കാലാവസ്‌ഥാ വ്യതിയാനം കേരളം രൂക്ഷ വരൾച്ചയിലേക്ക്
കാലാവസ്‌ഥാ വ്യതിയാനം കേരളം രൂക്ഷ വരൾച്ചയിലേക്ക്
Friday, November 18, 2016 6:18 AM IST
ഈവർഷം ഇന്ത്യയുടെ പലഭാഗങ്ങളിലും നല്ല മഴലഭിച്ചു.എന്നാൽ തെക്കു–പടിഞ്ഞാറൻ കാലവർഷം കുറഞ്ഞതിനാൽ കേരളം വരൾച്ചക്കുതുല്യമായ സാഹചര്യങ്ങളിലേക്ക് നീങ്ങുകയാണ്. മഴ കൂടുതൽ ലഭിച്ചിരുന്ന കേരളത്തിൽ ഈ വർഷം തെക്കുപടിഞ്ഞാറൻ മൺസൂണിൽ 34 ശതമാനം കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കണക്കാണിത്. വയനാട് ജില്ലയിലാണ് മഴ ഏറ്റവും കുറവു ലഭിച്ചത്. സാധാരണയിൽ നിന്നും 59 ശതമാനം കുറവാണ് ഇവിടെ മാത്രം രേഖപ്പെടുത്തിയിരിക്കുന്നത്. തൃശൂർ ജില്ലയിൽ 44 ശതമാനവും മലപ്പുറത്ത് 39 ശതമാനവും പത്തനംതിട്ടയിൽ 36 ശതമാനവും മഴ കുറഞ്ഞു. മണ്ണ് ചുട്ടുപൊള്ളി വയനാട്ടിൽ മണ്ണിരകൾ കൂട്ടത്തോടെ ചത്തൊടുങ്ങുന്നതും ചെറുജീവികളുടെ നാശവുമെല്ലാം കൊടു വരൾച്ചയിലേക്കാണ് ഈ ജില്ല നീങ്ങുന്നതെന്നതിന്റെ സൂചനയാണ് നൽകുന്നത്. തവളകൾ കൂട്ടത്തോടെ പാലായനം ചെയ്യുന്നു. ചിലയിനം തവളകൾക്ക് വംശനാശം സംഭവിക്കുന്നു. വരണ്ട പ്രദേശങ്ങളിൽ മാത്രം കണ്ടുവരുന്ന സസ്യജാലങ്ങൾ വയനാടൻ മലനിരകളിലും ചുവടുറപ്പിക്കുന്നു. വയനാട്ടിലും കേരളത്തിന്റെ വിവിധ ഭാഗങ്ങളിലും മഴക്കാലത്തും കുടിവെള്ള ക്ഷാമം അനുഭവപ്പെടുന്നു. നല്ല മഴലഭിക്കേണ്ട സീസണിൽ മഴയില്ലാത്ത വരണ്ട ദിനങ്ങൾ മാസങ്ങളോളം നീളുന്നതുമെല്ലാം കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പ്രതിഫലനങ്ങളാണ്.

മാറുന്ന കാലാവസ്‌ഥക്കൊപ്പം അതിനെ പ്രതിരോധിച്ചുകൊണ്ട് കൃഷിയും മാറിയില്ലെങ്കിൽ ചെറുകിട കർഷകരുടെ ഉപജീവന സുരക്ഷയും ലോകത്തിന്റെ ഭക്ഷ്യസുരക്ഷയും അപകടത്തിലാകുമെന്ന് ലോക ഭക്ഷ്യ കാർഷിക സംഘടന (എഫ്എഒ) മുന്നറിയിപ്പു നൽകുന്നു. ലോക ഭക്ഷ്യദിനത്തോടനുബന്ധിച്ച് ഈ വർഷം ലോകത്തിന്റെ ഭക്ഷ്യ കാർഷിക മേഖലയുടെ സ്‌ഥിതി അവലോകനം ചെയ്തുകൊണ്ട് പുറത്തിറക്കിയ വാർഷിക റിപ്പോർട്ടിലാണ് ഈ മുന്നറിയിപ്പ്. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ പ്രത്യാഘാതങ്ങൾ അപ്രതീക്ഷിതവും അനിശ്ചിതവുമാണ്. ഇതിനെതിരേ ഹ്രസ്വകാലാടിസ്‌ഥാനത്തിലും ദീർഘകാലാടിസ്‌ഥാനത്തിലും നടപടികൾ സ്വീകരിക്കാൻ ലോകരാജ്യങ്ങൾ മടിച്ചു നിൽക്കുന്നു. ഇതിന് കനത്ത വില നൽകേണ്ടിവരും. കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ഭാഗമായി ആഗോള താപനിലയിലുണ്ടാകുന്ന വർധനവ് 2030 വരെ ചില പ്രദേശങ്ങളിൽ ഭക്ഷ്യോത്പാദനം വർധിപ്പിക്കുകയും ചില പ്രദേശങ്ങളിൽ കുറയ്ക്കുകയും ചെയ്യും. എന്നാൽ 2030 നു ശേഷം എല്ലാ പ്രദേശങ്ങളിലും ഭക്ഷ്യോത്പാദനത്തിൽ വൻ ഇടിവുണ്ടാകും. ഉഷ്ണമേഖലാപ്രദേശങ്ങളിൽ കാലാവസ്‌ഥാവ്യതിയാനം ഇപ്പോൾ തന്നെ ഭക്ഷ്യ ഉത്പാദനത്തെ ബാധിച്ചു തുടങ്ങിയിട്ടുണ്ട്. ഭക്ഷ്യ ഉല്പാദനം കുറയുന്നതോടൊപ്പം ഓരോ പ്രദേശത്തും കൃഷി ചെയ്യുന്ന കാർഷിക വിളകളിലും മാറ്റമുണ്ടാകും. ഇപ്പോൾ കൃഷി ചെയ്യുന്ന വിളകൾക്കു പകരം മറ്റ് ചില കാർഷിക വിളകൾ കൃഷിചെയ്യേണ്ടിവരും. കാർഷിക ജൈവ വൈവിധ്യത്തിനും വൻതോതിലുള്ള നാശമുണ്ടാകും.



ഐക്യരാഷ്ട്രസഭയുടെ സുസ്‌ഥിര വികസന ലക്ഷ്യങ്ങൾ പ്രകാരം 2030 ഓടെ ലോകത്തു നിന്നും ദാരിദ്ര്യം തുടച്ചുനീക്കി ആണ്ടു മുഴുവനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കണം. ഇതോടൊപ്പം വ്യാവസായിക അടിസ്‌ഥാനത്തിലുള്ള ഭക്ഷ്യോത്പാദനത്തിൽ നിന്നും കൂടുതൽ സുസ്‌ഥിരമായ കാർഷിക–ഭക്ഷ്യോല്പാദന രീതികളിലേക്ക് ചുവടുമാറുകയും വേണം. എന്നാൽ കാലാവസ്‌ഥാ വ്യതിയാനം ഈ കണക്കുകൂട്ടലുകളെയെല്ലാം തകിടം മറിക്കും. ദാരിദ്ര്യം തുടച്ചു നീക്കാനാവില്ലെന്നു മാത്രമല്ല കൂടുതലാളുകളെ ദാരിദ്ര്യത്തിലേക്കു തള്ളിയിടും. ഭക്ഷ്യസുരക്ഷയ്ക്കും ചെറുകിടകർഷകരുടെ ഉപജീവന സുരക്ഷിതത്വത്തിനും കാലാവസ്‌ഥാ വ്യതിയാനം വെല്ലുവിളിയായി മാറും. കാലാവസ്‌ഥാ വ്യതിയാനം കാരണം 2030 ഓടെ 12.2 കോടി ജനങ്ങൾ അധികമായി കൊടും ദാരിദ്ര്യത്തിന്റെ പിടിയിലാകുമെന്ന് എഫ്എഒയുടെ റിപ്പോർട്ടിൽ പറയുന്നു. ദക്ഷിണ ഏഷ്യയിലെയും ആഫ്രിക്കയിലെയും ജനങ്ങളായിരിക്കും ഇതിൽ ബഹുഭൂരിപക്ഷവും. ദക്ഷിണേഷ്യയിൽ ഇന്ത്യയിലായിരിക്കും ഏറ്റവുമധികം ജനങ്ങൾ കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ദുരിതമനുഭവിക്കുക. കൃഷി മുഖ്യ ഉപജീവനമാർഗമാക്കിയ ചെറുകിട കർഷകരുടെ ഉപജീവനസുരക്ഷിതത്വം അപകടത്തിലാകും. ഭക്ഷ്യോത്പാദനത്തിലുണ്ടാകുന്ന കുറവും ഭക്ഷ്യധാന്യങ്ങളുടെ വിലക്കയറ്റവും ഇവരുടെ ഭക്ഷ്യസുരക്ഷയെ പ്രതിസന്ധിയിലാക്കും. നീണ്ടു നിൽക്കുന്ന വരൾച്ചാക്കാലം, താമസിച്ചുമാത്രം പെയ്യുന്ന മഴ, പെട്ടെന്നുണ്ടാകുന്ന വെള്ളപ്പൊക്കം എന്നിവയെല്ലാം കാർഷികോത്പാദനവും കർഷകരുടെ വരുമാനവും കുറയ്ക്കും. മാറുന്ന കാലാവസ്‌ഥ കർഷകരുടെയും കാർഷകതൊഴിലാളികളുടെയും ആരോഗ്യത്തെ ദോഷകരമായി ബാധിക്കും. തൊഴിലാളികളുടെ ഉത്പാദനക്ഷമതയിലും വൻകുറവുണ്ടാകും. കർഷകർക്കുമാത്രമല്ല ദേശീയതലത്തിലും കാർഷിക വരുമാനത്തിൽ ഇടിവുണ്ടാകും.

പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തെ ചൂടുപിടിപ്പിക്കുന്ന എൽനിനോ പ്രതിഭാസം ലോകത്തിന്റെ പലഭാഗങ്ങളിലും കാലാവസ്‌ഥയുടെ താളത്തെ തകിടം മറിച്ചു. ഇപ്പോഴത്തെ എൽ നിനോ പ്രതിഭാസം കഴിഞ്ഞ ആറു വർഷത്തിനിടയിൽ സംഭവിച്ചതിൽ ഏറ്റവും തീവ്രമായതാണ്. ഉയർന്ന താപനില ഏഷ്യയിൽ പ്രത്യേകിച്ച് ഇന്ത്യയിൽ നെല്ലുത്പാദനം ഗണ്യമായി കുറക്കും. ഗോതമ്പ്, മക്കച്ചോളം, ഉരുളക്കിഴങ്ങ് തുടങ്ങിയവയുടെ ഉത്പാദനത്തിലും കുറവുണ്ടാകും. ഇന്ത്യയിൽ കാലാവസ്‌ഥാ വ്യതിയാനം ഇന്നത്തെ നിലയിൽ മാറ്റമില്ലാതെ തുടർന്നാൽ 2020 നു ശേഷം പ്രമുഖ ഭക്ഷ്യധാന്യവിളകളുടെ ഉത്പാദനത്തിൽ കാര്യമായ കുറവുണ്ടാകും. 1900 നും 2000 നും ഇടയിൽ ഇന്ത്യയിലെതാപനില 0.4 ശതമാനം ഉയർന്നതായാണ് കണക്ക്. അന്തരീക്ഷതാപനിലയിൽ ഒരു ഡിഗ്രിസെൽഷ്യസിൽ അധികം വർധനവുണ്ടായാൽ ഗോതമ്പുത്പാദനത്തിൽ വലിയ കുറവുണ്ടാകും. സിന്ധു–ഗംഗാ സമതലങ്ങളിലായിരിക്കും ഏറ്റവും വലിയ പ്രത്യാഘാതം. കാലാവസ്‌ഥാ വ്യതിയാനം 21–ാം നൂറ്റാണ്ടിനെ മെഗാവരൾച്ചകളുടെ ഒരു നൂറ്റാണ്ടാക്കി മാറ്റുമെന്ന് ചില ശാസ്ത്രജ്‌ഞന്മാർ മുന്നറിയിപ്പു നൽകുന്നു. ആഫ്രിക്ക, ഇന്ത്യ, ദക്ഷിണ അമേരിക്ക, ഓസ്ട്രേലിയ തുടങ്ങിയ പ്രദേശങ്ങളിൽ പതിറ്റാണ്ടുകൾ നീണ്ടു നിൽക്കുന്ന മെഗാവരൾച്ചകൾ ഉണ്ടായേക്കാം.

അതിരൂക്ഷമായ ജല ദൗർലഭ്യവും ഭൂവിഭവങ്ങളുടെ ശോഷണവും കാർഷികോത്പാദനത്തെ വീണ്ടും പരിമിതപ്പെടുത്തും. ലോകത്തെ ശുദ്ധ ജലസ്രോതസുകളുടെ നാലു ശതമാനം മാത്രമുള്ള ഇന്ത്യയെയായിരിക്കും കാലാവസ്‌ഥാ വ്യതിയാനത്തെ തുടർന്നുണ്ടാകുന്ന ജലദൗർലഭ്യം ഏറ്റവും രൂക്ഷമായി ബാധിക്കുക. ആവശ്യത്തെക്കാൾ കുറഞ്ഞ അളവിൽ മാത്രമായിരിക്കും ജലത്തിന്റെ ലഭ്യത. കുത്തനെ ഉയരുന്ന ചൂടും കടുത്ത കാലാവസ്‌ഥാ പ്രതിഭാസങ്ങളും മഴയുടെ ലഭ്യതെയെയും നദീജലപ്രവാഹങ്ങളെയും വെള്ളത്തിന്റെ ഗുണമേന്മയെയും നേരിട്ടുബാധിക്കും. ഭൂഗോളത്തിലെ മൊത്തം ജലത്തിന്റെ രണ്ടര ശതമാനം മാത്രമാണ് ശുദ്ധജലം. ഇതിൽ എഴുപതു ശതമാനവും മഞ്ഞും മഞ്ഞുകട്ടയുമാണ്. 30 ശതമാനത്തിനടുത്ത് ഭൂഗർഭ ജലവും ഭൂമിയിലെ മൊത്തം ശുദ്ധ ജലത്തിന്റെ അരശതമാനം മാത്രമാണ്. നദികളിലും തടാകങ്ങളിലും തണ്ണീർത്തടങ്ങളിലുമെല്ലാമുള്ള ഉപരിതല ജലം. 0.05 ശതമാനം ശുദ്ധജലം നീരാവിയായി അന്തരീക്ഷത്തിൽ തങ്ങി നിൽക്കുന്നു. കാലാവസ്‌ഥാ വ്യതിയാനത്തോടെ ജലചക്രത്തിന്റെ സന്തുലിതാവസ്‌ഥയിലും പ്രകൃതിയിൽ നിലനിൽക്കുന്ന ഈ അനുപാതത്തിലുമെല്ലാം വൻ മാറ്റങ്ങൾ സംഭവിക്കും. മഴക്കാലങ്ങൾ തമ്മിലുള്ള ഇടവേളകൾ കൂടും. കാലാവസ്‌ഥാവ്യതിയാനം ചെടികളിൽ നിന്നുമുള്ള ബാഷ്പീകരണ നഷ്ടം കൂടുതലാക്കും. ചൂടു കൂടുന്ന കാലാവസ്‌ഥയിൽ ഈർപ്പം നഷ്ടപ്പെട്ട് മണ്ണ് പെട്ടെന്ന് ഉണങ്ങി വരളും. ജനങ്ങളിൽ മാംസഹാരശീലം വ്യാപകമാകുന്നതും ലോകം അതിവേഗം നഗരവത്കൃതമാകുന്നതും ജലസ്രോതസുകളിലുള്ള സമ്മർദ്ദം ഒന്നു കൂടി വർധിപ്പിക്കും.




ഇന്ത്യ ഇപ്പോൾ തന്നെ ഏറ്റവും രൂക്ഷമായ ജലപ്രതിസന്ധി നേരിടുന്ന രാജ്യങ്ങളിൽ ഒന്നാണ് 21–ാം നൂറ്റാണ്ട് ഇന്ത്യക്ക് ജലപ്രതിസന്ധിയുടെയും ജലസേചന പ്രതിസന്ധിയുടെയും ഒരു നൂറ്റാണ്ടായിരിക്കുമെന്ന് വിലയിരുത്തപ്പെടുന്നു. ജലലഭ്യത ഗണ്യമായി കുറയുമെന്നതിനാൽ ജലസേചനത്തിനും കുടിവെള്ളത്തിനും വേണ്ടിയുള്ള കലഹങ്ങൾ കൂടുതൽ വ്യാപകമാകും. ഇന്ത്യയിൽ കൃഷിജലസേചനത്തിനായി ഉപയോഗിക്കുന്ന വെള്ളത്തിന്റെ 60 ശതമാനവും ഭൂഗർഭജലസ്രോതസുകളിൽ നിന്നാണ്. പഞ്ചാബ്, ഹരിയാന, ആന്ധ്രപ്രദേശ്, ഉത്തർപ്രദേശ് തുടങ്ങിയ പ്രമുഖ ഭക്ഷ്യോത്പാദക സംസ്‌ഥാനങ്ങളെല്ലാം ഗുരുതരമായ ഭൂഗർഭ ജലശോഷണത്തിന്റെ പ്രശ്നങ്ങൾ നേരിടുകയാണ്. കേന്ദ്ര ഭൂഗർഭ ജലബോർഡിന്റെ 2016 ലെ ഒരു റിപ്പോർട്ട് പ്രകാരം രാജ്യത്തെ 65 ശതമാനം കുഴൽക്കിണറുകളും ഭൂഗർഭ ജലശോഷണത്തിന്റെ പ്രതിസന്ധിയിലാണ്. മഴവെള്ളക്കൊയ്ത്തിനും ഭൂഗർഭജല പുനരുജ്‌ജീവിനത്തിനുമുള്ള പദ്ധതികളൊന്നും കാര്യമായ വിജയം കണ്ടെത്തിയിട്ടില്ല. കേരളത്തിൽ 26 ബ്ലോക്കുകളിൽ ഭൂഗർഭജലനിരപ്പ് അപകടകരമായി താഴ്ന്നുകൊണ്ടിരിക്കുകയാണ്. തിരുവനന്തപുരത്തെ അതിയന്നൂർ, കൊടുങ്ങല്ലൂർ, ചിറ്റൂർ, കാസർഗോഡ്, കോഴിക്കോട്, എന്നീ ബ്ലോക്കുകളിലാണ് ഇതേറ്റവും രൂക്ഷം. തീരപ്രദേശങ്ങളിൽ സമുദ്ര ജലനിരപ്പ് ഉയരുന്നതിനാൽ ഉപ്പുവെളളം കയറുന്നതും കൃഷിയിൽ പ്രതിസന്ധി സൃഷ്ടിക്കും.

സമ്പദ്വ്യവസ്‌ഥയുടെ മറ്റ് മേകലകളെക്കാൾ കൃഷിയെയായിരിക്കും കാലാവസ്‌ഥാ വ്യതിയാനം ഏറ്റവും പ്രതികൂലമായി ബാധിക്കുകയെന്ന് എഫ്എഒ യുടെ റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. കാലാവസ്‌ഥാ വ്യതിയാനം ഭക്ഷ്യ ഭദ്രതയെ പ്രതികൂലമായി ബാധിക്കും. വർധിച്ചു വരുന്ന ലോകജനസംഖ്യയുടെ ഭക്ഷ്യആവശ്യങ്ങൾ നിറവേറ്റണമെങ്കിൽ 2050 ഓടെ 2006 ലെ ഭക്ഷ്യോത്പാദനത്തിന്റെ 50 ശതമാനമെങ്കിലും കൂടുതൽ ഉത്പാദിപ്പിക്കേണ്ടിവരും. ഇതിന് കാലാവസ്‌ഥാവ്യതിയാനത്തെ നേരിടുന്ന സുസ്‌ഥിരമായ കാർഷിക ഭക്ഷ്യോത്പാദന മാർഗങ്ങൾ കണ്ടെത്തണം. കാലാവസ്‌ഥാ വ്യതിയാനത്തെ നേരിടുന്നതിൽ അലംഭാവം കാണിച്ചാൽ വലിയ വിലനൽകേണ്ടിവരും. ആഗോള താപനം രണ്ട് ഡിഗ്രി സെൽഷ്യസിൽ, കഴിയുമെങ്കിൽ ഒന്നര ഡിഗ്രി സെൽഷ്യസിൽ താഴെയായി പരിമിതപ്പെടുത്തി നിർത്താനാണ് 2016 നവംബർ നാലിന് നിലവിൽ വരുന്ന പാരീസ് കാലാവസ്‌ഥാ ഉടമ്പടിയുടെ പ്രധാന ലക്ഷ്യം. ഇതിന് ഓരോ രാജ്യവും ദേശീയമായി നിശ്ചയിച്ച നടപടിക്രമങ്ങളാണ് നടപ്പാക്കേണ്ടത്. ഭക്ഷ്യസുരക്ഷയെ തകിടം മറിക്കാത്ത സുസ്‌ഥിര കാർഷിക വികസനത്തിന് ഇത്തരം നടപടിക്രമങ്ങളിൽ മുൻഗണന നൽകണം. വിള പരിപാനം, കന്നുകാലി വളർത്തൽ, ശുദ്ധജലമത്സ്യകൃഷി, ഫോറസ്ട്രി തുടങ്ങി എല്ലാ മേഖലകളിലും സുസ്‌ഥിര വികസനം ഉറപ്പാക്കണം. ആഗോള താപനത്തിന് കാരണക്കാരായ ഹരിതഗൃഹവാതകങ്ങളുടെ 14 ശതമാനം ഉത്ഭവിക്കുന്നത് കൃഷിയിൽ നിന്നാണ്. ഇന്ത്യയിൽ ആകെ ഹരിതഗൃഹവാതക വിസർജ്‌ജനത്തിന്റെ 18 ശതമാനത്തിന്റെയും സ്രോതസ് കൃഷിയാണ്. ക്ലൈമറ്റ് സ്മാർട്ട് കൃഷിരീതികൾ പിന്തുടരുന്നതിലൂടെ കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ദോഷഫലങ്ങൾ കുറയ്ക്കാം. കാർഷികോത്പാദനവും കർഷകരുടെ വരുമാനവും വർധിപ്പിക്കുന്നതിൽ സുസ്‌ഥിരമായ കൃഷിരീതികൾ മാത്രം പിന്തുടരുക, കാലാവസ്‌ഥാ വ്യതിയാനത്തോട് പൊരുത്തപ്പെടുന്ന കൃഷി രീതികൾ വികസിപ്പിച്ചെടുക്കുക, കൃഷിയിൽ നിന്നുള്ള ഹരിതഗൃഹവാതക വിസർജ്‌ജനത്തിന്റെ അളവു പരമാവധി കുറയ്ക്കുകയോ ഇല്ലാതാക്കുകയോ ചെയ്യുക എന്നിവയാണ് ക്ലൈമറ്റ് സ്മാർട്ട് കൃഷിയുടെ അടിസ്‌ഥാനഘടകങ്ങൾ. മണ്ണ്, ജലം, ജനിതകവൈവിധ്യം, ഊർജ്‌ജം എന്നിവയുടെ സുസ്‌ഥിരമായ പരിപാലനത്തിൽ ഊന്നൽ നൽകുന്നവയായിരിക്കണം കാലാവസ്‌ഥാ മാറ്റത്തോട് പൊരുതുന്ന കൃഷിരിതികൾ.

കാർഷിക ഇക്കോളജിയുടെ തത്വങ്ങൾ അടിസ്‌ഥാനമാക്കി ദീർഘകാലാടിസ്‌ഥാനത്തിൽ ഭക്ഷ്യസുരക്ഷയും സുസ്‌ഥിര വികസനവും ഉറപ്പാക്കുന്നവയായിരിക്കണം കാലാവസ്‌ഥാ മാറ്റത്തോടു പൊരുതുന്ന കൃഷിരീതികൾ. ചെറുകിട കർഷകരെ സാമ്പത്തികമായും സാമൂഹികമായും ശാക്‌തീകരിക്കാതെ ഇത്തരം കൃഷിരീതികൾ നടപ്പാക്കാനാവില്ല. കൃഷയിടങ്ങളിൽ വിള, കന്നുകാലി വൈവിധ്യവത്കരണത്തിലൂടെ ജൈവവൈവിധ്യത്തിന് കൂടുതൽ ഊന്നൽ നൽകണം. കാലാവസ്‌ഥവ്യതിയാനത്തോട് പൊരുതുന്ന കൃഷിരീതികൾ നടപ്പാക്കുന്നതിലൂടെ ഇന്ത്യൻ സാഹചര്യങ്ങളിൽ ചെറുകിട കർഷകർക്ക് 30,000 രൂപയുടെ അധികവരുമാനം ഉറപ്പാക്കാനാകുമെന്ന് ലോക ഭക്ഷ്യകാർഷിക സംഘടന പറയുന്നു. കാലാവസ്‌ഥ വ്യതിയാനം ഇതിനകം തന്നെ യാഥാർഥ്യമായി മാറിക്കഴിഞ്ഞരിക്കുന്നതിനാൽ ഇതിനോട് പൊരുതുന്ന കൃഷിരീതികൾ നടപ്പാക്കുന്നതാണ് ചെറുകിട കർഷകർക്ക് എന്തു കൊണ്ടും നല്ലത്. കടുത്ത വേനലിലും നിലനിൽക്കുന്ന വിളകൾ കൃഷി ചെയ്യുകയും വേനലിനെതിരേ പൊരുതാൻ ചെടികൾക്ക് ശക്‌തി നൽകുന്ന പോഷണരീതികൾ ഉറപ്പാക്കുകയും വേണം. ജലവിഭവ പരിപാലനത്തിന് നൂതനമായ പരിപാടികൾ നടപ്പാക്കണം. ജലം കൂടുതൽ ലഭിക്കുന്ന ഊർജ്‌ജിത നെൽകൃഷിപോലുള്ള പദ്ധതികൾ നടപ്പാക്കണം. ഇന്ത്യയിൽ വരും വർഷങ്ങലിൽ മൺസൂൺ മഴയുടെ അളവിൽ കുറവുണ്ടാകുമെന്ന പ്രവചനത്തിന്റെ പശ്ചാത്തലത്തിൽ മഴവെള്ളകൊയ്ത്തിനും ഭൂഗർഭജലശേഖരണത്തിനും മണ്ണിലെ ഈർപ്പം നിലനിർത്തുന്നതിനും ശാസ്ത്രീയമായ ജലപരിപാലന മുറകൾ താഴെത്തട്ടു മുതൽ നടപ്പാക്കണം. ലോകത്ത് ഉത്പാദിപ്പിക്കുന്ന ഭക്ഷണത്തിന്റെ മൂന്നിൽ ഒരു ഭാഗവും ഉപയോഗശൂന്യമായി പഴാക്കികളയുകയാണ്. വികസ്വരരാജ്യങ്ങളിൽ സാങ്കേതിക വിദ്യയുടെ ന്യൂനതകളാണ് ഇതിനു കാരണമെങ്കിൽ സമ്പന്ന രാജ്യങ്ങളിൽ ഉപഭോക്‌താക്കളാണ് ഭക്ഷണം പാഴാക്കിക്കളയുന്നത്. ഭക്ഷണം പാഴാക്കി കളയാതിരിക്കുന്നതും മാംസാഹാരത്തിന് അമിത പ്രാധാന്യമുള്ള ഭക്ഷണശൈലി ഉപേക്ഷിക്കുന്നതും കാലാവസ്‌ഥാ വ്യതിയാനം നേരിടുന്നതിൽ നിർണായകമാണ്.

കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ദുരിതം ഏറ്റവും കൂടുതൽ നേരിടേണ്ടി വരുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അടുത്ത കാലത്തുണ്ടാകുന്ന ജലദൗർലഭ്യവും താപതരംഗങ്ങളും വരൾച്ചയും സൂര്യാഘാതവുമെല്ലാം കേരളവും ഇതിന്റെ ദുരിതങ്ങളിൽ നിന്ന് മോചിതമല്ല എന്നതിന്റെ തെളിവാണ്. കാർഷിക മേഖലയിൽ കാലാവസ്‌ഥാ വ്യതിയാനത്തിന്റെ ആഘാതം കുറക്കുന്നതിന് കർഷക പങ്കാളിത്തത്തോടെ താഴെത്തട്ടിൽ പരിസ്‌ഥിതി സൗഹൃദപരമായ കൃഷിരീതികൾ നടപ്പാക്കുന്നതിനും ജലസംരക്ഷണത്തിനും അടിയന്തിര പദ്ധതികൾ നടപ്പാക്കണം. ഇതോടൊപ്പം ചെറുകിട നാമമാത്ര കർഷകരെ സാമ്പത്തികമായും സാമൂഹികമായും ശാക്‌തീകരിക്കുന്നതിനുള്ള ബാധ്യതയും ഗവൺമെന്റിനുണ്ട്. കൂടുതൽ വിവരങ്ങൾക്ക്: ഡോ. ജോസ് 9387100119

ഡോ. ജോസ് ജോസഫ്
പ്രഫസർ ആൻഡ് ഹെഡ് വിജ്‌ഞാനവ്യാപന വിഭാഗം, ഹോർട്ടികൾച്ചർ കോളജ്, വെള്ളാനിക്കര, തൃശൂർ