ഐ3എസിന്റെ കരുത്തുള്ള പുതിയ സ്പ്ലെൻഡർ
ഐ3എസിന്റെ കരുത്തുള്ള പുതിയ സ്പ്ലെൻഡർ
Monday, November 14, 2016 3:46 AM IST
ഒരുകാലത്ത് യുവാക്കളുടെ ഹരമായിരുന്നു സ്പ്ലെൻഡർ. തൊണ്ണൂറുകളിൽ ഹീറോ ഹോണ്ട സ്പ്ലെൻഡർ പുറത്തിറങ്ങിയപ്പോൾ ആരും കരുതിയിരുന്നില്ല ഈ ഇരുചക്രവാഹനം ഇന്ത്യയുടെ ഹൃദയം കവർന്ന് മുന്നേറുമെന്ന്. പിന്നീടുള്ള വർഷങ്ങൾ നിരത്തുകളിൽ സ്പ്ലെൻഡർ ചീറിപ്പായുന്ന കാഴ്ചയായിരുന്നു. ഓരോ ഭാരതീയനെയും സ്പ്ലെൻഡർ എന്ന വാഹനം അത്രയേറെ ആകർഷിച്ചിരുന്നു. ഈ സ്വീകാര്യത പിന്നീടൊരു വാഹനത്തിനും ലഭിച്ചിട്ടുണ്ടാവില്ല. സ്പ്ലെൻഡർ ശ്രേണിയലെ എട്ടാമനായി നിരത്തിലെത്തിയിരിക്കുന്ന ഐസ്മാർട്ട് സ്പ്ലെൻഡർ പുതിയ സാങ്കേതികവിദ്യയുടെ സഹായത്തോടെ നിർമിച്ചിരിക്കുന്ന പുതിയ എൻജിനിൽ മികച്ച പെർഫോമൻസ് കാഴ്ചവയ്ക്കുന്നുണ്ട്.

പുതിയ എൻജിൻ: ഹീറോ സ്വന്തമായി വികസിപ്പിച്ചെടുത്ത ഐ3എസ് ടെക്നോളജിയിൽ നിർമിച്ച 110 സിസി എൻജിനാണ് ഐ സ്മാർട്ട് സ്പ്ലെൻഡറിനു നല്കിയിരിക്കുന്നത്. 9.4 ബിഎച്ച്പി പവറും 9 എൻഎം ടോർക്കുമാണ് ഈ എൻജിൻ ഉത്പാദിപ്പിക്കുന്നത്. ഐ3എസ് സ്റ്റോപ്പ്—സ്റ്റാർട്ട് ടെക്നോളജിയുടെ പിൻബലത്തോടെ 68 കിലോമീറ്റർ മൈലേജാണ് കമ്പനി ഐ സ്മാർട്ട് 110ന് വാഗ്ദാനം ചെയ്യുന്നത്. സ്മൂത്ത് െരഡെവിംഗ്; അതാണ് ഐസ്മാർട്ടിന്റെ പ്രത്യേകത. അധികം ശബ്ദം പുറത്തേക്കു തള്ളാത്ത എൻജിൻ അനായാസം 60–70 കിലോമീറ്റർ വേഗം കൈവരിക്കാൻ സഹായിക്കുന്നുണ്ട്.

യാത്ര: കമ്യൂട്ടേറ്റർ ബൈക്കുകളിൽനിന്നു പ്രതീക്ഷിക്കുന്നതുപോലെതന്നെ ഐസ്മാർട്ട് 110 മികച്ച യാത്രാനുഭവം നൽകുന്നുണ്ട്. വെൽ പാഡഡ് സീറ്റും ലൈറ്റ് സ്റ്റീറിംഗും യാത്ര കൂടുതൽ സുഖകരമാക്കും. എന്നാൽ, 70 കിലോമീറ്ററിനു മുകളിൽ കയറിയാൽ ചെറിയ വിറയലുണ്ടെന്നതു വേറെ കാര്യം.

മുമ്പിലും പിറകിലും ഡ്രം ബ്രേക്കുകളാണ്. വില കുറയ്ക്കാനായി പരമാവധി ചെലവുചുരുക്കിയാണ് ഐ സ്മാർട്ട് 110നെ ഹീറോ ഒരുക്കിയിരിക്കുന്നത്. ചെയിൻ കവർ ഫൈബർ മെറ്റീരിയലാണ്. അലോയ് വീലിനൊപ്പം ട്യൂബ് ലെസ് ടയറും നല്കിയിട്ടുണ്ട്. സർക്കാരിന്റെ പുതിയ നിയമങ്ങൾക്ക് അനുസൃതമായാണ് നിർമാണം. ഡേ ടൈം റണ്ണിംഗ് ഹെഡ്ലൈറ്റ്, സെൻട്രൽ കൺസോളിൽ സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ എന്നിവ ഐസ്മാർട്ടിന് പുതിയതാണ്.

എൻജിൻ: 4 സ്ട്രോക്ക്, സിംഗിൾ സിലിണ്ടർ, 109.1 സിസി, 9.4 ബിച്ച്പി, 9എൻഎം, 68 കിലോമീറ്റർ പെർ ലിറ്റർ.

നിറങ്ങൾ: ബ്ലാക്ക് * ബ്ലൂ, ബ്ലാക്ക് * റെഡ്, സിൽവർ * ബ്ലാക്ക്, സ്പോർട്സ് റെഡ്.

ഐ3എസ്?

ഹീറോയ്ക്ക് പേറ്റന്റുള്ള സാങ്കേതികവിദ്യയാണ് ഐ3എസ് (ഐഡിൽ സ്റ്റോപ്പ് സ്റ്റാർട്ട് സിസ്റ്റം). കാറുകളിൽ നല്കിയിരിക്കുന്ന മൈക്രോ ഹൈബ്രിഡ് സംവിധാനംതന്നെയാണിത്. ഹാൻഡിൽ ബാറിൽ ആക്സിലറേറ്ററിനു സമീപം നല്കിയിരിക്കുന്ന നീല ബട്ടൺ ഓൺ ചെയ്ത് ഐ3എസ് ടെക്നോളജി ആക്ടിവേറ്റ് ചെയ്യാം (ഓഫ് ചെയ്താൽ സാധാരണ രീതിയിൽ തന്നെയാണ് എൻജിന്റെ പ്രവർത്തനം). സിഗ്നലുകളിലോ മറ്റോ വാഹനം നിർത്തേണ്ട സാഹചര്യമുണ്ടായാൽ ന്യൂട്ടറൽ ആക്കിയശേഷം ക്ലച്ച് റിലീസ് ചെയ്താൽ അഞ്ചു സെക്കൻഡിനുള്ളിൽ വാഹനം ഓഫ് ആകും. പിന്നീട് ക്ലച്ച് പിടിച്ചാൽ സ്റ്റാർട്ടാവുകയും ചെയ്യം.


പുതിയ മുഖഭാവവുമായി മാസ്ട്രോ

കൈയിലൊതുങ്ങുന്ന വിലയിൽ കൂടുതൽ നൂതന സംവിധാനങ്ങളുമായി മാസ്ട്രോയെ അണിയിച്ചൊരുക്കി എഡ്ജ് എന്ന പേരിൽ ഹീറോ വീണ്ടും വിപണിയിലെത്തിച്ചു. മുമ്പ് ഇറങ്ങിയ മോഡലിനേക്കാളും എടുത്തുപറയാവുന്ന നിരവധി മാറ്റങ്ങൾ എഡ്ജിനുണ്ട്. 109 സിസി എൻജിനിൽനിന്നു മാറി പുതിയ എയർ കൂൾഡ് 110.9 സിസി എൻജിനും കൂടാതെ സ്പോർട്ടി ലുക്കും നല്കിയിട്ടുണ്ട്.

പുരുഷന്മാരെ ലക്ഷ്യംവച്ചാണ് എഡ്ജിന്റെ രൂപഘടന. ആദ്യ മോഡലിനേക്കാളും നീളവും വീതിയും അല്പം കൂട്ടിയിട്ടുമുണ്ട്.

ഡ്യുവറ്റിന്റെ ചേസിസിലും പ്ലാറ്റ്ഫോമിലുമാണ് എഡ്ജ് പിറന്നതെങ്കിലും ഇന്ധനക്ഷമത വർധിപ്പിക്കാൻ ഭാരം കുറച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഡ്യുവറ്റിൽ മെറ്റൽ ബോഡി നല്കിയപ്പോൾ എഡ്ജിൽ പ്ലാസ്റ്റിക് നല്കിയത്.

നിലവാരമുള്ള സ്വിച്ച്ഗിയറും പാസ് ലൈറ്റിനുള്ള സ്വിച്ചും നല്കിയിരിക്കുന്നത് മാസ്റ്ററോയിൽ പുതുമയാണ്. സൈലെൻസറിലെ ടൈറ്റാനിയം ഫിനീഷിംഗിലുള്ള മഫ്ളർ എഡ്ജിന് പ്രത്യേക ഭംഗി നല്കുന്നുണ്ട്. വിവിധോദ്ദേശ്യ കീഹോൾ ആണ് പുതിയ മാസ്റ്ററോയുടെ മറ്റൊരു പ്രത്യേകത. ഹാൻഡിൽ ലോക്ക്, എൻജിൻ ഓൺ എന്നിവയ്ക്കു പുറമേ സീറ്റ് റിലീസിംഗിനും ഫ്യുവൽ ലിഡ് റിലീസിംഗിനുമായി ഫോർ ഇൻ വൺ കീഹോൾ മതി. മാത്രമല്ല ഇന്ധന ടാങ്കിന്റെ ലിഡ് ടെയിൽ ലൈറ്റ് ബോഡി ഭാഗത്ത് മറച്ചിരിക്കുന്നു. മറ്റു മോഡലുകളെ അപേക്ഷിച്ച് ഇന്ധനം നിറയ്ക്കാൻ സീറ്റ് ഉയർത്തേണ്ടെന്നു മാത്രമല്ല, ടാങ്കിന്റെ ക്യാപ് പുറത്ത് കാണുകയുമില്ല. ബൂട്ട് സ്പേസ് 22 ലിറ്റർ, ഒപ്പം ബൂട്ട് ലൈറ്റും മൊബൈൽ ചാർജിംഗ് സോക്കെറ്റും.

എൽഇഡി ടെയിൽ ലാമ്പ്, മുമ്പിലെ എയ്റോ ഡക്ട്, സ്റ്റൈലിഷ് സൈലെൻസർ, സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ, അനലോഗ്–ഡിജിറ്റൽ മീറ്റർ കൺസോൾ എന്നിവ എടുത്തുപറയാവുന്ന മറ്റു പുതുമകളാണ്. യാത്രാസുഖം നല്കുന്ന രീതിയിൽ കുഷ്യൻഡ് സീറ്റ്, ടെലിസ്കോപിക് ഫ്രണ്ട് സസ്പെൻഷൻ, എക്സ്റ്റേണൽ ഫ്യുവൽ ഫില്ലിംഗ്, ഡിജിറ്റർ—അനലോഗ് കോമ്പോ മീറ്റർ കൺസോൾ, മൊബൈൽ ചാർജിംഗ് പോർട്ടിനൊപ്പം ബൂട്ട് ലൈറ്റ്, പിന്നിലേക്കാളും മുന്നിൽ അല്പം വലിയ അലോയ് വീൽ, കോമ്പി ബ്രേക്ക്, ട്യൂബ് ലെസ് ടയറുകൾ.

എൻജിൻ: 110.9 സിസി 4– സ്ട്രോക്ക് മോണോ സിലിണ്ടർ എയർ കൂൾഡ് എൻജിനാണ് എഡ്ജിന്റെ കരുത്ത്. 65.8 കിലോമീറ്റർ മൈലേജാണ് കമ്പനിയുടെ വാഗ്ദാനം.

വില: വിഎക്സ്, എൽഎക്സ് എന്നീ രണ്ടു വേരിയന്റുകളിലായി ഏഴു നിറങ്ങളിൽ ഇറങ്ങുന്ന മാസ്ട്രോ എഡ്ജിന്റെ വില 53,780ഉം 52,080ഉം ആണ്.

ടെസ്റ്റ് െരഡെവ്: ജൂബിലി ഹീറോ, കോട്ടയം 9446058601, 0481 2583790/91

ഐബി