സന്ധിവാതത്തോടു ബൈ പറയാം
സന്ധിവാതത്തോടു ബൈ പറയാം
Tuesday, November 22, 2016 6:10 AM IST
സന്ധിവാതം എന്നത് ഇന്ന് സർവസാധാരണമായി കേൾക്കുന്ന ഒരു വാക്കായി മാറിക്കഴിഞ്ഞു. ലോകാരോഗ്യ സംഘടനയുടെ കണക്കു പ്രകാരം 60 വയസിനു മുകളിലുള്ള വരിൽ 80 ശതമാനം പേരും ലോക ജനസംഖ്യയുടെ മൂന്നിലൊ ന്നോളം ആളുകളും സന്ധിവേദന സംബന്ധമായ വിഷമതകൾ അനുഭവിക്കുന്നവരാണ് . നിർഭാഗ്യവശാൽ സന്ധി സംബന്ധമായ വേദനകളും മറ്റു പ്രശ്നങ്ങളും ഇന്നും നമ്മൾ വളരെ ലാഘവ ത്തോടെയാണ് കാണുന്നത്. വേദന വരുമ്പോൾ അടുത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്നു മരുന്നു വാങ്ങിക്കഴിക്കാറാണ് പലരുടെയും ശീലം. എന്നാൽ ഈ ശീലം നന്നല്ല.

വേൾഡ് ആർത്രൈറ്റിസ് ഫൗണ്ടേഷൻ എല്ലാ വർഷവും ഒക്ടോബർ 12 ലോക ആർത്രൈറ്റിസ് ദിനമായി ആചരിക്കുന്നു. ‘അത് നിങ്ങളുടെ കയ്യിലാണ്, വച്ച് താമസിപ്പിക്കരുത്’ എന്നതാണ് ഇത്തവണത്തെ സന്ദേശം. ഈ ദിനാചരണത്തിന്റെ പ്രാഥമികമായ ലക്ഷ്യം അസ്‌ഥികളുടെയും സന്ധികളുടെയും ആരോഗ്യം കാത്തു സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത ജനങ്ങളെ ബോധ്യപ്പെടുത്തുക എന്നതാണ്.

കരുതൽ വേണം

സന്ധിവാതം ഒരു പ്രധാന ആരോഗ്യ പ്രശ്നമായി ഇനിയും ആളുകൾ കണക്കാക്കിത്തുടങ്ങിയിട്ടില്ല. രോഗത്തെക്കുറിച്ചുള്ള ധാരണക്കുറവ് തന്നെയാണ് പ്രധാന കാരണം. ഈ അജ്‌ഞത മുതലെടുത്ത് ജീവിക്കുന്ന മുറിവൈദ്യന്മാരും ലാട, മർമാണി വിദഗ്ധരും അദ്ഭുത മരുന്നുകളുടെ പ്രായോജകരും ഇതിനു കൂടുതലായി വളം വച്ച് കൊടുക്കുന്നു.

എന്നാൽ ലോക വ്യാപകമായി ഇന്ന് ശാരീരിക വൈകല്യത്തിന്റെയും തൊഴിൽക്ഷമതയില്ലായ്മയുടെയും സർവോപരി മാനസിക വിഷമത്തിന്റെയും പ്രധാന കാരണമായി കണക്കാക്കപ്പെടുന്നത് സന്ധിവേദനയും അനുബന്ധ അസുഖങ്ങളുമാണ്. മറ്റൊരു പ്രധാന സവിശേഷത ഇത്തരം അസുഖങ്ങൾ പ്രധാനമായും ബാധിക്കുന്നതു സ്ത്രീകളെ ആണെന്നതാണ്. ഇത് കുടുംബ ബന്ധങ്ങളുടെയും സാമൂഹ്യ ബന്ധങ്ങളുടെയും ഭദ്രതയ്ക്കും കോട്ടം തട്ടിക്കുന്നുണ്ട്.

എന്താണ് സന്ധിവാതം

ആർത്രോസ് എന്നാൽ സന്ധി എന്നാണർഥം. ഐറ്റിസ് എന്നാൽ നീർക്കെട്ട് എന്നും. അപ്പോൾ സന്ധികളിൽ നീർക്കെട്ടും വേദനയും ഉണ്ടാക്കുന്ന എല്ലാ അസുഖങ്ങളെയും ഈ ഗണത്തിൽ പെടുത്താം. എന്നാൽ പ്രായമാകുമ്പോൾ സന്ധികൾക്കു വരുന്ന തേയ്മാനത്തെയും പലപ്പോഴും സന്ധിവേദന എന്നാണ് വിശേഷിപ്പിക്കാറുള്ളത്. ഇത് പലപ്പോഴും തെറ്റിദ്ധാരണകൾക്കും കാരണമാകാറുണ്ട് . തന്മൂലം ദീർഘകാലം ചികിത്സ വേണ്ടി വരുന്ന ചില തരം ആർത്രൈറ്റിസ് രോഗങ്ങൾ പലരും തൽക്കാല ശമനം തരുന്ന പ്രതിവിധികൾ ഉപയോഗിച്ച് ചികിൽസിക്കുകയും ഒടുവിൽ ചികിത്സ കൊണ്ട് പ്രയോജനമില്ലാത്ത അവസ്‌ഥയിൽ എത്തിച്ചേരുകയും ചെയ്യാറുണ്ട്.

സന്ധിവാതം എന്നാൽ പ്രായം കൊണ്ടുണ്ടാകുന്ന തേയ്മാനമോ സന്ധികൾക്കു വരുന്ന നീർക്കെട്ടും വേദനയോ അല്ല, മറിച്ച് ഏതാണ്ട് 200 ലധികം വരുന്ന പലവിധം അസുഖങ്ങൾക്കുള്ള ഒരു പൊതുവായ പേരാണ്. അതിൽ വളരെ സാധാരണമായതും ശാരീരികവും മാനസികവുമായി നമ്മെ ഒരുപാട് ബുദ്ധിമുട്ടിക്കാൻ സാധ്യതയുള്ളതുമായ ചിലയിനങ്ങൾ താഴെ കൊടുത്തിരിക്കുന്നവയാണ്.

1 . ഓസ്റ്റിയോ ആർത്രൈറ്റിസ്

ഏറ്റവും സാധാരണമായി കാണപ്പെടുന്നതും മുട്ടിന്റെയും ഇടുപ്പിന്റെയും തേയ്മാനത്തിനു കരണമാവുന്നതും ഇതാണ്. പ്രായം കൊണ്ട് വരുന്ന തേയ്മാനം തന്നെയാണ് ഇതിനു പ്രധാന കാരണം. എന്നാൽ സന്ധികൾക്ക് സംഭവിക്കുന്ന ഒടിവുകളും ചതവുകളും, അണുബാധ, ചില ജനന വൈകല്യങ്ങൾ, വളർച്ചയിലുണ്ടാകുന്ന പ്രശ്നങ്ങൾ തുടങ്ങിയവയും ഇതിനു കാരണമാകാം. ഇതിനൊക്കെ പുറമെ അമിതമായ ശരീരഭാരം, വ്യായാമമില്ലായ്മ എന്നിവ വളരെ വേഗം നമ്മെ സന്ധി തേയ്മാനത്തിലേക്കു എത്തിക്കും. ഇതിനൊക്കെ പുറമെ ആധുനിക ജീവിതത്തിൽ നാം നേരിടുന്ന പിരിമുറുക്കങ്ങളും പുകവലി, മദ്യപാനം തുടങ്ങിയ ശീലങ്ങളും സന്ധികളുടെ ആരോഗ്യത്തെ കാർന്നു തിന്നുന്നവയാണ്.

2. റുമാറ്റോയിഡ് ആർത്രൈറ്റിസ്

മറ്റൊരു പ്രധാന ഗ്രൂപ്പ് ആണിത്. ആയുർവ്വേദം ഇതിനെ ആമവാതം എന്നാണ് വിശേഷിപ്പിക്കുന്നത്. ശരീരത്തിലെ മിക്ക സന്ധികളെയും ബാധിക്കുന്ന ഈ രോഗം ശരിയായി ചികിൽസിച്ചില്ലെങ്കിൽ സന്ധികളെ പൂർണമായി തകർത്തു രോഗം ബാധിച്ച വ്യക്‌തിയെ ശയ്യാവലംബിയാക്കിത്തീർക്കാൻ കെല്പുള്ളതാണ്. രോഗം ബാധിച്ചു ആദ്യത്തെ രണ്ടു വർഷത്തിനുള്ളിലാണ് തകരാറു സംഭവിക്കാനുള്ള സാധ്യത. അതുകൊണ്ടു ഈ രോഗം എത്രയും നേരത്തെ കണ്ടു പിടിക്കുകയും ചികിൽസിക്കുകയും ചെയ്യുക എന്നുള്ളത് പരമപ്രധാനമാണ്’

3. സന്ധികൾക്കു തകരാറുണ്ടാക്കുന്ന മറ്റൊരു പ്രധാന വില്ലൻ ഒടിവ് ചതവുകളും അണുബാധ മൂലമുണ്ടാകുന്ന തകരാറുകളുമാണ്. അസ്‌ഥികൾക്കും സന്ധികൾക്കും ഉണ്ടാകുന്ന ഒടിവുകളും ചതവുകളും വേണ്ടവിധം ചികിൽസിച്ചു ഭേദപ്പെടുത്തിയില്ലെങ്കിൽ ഭാവിയിൽതേയ്മാനം വരാനുള്ള സാധ്യത വളരെയേറെയാണ്.


നമ്മുടെ നാട്ടിൽ വളരെ സാധാരണമായ ടിബി രോഗാണു ബാധ സന്ധികളെയും ബാധിക്കാറുണ്ട്. ഇതും ആരംഭദിശയിൽ തന്നെ ചികിൽസിച്ചില്ലായെങ്കിൽ സന്ധികൾക്കു ഗുരുതരമായ തകരാറുണ്ടാക്കും.

4. ചില ജനിതക വൈകല്യങ്ങൾ, ക്രമക്കേടുകൾ, SLE ഗൗട്ട് തുടങ്ങിയ മെറ്റബോളിക് അസുഖങ്ങൾ തുടങ്ങിയവയാണ് സന്ധികളുടെ ആരോഗ്യത്തെ ബാധിക്കുന്ന മറ്റു ചില പ്രധാന അസുഖങ്ങൾ.

ചികിത്സയ്ക്കു കുറക്കുവഴി വേണ്ട

കുറുക്കുവഴികളും എളുപ്പ വഴികളും സന്ധിവാത ചികിത്സയിൽ എല്ലായ്പോഴും തന്നെ ഗുണത്തേക്കാളേറെ ദോഷമാണ് ചെയ്യുന്നത്. പക്ഷേ അത് തിരിച്ചറിയുമ്പോഴേക്കും സാരമായ കേടുപാടുകൾ അസ്‌ഥികൾക്കും സന്ധികൾക്കും സംഭവിച്ചു കഴിഞ്ഞിരിക്കും. മാത്രവുമല്ല കുറച്ചു പൈസ ലാഭിക്കാൻ വേണ്ടി സ്വീകരിക്കുന്ന ഇത്തരം ചികിത്സകൾ ഭാവിയിൽ വൻ പണച്ചെലവുണ്ടാക്കുന്ന ചികിത്സകൾ വേണ്ടി വരുന്ന അവസ്‌ഥയിലേക്കാണ് പലപ്പോഴും രോഗിയെ നയിക്കുക.

മറ്റു രോഗാവസ്‌ഥകളെ അപേക്ഷിച്ചു അസ്‌ഥികളെയും സന്ധികളെയും ബാധിക്കുന്ന രോഗങ്ങളുടെ ലക്ഷണങ്ങൾ പുറമേക്ക് വളരെ പ്രകടമായിരിക്കും. കാരണം പ്രധാനമായും അത് ആ വ്യക്‌ത്തിയുടെ ചലനശേഷിയെയും ചലനരീതിയെയും മാറ്റിമറിക്കുന്നു എന്നത് തന്നെയാണ്. ഇത് വളരെയധികം ഉപദേശങ്ങൾ സൗജന്യമായി ആ വ്യക്‌തിക്കു ലഭിക്കാനിടയാക്കും. ഇതിൽ നിന്ന് ശാസ്ത്രീയമായതും പ്രസ്തുത വിഷയത്തിൽ വിദഗ്ധരായ ആളുകൾ നൽകുന്നതുമായ ഉപദേശങ്ങൾ മാത്രം സ്വീകരിക്കുന്നതാകും അഭികാമ്യം. ഇന്ന് സമൂഹത്തിൽ നിലനിൽക്കുന്ന മറ്റൊരു പ്രധാന തെറ്റിധാരണ കാലാവസ്‌ഥയും ചില പ്രത്യേക ആഹാരപദാർഥങ്ങളുമായും സന്ധി രോഗങ്ങൾക്കുള്ള ബന്ധത്തെക്കുറിച്ചാണ്. ഗൗട്ട് മുതലായ ചില അസുഖങ്ങൾ ഉണ്ടാകാൻ ചില പ്രത്യേക ആഹാര പദാർഥങ്ങൾ കാരണമാവാമെന്നിരിക്കിലും മുഖ്യമായി കാണപ്പെടുന്ന സന്ധിരോഗങ്ങൾ ഒന്നും തന്നെ ഏതെങ്കിലും ആഹാരവുമായോ ഏതെങ്കിലും പ്രത്യേക കാലാവസ്‌ഥയുമായോ നേരിട്ട് ബന്ധമുള്ളതല്ല. അതെ സമയം ശരീരഭാരം, ദൈനംദിന ജീവിതചര്യകളും വ്യായാമവും എന്നിവയെല്ലാം ഈ രോഗാവസ്‌ഥകളുമായി ബന്ധപ്പെട്ടിരിക്കുന്നു. മാത്രമല്ല ശ്രദ്ധാപൂർവം തെരഞ്ഞെടുക്കപ്പെട്ട പ്രത്യേക വ്യായാമമുറകൾ ഇന്ന് അസ്‌ഥി സന്ധിരോഗങ്ങളുടെ ചികിത്സയിൽ വളരെ പ്രാധാന്യം വഹിക്കുന്നുമുണ്ട്.

രോഗനിർണയം

സന്ധിവാത രോഗങ്ങളുടെ രോഗനിർണ്ണയം പ്രധാനമായും ക്ലിനിക്കൽ പരിശോധനയിലൂടെയാണ് നടത്തുന്നത്. ഒപ്പം ചില എക്സ്റേ പരിശോധനകളും വേണ്ടി വരും. ചില രോഗങ്ങൾക്ക് ലളിതമായ ചില രക്‌തപരിശോധനകളും ആവശ്യമായി വന്നേക്കാം. വളരെ അപൂർവമായേ ചെലവേറിയ പരിശോധന കളും MRI Scan പോലുള്ളവയും ആവശ്യമായി വരാറുള്ളൂ.

കഴിഞ്ഞ രണ്ടു ദശകങ്ങളായി സന്ധിവാത രോഗനിർണയത്തിലും ചികിത്സയിലും അദ്ഭുതാവഹമായ പുരോഗതിയുണ്ട്. മോളിക്യൂലാർ ലെവലിൽ രോഗത്തെക്കുറിച്ചു നടന്ന പഠനങ്ങൾ പ്രസ്തുത രോഗത്തെക്കുറിച്ചു അടിസ്‌ഥാനപരമായ പുതിയ അറിവുകളും സമ്മാനിച്ചിട്ടുണ്ട്. ഇതേത്തുടർന്ന് സന്ധിവാത രോഗ ചികിത്സയ്ക്ക് സമഗ്രമായ പദ്ധതികൾ തന്നെ ഇന്ന് നിലവിലുണ്ട്. തികച്ചും നൂതനവും സുരക്ഷിതവുമായ മരുന്നുകളുടെ ഒരു നിര തന്നെ ഇന്ന് ലഭ്യമാണ്.

സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ

എന്നാൽ സന്ധിക്കു സംഭവിക്കുന്ന തകരാറുകൾ ഒരു പരിധിയിലപ്പുറം കടന്നാൽ ശസ്ത്രക്രിയ തന്നെ വേണ്ടിവരും. സന്ധി മാറ്റിവയ്ക്കൽ ശസ്ത്രക്രിയാ രംഗത്തും വിപ്ലവകരമായ മാറ്റങ്ങൾ ആണ് ഇന്ന് വന്നിട്ടുള്ളത്. അഞ്ചോ പത്തോ വർഷങ്ങൾ മാത്രം നിലനിൽക്കുമായിരുന്ന പഴയ തരം കൃത്രിമ സന്ധികൾ ഇന്നില്ല. ആധുനിക ഡിസൈനുകളും ടെക്നോളജിയിൽ വന്ന വലിയ മാറ്റങ്ങളും സന്ധിമാറ്റി വയ്ക്കൽ ശസ്ത്രക്രിയയെ ജീവിതത്തിൽ ഒരിക്കൽ മാത്രം ചെയ്യേണ്ടി വരുന്ന ഒന്നാക്കി മാറ്റിയിട്ടുണ്ട്. പരിചയ സമ്പന്നനായ ഒരു സന്ധിമാറ്റിവയ്ക്കൽ ശസ്ത്രക്രിയ വിദഗ്ധന്റെ കയ്യിൽ ഇത് ആധുനിക അസ്‌ഥിരോഗ ശാസ്ത്രത്തിലെ ഏറ്റവും വിജയകരമായ ഒരു ചികിത്സാവിധിയായാണ് ഇന്ന് കരുതപ്പെടുന്നത്.

ഡോ.എസ്.വിജയമോഹൻ
ലീഡ് കൺസൾട്ടന്റ് ആൻഡ് ജോയിന്റ് റീപ്ലേസ്മെന്റ് സർജൻ, ആസ്റ്റർ മെഡ്സിറ്റി, എറണാകുളം.