കള്ളപ്പണത്തിനെതിരേ മോദിയുടെ മിന്നലാക്രമണം
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ രണ്ടാമത്തെ മിന്നലാക്രമണം. ഇത്തവണ ആയിരത്തിന്റെയും അഞ്ഞൂറിന്റെയും കറൻസി നോട്ടുകൾ പിൻവലിച്ചുകൊണ്ടാണ്. രാജ്യത്തേയും ജനാധിപത്യത്തേയും ക്ഷീണിപ്പിക്കുന്ന കള്ളപ്പണം, വ്യാജ കറൻസി, ഭീകരവാദത്തിനു സാമ്പത്തിക സഹായം തുടങ്ങിയവയ്ക്കെതിരേയാണ് ഈ വ്യത്യസ്തമായ മിന്നലാക്രമണം.

പെട്ടെന്നുള്ള മോദിയുടെ പ്രഖ്യാപനം രാജ്യത്തൊട്ടാകെ അമ്പരപ്പും ഞെട്ടലും ഉണ്ടാക്കിയെങ്കിലും ബഹുഭൂരിപക്ഷം പേരും തീരുമാനത്തെ സഹർഷം സ്വാഗതം ചെയ്യുകയാണ് ചെയ്തത്. ഹ്രസ്വകാലത്തിൽ ജനങ്ങൾക്കു കുറച്ചു പ്രയാസങ്ങൾ ഉണ്ടാവുമെങ്കിലും ദീർഘകാലത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയ്ക്കു തീരുമാനം ഗുണം ചെയ്യുമെന്ന് എല്ലാവരും കരുതുന്നു.

2015–16–ൽ ഇന്ത്യയിൽ സർക്കുലേറ്റു ചെയ്തിരുന്ന പേപ്പർ നോട്ടുകൾ ഏതാണ്ട് 16.4 ലക്ഷം കോടി രൂപയുടേതാണ്. ഇതിൽ 86 ശതമാനത്തോളവും 500 രൂപ,1000 രൂപ നോട്ടുകളാണ്. കറൻസി നോട്ടു പിൻവലിച്ചതു വഴി മൂന്നു ലക്ഷം കോടി രൂപയുടെയെങ്കിലും വ്യാജ നോട്ടുകൾ അപ്രത്യക്ഷമാകുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യൻ ജിഡിപിയുടെ നാലിലൊന്നോളം വരുന്ന സമാന്തര സമ്പദ്ഘടനയിലാണ് മോദി മിന്നലാക്രമണം നടത്തിയിട്ടുള്ളത്. ഇതുണ്ടാക്കുന്ന പ്രത്യാഘാതങ്ങൾ നോക്കാം.

റിയൽ എസ്റ്റേറ്റ്

കാഷ് എറ്റവും കൂടുതൽ ഉപയോഗിക്കുന്ന മേഖലയാണ് റിയൽ എസ്റ്റേറ്റ്. കള്ളപ്പണവും വ്യാജ നോട്ടും ഹവാലപ്പണവുമെല്ലാം ഏറ്റവും കൂടുതൽ വന്നടിയുന്ന മേഖലയാണ് ഇത്.

റിയൽ എസ്റ്റേറ്റ് മേഖലയിലെ മുന്നേറ്റത്തിനു ബാങ്കുകളുടെ പരോക്ഷമായ പിന്തുണയുമുണ്ടായിരുന്നു. ബാങ്കുകൾ കഴിഞ്ഞ അഞ്ചുവർഷക്കാലത്ത് ഒരു ലക്ഷം കോടിയോളം രൂപയാണ് വാണിജ്യ റിയൽ എസ്റ്റേറ്റിനു വായ്പയായി നൽകിയത്. ചുരുക്കത്തിൽ റിയൽ എസ്റ്റേറ്റിൽ ഒരു തിരുത്തൽ വൈകിയിരിക്കുകയായിരുന്നു.

മോദിയുടെ നോട്ട് പിൻവലിക്കൽ തീരുമാനം കള്ളപ്പണത്തിനെതിരേയുള്ള യൂദ്ധം മാത്രമല്ല ഭൂമി വില വർധനയ്ക്കെതിരേ കൂടിയുള്ള യുദ്ധമാണ്. വരും മാസങ്ങളിൽ റിയൽ എസ്റ്റേറ്റ് വിലയിൽ കുത്തനെയുള്ള ഇടിവാണ് പ്രതീക്ഷിക്കുന്നത്. ഈ പിൻവലിക്കൽ ഈ മേഖലയിൽ നല്ല ആഘാതമുണ്ടാക്കുമെന്നു തന്നെയാണ് പ്രതീക്ഷിക്കുന്നത്. വിലയിടിവോടെ ഈ മേഖലയിലെ കള്ളപ്പണം ആവിയായിപ്പോകുകയും അത് സമ്പദ്ഘടനയ്ക്കു ആകമാനം ഊർജമാകുകയും ചെയ്യും.

പിൻവലിക്കുന്ന നോട്ടിനു പകരം 500 രൂപയുടേയും 2,000 രൂപയുടേയും പുതിയ നോട്ടുകൾ ഗവൺമെന്റ് പുറത്തിറക്കിയിട്ടുണ്ട്. പഴയ നോട്ടു മാറി പുതിയതു വാങ്ങുവാൻ പലർക്കും പ്രയാസകരമാകും. ഇതാണ് റിയൽ എസ്റ്റേറ്റ് വില താഴുമെന്ന വിലയിരുത്തലിന്റെ യുക്‌തി.

പ്രോപ്പർട്ടി വിപണിയിൽ 30 ശതമാനത്തോളമെങ്കിലും വിലയിടിവുണ്ടാകുമെന്നാണ് എസ്റ്റേറ്റ് ഏജന്റ്സ് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ പ്രസിഡന്റ്യശ്വന്ത് ദലാൽ കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടത്. രണ്ടും മൂന്നും നിര പട്ടണങ്ങളിലായിരിക്കും ഏറ്റവും കൂടുതൽ ഇടിവുണ്ടാകുകയെന്നും അദ്ദേഹം കൂട്ടിച്ചേർക്കു്നു. രണ്ടും മൂന്നും നിര പട്ടണങ്ങളിലെ ഭുമി വാങ്ങലിലാണ് ഏറ്റവും കൂടുതൽ കള്ളപ്പണം എത്തിച്ചേരുന്നതെന്നാണ് ദലാലിന്റെ അഭിപ്രായം.


2008–ലെ സാമ്പത്തിക കുഴപ്പങ്ങൾക്കുശേഷം റിയൽ എസ്റ്റേറ്റിൽ വില കുറയാത്ത രാജ്യങ്ങളിലൊന്ന് ഇന്ത്യയാണ്. ഇന്ത്യ ഭൂമി വിലയിടിവിൽനിന്ന് ഒഴിഞ്ഞു നിന്നത് എങ്ങനെയാണ്. കള്ളപ്പണത്തോടൊപ്പം ബാങ്ക് വായ്പയും ചേർന്നപ്പോഴാണ് ആഗോള വിലയിടിവിന്റെ സമ്മർദ്ദങ്ങളെ ഇന്ത്യ അതിജീവിച്ചത്. ആ സ്‌ഥിതി മാറുകയാണ്. ബാങ്ക് വായ്പ കുറയുന്നതിനൊപ്പം കള്ളപ്പണത്തിന്റെ ഒഴുക്കു പൂർണമായും ഇല്ലാതാകുന്നതോടെ റിയൽ എസ്റ്റേറ്റിന്റെ വിലയിൽ ഇടിവുണ്ടാവുകയേ നിവൃത്തിയുള്ളു.

സ്വർണത്തിലും ഇടിവുണ്ടാകും

റിയൽ എസ്റ്റേറ്റ് കഴിഞ്ഞാൽ ഏറ്റവും കൂടുതൽ കാഷ് ഇടപാടു നടക്കുന്ന മേഖലയാണ് സ്വർണ വ്യാപാരം. അതുകൊണ്ടുതന്നെ നോട്ടുകളുടെ പിൻവലിക്കൽ സ്വർണ വിൽപനയെ ബാധിക്കുമെന്നുതന്നെയാണ് വിലയിരുത്തൽ. അല്ലാതെതന്നെ ആഭ്യന്തര സ്വർണാഭാരണ ഡിമാണ്ട് കുറയുകയായിരുന്നു. 2016–ന്റെ ആദ്യ ഒമ്പതു മാസക്കാലത്ത് ഇന്ത്യയിലെ സ്വർണാഭാരണ ഡിമാണ്ട് മുൻവർഷത്തേക്കാൾ 30 ശതമാനം കുറഞ്ഞതായാണ് വേൾഡ് ഗോൾഡ് കൗൺസിൽ ഇന്ത്യ മാനേജിംഗ് ഡയറക്ടർ പി ആർ സോമസുന്ദരൻ അറിയിച്ചത്. രണ്ടു ലക്ഷം രൂപയ്ക്കു മുകളിൽ സ്വർണാഭരണം വാങ്ങുന്നതിന് പാൻ നിർബന്ധമാക്കിയപ്പോൾ തന്നെ ഡിമാണ്ട് കുറഞ്ഞു തുടങ്ങിയെന്ന് അദ്ദേഹം ചൂണ്ടിക്കാണിക്കുന്നു.

‘‘ പുതിയ നോട്ടുകൾ പൂർണമായി രാജ്യത്ത് സർക്കുലേറ്റ് ചെയ്യുന്നതോടെ സ്വർണത്തിന്റെ ഡിമാണ്ട് മെച്ചപ്പെടുമെന്നാണ് തോംസൺ റൂട്ടേഴ്സിന്റെ പ്രിഷ്യസ് മെറ്റൽസ് സൗത്ത് ഏഷ്യ– യുഎഇ അനലിസ്റ്റ് സുധീഷ് നമ്പിയത്തിന്റെ വിലയിരുത്തൽ. കാഷ് കൈവശം സൂക്ഷിച്ചാൽ ഉണ്ടാവുന്ന തിക്‌താനുഭവത്തെക്കുറിച്ചു ജനങ്ങൾക്ക് ഇപ്പോൾ മനസിലായിട്ടുണ്ട്. അതിനാൽ അതു സ്വർണം പോലെയുള്ള ആസ്തിയാക്കി മാറ്റാനുള്ള സാധ്യതയേറെയാണെന്നും അദ്ദേഹം കൂട്ടിച്ചേർക്കുന്നു.

ഓഹരി വിപണി

ഏറ്റവും സുതാര്യമായി പ്രവർത്തിക്കുന്നതും കാഷ് ഇടപാടില്ലാത്തതുമായ ഓഹരി വിപണി സഹർഷം മോദിയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുകയായിരുന്നു. ഓഹരി വിപണിക്ക് ഏറ്റവും അനുകൂലമായ തീരുമാനമായും അവർ ഇതിനെ വിശേഷിപ്പിക്കുന്നു. ഭൂമിയിലും സ്വർണത്തിലും മറ്റും നടത്തിയിരുന്ന നിക്ഷേപത്തിൽ ഒരു ഭാഗം ധനകാര്യ ആസ്തികളിലേക്ക് നിക്ഷേപമായി എത്തുമെന്നാണ് വിലയിരുത്തുന്നത്.

കൂടുതൽ പണം ഓഹരി വിപണിയിലേക്കും മ്യൂച്വൽ ഫണ്ടിലേക്കും എത്തുമെന്നാണ് മിക്ക ധനകാര്യ ആസൂത്രകരുടേയും വിശ്വാസം.

കറൻസി നോട്ടു പിൻവലിച്ച മോദിയുടെ തീരുമാനത്തോടൊപ്പം ജിഎസ്ടിയുടെ വരവും കൂടിയാകുമ്പോൾ ഇന്ത്യൻ വളർച്ചാകഥയ്ക്കും പൂതിയ ഉർജം കൈവരുമെന്ന് ഉറപ്പാണ്.