പൂങ്കുയിൽ പാട്ടുനിർത്തുന്നു
പൂങ്കുയിൽ പാട്ടുനിർത്തുന്നു
Friday, November 25, 2016 7:13 AM IST
പൂങ്കുയിൽ പാട്ടു നിർത്തുമ്പോൾ
പൂമരം ഉണങ്ങിപ്പോകുമോ?
പ്രകൃതി കണ്ണീർ വാർക്കുമോ?
പ്രപഞ്ചം നിശ്ചലമാകുമോ?

എസ്. ജാനകി സിനിമയിൽ ഇനി പാടുന്നില്ല എന്ന വാർത്ത അറിഞ്ഞപ്പോൾ മനസു കുറിച്ച വരികളാണിത്.

മലയാള ചലച്ചിത്രഗാന ശാഖയാകുന്ന പൂമരം ജാനകിയമ്മ പാട്ടുനിർത്തിയാൽ ഉണങ്ങിപ്പോകുകയില്ല. ആ മരം പൂമരമായതിൽ മലയാളിയല്ലാത്ത എസ്. ജാനകി നൽകിയ സംഭാവനകൾ വളരെ വലുതാണ്. മലയാളഭാഷയുടെ മുലപ്പാൽ കുടിച്ചുവളർന്ന മുമ്പും പിമ്പും ഉള്ള കേരളീയരായ പിന്നണി ഗായികമാർ എസ്. ജാനകി, പി. സുശീല എന്നിവർ പിറകിലാണ്. കെ.എസ്. ചിത്രപോലും ഇക്കാര്യത്തിൽ എതിരഭിപ്രായം പറയില്ല.

മലയാളഭാഷയുടെ ഉറവ വറ്റാത്ത കാലത്തോളം എസ്. ജാനകി എന്ന ഗായികയെ ലോകമെമ്പാടുമുള്ള മലയാളികൾ ഓർക്കും. എസ്. ജാനകിയുടെ ഒരു പാട്ടു മൂളാത്ത ഒരു ദിവസം മലയാളിയുടെ ജീവിതത്തിൽ ഉണ്ടാകില്ല. പത്മവിഭൂഷണും ഭാരതരത്നവും കിട്ടുന്നതിനേക്കാൾ വലിയ അംഗീകാരമാണിത്. ഭരണകർത്താക്കൾക്ക് അവർക്ക് ഇഷ്ടമുള്ളവർക്കു പുരസ്കാരങ്ങൾ നൽകാൻ കഴിയും. എന്നാൽ, ജനങ്ങളുടെ അംഗീകാരമില്ലാത്ത പുരസ്കാരങ്ങൾ ഷോക്കേസിൽ മറവിയുടെ പൊടിപിടിച്ചു മങ്ങിപ്പോകും.

എസ്. ജാനകിയെക്കൊണ്ട് അധികം പാടിക്കാത്ത ദേവരാജന്റെ ഒരു പാട്ടാണ് എന്റെ ബാല്യത്തിൽ അവരുടെ സ്വരത്തിൽ ആദ്യം കേൾക്കുന്നത്. അത് ഭാര്യയിലെ കാണാൻ നല്ല കിനാവുകൾകൊണ്ടു കണ്ണാടിമാളിക തീർത്തു ഞാൻ എന്ന വയലാർ എഴുതിയ ഉദയായുടെ ചിത്രത്തിലെ ഗാനമാണ്. രണ്ടാമത്തെ എസ്. ജാനകിയുടെ സ്മരണയിലെ പാട്ടും ഉദയായുടെതന്നെ റബേക്കയിലെ കൊതിക്കല്ലേ കൊതിക്കല്ലേ റബേക്കാ എന്ന ഗാനമാണ്. വയലാർ രചിച്ച ഗാനം കെ. രാഘവൻ മോളി എന്ന പേരിലാണ് അന്ന് ഈണം പകർന്നത്.

മൂന്നാമത്തെ പാട്ടും കുഞ്ചാക്കോയുടെ ഉദയായിലെ കടലമ്മ എന്ന ചിത്രത്തിൽ ജിക്കിയുമായി ചേർന്നു പാടിയ മുങ്ങി മുങ്ങി മുത്തുകൾ വാരും മുക്കുവനേ എന്ന വയലാർ– ദേവരാജൻ ഗാനമാണ്.

1964–ൽ അന്ന എന്ന ചിത്രത്തിലെ അരുവി തേനരുവി എന്ന ഗാനത്തിലൂടെ യേശുദാസിനെയും എസ്. ജാനകിയെയും ഒന്നിപ്പിക്കുന്നത് ജി. ദേവരാജൻതന്നെയാണ്. പിന്നീട് എസ്. ജാനകിയെക്കൊണ്ട് അധികം പാടിച്ചില്ല ദേവരാജൻ. പി. സുശീല, പി. മാധുരി എന്നീ ഗായികമാർ അദ്ദേഹത്തിന്റെ മികച്ച ഗാനങ്ങൾ ധാരാളം പാടി.



അതിമധുരവും അധികം വിഷാദവും നിറഞ്ഞ സ്വരമായതുകൊണ്ടാണോ ജാനകിയെ ഒഴിവാക്കിയത് എന്നു ഞാൻ ദേവരാജൻ മാസ്റ്ററോട് ഒരു ഇന്റർവ്യൂവിൽ ചോദിച്ചിട്ടു മൂളൽ മാത്രമായിരുന്നു മറുപടി.

മലയാള സിനിമയിലെ നമ്പർവൺ സംഗീത സംവിധായകനായ ദേവരാജൻ കൂടുതൽ ഗാനങ്ങൾ പാടിച്ചില്ലെങ്കിലും ബാബുരാജ്, കെ. രാഘവൻ, ദക്ഷിണാമൂർത്തി, പുകഴേന്തി, എം.കെ. അർജുനൻ, ബി.എ. ചിദംബരനാഥ്, സലിൽ ചൗധരി, എ.ടി. ഉമ്മർ, എം.എസ്. വിശ്വനാഥൻ, ശ്യാം, ഇളയരാജ, രവീന്ദ്രൻ, ജോൺസൺ എന്നിവരുടെ ഗാനങ്ങളിലൂടെ ഒരു സ്വർണനാണയത്തിന്റെ രണ്ടു വശങ്ങൾപോലെ പി. സുശീലയ്ക്കൊപ്പം മലയാള ചലച്ചിത്ര പിന്നണി ഗായികമാരിൽ ഒന്നാംസ്‌ഥാനവും പങ്കുവച്ചു എസ്. ജാനകി. സംവിധായകൻ ഹരിഹരൻ തന്റെ പടങ്ങളിൽ സംഗീതം ചെയ്യിച്ചില്ലെങ്കിലും രവീന്ദ്രനും ജോൺസണും ഉയർന്നുവന്നത് പ്രതിഭയുള്ളതുകൊണ്ടാണ്.

എസ്. ജാനകിയെ ഞാൻ ആദ്യം കാണുന്നത് പള്ളുരുത്തി അഴകിയകാവ് ക്ഷേത്രത്തിൽ ഗാനമേളയ്ക്കു വന്നപ്പോഴാണ്. ഞാനന്നു മൂന്നാംക്ലാസിൽ പഠിക്കുകയായിരുന്നു. എന്റെ അമ്മ സരളയുടെ വീടു പള്ളുരുത്തി ബിന്നി കമ്പനി റോഡിലെ വട്ടത്തറ ആയിരുന്നു. എസ്. ജാനകിയുടെ ഗാനമേള കേൾക്കാൻ വൻ ജനാവലിയായിരുന്നു. പള്ളുരുത്തി കസ്ബ പോലീസ് സ്റ്റേഷന്റെ മുൻഭാഗത്തും പരിസരത്തും ജനങ്ങൾ തടിച്ചുകൂടിയിരുന്നു. ഉണരുണരൂ ഉണ്ണിപ്പൂവേ, മഞ്ഞണിപ്പൂനിലാവ്, കൊന്നപ്പൂവേ കൊങ്ങിണിപ്പൂവേ, അഞ്ജന കണ്ണെഴുതി തുടങ്ങിയ സൂപ്പർഹിറ്റ് ഗാനങ്ങൾ അവർ പാടി. അവരുടെ ഭർത്താവാണ് ഓർക്കസ്ട്ര നിയന്ത്രിച്ചിരുന്നത്.

പിന്നീടു പത്രപ്രവർത്തകനായപ്പോൾ ജാനകിയമ്മയെ രണ്ടുതവണ ഇന്റർവ്യൂ ചെയ്യാനുള്ള ഭാഗ്യം എനിക്കുണ്ടായി. പള്ളുരുത്തിയിലെ ഗാനമേളയിൽ ഭർത്താവുണ്ടായിരുന്ന കാര്യം പറഞ്ഞപ്പോൾ തന്റെ പാട്ടിന് എന്നും പ്രോത്സാഹനം നൽകിയിരുന്നത് തന്റെ ഭർത്താവായിരുന്നു എന്ന് എസ്. ജാനകി പറഞ്ഞു.

കുറെ വർഷങ്ങളായി അവർ പാട്ടുകൾ പാടുന്നതു കുറച്ചിരുന്നു. കടുത്ത ആസ്തമ കാരണം അമ്മയെക്കൊണ്ട് അധികം പാടിക്കുന്നില്ല എന്നു മകൻ എന്നോടു പറഞ്ഞിരുന്നു.

മലയാളത്തിൽ പി. ഭാസ്കരൻ, വയലാർ, ശ്രീകുമാരൻ തമ്പി, ഒ.എൻ.വി, ബിച്ചു തിരുമല എന്നിവരുടെ ഗാനങ്ങളാണ് അവർ അധികം പാടിയത്.

അഭയദേവിന്റെ സീതയിൽ രണ്ടുപാട്ടുകൾ പാടിയെങ്കിലും സത്യഭാമയിലെ ആരാമത്തിൻ സുന്ദരിയല്ലേ എന്ന ഗാനമായിരുന്നു ഹിറ്റായത്. തിരുനൈനാർ കുറിച്ചി മാധവൻനായർ രചിച്ച് ബ്രദർ ലക്ഷ്മൺ ഈണംപകർന്ന സ്നാപകയോഹന്നാനിലെ താരാകുമാരികളേ താഴെ വരൂ എന്ന ഗാനവും ഹിറ്റായിരുന്നു.

അൾത്താരയിൽ തിരുനൈനാർ കുറിച്ചി എഴുതിയ കന്യാമറിയമേ പുണ്യപ്രകാശമേ എന്ന ഗാനം പി. സുശീലയ്ക്കൊപ്പവും പാതിരാപ്പൂവൊന്നു കൺതുറന്നാൽ എന്ന ഗാനം കമുകറയ്ക്കൊപ്പവും ജാനകി പാടിയതാണ്. വരും ഒരുനാൾ സുഖം, ഏഴുനിറങ്ങളിൽ നിന്നുടെ രൂപം പാലപ്പൂവിൻ പരിമളമേകും എന്നീ ഗാനങ്ങളും തിരുനൈനാർ കുറിച്ചി എഴുതി ജാനകി പാടിയതാണ്. യൂസഫലി കേച്ചേരിയുടെ മധുമാസ രാത്രി മാദകരാത്രി, മാൻകിടാവിനെ മാറിലേന്തുന്ന, കൺമണിയെ കൺമണിയേ, ശരണം നിൻ ചരണം, വിണ്ണിലെ കാവിൽ പുലരുമ്പോൾ പൂമണിമാരന്റെ കോവിലിൽ തുടങ്ങിയ ഹിറ്റുഗാനങ്ങൾ എസ്. ജാനകി പാടിയതാണ്.

ഭരണിക്കാവ് ശിവകുമാർ എഴുതിയ രാഗങ്ങളേ മോഹങ്ങളേ, മധുരം തിരുമധുരം, സിന്ദൂരവനപുഷ്പ ചകോരം, അക്കൽദാമ തൻ താഴ്വരയിൽ എന്നീ ഗാനങ്ങളിൽ ജാനകിയുടെ സ്വരവും പങ്കുവച്ചിട്ടുണ്ട്. ബിന്ദു എന്ന ചിത്രത്തിനുവേണ്ടി ഭരണിക്കാവ്– പീറ്റർ രൂപൻ– എസ്. ജാനകി കൂട്ടുകെട്ടിന്റെ ഭാരതനാടിൻ മാനംകാക്കും വീരജവാന്മാരെയാണു സൂപ്പർഹിറ്റ്.

കാവാലം നാരായണപണിക്കർ എഴുതിയ ഗോപികേ നിൻ വിരൽ, കാത്തിരിപ്പൂവ് പൊന്നരിപ്പൂവ് വെറും പൂവ്, അല്ലിമലർ കണ്ണിൽ ഈ ഗാനങ്ങൾ എസ്. ജാനകിയാണ് ആലപിച്ചത്. പൂവച്ചൽ ഖാദർ രചിച്ച് എം.ജി. രാധാകൃഷ്ണൻ ഈണം പകർന്ന നാഥാ നീ വരും കാലൊച്ച കേൾക്കുവാൻ എന്ന ഗാനം എസ്. ജാനകി പാടിയതാണ്. പൂവച്ചൽ ഖാദറിന്റെ എന്റെ ജന്മം നീയെടുത്തു എന്ന യേശുദാസ്– ജാനകി ഗാനം വളരെയധികം ശ്രദ്ധ നേടിയതാണ്.

മങ്കൊമ്പ് ഗോപാലകൃഷ്ണന്റെ ആദ്യചിത്രമായ വിമോചനസമരത്തിലെ പ്രപഞ്ചഹൃദയ വിപണിയിലുയരും പ്രണവ സംഗീതം എസ്. ജാനകി പി. ലീലയുമായി പാടിയതാണ്. മങ്കൊമ്പ്– കണ്ണൂർ രാജൻ ടീമിന്റെ ഇളംമഞ്ഞിൻ കുളിരുമായ് എന്ന യുഗ്മഗാനം എസ്. ജാനകിയും പാടിയതാണ്.

ലൗ മാര്യേജിൽ മങ്കൊമ്പു രചിച്ച് ആഹ്വാൻ സെബാസ്റ്റ്യൻ ഈണംപകർന്ന കാമിനിമാർക്കുള്ളിൽ ഉന്മാദം ഉണർത്തും എസ്. ജാനകി വാണി ജയറാമുമായി പാടിയതാണ്. സ്വർണവിഗ്രഹം എന്ന ചിത്രത്തിൽ മങ്കൊമ്പു രചിച്ച സ്വർണ വിഗ്രഹമേ എന്ന ഗാനവും എസ്. ജാനകിയും ചേർന്നു പാടിയതാണ്.

പാപ്പനംകോട് ലക്ഷ്മണന്റെ അജന്താ ശില്പങ്ങളിൽ, സ്വപ്നങ്ങൾ താഴികക്കുടമേന്തും എന്നീ ഗാനഹ്ങൽ എസ്. ജാനകിയും പാടിയതാണ്.

ഡോക്ടർ പവിത്രൻ രചിച്ച വ്യാമോഹത്തിലെ പൂവാടികളിൽ അലയും തേനിളം കാറ്റേ, തിക്കുറിശി സുകുമാരൻ നായർ രചിച്ച പൂജാ പുഷ്പത്തിലെ കസ്തൂരിപ്പൊട്ടു മാഞ്ഞു, ഏറ്റുമാനൂർ ശ്രീകുമാർ രചിച്ചു ശങ്കർ ഗണേഷ് ഈണം പകർന്ന പ്രഭുവിലെ ആരാമ ദേവതമാരേ, ജമാൽ കൊച്ചങ്ങാടി രചിച്ചു ജിതിൻ ശ്യാം ഈണം പകർന്ന തളിരിട്ട കിനാക്കളിലെ എൻ മൂകവിഷാദം ആരറിയാൻ, വയനാർ വല്ലഭൻ ഇളനീർ എന്ന ചിത്രത്തിനുവേണ്ടി രചിച്ച മലർവാക പ്പൂവേ, നാട്ടിക ശിവറാം ഭ്രഷ്ട് എന്ന സിനിമയ്ക്കുവേണ്ടി രചിച്ച നീയെവിടെ കണ്ണാ കാർമുകിൽ വർണാ എന്നീ ഗാനങ്ങളും പാടിയത് എസ്. ജാനകി തന്നെയാണ് വർഗീസ് മാളിയേക്കൽ രചിച്ചു ജോബ് ജോർജ് ഈണം പകർന്ന് എസ്. ജാനകി പാടിയ ഞാനുറ്റാൻ പോകുംമുമ്പായ് അനശ്വരഗാനമാണ് എസ്. ജാനകി ഒരു ഗാനസാഗരമാണ്. ആ സാഗരം നിറയെ അമൂല്യങ്ങളായ രത്നങ്ങളും മുത്തുകളും നിറഞ്ഞുകിടക്കുകയാണ്. അതിൽ നിന്നു ഞാൻ എന്നെ സ്വാധീനിച്ച കുറേ ഗാനങ്ങൽ ഇവിടെ പ്രദർശിപ്പിച്ചിരിക്കുന്നു. ഞാൻ വിട്ടുപോയ രത്നങ്ങളും മുത്തുകളും വായനക്കാർ ഓർത്തെടുത്തു. എസ്. ജാനകി എന്ന വില നിർണയിക്കാൻ കഴിയാത്ത ഗാനമാലികയിൽ കോർത്തുവയ്ക്കണമല്ലോ.ഫോൺ: 93878 42637.




വയലാർ– എസ്. ജാനകി

1. സൂര്യകാന്തി, സൂര്യകാന്തി
2. കാളിന്ദി തടത്തിലെ രാധ
3. കിലു കിലും കിളിമരത്തോണി
4. വെളിച്ചമേ നയിച്ചാലും
5. നിശീഥിനി, നിശീഥിനി
6. തങ്കപ്പളുങ്ക് മണിമാല
7. വീണപൂവേ, കുമാരനാശാന്റെ
8. കണ്ണിലെ കണ്ണീർ ഉറവ്
9. പോകാം നമുക്കു പോകാം
10. മരമായ മരമൊക്കെ പൂവിട്ടു കായിട്ടു
11. ദേവകുമാരാ, ദേവകുമാരാ
12. ചാഞ്ചക്കം ചാഞ്ചക്കം ചന്ദനപ്പാവ
13. ചിത്ര പൗർണമി രാത്രിയിൽ ഇന്നലെ
14. ബാല്യകാല സഖി, ബാല്യകാലസഖി
15. ഉണരൂ കണ്ണാ നീ ഉണരൂ
16. കല്പക പൂഞ്ചോലക്കരയിൽ
17. ആയിരം ചിറകുള്ള വഞ്ചിയിൽ
18. അമൃതം പകർന്ന രാത്രി
19. പ്രഭാത ഗോപുരവാതിൽ തുറന്നു
20. ഭദ്രദീപം കരിന്തിരി കത്തി
21. തങ്കവിളക്കത്ത്
22. കുറുമൊഴി മുല്ലപ്പൂ താലവുമായി
23. കാട്ടിലിരുന്നു വിരുന്നു വിളിക്കും
24. വിജയദശമീ വിടരുമീ വ്യവസായ യുഗത്തിലെ
25. അസ്മതക്കടലിനകലെ
26. ചുംബിക്കാൻ ഒരു ശലഭമില്ലെങ്കിൽ
27. ഇവിടെ കാറ്റിനു സുഗന്ധം
28. മുകിലൊരു പുഴയാകാൻ (സംഗീതം– യേശുദാസ്)


പി. ഭാസ്കരൻ– എസ്. ജാനകി

1. താമരക്കുമ്പിളല്ലോ മമ ഹൃദയം
2. ഉണരുരണരൂ ഉണ്ണിപ്പൂവേ
3. അഞ്ജന കണ്ണെഴുതി
4. മഞ്ഞണിപ്പൂ നിലാവ്
5. ഇരു കണ്ണീർ തുള്ളികൾ
6. കൊന്നപ്പൂവേ, കൊങ്ങിണിപ്പൂവേ
7. കളിയാക്കി എന്നെ കളിയാക്കി
8. ലോകം മുഴുവൻ സുഖം പകരാനായ്
9. ഇനിയുറങ്ങൂ ഇനിയുറങ്ങൂ
10. നിദ്രതൻ നീരാഴി നീന്തിക്കടന്നപ്പോൾ
11. ഉണരൂ വേഗം നീ സുമറാണി (സംഗീതം ഉഷാ ഖന്ന)
12. ഒരു കൊച്ചു സ്വപ്നത്തിൻ
13. അവിടുന്നെൻ ഗാനം കേൾക്കാൻ
14. ഗോപുര മുകളിൽ വാസന്ത ചന്ദ്രൻ
15. ഇന്നലെ നീയൊരു സുന്ദര രാഗമായെൻ
16. പിന്നെയും ഇണക്കുയിൽ പിണങ്ങിയല്ലോ
17. പുലയനാർ മണിയമ്മ
18. കന്നൽ മിഴി, കണിമലരേ
19. മുറിവാലൻ കുരങ്ങച്ചൻ
20. അമ്പല വെളിയിലൊരാൽത്തറയിൽ
21. സ്വർണ മുകിലേ, സ്വർണമുകിലേ
22. കുളികഴിഞ്ഞു കോടി മാറ്റിയ (പ്രതാപ് സിംഗ്)
23. വിരുന്നൊരുങ്ങി കാത്തിരുന്നു (ജയ വിജയ)
24. കുങ്കുമപ്പൂവുകൾ പൂത്തു
25. തുമ്പി തുമ്പി തുള്ളാൻ വായോ
26. ഗുരുവായൂരുള്ളൊരു കണ്ണൻ
27. കേശാദിപാദം തൊഴുന്നേൻ
28. തിരുവേഗപ്പുറയുള്ള ഭഗവാൻ
29. വാകചാർത്തുകഴിഞ്ഞൊരു ദേവന്റെ
30. ഏറ്റുമാനൂരമ്പലത്തിൽ എഴുന്നള്ളത്ത്.
31. വാസന്ത പഞ്ചമി നാളിൽ
32. അനുരാഗ മധുചഷകം
33. പൊട്ടിത്തകർന്ന കിനാക്കൾ കൊണ്ടൊരു
34. തളിരിട്ട കിനാക്കൾ തൻ
35. മണിമലയാറിൻ തീരത്ത്
36. എന്റെ മകൻ കൃഷ്ണനുണ്ണി
37. മണവാളൻ പാറ


ശ്രീകുമാരൻ തമ്പി– എസ്. ജാനകി

1. വരുമല്ലോ രാവിൽ പ്രിയതമൻ
2. ചിരിക്കുമ്പോൾ കൂടെ ചിരിക്കാൻ
3. മാനത്തുനിന്നൊരു നക്ഷത്രം വീണു
4. മലർക്കൊടി പോലെ
5. അകലെ അകലെ നീലാകാശം
6. വൈക്കത്തഷ്ടമി നാളിൽ
7. താരുണ്യ പുഷ്പവനത്തിൽ
8. എവിടെയാ മോഹത്തിൻ മയിൽപ്പീലികൾ
9. മൗനരാഗപ്പൈങ്കിളി നിൻ
10. ആ നിമിഷത്തിന്റെ നിർവൃതിയിൽ
11. ഓരോ നിമിഷവും ഓരോ നിമിഷവും
12. അചച്ൻ കോവിലാറ്റിലെ
13. സ്വർണപ്പൂംചോല
14. കൊടുംകാറ്റേ നീ ഇളംകാറ്റാകൂ


ഒ.എൻ.വി– എസ്. ജാനകി

1. ഓമനത്തിങ്കൾ കിടാവോ
2. പാലരുവീ പാടി വരൂ
3. ആടി വാ കാറ്റേ, പാടി വാ കാറ്റേ
4. ഈ കൈകളിൽ വീണാടുവാൻ
5. തുമ്പീ വാ തുമ്പക്കുടത്തിൻ
6. സന്ധ്യേ, കണ്ണീരിതെന്തേ
7. ഈ മലർ കന്യകകൾ മാരനു നേദിക്കും
8. യാമിനി ദേവി യാമിനി
9. ഒരു വട്ടം കൂടിയെൻ.

ബിച്ചു തിരുമല– എസ്. ജാനകി

1. മൈനാകം കടലിൽ നിന്നു
2. ശ്രുതിയിൽ നിന്നുയരും
3. തുഷാര ബിന്ദുക്കളേ
4. നീല ജലാശയത്തിൽ
5. കണ്ണും കണ്ണും തമ്മിൽ തമ്മിൽ
6. കരിമ്പാറകൾക്കുള്ളിലും കന്മദം
7. മഞ്ഞണിക്കൊമ്പിൽ (ജെറി അമൽദേവ്)
8. മിഴിയോരം നനഞ്ഞൊഴുകും
9. താളം താളത്തിൽ താളമിടും
10. ഉണ്ണി ആരാരി രോ
11. താമരപ്പൂം കുളക്കടവിനു കീഴെ
12. സൂര്യനമസ്കാരം ചെയ്തുയരും ബാലയോഗി
13. ഒരു മയിൽപ്പീലിയായ് ഞാൻ
14. നിഴലായ് ഒഴുകി വരും ഞാൻ
15. തേനും വയമ്പും നാവിൽ തൂവും

എസ്. ജാനകി വിവിധ ഗായകരുമായ്

1. കമുകറ പുരുഷോത്തമൻ– ചന്ദ്രന്റെ പ്രഭയിൽ
സ്നേഹദീപം– പി. ഭാസ്കരൻ, എം.ബി. ശ്രീനിവാസൻ
2. യേശുദാസ്– അരുവി, തേനരുവി
അന്ന– വയലാർ, ദേവരാജൻ
3. എ.എം. രാജ– ചിറകറ്റു വീണൊരു കൊച്ചുതുമ്പീ
പഴശിരാജ– വയലാർ, ആർ.കെ. ശേഖർ
4. ബാലമുരളീകൃഷ്ണ– നീല നീല വാനമതാ
കളിപ്പാവ– സുഗതകുമാരി, ബി.എ. ചിദംബരനാഥ്
5. ജയചന്ദ്രൻ– യദുകുല രതിദേവനെവിടെ
റസ്റ്റ് ഹൗസ്– ശ്രീകുമാരൻ തമ്പി, എം.കെ. അർജുനൻ
6. പി.ബി. ശ്രീനിവാസ്– വീടായാൽ വിളക്കു വേണം
ചേട്ടത്തി– വയലാർ, ബാബുരാജ്
7. കെ.പി. ഉദയഭാനു– വള കിലുക്കും വാനമ്പാടി
മായാവി– പി. ഭാസ്കരൻ, ബാബുരാജ്
8. ബ്രഹ്മാനന്ദൻ– കനവു നെയ്തൊരു കല്പിതകഥയിലെ
മാന്യശ്രീ വിശ്വാമിത്രൻ– പി. ഭാസ്കരൻ, ശ്യാം
9. മലേഷ്യാ വാസുദേവൻ– മന്മഥ മഞ്ജരിയിൽ
ഇവൾ ഒരു നാടോടി– ഡോ. എസ്. ഷാജഹാൻ, എസ്.ഡി. ശേഖർ
10. പട്ടണക്കാട് പുരുഷോത്തമൻ– പഞ്ചമി ചന്ദ്രിക വന്നു നീരാടും
ചെന്നായ വളർത്തിയ കുട്ടി– മങ്കൊമ്പ് ഗോപാലകൃഷ്ണൻ– എം.കെ. അർജുനൻ
11. കൊച്ചിൻ ഇബ്രാഹിം– താഴ്വരയിൽ മഞ്ഞുപെയ്തു
മധുരം, തിരുമധുരം– രവി വള്ളത്തോൾ, എ.ടി. ഉമ്മർ
12. എ.കെ. സുകുമാരൻ– മണിമുകിലേ, മണിമുകിലേ
കടത്തുകാരൻ– വയലാർ, ബാബുരാജ്
13. ജോളി ഏബ്രഹാം– എന്നെ ഞാനേ മറന്നു
നായാട്ട്– ശ്രീകുമാരൻ തമ്പി, ശ്യാം
14. ഗോപൻ– മിഴിയിലെന്നും നീ ചൂടും
ശക്‌തി– ബിച്ചു തിരുമല, കെ.ജെ. ജോയ്.

രഞ്ജിത് മട്ടാഞ്ചേരി