ഫേസ്ബുക്ക് കെണികൾ
ഫേസ്ബുക്ക് കെണികൾ
Tuesday, November 8, 2016 6:02 AM IST
ജിജ്‌ഞാസയും സാഹസികതയും നിറഞ്ഞ പ്രായമാണ് കൗമാരം. നല്ലതും ചീത്തയുമായ ഒരുപാടു കാര്യങ്ങൾ എളുപ്പത്തിൽ ലഭ്യമാകാനുള്ള സാധ്യതയുമുണ്ട്. ടെലിവിഷൻ, കംപ്യൂട്ടർ, ഇന്റർനെറ്റ്, മൊബൈൽ ഫോണുകൾ, സിഡികൾ, മെമ്മറി കാർഡുകൾ ഇവയെല്ലാം ഇന്ന് സർവസാധാരണമാണ്. അവയ്ക്കു പിന്നിലെ ചതിക്കുഴിയെക്കുറിച്ച് മനസിലാക്കണം. അശ്ലീല വെബ്സൈറ്റുകൾക്കും ചാറ്റ് റൂം സുഹൃത്തുക്കൾക്കും മോഹിപ്പിക്കുന്ന എസ്എംഎസുകൾക്കും അശ്ലീല ക്ലിപ്പിംഗുകൾക്കും പുറകേ പോകരുത്. ഇത്തരം കാര്യങ്ങൾ നിങ്ങളുടെ വൈകാരിക – വ്യക്‌തിത്വ വികസനത്തെ താറുമാറാക്കുമെന്ന കാര്യം മറക്കരുത്. ചില സൈബർ കുരുക്കുകൾ വായിക്കാം...

സൈബർ കാമുകൻ പറ്റിച്ച പണി

പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് വാങ്ങിയ നീതുവിന് (യഥാർഥ പേരല്ല) പന്ത്രണ്ടാം ക്ലാസിലെത്തിയപ്പോൾ മാർക്കു കുറഞ്ഞു. തോറ്റു പോകുമെന്ന് പറഞ്ഞ് ക്ലാസ് ടീച്ചർ അച്ഛനെ വിളിപ്പിച്ചു. അപ്പോഴാണ് മകളുടെ പഠന പുരോഗതി ആ മാതാപിതാക്കൾ അറിഞ്ഞത്.

കർഷക കുടുംബമാണെങ്കിലും നല്ല ധനസ്‌ഥിതിയുള്ളവരാണ് നീതുവിന്റെ മാതാപിതാക്കൾ. പത്താം ക്ലാസ് കഴിഞ്ഞപ്പോൾ പഠനം കൂടുതൽ നന്നാകുമെന്ന വിശ്വാസത്തിൽ അവർ മകൾക്ക് ഒരു കംപ്യൂട്ടർ വാങ്ങിക്കൊടുത്തു. ഇന്റർനെറ്റ് സൗകര്യമുള്ള കംപ്യൂട്ടർ നീതുവിന്റെ സ്വപ്നമായിരുന്നു. മാതാപിതാക്കളുടെ സാന്നിധ്യത്തിൽ നീതു ക്ലാസ് ടീച്ചറിന്റെ ചോദ്യങ്ങൾക്കു മറുപടി നൽകി. അപ്പോഴാണ് ആ പാവം രക്ഷിതാക്കൾ അറിഞ്ഞത് മകൾ ഏതു നേരവും ചാറ്റിംഗിലായിരുന്നുവെന്ന കാര്യം.

ഒരു ദിവസം നീതുവിന്റെ ചാറ്റിൽ ഹായ് പറഞ്ഞ് ഒരു സുന്ദരൻ. ഋത്വിക് റോഷന്റെ ചിത്രമാണ് അയാൾ പ്രൊഫൈലിൽ ഇട്ടിരിക്കുന്നത്. തിരിച്ചും ഹായ് പറയാതിരിക്കാൻ നീതുവിനായില്ല. ആ സൗഹൃദം പൊടുന്നനെ വളർന്നു. രാവും പകലും അയാളുടെ വർത്തമാനങ്ങൾക്കായി അവൾ കാത്തിരുന്നു. പന്ത്രണ്ടാം ക്ലാസിൽ തോറ്റാലും അയാൾ കല്യാണം കഴിച്ചോളാമെന്നു നീതുവിന് വാക്കും കൊടുത്തു. നേരിൽ കണ്ടിട്ടില്ലാത്ത സൈബർ കാമുകന്റെ കുഴിയിൽ നീതു വീണു. ഒടുവിൽ ടീച്ചറുടെ സാന്നിധ്യത്തിൽ മാതാപിതാക്കൾ ചാറ്റിൽ പങ്കുചേർന്നു. പക്ഷേ അപകടം മണത്തറിഞ്ഞ ആ കാമുകൻ മുങ്ങി.

വയസും പേരും സ്‌ഥലവുമൊക്കെ മാറ്റിപ്പറഞ്ഞ് ഇരകളെ തേടുന്ന ചതിയന്മാർ ഇവിടെയുണ്ടെന്ന കാര്യം പലപ്പോഴും അറിഞ്ഞുകൊണ്ടു മറക്കുന്നവരെയും കാണാം.

ഫേസ് ബുക്ക് സൗഹൃദങ്ങൾ

ഫേസ് ബുക്ക് സൗഹൃദം അതിരുവിട്ടപ്പോഴാണ് പതിനൊന്നാം ക്ലാസുകാരിയെ മാതാപിതാക്കൾ മനഃശാസ്ത്രജ്‌ഞന്റെ അടുത്ത് എത്തിച്ചത്. തീരെ പരിചയം ഇല്ലാത്തവരെപ്പോലും അവൾ ഫ്രണ്ട്ഷിപ്പ് ലിസ്റ്റിൽ ചേർക്കും. കൂട്ടുകാരിയുടെ കൂട്ടുകാരൻ, അയാളുടെ സുഹൃത്ത്... ഇങ്ങനെ പോകുന്നു അവളുടെ സൗഹൃദങ്ങൾ... പിന്നെ ഫോൺ നമ്പറും നൽകും. കംപ്യൂട്ടർ ചാറ്റിംഗിലൂടെയും മൊബൈലിലൂടെയും ഏതുനേരവും അപരിചിതരുമായി ചങ്ങാത്തത്തിലായിരുന്നു ആ കുട്ടി. അതോടെ മാർക്കു കുറഞ്ഞു. വീട്ടിൽ ആരോടും മിണ്ടാനും സമയമില്ലാതായി.


ഫേസ് ബുക്ക് പോലുള്ള സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളിലും കൗമാരക്കാരും സ്ത്രീകളുമൊക്കെ ഇന്ന് സജീവമാണ്. ഫോട്ടോകളും വിശേഷങ്ങളുമൊക്കെ പോസ്റ്റ് ചെയ്യാനും അതിന് ലൈക്ക് അടിച്ച് സന്തോഷം നേടാനുമൊക്കെ പലരും മത്സരിക്കുന്നതായും കാണാം.

സ്വന്തം അപ്പൻ മരിച്ചു കിടക്കുമ്പോഴും മൊബൈൽ ഫോണിലൂടെ ഫേസ് ബുക്കിൽ ചാറ്റു ചെയ്ത പാലാക്കാരിയായ യുവതിയെ അടുത്തിടെയാണ് ഭർത്താവ് മനഃശാസ്ത്രജ്‌ഞന്റെ അടുത്ത് എത്തിച്ചത്.
കംപ്യൂട്ടറും ഇന്റർനെറ്റും മൊബൈൽഫോണുമൊക്കെ അച്ചടക്കത്തോടെ കൈകാര്യം ചെയ്തില്ലെങ്കിൽ അതൊരു കെണിയായി മാറും. അപരിചിതരെ ഫേസ് ബുക്ക് ഫ്രണ്ട്ഷിപ് ലിസ്റ്റിൽ നിന്നു വെട്ടിമാറ്റണം. സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകൾ ഉപയോഗിക്കുമ്പോഴുള്ള കരുതലുകൾ മാതാപിതാക്കൾ മക്കൾക്ക് പകർന്നു നൽകണം. അവർ ഇത് എങ്ങനെ ഉപയോഗിക്കുന്നുവെന്ന കാര്യത്തിലും ശ്രദ്ധവേണം.

ഓൺലൈനിൽ സുരക്ഷിതരാകാം

* ഓൺലൈനിൽ നിങ്ങൾ സമർപ്പിക്കുന്ന വിവരങ്ങൾ എക്കാലത്തും അവിടെ തന്നെ നിലനിൽക്കും. അതിനാൽ കൊടുക്കുന്ന വിവരങ്ങൾ പരിമിതപ്പെടുത്തുക.
* മറ്റുള്ളവർ കാണരുതെന്നു നമ്മൾ ആഗ്രഹിക്കുന്ന ചിത്രങ്ങളും, വീഡിയോകളും ആരുമായും ഷെയർ ചെയ്യാതിരിക്കുക.
* നിങ്ങൾ സന്തോഷത്തോടെ ഇരിക്കുമ്പോൾ മാത്രം സോഷ്യൽ മീഡിയ വെബ്സൈറ്റുകൾ ഉപയോഗിക്കുക. അല്ലെങ്കിൽ അത് നിങ്ങളെ കൂടുതൽ മാനസിക പിരിമുറുക്കത്തിലേയ്ക്ക് നയിക്കും.
* അപരിചിതരിൽ നിന്നും ഫ്രണ്ട് റിക്വസ്റ്റുകൾ സ്വീകരിക്കുകയോ അവരെ നേരിൽ കാണാൻ ശ്രമിക്കുകയോ ചെയ്യരുത്.
* ശക്‌തമായ പാസ്വേഡുകൾ ഉപയോഗിക്കുക
* അനാവശ്യമായ കോളുകളും മെസേജുകളും ഉടൻ ബ്ലോക്ക് ചെയ്യുക.
* ഓൺലൈനിൽ ഒരു വ്യക്‌തിയെ പരിഹസിക്കുന്നതും മാനസിക ബുദ്ധിമുട്ടുണ്ടാക്കുന്നതും ശിക്ഷാർഹമായ കുറ്റമാണ്.
* ഫേസ് ബുക്കിലേയും മറ്റും പ്രൈവസി സെറ്റിംഗുകൾ ശ്രദ്ധിച്ചുപയോഗിക്കുക/ ദൃഢപ്പെടുത്തുക.
* മെസേജുകൾ ഡിലിറ്റ് ചെയ്യുകയോ, അക്കൗണ്ട് ഉപേക്ഷിക്കുകയോ ചെയ്യാതെ അവയെ തെളിവിനു വേണ്ടി സംരക്ഷിക്കുക.
* അപരിചിതരായ വ്യക്‌തികളിൽ നിന്നുള്ള ലൈംഗികച്ചുവയുള്ള മെസേജുകളോ ചാറ്റുകളോ ബ്ലോക്ക് ചെയ്യുക.
* സ്മാർട്ടു ഫോണുകളിൽ എടുക്കുന്ന ഫോട്ടോകളിൽ ജിപിഎസ് ലൊക്കേഷൻ ടാഗ് ആകുന്നതിനാൽ അവ ശ്രദ്ധിച്ചു മാത്രം ഷെയർ ചെയ്യുക.
* കുട്ടികൾ ഓൺലൈനിൽ എന്തു ചെയ്യുന്നു എന്നതിനെപ്പറ്റി മാതാപിതാക്കൾ ബോധവാന്മാരായിരിക്കുക.
* അനുവാദം കൂടാതെ മറ്റുള്ളവരുടെ ഫോട്ടോ എടുക്കാനോ നിങ്ങളുടെ ഫോട്ടോ മറ്റുള്ളവർ എടുക്കാനോ പാടുള്ളതല്ല
* ഓൺലൈനിൽ സൗജന്യമായി ഗെയിം കളിക്കുന്നതിനായി നിങ്ങളുടെ പേരോ, മേൽവിലാസമോ മറ്റു വിവരങ്ങളോ കൊടുക്കാതിരിക്കുക.

സീമ
വിവരങ്ങൾക്കു കടപ്പാട് കേരള പോലീസ് * ഡോ.സി.ജെ ജോൺ
ചീഫ് സൈക്യാട്രിസ്റ്റ് മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ എറണാകുളം