ ചെയ്യുകയും പുരോഗതിയിലേക്ക് കുതിക്കുകയും ചെയ്യുവാനുള്ള ഒരു വലിയ പദ്ധതി അവർ വിഭാവനം ചെയ്തു കഴിഞ്ഞു.

കൃത്യമായ ബിസിനസ്സ് ഇന്റലിജൻസ് ഫർണിച്ചർ വ്യാപാര സമൂഹത്തിൽ നടപ്പിലാക്കി കൊണ്ട് തന്നെ ഇന്നൊവേറ്റീവ് ഇന്റർനാഷണൽ ഫർണിച്ചർ ഹബ് എന്ന വലിയ ഒരു ഉദ്യമം 3,36,600 സ്ക്വയർ ഫീറ്റിൽ അടുത്ത രണ്ടു വർഷത്തിനുള്ളിൽ പൂർത്തീകരിക്കുവാനാണ് ഫ്യൂമ്മ ലക്ഷ്യമിട്ടിരിക്കുന്നത്. ഒപ്പം ഇന്ത്യയുടെ ഫർണിച്ചർ വ്യവസായത്തിന്റെ തലസ്‌ഥാനം എന്ന അംഗീകാരം നേടിയെടുക്കാനും.
സതീഷ് കുമാറിന്റെ അഭിപ്രായത്തിൽ ചുരുങ്ങിയത് ചുവടെ പറയുന്ന കാര്യങ്ങളിലെങ്കിലും ബിസിനസ്സ് ഇന്റലിജൻസ് ഉപയോഗിക്കുന്ന ഒരു വ്യാപാരിക്ക് 30–35% വരെ അറ്റാദായം വർദ്ധിപ്പിക്കുവാൻ സുഗമമായി സാധിക്കും എന്നാണ്.

ഇവിടെ ആവറേജ് ടിക്കറ്റ് വാല്യൂ (എടിവി) എന്നത് ഒരു ദിവസം ഒരു ഉപഭോക്‌താവ് വാങ്ങുന്ന ഉത്പന്നത്തിന്റെ ശരാശരി തുകയാണ്. അതായത് ആകെ വില്പനയെ ആകെ നടന്ന വില്പന (ബിൽ) യുടെ എണ്ണംകൊണ്ടു ഹരിക്കുമ്പോൾ കിട്ടുന്ന തുക. പല ദിവസങ്ങളിലെ അല്ലെങ്കിൽ കാലാവധികളിലെ എടിവി താരതമ്യപ്പെടുത്തുമ്പോൾ പലകാര്യങ്ങളും നമുക്കു മനസിലാക്കാൻ സാധിക്കും. ചിലപ്പോൾ കുറഞ്ഞ വിലയുള്ള സാധനങ്ങൾ വിൽക്കാൻ കൂടുതൽ ശ്രമിക്കുന്നതുകൊണ്ടാവാം. അതുപോലെ കൂടുതൽ വിലയുള്ള സാധനങ്ങളുടെ സ്റ്റോക്ക് ലഭ്യമാവുന്നില്ലാത്തതിനാലോ ഉപഭോക്‌താവിന് അവ പെട്ടെന്ന് കണ്ടു പിടിക്കാവുന്ന രീതിയിൽ അല്ല അവയുടെ ക്രമീകരണം എന്നതുകൊണ്ടുമാകാം. ചുരുക്ത്തിൽ വിശകലനത്തിലൂടെ എടിവി കുറവിന്റെ കാരണങ്ങൾ കണ്ടെത്താൻ സാധിക്കും.


ബിൽ രേഖപ്പെടുത്തുമ്പോൾ തന്നെ സെയിൽസ്മാന്റെ പേര് കൂടി രേഖപ്പെടുന്നതു വഴി അവർ തമ്മിൽ എടിവിയിൽ ഉള്ള അന്തരവും എളുപ്പത്തിൽ കണ്ടു പിടിക്കാം. ഈ വ്യത്യാസം വിൽക്കുവാനുള്ള അവരുടെ വൈദഗ്ധ്യത്തിന്റെ അന്തരമാണ്. കൃത്യമായി ഇത്തരം വിവരങ്ങൾ ലഭ്യമാവാൻ തുടങ്ങിയാൽ, പരിശീലന പരിപാടികൾ, സ്റ്റോക്ക് ക്രമീകരണം തുടങ്ങി നിരവധി പരിഹാര മാർഗങ്ങൾ സുഗമമായി നടപ്പിലാക്കാൻ സാധിക്കും. പക്ഷേ ഇത്തരം വിവരങ്ങൾ നിലവിൽ എളുപ്പത്തിൽ ലഭ്യമല്ല എന്നതാണ് പ്രശ്നം.

കൂടുതൽ ഡേറ്റാ വിശകലനം

വലിയ ഷോറൂമുകളുടെ കവാടത്തിൽ സജ്‌ജീകരിച്ചിരിക്കുന്ന ചില ക്രമീകരണങ്ങൾ മിക്കവരും കണ്ടിട്ടുണ്ടായിരിക്കും. അതു സെക്യൂരിറ്റിക്ക് വേണ്ടി മാത്രമാണ് എന്നാണ് പലപ്പോഴും നാം കരുതുക. എന്നാൽ കടന്നു വരുന്ന ഉപഭോക്‌താക്കളുടെ എണ്ണം (walkins) കൂടി അവർ രേഖപ്പെടുത്തുകയാണ്. എന്താണിതിന്റെ പ്രയോജനം എന്ന് ചാർട്ട്–1ൽ നിന്ന് മനസിലാക്കാം.

കഴിഞ്ഞ ആഴ്ച 200000 രൂപ കച്ചവടം നടന്ന ഒരു സ്‌ഥാപനത്തിൽ ഈ ആഴ്ച 260000 രൂപയുടെ കച്ചവടം നടന്നാൽ ഒറ്റ നോട്ടത്തിൽ അത് ഒരു ബിസിനസ്സ് പുരോഗതിയെ സൂചിപ്പിക്കുന്നു. എന്നാൽ ഒന്ന് കൂടി ആഴത്തിൽ നോക്കുമ്പോൾ ആദ്യത്തെ ആഴ്ച കടന്നു വന്ന 1000 ആളുകളിൽ നിന്ന് 100 വിൽപന (10 ശതമാനം) രൂപപ്പെട്ടപ്പോൾ അടുത്ത ആഴ്ച അത് 8.7% ശതമാനത്തിലേക്ക് താഴുകയാണ് ചെയ്തത്. അതായത് സ്‌ഥാപനത്തിന്റെ യഥാർത്ഥ സാധ്യത (potential) 150 പേരുടെ വില്പന അഥവാ 3 ലക്ഷം രൂപയുടെ കച്ചവടം ആയിരുന്നു. സ്‌ഥാപനത്തിന് ഉറപ്പായ വില്പന അവസരങ്ങളിൽ ഇവിടെ കുറവ് സംഭവിച്ചിരിക്കുന്നു. ഒപ്പം പ്രവർത്തന ചെലവിലുള്ള നഷ്‌ടവും (കൂടുതൽ ആളുകളെ കൈകാര്യം ചെയ്യുന്നതിലൂടെ).

ഉത്പന്നങ്ങളുടെ പരസ്യങ്ങളും പ്രചാരണ കാമ്പയിനുകളും പ്ലാൻ ചെയ്യുമ്പോഴും ഡേറ്റ ഇന്റലിജൻസ് അത്യാവശ്യമാണ്. രണ്ടു സമയത്ത് രണ്ട് പ്രത്യേക മീഡിയകളിലൂടെ നടന്ന പരസ്യ പ്രചാരണത്തിന് ശേഷമുള്ള വില്പ്പന താരതമ്യം ചെയ്താൽ ഏത് പരസ്യ മേഖലയാണ് അല്ലെങ്കിൽ മാധ്യമമാണ് കൂടുതൽ ഗുണം ചെയ്യുന്നത് എന്ന് കാണുവാനും, വരും കാല പരസ്യ ബജറ്റ് ഇതനുസരിച്ച് തീരുമാനിക്കുവാനും കഴിയും. വിവിധ പ്രദേശങ്ങളെ സ്വാധീനിക്കുന്ന പരസ്യ പ്രചാരണ മാർഗങ്ങളെ കുറിച്ച് വളരെ വ്യക്‌തമായ കാഴ്ചപ്പാട് ഉണ്ടാക്കുവാനും ഇൻഫർമേഷൻ ടെക്നോളജിയുടെ കൃത്യമായ ഉപയോഗത്തിലൂടെ സാധ്യമാണ്.

മറ്റ് മേഖലയിൽ നിന്നുമുള്ള ചില ഉദാഹരണങ്ങൾ

ഓറഞ്ച് മാട്രസ്: സ്ലീപ്പെക്സ് കിടക്കകൾ നിർമ്മിക്കുന്ന ഓറഞ്ച് മാട്രസ് കമ്പനി ഒരു നാഷണൽ ബ്രാൻഡ് ആയി മാറിക്കൊണ്ടിരിക്കുന്നതിന്റെ ഭാഗമായി അതിന്റെ മാനേജിംഗ് ഡയറക്ടർ ഷൈലജ്, ആദ്യം നടപ്പിലാക്കിയ കാര്യം നിലവിൽ ലഭ്യമായ ബിസിനസ്സ് ഡേറ്റ ഉപയോഗിച്ച്, ഉപഭോക്‌താക്കളുടെ അഭിരുചി മനസ്സിലാക്കുക എന്നതാണ്. വിവിധ ജില്ലകളിൽ കൂടുതൽ വിറ്റു പോവുന്ന കളറുകൾ, ഡിസൈനുകൾ, സ്വീകാര്യമായ വിലകളിലുള്ള പ്രാദേശിക അന്തരം, സെയിൽസ്മാൻ മാരുടെ വിവിധ ഉത്പന്നങ്ങളിലുള്ള വിൽപ്പന വൈദഗ്ധ്യം തുടങ്ങി നിരവധി വിവരങ്ങൾ നിലവിൽ സ്‌ഥാപനത്തിൽ തന്നെ ലഭ്യമായ ബില്ലിംഗ് ഡേറ്റയിൽ ഉണ്ടെന്നു അദ്ദേഹത്തിന് അറിയാം. ഈ വിവരങ്ങളെ അടിസ്‌ഥാനമാക്കിയാണ് പുതിയ ഉത്പന്നങ്ങൾ, വിവിധ ഓഫറുകൾ, ജീവനക്കാർക്കുള്ള പരിശീലന പരിപാടികളുടെ വിഷയങ്ങൾ തുടങ്ങി പല നിർണ്ണായക ബിസിനസ്സ് തീരുമാനങ്ങളും അദ്ദേഹം കൈക്കൊള്ളുന്നത്. ജീവനക്കാരുടെ നോട്ടകുറവ് കൊണ്ട് വരുന്ന നിർമ്മാണ, നിരാകരണ (rejection) ഡേറ്റ കൃത്യമായി അനാലിസിസ് ചെയ്യാൻ കഴിഞ്ഞാൽ എവിടെയാണ് അല്ലെങ്കിൽ ആർക്കാണ് പിഴവ് കൂടുതൽ സംഭവിക്കുന്നത് എന്ന് അറിയുവാനും വേണ്ട പരിഹാര മാർഗങ്ങൾ കൈക്കൊള്ളുവാനും സാധിക്കും.

വി– സാൻഡ്: പ്രമുഖ സ്റ്റോൺ ക്രഷർ സാൻഡ് നിർമ്മാതാക്കളായ വി കെ സ്റ്റോൺ ക്രഷർ ഉടമ സിബി കുര്യൻ, നിരവധി ആധുനിക യന്ത്രസാമഗ്രികൾ ഉള്ള അദ്ദേഹത്തിന്റെ ഉത്പാദന യൂണിറ്റിന്റെ 100 ശതമാനം കാര്യക്ഷമത ഉറപ്പു വരുത്തുക എന്ന രീതിയിൽ ആണ് ബിസിനസ്സ് ഇന്റലിജൻസ് നടപ്പിലാക്കുന്നത്. ഒരു ജനറേറ്റർ വാങ്ങുമ്പോൾ പോലും അതിന്റെ തീരുമാനം എടുക്കേണ്ടത് അല്ലെങ്കിൽ കപ്പാസിറ്റി നിശ്ചയിക്കുന്നത് കഴിഞ്ഞ ഒരു നിശ്ചിത കാലഘട്ടത്തിനിടയിൽ വൈദ്യുതി പ്രശ്നം മൂലം യൂണിറ്റ് എത്ര മണിക്കൂർ പ്രവർത്തനക്ഷമമല്ലാതിരുന്നു എന്ന ഡേറ്റയുടെ കൂടി അടിസ്‌ഥാനത്തിൽ ആയിരിക്കണം.

അതേപോലെ പുതിയ വാഹനങ്ങളും യന്ത്രങ്ങളും വാങ്ങുമ്പോഴും അത്തരം മോഡലുകളുടെ കഴിഞ്ഞ കാല പ്രവർത്തനക്ഷമതയും അറ്റകുറ്റപ്പണികൾക്ക് വേണ്ടി വന്ന ചെലവുകളും ഇന്ധന ക്ഷമതയും കൃത്യമായി ഡേറ്റയുടെ അടിസ്‌ഥാനത്തിൽ വിലയിരുത്തി ആയിരിക്കണം തീരുമാനങ്ങൾ എടുക്കേണ്ടത്. പലപ്പോഴും നമ്മൾ സാമ്പ്രദായികമായ രീതിയിലും ചില കീഴ്വഴക്കങ്ങളുടെ അടിസ്‌ഥാനത്തിലും ആയിരിക്കും വലിയ തീരുമാനങ്ങൾ എടുക്കുക. എന്നാൽ യഥാർത്ഥ സത്യം എന്നത് നമ്മുടെ നിലവിലുള്ള ഡേറ്റയിൽ ഉണ്ട്. അത് തന്നെയാവണം ബിസിനസ്സ് തീരുമാനങ്ങളുടെ അടിസ്‌ഥാനവും.
ജി ഹോംസ്: അഞ്ചു രൂപ മുതൽ അഞ്ചു ലക്ഷം രൂപ വരെയുള്ള കുട്ടികൾക്കുള്ള കളിപ്പാട്ടങ്ങൾ എന്ന മുദ്രാവാക്യവുമായി ഏതു വിഭാഗത്തിലുള്ള ഉപഭോക്‌താക്കൾക്കും കടന്നു വരുവാൻ സാധിക്കുന്ന, നിരവധി ബ്രാഞ്ചുകൾ സ്‌ഥാപിച്ച് കൊണ്ടിരിക്കുന്ന ജി ഹോംസ് ശൃംഖലയുടെ ഉടമ യഹ്യ, അദ്ദേഹത്തിനു ആവശ്യമായ ഡേറ്റ ലഭ്യമാക്കുന്നതും ബിസിനസ്സ് ഇന്റലിജൻസിന്റെ അപാര സാധ്യതകൾ ഉപയോഗപ്പെടുത്തി തന്നെയാണ്. ഓരോ പ്രദേശങ്ങളിലും ഉള്ള കുട്ടികളുടെ അഭിരുചികൾ, രക്ഷിതാക്കളുടെ സാമൂഹ്യ സാമ്പത്തിക അന്തരീക്ഷങ്ങൾ തുടങ്ങി നിരവധി കാര്യങ്ങൾ ശേഖരിക്കുന്ന വിധമാണ് അദ്ദേഹത്തിന്റെ ബില്ലിംഗ് സിസ്റ്റവും ഓഫീസ് ഇൻഫർമേഷൻ ടെക്നോളജി സിസ്റ്റവും ക്രമീകരിച്ചിരിക്കുന്നത്. ഓരോ പ്രദേശത്തും എന്തൊക്കെ സാദ്ധ്യതകൾ ആണെന്നും ഏതൊക്കെ ഉത്പന്നങ്ങൾ എവിടെയൊക്കെ എപ്പോഴൊക്കെ വിറ്റു പോവുമെന്ന് ഒരു ഊഹാപോഹത്തിന്റെയും അടിസ്‌ഥാനത്തിലല്ലാതെ സ്‌ഥാപനത്തിന് അറിയാം. ഇത് വഴി സ്റ്റോക്ക് കെട്ടി കിടക്കൽ ഒഴിവാക്കി കാഷ് ഫ്ളോ സുഗമം ആക്കുവാനും കഴിയുന്നു. ബിസിനസിന്റെ ജീവരക്‌തമെന്നത് കാഷ് ഫ്ളോ ആണ്.

കീ പെർഫോമൻസ് ഇൻഡിക്കേറ്റർ (KPI) / ഡാഷ് ബോർഡ്

ബിസിനസ് ഇന്റലിജൻസിന്റെ പൂർണ്ണത കൈ വരുന്നത് ക്ര്യത്യമായ ഡാഷ് ബോർഡ്കളും പെർഫോമൻസ് ഇൻഡിക്കേറ്ററുകളും ഉപയോഗിച്ച് തീരുമാനങ്ങൾ എടുക്കുമ്പോഴാണ്.
ഉദാഹരണത്തിന് സ്‌ഥാപന മേധാവികൾ നിരവധി പേജുകൾ വരുന്ന മുഴുവൻ ഉത്പന്നങ്ങളുടെ സ്റ്റോക്ക് രജിസ്റ്ററും പരിശോധിച്ച് പഴയ സ്റ്റോക്കുകൾ കണ്ടു പിടിക്കാൻ സമയം പാഴാക്കേണ്ടി വരരുത്. മറിച്ച് കൃത്യമായ ഒരു അളവ്കോൽ (benchmarking) നിശ്ചയിച്ച് അത് മറി കടക്കുന്ന കാര്യങ്ങളുടെ ഒരു സംഗ്രഹം മാത്രമായിരിക്കണം മാനേജ്മെന്റിന്റെ പരിഗണനയിൽ വരേണ്ടത്. (90 ദിവസം കഴിഞ്ഞ സ്റ്റോക്കുകൾ മാത്രം). ചുരുക്കി പറഞ്ഞാൽ ഉന്നത തീരുമാനങ്ങൾ എടുക്കേണ്ട കാര്യങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും സമയം ലാഭിക്കാനും ഡാഷ് ബോർഡ് കൊണ്ട് കഴിയുന്നു.

വാഹനങ്ങളിൽ സ്‌ഥാപിച്ചിരിക്കുന്ന ഡാഷ് ബോർഡുകളിൽ നിന്നുമാണ് നമുക്ക് വണ്ടിയുടെ വേഗവും ഇന്ധന ലഭ്യതയും അതതു സമയം പ്രത്യേകിച്ച് ഒരു ആയാസവുമില്ലാതെ അറിയാൻ കഴിയുന്നത് എന്ന് ഓർക്കുക. ഈ ഒരു രീതി ബിസിനസിലും കൊണ്ടു വരുവാൻ കഴിയണം. ഒരു ബിസിനസ് മേധാവി സ്‌ഥാപനത്തിനകത്ത് നിന്നു കാര്യങ്ങൾ നിയന്ത്രിക്കേണ്ട ഒരാൾ അല്ല. മറിച്ച് സ്‌ഥാപനത്തിനു പുറത്തു നിന്നു ലോകത്തിലെ മാറ്റങ്ങൾ അതാതു സമയത്ത് സ്‌ഥാപനത്തിനുള്ളിലേക്ക് കൈ മാറേണ്ട ഒരാളാണ്. പത്തിലധികം വ്യത്യസ്ത സ്‌ഥാപനങ്ങളെ നയിക്കുന്ന കെ.പി.രവീന്ദ്രൻ ഓരോ മാസവും വരുന്ന ഏതാനും ചില എസ്എംഎസുകളിലൂടെയാണ് ഇത്രയും സ്‌ഥാപനങ്ങളെ നിയന്ത്രിക്കുന്നത് എന്ന് പറയുമ്പോൾ അത് ഒട്ടും അതിശയോക്‌തി അല്ല, മറിച്ച് ബിസിനസ്സ് ഇന്റലിജൻസ് എന്ന അപാര സാധ്യത ഫലപ്രദമായി നടപ്പിലാക്കുകയാണ്.

ഒരു തുടക്കം എന്ന നിലയിൽ വളരെ പ്രാഥമികമായ ചില കാര്യങ്ങൾ പങ്ക് വയ്ക്കുക മാത്രമാണ് ഇവിടെ ചെയ്തിരിക്കുന്നത്. ബിസിനസ് ഇന്റലിജൻസ് എന്നത് വലിയ ഒരു പ്രത്യേക സോഫ്റ്റ്വേർ–ഹാർഡ്വേർ സിസ്റ്റമോ അധിക മനുഷ്യാധ്വാനം വേണ്ടി വരുന്ന ഒരു ഡേറ്റ എൻട്രി സിസ്റ്റമോ അല്ല. മറിച്ചു ബിസിനസ് മാനേജ്മെന്റ്/അക്കൗണ്ടിംഗ് സോഫ്റ്റ്വേറുകൾ സ്‌ഥാപിക്കുമ്പോൾ അതിൽ ബിസിനസ് ഇന്റലിജൻസ് സംവിധാനങ്ങൾ ഉണ്ടെന്നു ഉറപ്പു വരുത്തുകയും അതിനു വേണ്ട ഹാർഡ്വേർ സംവിധാനങ്ങൾ നടപ്പിലാക്കുകയും ചെയ്യുക എന്നതു മാത്രമാണ്.

ചുരുക്കി പറഞ്ഞാൽ ഓരോ ബിസിനസും വളരുവാനാവശ്യമായ രഹസ്യങ്ങളുടെ ഒരു കലവറ അവിടെ തന്നെ ഒളിഞ്ഞു കിടപ്പുണ്ട്. യഥാസമയം ആ ഖനി തുറന്ന് ആവശ്യമായ വിവരങ്ങൾ ശേഖരിച്ച് പുതിയ തീരുമാനങ്ങൾ നടപ്പിലാക്കി മുന്നോട്ട് പോകുന്നവർക്ക് മാത്രമേ വലിയ വിജയങ്ങൾ കരസ്‌ഥമാക്കാനാവൂ എന്നതാണ് പരമാർത്ഥം.

കെ. സുഭാഷ് ബാബു
ചീഫ് മെന്റർ
ഇനെക്സോഫ്റ്റ് ടെക്നോളജീസ്