കണ്ണുനീർ ശീലമായ സാവിത്രി
കണ്ണുനീർ ശീലമായ സാവിത്രി
Friday, November 25, 2016 7:12 AM IST
സൂപ്പർ ക്യാരക്ടർ

മോഹങ്ങൾ തനിക്കു വിധിച്ചിട്ടില്ലെന്നു സ്വയം പഴിച്ചവളാണ് സാവിത്രി. അവളുടെ ജീവിതത്തിനു മുകളിൽ അധികാരത്തിന്റെ, ആണത്വത്തിന്റെ തന്ത്രങ്ങൾ കരിനിഴൽ വീഴ്ത്തിയപ്പോൾ പ്രതികാരത്തിന്റെ അഗ്നിനാളമായി അവൾ മാറി. തന്റെ മാനത്തിനു വിലപറഞ്ഞ തമ്പിയും ഒപ്പം മാർത്താണ്ഡവർമ രാജാവിന്റെ മരണം ആഗ്രഹിച്ച എട്ടുവീടന്മാരുടെയും കുലം നാമാവശേഷമാകാൻ താൻ കാരണമാകുന്നതും സാവിത്രി തിരിച്ചറിഞ്ഞു. ഉച്ചിക്കു തൊട്ട അമ്മാവൻ തന്നെ തന്റെ ഉദകക്രിയ ചെയ്തപ്പോഴും അവൾ സ്നേഹത്തോടെ നോക്കി. എന്നും അനാഥത്വത്തിന്റെ മുള്ളുകൾ ആഴ്ന്നിറങ്ങിയ മനസിൽ ദേവസ്പർശമായി മാറിയവൻ പോലും തിരസ്കരിച്ചവൾ, ഇന്ന് അർധസഹോദരന്റെ മടിയിൽ കിടന്നു മരണത്തിനെയും ജയിച്ചിരിക്കുന്നു. ശരികൾ ഏറ്റുമുട്ടിയ ഇരുപക്ഷത്തിനും നടുവിൽ പൊലിഞ്ഞുവീണ ജന്മങ്ങളിൽ ഒന്നായി മാറി സാവിത്രിയും.

സി.വി രാമൻപിള്ളയുടെ മാർത്താണ്ഡവർമ എന്ന നോവലിനെ അവലംബിച്ച് 1997 ൽ ലെനിൻ രാജേന്ദ്രൻ തിരക്കഥ ഒരുക്കി സംവിധാനം ചെയ്ത ചിത്രമായിരുന്നു കുലം. നോവലിലെ സാവിത്രി എന്ന കഥാപാത്രത്തിനെയാണ് സിനിമയിൽ കേന്ദ്രീകരിക്കുന്നത്. കുലമഹിമയുടെയും രാജതന്ത്രങ്ങളുടെയും രാ ഷ്ട്രീയവഞ്ചനയുടെയും കഥ പറഞ്ഞ കുലത്തിൽ സാവിത്രിയുടെ വേഷം ചെയ്തത് ഭാനുപ്രിയയായിരുന്നു. പ്രണയവും നിഷകളങ്കതയും വശ്യതയും പകയുമെല്ലാം കണ്ണിലെരിയുന്ന സാവിത്രിയെ തന്റെ അഭിനയ ജീവിതത്തിലെ തന്നെ അവിസ്മരണീയ വേഷമാക്കി ഭാനുപ്രിയ. തിലകൻ, ജഗതി, തമിഴ് നടൻ നാസർ, വിജയരാഘവൻ, സുരേഷ് ഗോപി എന്നിങ്ങനെ വലിയൊരു താരനിര ചിത്രത്തിൽ എത്തുന്നുണ്ടെങ്കിലും പ്രേക്ഷകന്റെ മനസിൽ ഒരു വിങ്ങലായി മാറിയാണ് സാവിത്രി അരങ്ങൊഴിയുന്നത്.
ഒരു സാഹിത്യസൃഷ്ടി സിനിമയാക്കുമ്പോഴുള്ള വെല്ലുവിളിയെ സംവിധായകൻ ലെനിൻ രാജേന്ദ്രൻ തിരക്കഥയിലെ കെട്ടുറപ്പുകൊണ്ടും കാസ്റ്റിംഗിലെ മികവുകൊണ്ടും തരണം ചെയ്തിരിക്കുന്നു. അവിടെയാണ് നോവലിൽ പാർശ്വവൽക്കരിക്കപ്പെട്ടു പോകുന്ന ഒരു കഥാപാത്രത്തിനെ മികവാർന്ന രീതിയിൽ സിനിമയിൽ കേന്ദ്രകഥാപാത്രമാക്കി മാറ്റുന്നത്.

പിഴച്ചുപെറ്റ അമ്മയുടെ ശാപത്തിന്റെ വിഴുപ്പുമായാണ് സാവിത്രി ജീവിക്കുന്നത്. ഏവരും കൊതിക്കുന്ന സൗന്ദര്യത്തിന്റെ മൂർത്തി രൂപമാണ് അവൾ. ചെറുപ്പത്തിൽ കൊല്ലാൻ വാളുമായി മുന്നിലെത്തിയ അമ്മാവൻ എട്ടുവീട്ടിൽ കുടമൺപിള്ളയെ തന്റെ പുഞ്ചിരികൊണ്ട് തോല്പിച്ചവൾക്കു വളർന്നപ്പോൾ ഏക ആശ്രയവും അദ്ദേഹം മാത്രമായിരുന്നു. ആഗ്രഹിച്ച ആളിനൊപ്പം അമ്മാവൻ സാവിത്രിയുടെ വിവാഹവും ചെയ്തു കൊടുത്തു.


അവളുടെ ശരീരം ആഗ്രഹിച്ച തമ്പി ഒരുക്കിയ ചതിക്കുഴികളിൽ അയാൾ വീണുപോയി. സംശയത്തിന്റെ മുൾപടർപ്പിൽ ഭർത്താവും അവളെ തനിച്ചാക്കിയപ്പോൾ തമ്പിയുടെ നാശം കാണാൻ അവൾ ആഗ്രഹിച്ചു. മോഹങ്ങളും ആഗ്രഹങ്ങളും മറന്നവളുടെ ജീവിതത്തെ തന്നെ തമ്പി ചവിട്ടി അരച്ചപ്പോൾ പക സാവിത്രിയുട കണ്ണിലും എരിയാൻ തുടങ്ങിയിരുന്നു. തിരുവിതാംകൂറിന്റെ രാജാവ് മാർത്താണ്ഡവർമ രാജാവിനെ കൊലപ്പെടുത്തി രാജപട്ടം സ്വന്തമാക്കാൻ ആഗ്രഹിച്ച തമ്പിയുടെയും എട്ടുവീട്ടിൽ പിള്ളമാരുടെ രാജതന്ത്രത്തിനെ തന്റെ വശ്യമോഹത്താൽ അവൾ ചോർത്തിയെടുത്തു. തുണയായി ഒപ്പം ചേർന്ന ഭ്രാന്തനാൽ ആ രഹസ്യം ഒറ്റിക്കൊടുത്തു. എന്നാൽ ഒറ്റിയത് സാവിത്രിയാണെന്നറിഞ്ഞ കുടമൺപിള്ള ബാല്യത്തിൽ അവൾക്കു നേരെ വീശിയ വാൾ വീണ്ടും ആ ശരീരത്തിലേക്കു തന്നെ ആഴ്ന്നിറക്കി. അപ്പോഴും അവൾ അമ്മാവനെ പഴിച്ചില്ല, പകരം ചിരിക്കാൻ ശ്രമിച്ചു. ഒപ്പമുണ്ടായിരുന്ന ഭ്രാന്തൻ തന്റെ സഹോദരനാണെന്നു തിരിച്ചറിയുന്ന സാവിത്രി അവന്റെ യഥാർഥരൂപം കാണാനാവാതെ മരണത്തിനു കീഴടങ്ങി. എവിടെയും പരാജിതയായവൾ വീണ്ടും അമ്മാവനു മുന്നിൽ പരാജിതയായി വീണു പോയി.

ബാല്യം മുതൽ പേറുന്ന ശാപവാക്കുകൾ, തകർന്നുവീണ സ്വപ്നവും ജീവിതവും, ഒപ്പം പ്രാണനെപോലെ സ്നേഹിച്ചവൻ മറ്റൊരു ജീവിതം നയിക്കുന്നതു കണ്ട് ആശിർവദിച്ച് തിരിച്ചു നടന്നവളുടെ ദുഖം... ഇതൊന്നും കാണാൻ ഈ ലോകത്തിനു കണ്ണില്ലായിരുന്നു. ഒടുവിൽ ഒറ്റുകാരിയുടെ പട്ടമണിഞ്ഞു മരണത്തിലും അവൾ പഴി കേട്ടു.

എണ്ണവറ്റാത്ത തിരിനാളം പോലെ സാവിത്രിയുടെ കണ്ണിൽ എക്കാലവും ഏരിഞ്ഞു നിന്നത് ജീവിതത്തോടുള്ള ആഗ്രഹമായിരുന്നോ... അതോ തന്റെ ദുരന്ത ജന്മത്തെ കാമിക്കുന്ന ലോകത്തിനോടുള്ള വൈരമോ...

തയാറാക്കിയത്: അനൂപ് ശങ്കർ