മനംകവർന്ന് പാരീസ്
മനംകവർന്ന് പാരീസ്
Saturday, November 5, 2016 6:32 AM IST
ജീവിതത്തിന്റെ വിരസതകൾ കഴുകിക്കളഞ്ഞു മനസും ശരീരവും ശുദ്ധമാക്കുന്നവയാണു യാത്രകൾ. പുതിയ കാഴ്ചകൾ, അനുഭവങ്ങൾ, ജലാശയത്തിലെ കുളി, വഴിയോരത്തുനിന്നുള്ള ഭക്ഷണം... കുടുംബാംഗങ്ങൾ എല്ലാവരും ഒരുമിച്ചു ചേർന്നുള്ള ഉല്ലാസനിമിഷങ്ങൾ... ഓരോ യാത്രയും മനസിനെ കൂടുതൽ ആഹ്ലാദഭരിതവും ജീവിതം ഉല്ലാസപൂർണവുമാക്കും. സഞ്ചാരികളുടെ ഇഷ്ടസങ്കേതമായ പാരീസിലെ യാത്രാവിശേഷങ്ങളറിയാം...

ലണ്ടൻ നഗരത്തോടു വിട പറഞ്ഞു ഞങ്ങൾ ബസിൽ കയറി യാത്ര തിരിച്ചു. രാവിലെ നല്ല തണുപ്പ്. വ്യായാമത്തിനായി ഓടുന്നവരെയും നടക്കുന്നവരെയും കാണാം. ഞങ്ങൾ പതിയെ ലണ്ടൻ നഗരം കടന്നുപോയിക്കൊണ്ടിരുന്നു. വഴിയിൽ പച്ചപ്പുല്ലുകൾക്കിടയ്ക്ക് മഞ്ഞപ്പൂപ്പാടം. കടുകുകൃഷിയാണ്. വളരെ മനോഹരമായ കാഴ്ച. പച്ചയും മഞ്ഞയും ഇടകലർന്ന ഭൂഭംഗി. കടുകുകൃഷി മസ്റ്റാർഡ് സോസ് ഉണ്ടാക്കാനാണ്. യൂറോപ്പിൽ ഉടനീളം ഈ കൃഷി കണ്ടുവരുന്നു.

അദ്ഭുതം സമ്മാനിച്ച് യൂറോ ടണൽ

യൂറോ ടണൽ വഴിയാണ് ഞങ്ങൾ പാരീസിലേക്ക് കടന്നത്. ഒരു അണ്ടർ പാസ് ടണൽ കൂടി കടന്ന് ബസ് യൂറോ ടണൽ ലക്ഷ്യമാക്കി കുതിച്ചു. നല്ല വേഗമുണ്ട് ബസിന്. തലേദിവസത്തെ മഴയിൽ വഴി നനഞ്ഞുകിടക്കുന്നു. ഇവിടെ മഴ ഉള്ളതിനാൽ എപ്പോഴും കുടയും ഒരു ജാക്കറ്റും കരുതണം.
യൂറോ ടണലിന് (ചാനൽ ടണൽ) 37.9 കിലോമീറ്റർ (23.5 മൈൽ) നീളമുണ്ട്. കടലിനടിയിൽ കൂടിയുള്ള ലോകത്തിലെ ഏറ്റവും ദൈർഘ്യമുള്ള ടണലാണിത്. കേട്ടപ്പോൾ ഭയം തോന്നി. ടണലിൽ കയറാനുള്ള വഴിയിലൂടെ ഞങ്ങളുടെ ബസ് കടന്നു. ഒരു തുറന്ന സ്റ്റേഷനാണിത്. ബസ് ഉൾപ്പെടെ യാത്രക്കാരുമായി ട്രെയിനിന്റെ ബോഗിയിൽ കയറണം. ഞങ്ങളുടെ ബസ് ഏറ്റവും പുറകിലുള്ള ബോഗിയുടെ തുറന്നവശത്തുകൂടി ഓടിച്ചകത്തുകയറ്റി. ബസ് കുറെ ദൂരം കൂടി ഓടിച്ചു മുൻപോട്ടുപോയി. അതാ മുന്നിൽ ഒരു ബസു നിർത്തിയിട്ടിരിക്കുന്നു. അതിനു പിന്നിലായി ഞങ്ങളുടെ ബസും നിർത്തി. പുറകെ വരിവരിയായി ബസുകൾ വന്ന് ഓരോ ബോഗിയിലും നിർത്തി. ഇങ്ങനെ നൂറു ബസുകൾ ഒരു ട്രെയിനിൽ കയറും. ഓരോ ബസിന്റെയും മുൻപിലും പിറകിലും ഡബിൾ കാബിനുള്ള ഗ്ലാസ് വാതിലുകൾ ഓട്ടോമാറ്റിക്കായി വന്ന് അടയും. അതിനുശേഷം ഷട്ടറും വീഴും. ട്രെയിൻ നീങ്ങിത്തുടങ്ങി. ഞങ്ങൾ എല്ലാവരും ബസിൽ നിന്നിറങ്ങി. ബസ് കിടക്കുന്ന സ്‌ഥലം അല്ലാതെ മുൻപിലും പിന്നിലും വശങ്ങളിൽ കൂടിയും ആൾക്കാർക്ക് ഇറങ്ങിനിൽക്കാം. മുൻപിലുള്ള വാതിൽ തുറന്ന് ഒരറ്റം മുതൽ മറ്റേ അറ്റം വരെ നടക്കാം. കടലിനടിയിലെ തുരങ്കത്തിൽകൂടി ട്രെയിനിൽ വേഗത്തിൽ നീങ്ങുകയാണ്. ജീവിതത്തിൽ ഒരു പുത്തൻ അനുഭവം കൂടി. ആദ്യം പേടി തോന്നിയെങ്കിലും പിന്നീട് എല്ലാവർക്കും രസകരമായ ഒരു അനുഭവമായി തോന്നി. ഞങ്ങളെല്ലാവരും ചിത്രങ്ങളെടുത്തു. ഒരു വലിയ കൂട്ടിലകപ്പെട്ട പ്രതീതി. ട്രെയിനിന്റെ കടകട ശബ്ദം വലുതായി കേൾക്കാം. ടണലിന്റെ ഭിത്തികളിൽ തിരമാലകൾ അലയടിക്കുന്നുണ്ടാവാം. വലിയ മീനുകളും ചെറിയ മീനുകളും അടുത്തുവരുന്നുണ്ടാവാം. ഒന്നും ഞങ്ങൾ അറിയുന്നില്ല. കടൽ കടന്നു ഞങ്ങളുടെ ട്രെയിൻ സ്റ്റേഷനിൽ നിന്നു. ഒന്നിനു പുറകെ ഒന്നൊന്നായി ബസുകൾ ബോഗിയിൽ നിന്നും പുറത്തു കടന്നു. ഫ്രാൻസ്. കാറ്റാടിയന്ത്രങ്ങളും ഫ്രാൻസിന്റെ പതാകയും ചാറ്റൽ മഴയും ഞങ്ങളെ സ്വാഗതം ചെയ്തു. വീണ്ടും പച്ചനിറച്ചാർത്തിന്റെയും കുളിരിന്റെയും ലോകത്തേക്ക.് ബസ് ഫ്രാൻസിന്റെ മണ്ണിലെത്തി. അന്നത്തെ യാത്ര അവസാനിച്ചത് ഐഫൽ ടവറിനു മുൻപിൽ.



പ്രൗഢിയോടെ ഐഫൽ ടവർ

വായിച്ചും ചിത്രങ്ങളിൽ കണ്ടും അറിഞ്ഞിട്ടുള്ള ടവറിനു മുൻപിൽ അതിശയത്തോടെ ഞങ്ങൾ നിന്നു. എല്ലാവരുടെയും കണ്ണുകൾ മുകളിലേക്ക്. എങ്ങനെയാണ് ഇതിന്റെ നിർമിതി എന്നോർത്ത് വിസ്മയം പൂണ്ടു. അരികിലേക്ക് ചെല്ലുന്തോറും അതിന്റെ ഭീമാകാരത്വം മനസിലാകും. നാലുകാലുകളുടെ കീഴിൽ ഒരു വലിയ ചത്വരം. ടിക്കറ്റെടുത്തുവേണം കയറാൻ. നീണ്ട ക്യൂവാണ്. ഇവിടെയും നല്ല തണുത്ത കാറ്റുവീശുന്നുണ്ട്. ഈ ടവർ കൈകൊണ്ട് പെയിന്റ് ചെയ്തതാണ്. ഒന്നിലും രണ്ടിലും റസ്റ്ററന്ററുകളും കടകളുമാണ്. മൂന്നാം നിലയിൽ ഒരു നിരീക്ഷണതട്ടാണ്. രാത്രിയിൽ ടവറിൽ ലൈറ്റ് ഷോ ഉണ്ട്. നീണ്ട നിരയിലുള്ളവർ പതിയെ നീങ്ങിനീങ്ങി അടുത്തെത്തി. ഞങ്ങൾ ബേസ് ലവലിൽ ആണ് ഇപ്പോൾ. ഇനി പടികൾ കയറി എലിവേറ്ററിനടുത്തെത്തണം. ആദ്യത്തെ എലിവേറ്റർ ഒന്നാം ലെവലിലും രണ്ടാം ലെവലിലും നിർത്തും. രണ്ടാം ലെവലിൽ നിന്നും മൂന്നാം ലെവലിലേക്ക് നിരീക്ഷണ തട്ടിലേക്കുള്ള എലിവേറ്ററിൽ ഞങ്ങൾ കയറി.

മൂന്നാം ലെവലിലേക്കുള്ള ട്രാക്ക് കുത്തനെയാണ്. ഒരു ഉൾഭയം തോന്നി. എലിവേറ്ററിൽ നിന്നിറങ്ങി. പാരീസ് മുഴുവനായും കൺമുൻപിൽ കണ്ടു. ഇവിടെ ഷാംപെയ്ൻ വിൽപനയും ഉണ്ട്. ഞങ്ങളും ഒരു ഗ്ലാസ് ഷാംപെയ്ൻ നുണഞ്ഞു കൊണ്ട് ഫ്രാൻസിന്റെ സൗന്ദര്യം ആസ്വദിച്ച് ആ തട്ടിലൂടെ നടന്നുകണ്ടു. കണ്ടതെല്ലാം മനസിലേക്കാവഹിച്ചെടുത്തു. കൂറ്റൻ ഇരുമ്പുകമ്പികൾ കുറുകെയും നെടുകെയും വരും പോലെയുള്ള രൂപരേഖയാണിതിന് . ഫ്രാൻസിന്റെയും പാരീസിന്റെയും ലോകവ്യാപകമായ ഒരു സംസ്കാരത്തിന്റെ ബിംബം കൂടിയാണിത്. പാരീസ് എന്നു കേൾക്കുമ്പോൾ ഈ ടവർ നമ്മുടെ മനസിലേക്ക് ആദ്യം ഓടിയെത്തും. ഇവിടത്തെ ഏറ്റവും ഉയരമുള്ള നിർമിതിയാണ്. സഞ്ചാരികൾ ടിക്കറ്റെടുത്തു കയറുന്ന ലോകത്തിലെ തന്നെ വലിയ സ്മാരകവും ഇതുതന്നെ. ഇതിന് 324 മീറ്റർ (1,063 അടി), പൊക്കമുണ്ട്. (ഏകദേശം 81 നില കെട്ടിടത്തിന്റെ പൊക്കം). താഴത്തെ ചത്വരം 125 മീറ്റർ (410 അടി) വശത്തേക്കും. ഇത് മിലിറ്ററി ഭടന്മാർ ആദ്യം നിരീക്ഷണ ഗോപുരമായും പിന്നീട് റേഡിയോ, ടെലിവിഷൻ എന്നിവയ്ക്കു വേണ്ടിയും ഉപയോഗിക്കുന്നു (വലിയ ഏരിയൽ). സിറ്റിയുടെ ഏതു ഭാഗത്തുനിന്നു നോക്കിയാലും തലയെടുപ്പോടെ ഈഫൽ ടവർ നിൽക്കുന്നതുകാണാം; ആരെയും കൂസാതെ നിശബ്ദമായി.


തുടർന്ന് സിറ്റി ടൂർ ആണ് പ്ലാൻ ചെയ്തത്. ചാറ്റൽ മഴയുണ്ട്. കൂടാതെ നല്ല തണുപ്പും. നഗരത്തിലുടനീളം നല്ല പൊക്കമുള്ള സ്ട്രീറ്റ് ലൈറ്റുകൾ, നടുക്കുള്ള നീണ്ട ഒരു ലൈറ്റ് ഷേഡിനു മൂന്നുചുറ്റും പൂപോലെ വിടർന്നു, കമ്പിയുടെ അറ്റത്ത് ലാംപ്. ചിലതു നാലുവശത്തുമുണ്ട്. ഫ്ളൈ ഓവറുകൾ അധികമുള്ള രാജ്യമാണ്. റിംഗ് റോഡുകളും ധാരാളമുണ്ട്. ഒരു റിംഗ് റോഡിന് പുറത്തേക്കു മുപ്പത്തി അഞ്ചു വഴികളുണ്ട്.

മനം മയക്കും കാഴ്ചകൾ

കൊത്തുപണിയുള്ള ഒരു വലിയ ആർച്ചാണ് അൃരറലേൃശീാുവല . കുതിരപ്പുറത്തു വാളുമേന്തി നിൽക്കുന്ന പട്ടാളക്കാരന്റെ പ്രതിമ. മുൻ പ്രസിഡന്റ് ചാൾസ് ഡിഗോളിന്റെ പ്രതിമ. മൈക്കൽ ആഞ്ചലോയുടെ വീനസ് ദേവതയുടെ കൈയില്ലാത്ത ഒരു അർധ നഗ്ന പ്രതിമ... ഇങ്ങനെ കാഴ്ചകൾ നിരവധി.

ഫാഷൻ, ആർട്ട് മ്യൂസിയങ്ങൾ, രമണീയമായ വീഥികൾ, സുന്ദരമായ സ്മാരകങ്ങൾ, നിശാസംഗീതനൃത്തശാലകൾ... ലോകത്തിലെ വിലയേറിയ ഷോപ്പിംഗുകളും ഇവിടെ നടത്താം. ഹോളിവുഡ്, ബോളിവുഡ് താരങ്ങളുടെ ഷോപ്പിംഗ് വിഹാരരംഗമാണ് ഇവിടം. വിലയേറിയ ബാഗുകളും ലെതർ ഇനങ്ങളും പെർഫ്യൂമുകളും എല്ലാം ഇവിടെ കിട്ടും. സൗന്ദര്യ വർധന വസ്തുക്കൾ, കമ്പിളി വസ്ത്രങ്ങൾ, കൂളിംഗ് ഗ്ലാസുകൾ തുടങ്ങിയവയും വാങ്ങാം.

സെയ്ൻ നദിയിലൂടെയൊരു യാത്ര

കടൽ വെള്ളം കയറിക്കിടക്കുന്ന കടലും കായലും ചേർന്ന് സെയ്ൻനദി (ടലശില ഞശ്ലൃ) യിലൂടെ ക്രൂസിൽ (വിനോദയാത്രക്കായി കപ്പൽ, വലിയ ബോട്ട്) ഒരു യാത്രയ്ക്കായി ഞങ്ങൾ തയാറായി. ബോട്ട് എത്തിയിട്ടില്ല. ടിക്കറ്റ് എടുക്കണം. മഴ പെയ്യുന്നു. എല്ലാവരും കുടക്കീഴിലാണ്. എപ്പോഴും നമ്മൾ കുട കരുതണം. അപ്രതീക്ഷതമായാണ് മഴ വരുന്നത്. അതു കൂടുതലും ചാറ്റൽ മഴയാണ്. കരയോടടുത്ത് ഒഴുകുന്ന റസ്റ്ററന്റ് എല്ലാ ഒരുക്കത്തോടും കൂടി കിടപ്പുണ്ട്. അത് സന്ധ്യകളിലേ ജീവൻ വയ്ക്കൂ.

ബോട്ട് എത്തി. തണുത്ത കാറ്റു വീശുന്നു. ഞങ്ങൾ ക്രൂസിൽ കയറി. ബോട്ടിന്റെ മുകൾത്തട്ട് ഗ്ലാസാണ്. ഓരോരുത്തരും ഇരിക്കുന്ന സീറ്റിന്റെ വശത്ത് ഫോൺ പോലെ ഒരു ഉപകരണമുണ്ട്. ഇത് ചെവിയിൽ വച്ച് രണ്ടിൽ അമർത്തിയാൽ ഗൈഡ് പറയുന്ന കാര്യങ്ങൾ വ്യക്‌തമായി ഇംഗ്ലീഷിൽ കേൾക്കാം. നമ്മൾ കാണുന്നവയെല്ലാം അവർ പറഞ്ഞുതരുന്നുണ്ട്. അനേകം പാലങ്ങൾ ഉണ്ട് സെയ്ൻ നദിക്കു കുറുകെ.. ഓരോ പാലത്തിന്റെയും നിർമാണം ഓരോ വിധത്തിലാണ്. മാനം തെളിഞ്ഞുവരുന്നു. ഇളം വെയിലിനു നല്ല സുഖമുള്ള ചൂട്.



റൊമാന്റിക് സിറ്റി എന്നറിയപ്പെടുന്ന പാരീസിലെ സെയ്ൻ നദിയിലൂടെയുള്ള ക്രൂസ് യാത്ര വിവരാണാതീതമാണ്. ഓരോ പാലത്തിനടിയിലൂടെ പോകുമ്പോഴും അദ്ഭുതമാണ്. ഓരോ പാലത്തിനും ഓരോ കഥ പറയുവാനുണ്ട്.

ലുവിയർ മ്യൂസിയം

ഈ മ്യൂസിയത്തിലാണ് പ്രശസ്ത പെയ്ന്റിംഗായ ലിയാണാഡോ ഡാവിൻചിയുടെ മോണോലിസ സൂക്ഷിച്ചിരിക്കുന്നത്. പ്രസിദ്ധിയാർജിച്ച മറ്റനേകം പെയിന്റിംഗുകളും ഇവിടെയുണ്ട്. നെപ്പോളിയൻ ഒന്നാമനാണ് ഇതൊരു മ്യൂസിയം ആക്കിയത്. ഇതിന്റെ അകത്തേക്കുള്ള വഴി ഒരു പിരമിഡിൽ കൂടിയാണ്. ഈ ഗ്ലാസ് പിരമിഡ് വളരെ ആകർഷകമാണ്.

ഹെൻറി നാലാമന്റെ കുതിരപ്പുറത്തുള്ള പ്രതിമ ദൂരെ ഉയർന്നുകാണാം. മരങ്ങളുള്ള ഒരു ചത്വരത്തിനു പിന്നിൽ സവാരിറ്റൻ ഡിപ്പാട്ടുമെന്റു സ്റ്റാൾ ഒളിഞ്ഞുനോക്കുന്നു.

വളരെ അധികം ക്രൂസുകളും ബോട്ടുകളും ചെറുബോട്ടുകളും സെയ്ൻ നദിയിലൂടെ നീങ്ങുന്നു.
അടുത്ത രണ്ടുപാലങ്ങളും വ്യത്യസ്തമായി പണിതിരിക്കുന്നു. ഇനിയൊരു പാലം വെള്ള ചുണ്ണാമ്പുകല്ലുകൾ പോലെയുള്ള കല്ലുകൾകൊണ്ട് പണിതിരിക്കുന്നു. മനുഷ്യരുടെ തലകൾ മാത്രമുള്ള അനേകം പ്രതിമകൾ രണ്ടുവശങ്ങളിലുമുണ്ട്.

അടുത്ത പാലത്തിനടുത്ത് സെന്റ് ജയിംസ് ചാപ്പൽ. ഇനിയുള്ള പാലത്തിന്റെ വശങ്ങളിൽ കല്ലും ഇരുമ്പും കലർന്ന പച്ചക്കളർ. മുഴുവനും പച്ചനിറം പൂശിയതാണ് അടുത്ത പാലം. ഇവിടെ നിന്നു നോക്കിയാൽ പാരീസ് നഗരം മുഴുവനായി കാണാം. ആർച്ചുകൾ ഇല്ലാത്തതാണ് അടുത്ത പാലം. ചാരനിറം അണിഞ്ഞുനിൽക്കുന്നു. ലൂയീസ് ദ്വീപ്, രണ്ട് ഹോട്ടലുകൾ എന്നിവയുമുണ്ട്. കൂടാതെ മട്ടുപ്പാവിൽ പൂന്തോട്ടമുള്ള ഒരു കൂറ്റൻ കെട്ടിടവും കാണാം. വലിയ നീളമുള്ള ചരക്കുബോട്ടുകൾ കടന്നുപോയിക്കൊണ്ടിരിക്കുന്നു.

പച്ചനിറച്ചാർത്തുള്ള അടുത്ത പാലത്തിനടുത്താണ് അറബ് ഇൻസ്റ്റിറ്റ്യൂട്ടും സ്ട്രീറ്റ് മാർക്കറ്റും. ഇനിയുമുണ്ട് പാലങ്ങൾക്ക് വിശേഷങ്ങൾ. മാതാവും ഉണ്ണിയീശോയും ഉള്ള പ്രതിമ ഒരു പാലത്തിന്റെ വൻ തൂണിനു മുകളിൽ ഉണ്ട്. ഈ നദിയുടെ കൈവഴികളിലും പാലങ്ങൾ കാണാം. സ്വർണ ശവകുടീരവും (ഏീഹറലി ഠീായ) പുസ്തകങ്ങൾ വിൽക്കുന്ന കെട്ടിടവും കണ്ടു. ഒരു ആധുനിക സ്റ്റീൽ നിർമിത പാലവും കണ്ടു. ഇവിടെ സ്റ്റാച്യു ഓഫ് ലിബർട്ടിയുടെ ഒരു പ്രതിമയും ഉണ്ട്.

നീതിയുടെ കൊട്ടാരം, സെയ്ന്റ് മൈക്കിൾസ് പള്ളിയും നോത്ര ഡാം കത്തീഡ്രലും കണ്ടു. പുരാതനമായ ഇവിടത്തെ മണികൾ പ്രശസ്തമാണ്.



മറിയമ്മ ഷാജി
പാലാത്ര, ചങ്ങനാശേരി