ടോക്സ് വിത്ത് അനുപമ
ടോക്സ് വിത്ത് അനുപമ
Friday, November 18, 2016 6:15 AM IST
വിമർശനം

സോഷ്യൽ മീഡിയയിൽ വളരെ ആക്ടീവായി നിൽക്കുന്ന വ്യക്‌തിയാണ് ഞാൻ. അതിൽ നിറയെ വിമർശനങ്ങളാണ് വരുന്നത്. അതൊന്നും ഞാൻ കാര്യമാക്കാനേ പോകാറില്ല. ആദ്യമൊക്കെ നല്ല വിഷമം തോന്നിയിരുന്നു. പിന്നീടു മനസിലായി വീട്ടിലിരിക്കുന്ന മാതാപിതാക്കളെ നോക്കാൻ സമയമില്ലാത്തവരാണ് ഫേസ്ബുക്കിൽ കേറി മറ്റുള്ളവരെ പഴിക്കാൻ വരുന്നതെന്ന്. നല്ല വിമർശനങ്ങളെ മാത്രം കാര്യമായി എടുക്കാറുണ്ട്.

പുതുമ

സിനിമയിൽ പണത്തിനേക്കാൾ വൈവിധ്യവും പുതുമയുമുള്ള കഥാപാത്രങ്ങൾക്കാണ് പ്രധാന്യം കൊടുക്കുന്നത്. സിനിമയിൽ സജീവമായി തുടരണമെന്ന് ആഗ്രഹമുണ്ട്. എങ്കിലും ഒരു സ്ത്രീ കേന്ദ്രീകൃത സിനിമയിൽ നായികയാവാൻ ഇപ്പോഴും ധൈര്യമായിട്ടില്ല.

വായന, എഴുത്ത്

വായനയോടും എഴുത്തിനോടും എന്നും ഒരി ഷ്ടം മനസിൽ സൂക്ഷിക്കുന്നുണ്ട്. കഥയെന്നും കവിതയെന്നും പറയാൻ പറ്റില്ലെങ്കിലും മനസിൽ വരുന്ന ചിന്തകളെ കുറിച്ചിടാറുണ്ട്.



ആഗ്രഹം

ജീവിതത്തിലെ ഏറ്റവും വലിയ ആഗ്രഹങ്ങളിലൊന്നാണു മണിരത്നം സാറിന്റെ സിനിമയിൽ അഭിനയിക്കുക എന്നത്. മണിരത്നം സിനിമകളുടെ വലിയൊരു ആരാധികയാണു ഞാൻ. പിന്നെ മറ്റൊരാഗ്രഹം വീണ്ടും പ്രേമം ടീമിനൊപ്പം സിനിമ ചെയ്യണം എന്നതാണ്. സാധിക്കും എന്നു പ്രതീക്ഷിക്കുന്നു.

സന്തോഷം

ജീവിതത്തിൽ ഏറ്റവും സന്തോഷം തോന്നിയ നിമിഷങ്ങളിലൊന്നായിരുന്നു സത്യൻ അന്തിക്കാടു സാറിന്റെ ചിത്രം ജോമോന്റെ സുവിശേഷങ്ങളിലേക്കു വിളിച്ചത്. ആദ്യം വിശ്വസിക്കാനായില്ല. പിന്നീട് പറഞ്ഞറിയിക്കാനാവാത്ത സന്തോഷമായിരുന്നു മനസിൽ തോന്നിയത്.


സാഹസികത

സാഹസികതയെ ജീവിതത്തിൽ ഇഷ്ടപ്പെടുന്നുണ്ട്. അതിന്റെ ഭാഗമായാണ് ബുള്ളറ്റ് ഓടിക്കുന്നത്. ആദ്യമൊക്കെ അതിന്റെ ഭാരം പ്രശ്നമായിരുന്നെങ്കിലും പിന്നീടത് സുഖമായി ഓടിക്കാമെന്നായി. ഇനി സിനിമയിൽ അങ്ങനെയൊരു ചാൻസ് കിട്ടിയാൽ അതിലും ഒന്നും കൈവയ്ക്കണമെന്നാണ് ആഗ്രഹം. ആദ്യമൊക്കെ അച്ഛനും അമ്മയ്ക്കും പേടിയുണ്ടായിരുന്നു.

ആദ്യ അവസരം

സിനിമ എന്നും എന്റെ ആഗ്രഹമായിരുന്നു. സിനിമയിൽ അഭിനയിക്കണം എന്നൊക്കെ മനസിൽ ആഗ്രഹിച്ചിരുന്നു. പിന്നെ അൽഫോൻസ് പുത്രൻ – നിവിൻ പോളി ടിമിന്റെ പ്രേമം പോലൊരു സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിച്ചതു വലിയ കാര്യമാണ്. പ്രേമത്തിലേക്കു ഓഡിഷനു ചെല്ലുമ്പോൾ ആ ടിമിന്റെ മുൻ ചിത്രമായ നേരം ഞാൻ കണ്ടിരുന്നില്ല.

ആഹാരം

ഭക്ഷണകാര്യത്തിൽ എനി ക്കു നല്ലതാൽപര്യമുണ്ട്. ഏറ്റവും ഇഷ്ടമുള്ള ഭക്ഷണം ചോറാണ്. അതു നാലു നേരവും കിട്ടിയാൽ കഴിക്കാൻ താൽപര്യമുള്ള വ്യക്‌തിയാണ് ഞാൻ. തടി വയ്ക്കാൻ അതു കാരണമാണെന്നറിയാം. അതുകൊണ്ടു തന്നെ ഡയറ്റിംഗിലൊക്കെ അത്ര ശ്രദ്ധ കൊടുക്കാത്ത ആളാണു ഞാൻ.