ആർത്തവ വിരാമം; പേടി വേണ്ട
ആർത്തവ വിരാമം; പേടി വേണ്ട
Thursday, November 24, 2016 7:28 AM IST
ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറ്റവും വലിയ നാഴികക്കല്ലുകളിലൊന്നാണ് ആർത്തവവിരാമം. ഈ സമയത്ത് അവളിൽ ധാരാളം ശാരീരികവും മാനസികവുമായ മാറ്റങ്ങൾ സംഭവിക്കുന്നു. അത് അവളുടെ ജീവിതത്തെ എന്നന്നേയ്ക്കുമായി മാറ്റി മറിക്കാം. ജോലിഭാരവും കുടുംബപ്രശ്നങ്ങളുമെല്ലാം തനിക്ക് ഒറ്റയ്ക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നു തോന്നൽ അവരെ തളർത്തിയേക്കാം.

പൂർണമായി ആർത്തവം നിൽക്കുകയും ഓവറി (അണ്ഡാശയം)യുടെ പ്രവർത്തനം നിൽക്കുകയും ചെയ്യുന്നു. ആർത്തവ വിരാമത്തിന്റെ പ്രായം ഓരോരുത്തരുടെയും പാരമ്പര്യം, ആർത്തവാരംഭത്തിന്റെ പ്രായം, ആരോഗ്യം എന്നിവയെ അനുസരിച്ചിരിക്കും. ആർത്തവ വിരാമം ചിലരിൽ വളരെ നേരത്തെ തന്നെ നടക്കും. പുകവലിക്കുന്നവരിൽ, അണ്ഡാശയത്തിൽ ശസ്ത്രക്രിയ നടത്തിയിട്ടുള്ളവരിൽ, ഗർഭാശയം നീക്കം ചെയ്തവരിൽ തുടങ്ങിയവരിൽ ഇത് നേരത്തെ തന്നെ നടക്കാൻ സാധ്യതയുണ്ട്. ഇവരിൽ മാനസിക പ്രശ്നങ്ങൾ കൂടുതലായി കാണാറുണ്ട്. പിറ്റ്യൂറ്ററി ഗ്രന്ഥിയുടെ പ്രവർത്തനം തകരാറിലായവരിൽ ഹോർമോണുകൾ കുറയുകയും, 40 വയസിനു മുൻപായി ആർത്തവം നിലയ്ക്കുകയും ചെയ്യാം. ഇവരിൽ വിഷാദരോഗസാധ്യത കൂടുതലായി കാണപ്പെടാറുണ്ട്. ഇവരിൽ കൗൺസലിംഗ് ആവശ്യമാണ്.

കുടുംബത്തിന്റെ പിന്തുണ

ആർത്തവവിരാമത്തിൽ മാനസികരോഗങ്ങൾ ഉണ്ടായില്ലെങ്കിലും, ഇത് മാനസിക സമ്മർദ്ദമുണ്ടാകുന്ന ഒരു സമയമാണെന്ന് കുടുംബാംഗങ്ങൾ മനസിലാക്കണം. ചിലരിൽ പേടി, നഷ്‌ടബോധം, ഉത്കണ്ഠ, അമിതമായദേഷ്യം, ആത്മവിശ്വാസമില്ലായ്മ, മൂഡ് സ്വിങ്ങുകൾ, ലൈംഗിക താൽപര്യമില്ലായ്മ എന്നിവ വരാം.

ആർത്തവം നിന്നതിനുശേഷം ഒരുവർഷം വരെ ഈ ലക്ഷണങ്ങൾ നിലനിൽക്കാം. ചിലരിൽ പെട്ടെന്ന് പ്രായമായി എന്നൊരു തോന്നൽ വരാം. മുഖത്തെ തൊലി ചുളുങ്ങുകയോ, പേശികൾ അയയുകയോ മറ്റു വാർധക്യ ലക്ഷണങ്ങളോ കണ്ടുതുടങ്ങാം. താൻ മറ്റുള്ളവർക്ക് ഒരു ബാധ്യതയാണെന്ന തോന്നലും ഒറ്റപ്പെടലും അനുഭവിക്കാം. ഈ സന്ദർഭങ്ങളിലാണ് കുടുംബത്തിന്റെ പിന്തുണ വേണ്ടത്. എന്നാൽ ഇതൊന്നും ഒരു ശാശ്വതമായ അവസ്‌ഥയല്ലെന്ന് സ്ത്രീകൾ മനസിലാക്കണം. ഇതിനെല്ലാം ഫലപ്രദമായ ചികിത്സ ഇന്ന് ലഭ്യമാണ്.

45 നും 55 നും ഇടയ്ക്കുള്ള പ്രായമുള്ള സ്ത്രീകളിൽ 55 ശതമാനം ആളുകളിലും മാനസിക പ്രശ്നങ്ങൾ ഉടലെടുക്കും. ഇതിനായി ഒരു സൈക്കോളജിസ്റ്റിന്റെയോ സൈക്യാട്രിസ്റ്റിന്റെയോ സഹായം തേടാൻ മടിക്കേണ്ടതില്ല. അമിതമായ ഉത്കണ്ഠ, മൂഡ് വ്യത്യാസങ്ങൾ, വിഷാദം, ഓർമക്കുറവ് എന്നിവ ചികിത്സിക്കേണ്ടതുണ്ട്. ചിലപ്പോൾ ദേഷ്യം, ക്ഷീണം, ശ്രദ്ധക്കുറവ്, ഉറക്കമില്ലായ്മ എന്നിവ വരാമെന്ന് ഭർത്താക്കന്മാർ അറിഞ്ഞിരിക്കണം. ലൈംഗിക താൽപര്യവും കുറയാം.



എങ്ങനെ നേരിടാം ?

ഇതെല്ലാം ഹോർമോണുകളുടെ വ്യതിയാനം വരുമ്പോൾ സംഭവിക്കുന്ന കാര്യങ്ങളാണെന്നും തനിക്ക് ആത്മവിശ്വാസത്തോടെ ഇതിലൂടെയെല്ലാം കടന്നുപോകാമെന്നും, സ്ത്രീകൾ അറിഞ്ഞിരിക്കണം. ചിലപ്പോൾ അൽപം വിഷാദവും കരച്ചിലും, കാര്യങ്ങൾ ചെയ്യാനുള്ള വേഗക്കുറവുമൊക്കെ ഇതിന്റെ ഭാഗമായി വരാം.

അവിടെയാണ് കുടുംബത്തിന്റെ പിന്തുണ ആവശ്യമായി വരുന്നത്. കടുത്ത വിഷാദമോ ഉത്കണ്ഠയോ ഉണ്ടെങ്കിൽ ചികിത്സിക്കാം. അമിത ദേഷ്യം ഒരു കാര്യത്തിലും താൽപര്യമില്ലായ്മ, ക്ഷീണം, ടെൻഷൻ എന്നിവയും ചികിത്സിക്കണമെന്ന് കുടുംബാംഗങ്ങൾ അറിയണം.


തനിക്കു വയസായി എന്നു സ്വയം പറയാതെ, പ്രായം മനസിനെ ബാധിക്കാതെ നോക്കുകയാണ് ചെയ്യേണ്ടത.്

മുടി ഡൈ ചെയ്യുന്നതിനോ മുഖത്ത് സൗന്ദര്യവർധക വസ്തുക്കൾ തേയ്ക്കുന്നതിനോ, ഡയറ്റിംഗിനോ മടിക്കേണ്ടതില്ല. കൂടുതലായി മാനസിക പിരിമുറുക്കം അനുഭവിക്കുന്നുണ്ടെങ്കിൽ തന്റെ ചിന്തകൾ ഒരു ഡയറിയിൽ എല്ലാദിവസവും എഴുതി വയ്ക്കുക. ദിവസവും വ്യായാമം ചെയ്യുകയും പുതിയ ഹോബികളിൽ ഏർപ്പെടുകയും ചെയ്യുക. പഴയ കൂട്ടുകാരെ കാണുക. പഴയ നല്ല ഗാനങ്ങൾ കേൾക്കുക. രണ്ടു നേരവും മനസിനെ ഏകാഗ്രമാക്കി പ്രാർഥിക്കുക. പങ്കാളിയുമായി കൂടുതൽ സമയം ചെലവഴിക്കുക എന്നിവ മനസിന് വലിയ ആശ്വാസം തരും. കൂടുതലായി ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവരിൽ ചില ഹോർമോൺ ഗുളികകൾ കഴിക്കേണ്ടിവരും. എന്നാൽ ഇത് ഒരു ഗൈനക്കോളജിസ്റ്റിന്റെ നിർദേശപ്രകാരം മാത്രമേ ചെയ്യാവൂ. തങ്ങളെപ്പോലെ തന്നെ ഈ ഒരു കാലഘട്ടത്തിലൂടെ കടന്നുപോകുന്നവരുമായി കൂട്ടുകൂടുകയോ സംസാരിക്കുകയോ അനുഭവങ്ങൾ പങ്കുവയ്ക്കുകയോ ചെയ്യാം. ശാരീരിക രോഗങ്ങളെല്ലാം കൃത്യമായി ചികിത്സിച്ചു മാറ്റുവാനും ശ്രദ്ധിക്കണം. ചിലരിൽ അമിതമായ തലവേദന വരാം. ഇതും ചികിത്സിക്കണം.

തങ്ങൾക്ക് മാനസിക പ്രശ്നങ്ങളെ ഫലപ്രദമായി നേരിടാനാകുമെന്നറിയുക. റിലാക്സേഷൻ എക്സർസൈസുകൾ ശീലിക്കുക. എണ്ണമയമുള്ള ഭക്ഷണം ഒഴിവാക്കുക. ചിട്ടയായ ഒരു ജീവിതചര്യ ശീലിക്കുക. കൂടുതൽ പച്ചക്കറികൾ കഴിക്കണം. ചിട്ടയായ ആഹാരക്രമം, വ്യായാമം എന്നിവ ശീലിക്കുക. മദ്യവും ഉറക്ക ഗുളികകളും ഒഴിവാക്കുക. കുടുംബവുമായും സമൂഹവുമായും നല്ല ബന്ധം പുലർത്തുക. പഴയ സൗഹൃദങ്ങളെയൊക്കെ പൊടി തട്ടിയെടുത്ത് പുതിയ കൂട്ടായ്മകൾ രൂപീകരിക്കാം. വിഷാദത്തിനുള്ള ഗുളികകളോ ഹോർമോൺ ഗുളികകളോ ഡോക്ടറുടെ നിർദേശപ്രകാരം കഴിക്കുക. തലച്ചോറിനെ എപ്പോഴും ഉണർത്തിവയ്ക്കുക. പുതിയ കാര്യങ്ങൾ വായിക്കുക. പുതിയ ഒരു ഭാഷ പഠിക്കുക, ഒരു പുതിയ ഹോബി കണ്ടെത്തുക എന്നിവ വഴി മനസിനെ ഉണർത്തുവാനും നിയന്ത്രിക്കുവാനും ഓർമശക്‌തിയും ശ്രദ്ധയും നിലനിർത്തുവാനും സാധിക്കും.

പങ്കാളിയുടെ പിന്തുണ

പങ്കാളിയുമായി മനസു തുറന്നു സംസാരിക്കുക. ഒരുമിച്ചു യാത്രകൾ പോവുക, ഇടയ്ക്ക് ഒരുമിച്ച് ആഹാരം പാകം ചെയ്യുക തുടങ്ങിയ കാര്യങ്ങൾ ജീവിതത്തിൽ പുതിയ ഊർജം നിറയ്ക്കും. കുടുംബാംഗങ്ങളുടെ സ്നേഹവും ശ്രദ്ധയും പരിലാളനയും ലഭിച്ചാൽ ഈ അവസ്‌ഥയെ വിജയകരമായി നേരിടാനാകും. ആർത്തവ വിരാമത്തെക്കുറിച്ച് കൂടുതലായി വായിക്കാനും പിന്തുണ നൽകുവാനും ഭർത്താക്കന്മാരും തയാറാകണം. വണ്ണം കൂടുന്നതിനെയോ, മുടി പൊഴിയുന്നതിനെയോ കുറിച്ചു പറഞ്ഞ് ഭാര്യയെ കളിയാക്കാതിരിക്കുക. ആർത്തവവിരാമത്തിലും താൻ സുന്ദരിയാണെന്നും ഇനിയും തന്നെക്കൊണ്ട് ഈ ലോകത്തിൽ അനേകം നന്മകൾ ചെയ്യാനുണ്ടെന്നുമുള്ള തിരിച്ചറിവ് ആത്മവിശ്വാസം വർധിപ്പിക്കും.

ഓർക്കുക, നമുക്കുള്ള ഏക പരിമിതി നമ്മുടെ മനസ് മാത്രമാണ്. ആർത്തവ വിരാമത്തിലൂടെ കടന്നുപോകുന്ന ഓരോ സ്ത്രീയും തന്റെ ഉള്ളിലുള്ള ശക്‌തിയിലും ആന്തരിക സൗന്ദര്യത്തിലുമാണ് കൂടുതൽ ശ്രദ്ധ പതിപ്പിക്കേണ്ടത്. അപ്പോൾ ആർത്തവ വിരാമവും ആസ്വാദ്യകരമായ അനുഭവമായി മാറും.



ഡോ. നതാലിയ എലിസബത്ത് ചാക്കോ
കൺസൾട്ടന്റ് സൈക്യാട്രിസ്റ്റ്, കാരിത്താസ് ഹോസ്പിറ്റൽ, തെള്ളകം, കോട്ടയം