സൗന്ദര്യം ഇനി അടുക്കളയിൽ നിന്ന്
സൗന്ദര്യം ഇനി അടുക്കളയിൽ നിന്ന്
Friday, November 18, 2016 6:16 AM IST
വീട്ടമ്മമാർ പൊതുവേ സൗന്ദര്യസംരക്ഷണത്തിലൊന്നും ശ്രദ്ധിക്കാത്തവരാണ്. ജോലിക്കാരികളായ സ്ത്രീകളെ അപേക്ഷിച്ച് ബ്യൂട്ടിപാർലറിൽ പോകാനും മുഖം മിനുക്കാനും വീട്ടമ്മമാർ സമയം കളയാറുമില്ല. ബ്യൂട്ടിപാർലർ വീട്ടിൽത്തന്നെയായാലോ... അതേ, അടുക്കളയിൽ നിന്ന് സൗന്ദര്യത്തിനുള്ള പൊടിക്കൈകൾ കണ്ടെത്താം... നിത്യേന അടുക്കളയിൽ ഉപയോഗിക്കുന്ന പഴങ്ങളും പച്ചക്കറികളുമൊക്കെ സൗന്ദര്യവർധക വസ്തുക്കളാണ്. ഇതാ നാചുറൽ ബ്യൂട്ടി പരീക്ഷിച്ചു നോക്കൂ...

വെള്ളരിക്ക

ഗൃഹസൗന്ദര്യ ചികിത്സയിൽ വെള്ളരിക്കയ്ക്ക് പ്രഥമസ്‌ഥാനമാണുള്ളത്. വെള്ളരിക്ക ജ്യൂസ് അല്ലെങ്കിൽ കഷണങ്ങൾ ഐ–പാഡുകളായി ഉപയോഗിക്കാം. ഇത് കണ്ണിന് കുളിർമയേകുകയും കണ്ണിനു ചുറ്റുമുള്ള കറുപ്പ് നിറം മാറ്റുകയും ചെയ്യും. ചർമത്തെ ശുചിയാക്കാനും സൗഖ്യമേകാനും ചെറിയതോതിൽ ദൃഢമാക്കാനും വെള്ളരിക്കയ്ക്കു കഴിയും. വെള്ളരിക്ക കഷണവും പാലും ചേർത്ത് മുഖത്തു തേക്കുന്നത് മുഖചർമത്തിന് സ്വാഭാവികമായ പുതുമ നൽകും. ചർമത്തിലെ എണ്ണമയം കുറയ്ക്കാൻ വെള്ളരിക്ക കഷണങ്ങൾക്കൊണ്ട് ഉരസിയാൽ മതി. ഏറെനേരം വെയിൽ കൊണ്ടതിനുശേഷം വെള്ളരിക്ക അരച്ച് ഫേസ്പാക്ക് ആക്കിയിട്ടാൽ ചർമം തിളങ്ങും.

പപ്പായ

പപ്പായ നല്ലൊരു ഫേസ്പാക്കാണ്. പപ്പായയിൽ അടങ്ങിയിരിക്കുന്ന എൻസൈമുകൾ മൃതചർമത്തെ മൃദുവാക്കി അവയെ ഒഴിവാക്കുന്നു. പപ്പായയുടെ പൾപ്പ് ഫേസ് മാസ്ക്കായി ഉപയോഗിക്കാം. എല്ലാത്തരം ചർമങ്ങൾക്കും പപ്പായ നല്ലതാണ്.

ഉരുളക്കിഴങ്ങ്

ചർമത്തിന്റെ വൈരൂപ്യം മാറാൻ സഹായിക്കുന്നതിൽ ഉരുളക്കിഴങ്ങിന് വലിയൊരു സ്‌ഥാനമുണ്ട്. ചൊറിപോലെയുള്ള അവസ്‌ഥകളിൽ ഉരുളക്കിഴങ്ങ് അരച്ചു പിഴിഞ്ഞു അതിന്റെ നീര് എടുത്തു ചർമത്തിൽ തേയ്ക്കുക. ചർമം തുടയ്ക്കാനും ഉരുളക്കിഴങ്ങ് കഷണങ്ങൾ ഉപയോഗിക്കാം. ഉരുളക്കിഴങ്ങ് കണ്ണിനു ചുറ്റുമുള്ള വീർപ്പുകുറയ്ക്കുകയും ദൃഢത നൽകുകയും ചെയ്യുന്നു. മുറിച്ച കഷണങ്ങൾ ഐ പാഡുകളായി ഉപയോഗിക്കാം. അല്ലെങ്കിൽ ഉരുളക്കിഴങ്ങ് അരിഞ്ഞ് ഐ – പാഡുകൾ ഉണ്ടാക്കാം.

കാബേജ്

മറ്റുള്ള പച്ചക്കറികളിലേതുപോലെ വിലപ്പെട്ട ധാതുക്കൾ കാബേജിലും അടങ്ങിയിട്ടുണ്ട്. കുറച്ചു വെള്ളത്തിൽ കാബേജ് തിളപ്പിക്കുക. എന്നിട്ട് ആ വെള്ളം തണുപ്പിച്ചതിനുശേഷം ചർമം കഴുകാൻ ഉപയോഗിക്കുക. ചർമപുഷ്‌ടിക്കുള്ള ചികിത്സയാണിത്. മുഖം തിളങ്ങും.

കാരറ്റ്

വരണ്ടതും സെൻസിറ്റീവുമായ ചർമത്തെ സുഖപ്പെടുത്താൻ കാരറ്റ് സഹായിക്കുന്നു. കുറച്ചു വെള്ളത്തിൽ കാരറ്റ് നന്നായി വേവിക്കണം. അത് തണുപ്പിച്ചതിനുശേഷം ഉടച്ച് പൾപ്പാക്കുക. മാസ്ക് ആയി ഇതു ഉപയോഗിക്കാം. മുഖകാന്തിക്ക് ഏറ്റവും ഉത്തമമാണിത്.

തൈര്

എൻസൈമുകൾ അടങ്ങിയിരിക്കുന്ന തൈര് ഒരു പ്രകൃതി ദത്ത ക്ലെൻസറാണ്. ചർമത്തിന്റെയും തലയോട്ടിയുടെയും ആരോഗ്യം കാത്തുസൂക്ഷിക്കുവാൻ ഇതു സഹായിക്കുന്നു. മുഖം കഴുകിയതിനുശേഷം തൈര് പുരട്ടുക. ഇരുപതു മിനിറ്റ് കഴിഞ്ഞ് ഇളം ചൂുവെള്ളത്തിൽ മുഖം കഴുകുക. എണ്ണമയവും കുത്തുകളുമുള്ള ചർമക്കാർക്ക് ചർമം തിളങ്ങാനുള്ള മാർഗം കൂടിയാണിത്. ഷാംപു ഉപയോഗിക്കുന്നതിനു മുൻപ് തൈര് തലയോട്ടിയിൽ തേയ്ക്കുക. ഇത് തലയോട്ടിയെ ശുചീകരിക്കുകയും മുടിയുടെ അഴക് വർധിപ്പിക്കുകയും ചെയ്യും.


മുട്ട

മുട്ടയുടെ വെള്ള നല്ലൊരു ക്ലെൻസറാണ്. മുട്ട മുഖത്തിന് ഒരു ഉണർവു നൽകാൻ (ളമരലഹശളേ) സഹായിക്കും. പച്ചമുട്ട പൊട്ടിച്ച് മാസ്കുപോലെ മുഖത്തിലും കഴുത്തിലും തേച്ചുപിടിപ്പിക്കുക. ശാന്തമായിരുന്ന് ഇരുപതു മിനിട്ട് വിശ്രമിച്ചതിനുശേഷം വെള്ളം ഉപയോഗിച്ച് കഴുകിക്കളയുക. മുട്ട സുഷിരങ്ങളെ മുറുക്കുകയും ചർമത്തെ പുഷ്‌ടിപ്പെടുത്തുകയും ചെയ്യും. ക്ഷീണം തോന്നുന്ന ദിനങ്ങളിൽ ഇനി ഇങ്ങനെയൊന്നു ഫേസ് ലിഫ്റ്റ് ചെയ്തു നോക്കൂ. ഷാംപു ഉപയോഗിക്കുന്നതിന് അരമണിക്കൂർ മുമ്പ് മുട്ട തലയിൽ തേയ്ക്കുക. പ്രത്യേക കണ്ടീഷനിംഗിനുവേണ്ടി മുട്ട പൊട്ടിച്ച് രണ്ടു ടീസ്പൂൺ ബ്രാൻഡിയും കൂടി ചേർക്കുക. മുടി കഴുകുന്നതിനുമുൻപ് ഇതു ഉപയോഗിക്കാം.

തേയില

ചായ തിളപ്പിച്ചതിനുശേഷം കളയുന്ന തേയില പോലും സൗന്ദര്യവർധക വസ്തുവാണ്. തണുത്ത തേയില വെള്ളത്തിൽ മുക്കിവയ്ക്കുന്ന കോട്ടൺ വൂൾപാഡുകൾ ക്ഷീണിച്ച കണ്ണുകൾക്ക് തിളക്കം കൊടുക്കുവാനുള്ള ഐ –പാഡുകളായി ഉപയോഗിക്കാം. ചായ തിളപ്പിച്ചതിനു ശേഷമുള്ള തേയില ഇനി കളയേണ്ട. ഈ തേയില വെള്ളം ഷാംപു ഉപയോഗിച്ചതിനുശേഷം ഒടുവിൽ മുടി കഴുകുവാനായി എടുക്കാം. ഇതു മുടിയുടെ തിളക്കം വർധിപ്പിക്കും.

ഉപ്പ്

ഉപ്പ് കറികൾക്കു രുചി പകരുക മാത്രമല്ല ചെയ്യുന്നത്. നല്ലൊരു സൗന്ദര്യവർധക വസ്തു കൂടിയാണ്. നേരിയ ഉപ്പു ചേർത്ത ഇളം ചൂടുവെള്ളത്തിൽ കണ്ണുകൾ കഴുകിയാൽ കണ്ണിന്റെ തിളക്കം വർധിക്കും. കണ്ണ് വീർക്കുന്നതിനും ഇത് പരിഹാരമാകും. ഒരു ടേബിൾ സ്പൂൺ ഉപ്പും പകുതി ഇളം ചൂടുവെള്ളവും ചേർത്ത് ഉപ്പുലായനിയിൽ മുക്കിയ കോട്ടൺ വൂൾ പാഡുകൾ ഐ – പാഡുകളായി ഉപയോഗിച്ചാലും കണ്ണിന് ഉണർവു ലഭിക്കും. മൂന്നു ടേബിൾ സ്പൂൺ ഉപ്പു ചേർത്ത ഇളംചൂടുവെള്ളത്തിൽ കാലുകൾ മുക്കിവയ്ക്കുന്നത് ക്ഷീണമകറ്റാൻ സഹായിക്കും.

തേൻ

നല്ലൊരു പ്രകൃതിദത്ത മോയ്സ്ച്ചുറൈസറാണ് തേൻ. മൃദുലവും ഈർപ്പവും തിളക്കവുമുള്ള ചർമത്തിനായി തേൻ ഉപയോഗിക്കാം. എണ്ണമയമുള്ള ചർമത്തിന് നന്നായി ഉടച്ച മുട്ടയുടെ വെള്ളയും തേനും ചേർത്തുപയോഗിക്കാം.

വരണ്ട ചർമത്തിന് തേനിൽ പാൽപ്പാട ചേർക്കാം. കുളിക്കുന്ന വെള്ളത്തിൽ ഒരു സ്പൂൺ തേൻ ചേർക്കുന്നത് ക്ഷീണം അകറ്റാനും നന്നായി ഉറക്കം വരാനും സഹായിക്കും.

–സീമ