സൈബർ കുരുക്കിൽ വീഴല്ലേ...
സൈബർ കുരുക്കിൽ വീഴല്ലേ...
Thursday, November 3, 2016 6:39 AM IST
ഫേസ്ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യൽ മീഡിയകൾ കൈകാര്യം ചെയ്യുന്നവരുടെ എണ്ണം ഇന്ന്കൂടി വരുകയാണ്. അതോടൊപ്പം സൈബർ കുറ്റകൃത്യങ്ങളുടെ എണ്ണത്തിലും വർധന ഉണ്ടായിരിക്കുന്നു. സംസ്‌ഥാന– ദേശീയ ക്രൈം റിക്കാർഡ് ബ്യൂറോകളുടെ കണക്കുകൾ പ്രകാരം സൈബർ കേസുകളിൽ കേരളത്തിന് അഞ്ചാം സ്‌ഥാനമാണുള്ളത്. മൊത്തം സൈബർ കേസുകളുടെയും അഞ്ചു ശതമാനവും കേരളത്തിലാണെന്നതും ശ്രദ്ധേയമാണ്. മെസഞ്ചർ ചാറ്റിലൂടെയോ ഒരു മിസ്ഡ് കോളിലൂടെയോ പരിചയപ്പെടുന്ന സൈബർ കാമുകനെത്തേടി പോകുന്ന പെൺകുട്ടികളുടെയും വിവാഹിതകളുടെയും എണ്ണത്തിലും വർധനയുണ്ടായിട്ടുണ്ട്. സോഷ്യൽ മീഡിയ ഈ കാലഘട്ടത്തിൽ അനിവാര്യമാണ്. പക്ഷേ അതിനു പിന്നിലെ ചതിക്കുഴി മനസിലാക്കി വിവേകത്തോടെ പെരുമാറിയില്ലെങ്കിൽ സൈബർ കുരുക്കിൽ ചെന്നു ചാടിയേക്കാം...
ഇതു വായിക്കൂ...

ലേഖനത്തിന് ആവശ്യമായ വിവരങ്ങൾ ശേഖരിക്കാനായി കൊച്ചിയിലെ സൈബർ സെൽ ഉദ്യോഗസ്‌ഥനെ സമീപിച്ചപ്പോൾ മുന്നിലിരിക്കുന്ന പരാതിക്കെട്ടുകൾ ശരിക്കും ഞെട്ടിച്ചു. പരാതികൾ വിവിധതരത്തിലുള്ളതായിരുന്നു. പരാതിക്കാരിലേറെയും 18 മുതൽ 35 വയസുവരെ പ്രായമുള്ള സ്ത്രീകളും. ഇതിൽ പ്രതിപാദിച്ചിരിക്കുന്ന പേരുകൾ യഥാർത്ഥമല്ല.

പ്രൊഡ്യൂസർ ചേട്ടന്റെ നുണക്കഥ

തിരുവനന്തപുരത്തെ കോളജ് അധ്യാപകരുടെ മകളുടെ കഥ കേൾക്കൂ. അർച്ചനയും അപർണയും അവരുടെ മാതാപിതാക്കളും അടങ്ങുന്ന കുടുംബം. ഇരുവരും നന്നായി പഠിക്കും. കംപ്യൂട്ടർ വേണമെന്ന അപർണയുടെ ആഗ്രഹം കേട്ട് വളരെ സ്നേഹത്തോടെയാണ് മാതാപിതാക്കൾ കംപ്യൂട്ടർ വാങ്ങി നൽകിയത്. നഗരത്തിലെ പ്രമുഖ സ്കൂൾ വിദ്യാർഥികളാണ് ഇരുവരും.

ചേച്ചിയും അനുജത്തിയും ഒരേ മുറിയിലാണ് ഉറങ്ങാറുള്ളത്. എന്നാൽ അപർണ രാത്രി എല്ലാവരും ഉറങ്ങിയതിനുശേഷം കംപ്യൂട്ടറിനു മുന്നിലിരിക്കുന്നത് അർച്ചന അപ്രതീക്ഷിതമായിട്ടാണ് കണ്ടത്. ഒന്നര വയസു വ്യത്യാസമേ ഉള്ളൂവെങ്കിലും അവൾ അനുജത്തിയെ മകളെപ്പോലെയാണ് കണ്ടിരുന്നത്. അനുജത്തിയുടെ പോക്ക് ശരിയല്ലെന്ന് അവൾക്ക് മനസിലായി. സൈബർക്കുരുക്കിൽപ്പെട്ട അപർണയുടെ കഥ ഇതായിരുന്നു.



അപർണയ്ക്ക് സിനിമ എന്നും ഹരമായിരുന്നു. ഓർക്കുട്ടിലൂടെ ചാനലിലെ ഒരു പ്രൊഡ്യൂസറുമായി അവൾ പരിചയത്തിലായി. വിവാഹിതനും രണ്ടു കുട്ടികളുടെ അച്ഛനുമായ അയാൾ സുന്ദരനും നിമിഷങ്ങൾക്കകം ആരെയും വീഴ്ത്താൻ പോന്ന വാക്ചാതുര്യം ഉള്ളവനുമായിരുന്നു. അപർണയുടെ ഒരു ഫോട്ടോ അയാൾക്ക് അവൾ അയച്ചു കൊടുത്തു. ‘‘ഇത്രയും സുന്ദരിയായ ഒരു പെൺകുട്ടിയെ ഞാൻ മീഡിയയിൽ പോലും കണ്ടിട്ടില്ല. തനിക്കു കുറച്ചു കൂടി മുമ്പേ ജനിച്ചിരുന്നെങ്കിൽ സുന്ദരിയായ ഭാര്യയുടെ ഭർത്താവായി എനിക്ക് ജീവിക്കാമായിരുന്നു.’’ പ്രൊഡ്യൂസർ ചേട്ടന്റെ വാക്കുകളിൽ അപർണ വീണു.

വീട്ടിൽ നിന്നു ഫോൺ ചെയ്യുന്നത് പതിവായി. വീട്ടുകാർ പിടിച്ചാലോയെന്നു ഭയന്ന് പുറത്ത് കഫേയിൽ പോയി ചാറ്റിംഗ് തുടങ്ങി. 14 വയസുകാരിക്ക് 37കാരനിലുള്ള അനുരാഗം തീവ്രമായി വളർന്നു. പഠനത്തിൽ ശ്രദ്ധയില്ലാതെ വന്നപ്പോഴാണ് മാതാപിതാക്കൾ മനഃശാസ്ത്രജ്‌ഞന്റെ സഹായം തേടിയത്. ഡോക്ടറുടെ മുന്നിൽ അവൾ വാചാലയായി ‘അദ്ദേഹം തയാറാണെങ്കിൽ ഞാൻ കൂടെ ഇറങ്ങിപ്പോകും. എനിക്ക് പതിനെട്ടു വയസാകുമ്പോഴെക്കും അദ്ദേഹം ഭാര്യയെ ഉപേക്ഷിക്കും.പിന്നെ ഞങ്ങൾ ഒരുമിച്ച് ജീവിക്കും....’’ അപർണ ഡോക്ടറോടു പറഞ്ഞു.

ഡോക്ടർ കാമുകന്റെ ഫോൺ നമ്പർ വാങ്ങി വിളിച്ചു. ആദ്യമൊന്നു പതറിയെങ്കിലും നിത്യതൊഴിൽ അഭ്യാസിയെപ്പോലെ അയാൾ ഡോക്ടറോടു പറഞ്ഞു. ‘ഞാൻ ആ കുട്ടിയെ സഹോദരിയെപ്പോലെയാണ് കരുതുന്നത്. ഇത്തരത്തിലാണ് അവളുടെ മനസിലിരുപ്പെങ്കിൽ ഒരിക്കലും ഞാൻ അവളെ വിളിക്കില്ല.’– അയാൾ തടിയൂരി. മാനസികമായി തളർന്ന ആ കുട്ടി ഏറെക്കാലം ചികിത്സയിലായിരുന്നു.

പണം നഷ്ടപ്പെട്ട ഗൾഫുകാരൻ

കൊച്ചി സിറ്റിയിലെ ഒരു പോലീസ് സ്റ്റേഷനിൽ അടുത്തിടെ പരാതിയുമായി ഒരു ഗൾഫുകാരനെത്തി. ഭാര്യയെ കാണാനില്ലെന്നായിരുന്നു അയാളുടെ പരാതി. അയാളുടെ അക്കൗണ്ടിൽ നിന്ന് വൻ തുക തട്ടിയെടുത്തായിരുന്നു ഭാര്യ മുങ്ങിയത്. പരാതിയുടെ ചുരുളഴിക്കാൻ പോലീസിന് അധികസമയം വേണ്ടിവന്നില്ല. ഭാര്യയെ കാമുകനൊപ്പം ഡൽഹിയിൽ നിന്ന് പിടികൂടി കൊണ്ടുവന്നു.

വിവാഹശേഷം മാസങ്ങൾക്കകം ഭാര്യയെ നാട്ടിലാക്കിയിട്ടാണ് ഗൾഫുകാരൻ പോയത്. വിലകൂടിയ ലാപ്ടോപ്പും മൊബൈൽഫോണും ഭാര്യയ്ക്ക് സമ്മാനിച്ചിരുന്നു. ആദ്യമൊക്കെ ഭർത്താവിന്റെ ഫോൺവിളികൾക്കായി കാത്തിരുന്ന ഭാര്യയുടെ സ്വഭാവം താമസിയാതെ മാറി. ഫേസ്ബുക്കിലും വാട്സ്ആപ്പിലും പുതിയ സൗഹൃദങ്ങൾ തേടിയ ആ യുവതിക്ക് ഒരു സൈബർ കാമുകനെയും കിട്ടി. പിന്നെ രാവും പകലും അയാളോടായി സംസാരം. താമസിയാതെ അയാൾ ഓരോ ആവശ്യങ്ങൾക്കും പണം ചോദിച്ചു തുടങ്ങി. പ്രണയവിവശയായ യുവതിയാകട്ടെ ജോയിന്റ് അക്കൗണ്ടിൽ നിന്ന് തുക പിൻവലിച്ചു കൊണ്ടിരുന്നു. ഓരോ ആവശ്യങ്ങൾക്കാണെന്ന് ഭർത്താവിനോടു കള്ളം പറഞ്ഞു.

ഒടുവിൽ സൈബർ കാമുകൻ യുവതിയെ കാണാൻ എറണാകുളം മറൈൻഡ്രൈവിൽ വന്നു. അപ്പോഴാണ് 32 കാരിയായ യുവതിക്കു തനിക്കു പറ്റിയ ചതി മനസിലായത്. കാമുകനാകട്ടെ 26കാരനും. പക്ഷേ പ്രേമത്തിനു കണ്ണില്ലല്ലോ? അവർ അയാൾക്കൊപ്പം നാടുവിടാൻ തീരുമാനിച്ചു. ഭർത്താവ് ഗൾഫിൽ നിന്ന് വരുന്നതിന് ആഴ്ചകൾക്കു മുമ്പാണ് അക്കൗണ്ടിൽ നിന്ന് വൻതുക പിൻവലിച്ച് കാമുകനൊപ്പം യുവതി ഡൽഹിക്കു കടന്നത്. സൈബർ സെല്ലിന്റെ സഹായത്തോടെയാണ് ലോക്കൽ പോലീസ് യുവതിയെ കണ്ടെത്തിയത്.

സൈബർ ലോകത്ത് ആൺകുട്ടികൾ ഒട്ടും സുരക്ഷിതരല്ലെന്ന വെളിപ്പെടുത്തൽ കൂടി നൽകുന്ന ഒരു പരാതി സൈബർ സെല്ലിൽ നിന്നും ലഭിക്കുകയുണ്ടായി. അതിങ്ങനെ;

ചാറ്റിംഗ് എന്ന ചീറ്റിംഗ്

ആറു മാസം മുമ്പ് കൊച്ചിയിലാണ് സംഭവം നടന്നത്. നഗരത്തിലെ ഉന്നത സ്കൂളിലെ അധ്യാപകനാണ് ഗൃഹനാഥൻ. ഭാര്യ ബാങ്ക് ഉദ്യോഗസ്‌ഥ. വിദ്യാർഥികളായ രണ്ട് ആൺ മക്കൾ. പണത്തിന് ക്ഷാമമൊന്നുമില്ലാത്ത കുടുംബം. ഒരു ദിവസം അധ്യാപകന്റെ പേഴ്സിൽ നിന്ന് ആയിരം രൂപ മോഷണം പോയി. അതും വീട്ടിൽ വച്ച്. ആദ്യ സംശയം പോയത് വീട്ടുജോലിക്കാരുടെ നേരെയായിരുന്നു. പക്ഷേ അവരോടു ചോദിച്ചില്ല. കള്ളനെ എങ്ങനെയെങ്കിലും പിടിക്കാമെന്ന് അധ്യാപകനും ഭാര്യയും കരുതി. ഏറെ വൈകുംമുമ്പേ ഭാര്യയുടെ സ്വർണവള അലമാരയിൽ നിന്നു മോഷണം പോയി. വീട്ടിൽ പെയിന്റിംഗ് നടക്കുന്ന സമയമായിരുന്നു. അതിൽ ആരെങ്കിലുമായിരിക്കും മോഷ്‌ടാവെന്ന് വീട്ടുകാർ കരുതി. കോൺട്രാക്ടറോട് കാര്യം പറഞ്ഞു പണിക്കാരിലൊരാളെ നിരീക്ഷിക്കാനും ചുമതലപ്പെടുത്തി. എന്നിട്ടും കള്ളനെ കണ്ടെത്താനായില്ല.



രണ്ടുമാസം കഴിഞ്ഞപ്പോൾ രാത്രിയിൽ വീടിന്റെ ചുറ്റുമതിൽ ചാടിക്കടന്ന് ആരോ വീട്ടിലെത്തി. എൻജിനിയറിംഗ് വിദ്യാർഥിയായ മൂത്തമകന്റെ ബൈക്ക് മോഷ്‌ടിച്ചു. ഉടൻ ഗൃഹനാഥൻ പോലീസിൽ പരാതി നൽകി. മുമ്പു നടന്ന രണ്ടു മോഷണങ്ങളെക്കുറിച്ചും പരാതിയിൽ പ്രതിപാദിച്ചിരുന്നു.

പോലീസ് അന്വേഷണം തുടങ്ങി. മുറ്റത്തെ പോർച്ചിൽ നിന്നാണ് ബൈക്ക് മോഷണം പോയത്. മൂത്തമകന്റെ മുറിയിലെ മേശയിൽ സൂക്ഷിച്ചിരുന്ന താക്കോലും അപ്രത്യക്ഷമായിരുന്നു.

അന്വേഷണങ്ങൾക്കൊടുവിൽ പോലീസ് കള്ളനെ കണ്ടെത്തി. പ്ലസ് വൺകാരനായ ഇളയമകനായിരുന്നു ഈ മോഷണങ്ങളുടെ സൂത്രധാരൻ. അവന്റെ കൂട്ടുകാരൻ ബൈക്ക് മോഷണത്തിന് പോലീസ് പിടിയിലായതോടെ കഥ കൂടുതൽ വ്യക്‌തമായി.

പത്താം ക്ലാസ് പരീക്ഷയ്ക്ക് ഇളയമകന് ഒമ്പത് എ പ്ലസ് കിട്ടിയിരുന്നു. എല്ലാവരും സന്തോഷത്തോടെ ഇരിക്കുന്ന സമയത്താണ് അവന്റെ ഫേസ്ബുക്ക് മെസഞ്ചറിൽ ഒരു അഭിനന്ദന സന്ദേശം എത്തുന്നത്. വിദേശത്തു നിന്നുള്ള ഒരു വനിതാസുഹൃത്തിന്റേതായിരുന്നു അത്. മാസങ്ങൾക്കു മുമ്പാണ് ആ ഫ്രണ്ട് റിക്വസ്റ്റ് സ്വീകരിച്ചത്. പൂച്ചെണ്ടുകളോടു കൂടിയുള്ള സന്ദേശത്തിന് പയ്യൻ നന്ദി അറിയിച്ചു. ഒരാഴ്ചയ്ക്കകം വീണ്ടും മെസേജ് എത്തി. പഠിക്കാൻ പോകുന്ന കോഴ്സിനെക്കുറിച്ചായിരുന്നു അന്വേഷണം. അതിനും പയ്യൻ മറുപടി നൽകി. തുടർന്ന് ഓരോ ദിവസവും പയ്യനെത്തേടി സന്ദേശങ്ങൾ എത്തി. മറുപടിയും. വീട്ടു വിശേഷങ്ങളും നാട്ടുവിശേഷങ്ങളും ആ സ്ത്രീയുമായി പങ്കുവച്ചു. കൂട്ടത്തിൽ കുടുംബാംഗങ്ങൾക്കൊപ്പമുള്ള ചിത്രങ്ങളും. ചാറ്റിംഗ് പാതിരാവരെ നീളും. കൂട്ടത്തിൽ ഇരുവരും നഗ്നചിത്രങ്ങളും കൈമാറി. ഒടുവിൽ സൈബർ കാമുകിക്ക് പയ്യൻ മൊബൈൽ നമ്പർ കൈമാറി. അതോടെ വിദേശ വനിതയുടെ തനിനിറം അറിയാൻ തുടങ്ങി. പിന്നെ ചാറ്റിംഗ് കേട്ടാൽ അറക്കുന്ന തെറി അടക്കമുള്ള പച്ച മലയാളത്തിലായി. ചാറ്റിംഗ് ഭീഷണിയിലായി. നഗ്നചിത്രങ്ങൾ കുടുംബാംഗങ്ങൾ അയച്ചു കൊടുക്കും. ഫേസ്ബുക്കിലും പോസ്റ്റു ചെയ്യും. അതൊഴിവാക്കാനായി പണം നൽകണം. ആദ്യം ചോദിച്ച ആയിരം രൂപ നിക്ഷേപിക്കാനായി മുംബൈയിലെ ഒരു ബാങ്ക് അക്കൗണ്ട് നമ്പറും കൈമാറി. അതിനാണ് പയ്യൻ അച്ഛന്റെ പേഴ്സിൽ നിന്ന് പണം മോഷ്‌ടിച്ചത്. ഒരാഴ്ച കഴിഞ്ഞപ്പോൾ മൊബൈൽ ഫോണിലേക്ക് ഒരു കോളെത്തി. ഉടൻ 10000 രൂപ അക്കൗണ്ടിൽ ഇടണം, അതും മലയാളത്തിലായിരുന്നു സംഭാഷണം. അതിനായിരുന്നു അമ്മയുടെ വള മോഷ്‌ടിച്ചത്. അയാളുടെ ആവശ്യങ്ങൾ കൂടി വന്നു. അതോടെ മോഷണവും കൂടി. ഇപ്പോൾ പയ്യൻ മനഃശാസ്ത്ര ചികിത്സയിലാണ്. സൈബർ കുരുക്കിന്റെ കാണാക്കാഴ്ചകളിലൊന്നാണിത്.

സമാന കേസുകൾ 48 എണ്ണം

പ്രായപൂർത്തിയാകാത്ത ആൺകുട്ടികളെ കെണിയിൽപ്പെടുത്തി പണം തട്ടുന്ന 48 കേസുകളാണ് ഇതുവരെ കേരളത്തിൽ റിപ്പോർട്ട് ചെയ്തിട്ടുള്ളതെന്ന് സൈബർ ക്രൈം വിദഗ്ധ പാട്ടത്തിൽ ധന്യ മേനോൻ പറഞ്ഞു. 10,000 മുതൽ 80,000 രൂപ വരെ നഷ്‌ടപ്പെട്ടവർ ഇക്കൂട്ടത്തിലുണ്ട്.

കൂട്ടുകാരികൾ പറ്റിച്ച പണി

അടുത്തിടെസൈബർ സെല്ലിൽ എത്തിയ ഒരു പരാതി വർഷങ്ങൾക്കു മുമ്പുണ്ടായ ഒരു സംഭവത്തിലേക്കാണ് എത്തിച്ചത്. വിവാഹിതയായ യുവതിയുടെ നഗ്നചിത്രങ്ങൾ വാട്സ് ആപ്പിൽ പ്രചരിക്കുന്നുവെന്ന പരാതിയുമായിട്ടാണ് കോഴിക്കോടുകാരിയായ യുവതിയും ഭർത്താവും സൈബർ സെല്ലിൽ എത്തിയത്. സംഭവം ഇങ്ങനെയാണ്. വർഷങ്ങൾക്കു മുമ്പ് കോളജ് പഠനകാലത്ത് കൂട്ടുകാരികൾക്കൊപ്പം യുവതി നഗ്നഫോട്ടോകൾ എടുത്തിരുന്നു. ലാപ്ടോപ്പിൽ സൂക്ഷിച്ച ഫോട്ടോകൾ എങ്ങനെയോ ഷെയറു ചെയ്യപ്പെട്ടു. അതിലൊന്നാണ് വർഷങ്ങൾക്കു ശേഷം യുവതിയുടെ വാട്സ്ആപ്പിലേക്ക് വന്നത്. ഈ കേസിൽ പ്രതിയെ പിടികൂടാൻ പോലീസ് ഏറെ കഷ്ടപ്പെട്ടു.

സോഷ്യൽ മീഡിയയിലൂടെ മയക്കുമരുന്നും

കൊല്ലം സ്വദേശിനിയായ കോളജുവിദ്യാർഥിക്ക് ഫേസ്ബുക്കിലൂടെ ഒരു സുഹൃത്തിനെ കിട്ടി. താമസിയാതെ അയാളുമായി അവൾ കൂടുതൽ അടുത്തു. ഉന്നത ബിരുദധാരിയെന്നു പരിചയപ്പെടുത്തിയ ആൾ തൊഴിൽരഹിതനാണെന്ന് അവൾ അറിഞ്ഞത് ഏറെ വൈകിയായിരുന്നു. പക്ഷേ അതിനൊപ്പം മറ്റൊരു അത്യാഹിതം കൂടി ആ പെൺകുട്ടിക്ക് ഉണ്ടായി. തന്റെ കൂട്ടുകാരൻ മയക്കുമരുന്നിന് അടിമയും മയക്കുമരുന്ന് വിൽപനക്കാരനുമായിരുന്നു. ഓൺലൈനിലൂടെ ഇരകളെകണ്ടെത്തി മയക്കുമരുന്ന് വിൽപന നടത്തുന്ന കണ്ണിയിലെ അംഗമായിരുന്നു അയാൾ. ഇന്ന് മയക്കുമരുന്നിന് അടിമയായ ആ പെൺകുട്ടിക്ക് പഠനം അവസാനിപ്പിക്കേണ്ടിവന്നു. ഇപ്പോൾ തൃശൂരിലെ ഒരു മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലാണ് അവൾ.

സൈബർ കുറ്റകൃത്യങ്ങൾ കൂടി

സംസ്‌ഥാനത്ത് സൈബർ കുറ്റകൃത്യങ്ങളിൽ വൻവർധനയാണ് ഉണ്ടായിട്ടുള്ളതെന്ന് കണക്കുകൾ സൂചിപ്പിക്കുന്നു. 2014–15 കാലയളവിൽ സംസ്‌ഥാനത്ത് 1558 കേസുകളാണ് രജിസ്റ്റർ ചെയ്തതെങ്കിൽ ഈ കഴിഞ്ഞ നവംബർ വരെ മാത്രം 1800 സൈബർ കുറ്റകൃത്യങ്ങളാണ് രജിസ്റ്റർ ചെയ്തത്. ഇന്റർനെറ്റ്, ഫേസ്ബുക്ക് ദുരുപയോഗം സംബന്ധിച്ച കേസുകളുടെ എണ്ണം 800 ആണ്. മൊബൈൽ ഫോണുമായി ബന്ധപ്പെട്ട കേസുകളുടെ എണ്ണം 1100 വരും. വ്യാജപ്രൊഫൈൽ നിർമിച്ചതടക്കമുള്ള കേസുകളുടെ പ്രതികൾ 18നും 35നും ഇടയിൽ പ്രായമുള്ളവരാണ്. കേസിൽ ഇരയാക്കപ്പെട്ടവരും ഇതേ പ്രായത്തിലുള്ള സ്ത്രീകളാണെന്നുള്ളതാണ് മറ്റൊരു വസ്തുത.


ഫേസ്ബുക്കിൽ വ്യാജപ്രൊഫൈലുകൾ

വ്യാജപ്രൊഫൈലുകളുടെ ഒരു ലോകമാണ് ഫേസ്ബുക്ക്. ഒരു രസത്തിനുവേണ്ടി ഉണ്ടാക്കിയതു മുതൽ തട്ടിപ്പിനുവരെ ഫേസ്ബുക്ക് അക്കൗണ്ടുകൾ സൃഷ്‌ടിക്കുന്നവരുണ്ട്.

ഇങ്ങനെ വ്യാജപ്രൊഫൈലുകൾ ഉള്ളവരിൽ ഏറെയും സെലിബ്രിറ്റികളാണ്. അടുത്തിടെ കാവ്യ മാധവന്റെ വ്യാജപ്രൊഫൈൽ ഉണ്ടാക്കിയ പന്തളം സ്വദേശിയെ പോലീസ് അറസ്റ്റു ചെയ്യുകയുണ്ടായി. ഗായിക ജ്യോത്സന മോഷ്‌ടിക്കപ്പെട്ട തന്റെ അക്കൗണ്ട് തിരിച്ചു പിടിച്ചു. നടി ശ്രീയ, സീരിയൽ താരം ഗായത്രി അരുൺ എന്നിവരെല്ലാം ഫേസ്ബുക്ക് ചീറ്റിംഗിനെതിരെ പരാതിപ്പെട്ടവരാണ്.

ഇന്റർനെറ്റ് അമിതമായ ആത്മവിശ്വാസം നല്ലതല്ല

നിങ്ങൾ ഇന്റർനെറ്റിൽ അമിതമായ താൽപര്യം കാണിക്കാത്തവരും സൈബർ ലോകത്തെ അപകടങ്ങളെപ്പറ്റി ബോധ്യമുള്ളവരും, സ്വന്തം സ്വകാര്യതയും മറ്റു വിവരങ്ങളും സംരക്ഷിക്കുന്നതിന് ആവശ്യം വേണ്ട മുൻകരുതലുകൾ സ്വീകരിക്കുന്നവരും ആയിരിക്കാം. എന്നാൽ ഓൺലൈൻ വഴി കണ്ടെത്തുന്ന പുതിയ സുഹൃത് ബന്ധങ്ങളെ പറ്റിയോ, ചെന്നുചേരുന്ന പുതിയ കൂട്ടായ്മകളെ പറ്റിയോ, നല്ലയാൾ എന്നു വിശ്വസിക്കുന്നവരെ പറ്റിയോ നിങ്ങൾക്കെന്തെങ്കിലും വിശദമായി അറിയാമോ? ഈ ഓൺലൈൻ സൗഹൃദങ്ങളിലെ സുഹൃത്തുക്കളെ നേരിട്ടു കാണാൻ പോകുന്ന വിവരം രക്ഷാകർത്താവിനെയോ/ ഭാര്യയെയോ / ഭർത്താവിനെയോ/ സുഹൃത്തിനെയോ അറിയിക്കാറുണ്ടോ ? ഒന്നു ചിന്തിക്കു...

വിവരങ്ങൾ പരിധിവിട്ട് പങ്കുവയ്ക്കരുത്...

ഇന്ന് ഊഷ്മളമായ ബന്ധം എന്നു വിശ്വസിക്കുന്ന ബന്ധം നാളെ അപകടമാകാം. അങ്ങനെ സംഭവിച്ചാൽ നിങ്ങൾ ആ സുഹൃത്തുമായി പങ്കുവച്ച സ്വകാര്യ ഫോട്ടോകൾ, മെയിലുകൾ, അമ്പരപ്പോ ലജ്‌ജയോ ഉളവാക്കുന്ന വീഡിയോകൾ എന്നിവ നിങ്ങളുടെ പൂർവ പങ്കാളിയുടെ കൈവശമായി കഴിഞ്ഞിരിക്കും. അവ തിരിച്ചു ലഭിച്ചില്ലെന്നു വന്നേക്കാം. അവ ആ വ്യക്‌തി ദുരുപയോഗം ചെയ്തേക്കാം, അതിനാൽ അത്തരം പ്രവൃത്തികൾ ആലോചിച്ചു മാത്രം ചെയ്യുക.

സ്വകാര്യതകൾ വെളിപ്പെടുത്തരുത്

നിങ്ങളുടെ ദുർബലതകൾ ചൂഷണം ചെയ്യാൻ തയാറായി കാത്തിരിക്കുന്ന വഞ്ചകരായ കഥാപാത്രങ്ങൾ നിങ്ങൾക്ക് ചുറ്റും ഉണ്ടാകാം. ഒരു അവധി ദിവസം എവിടെ ചിലവഴിക്കാമെന്ന് നിങ്ങൾ തീരുമാനിക്കുന്ന വിവരം അഥവാ ഒരു രസത്തിനായി പോസ്റ്റ് ചെയ്ത നിങ്ങളുടെ അമ്പരപ്പിക്കുന്ന ഫോട്ടോയോ മറ്റു സ്വകാര്യ വസ്തുക്കളോ അസൂയാലുവായ സുഹൃത്തിനോ, കുറ്റവാളിയായ പങ്കാളിക്കോ, നിങ്ങൾ തക്ക മറുപടി നൽകിയ ഒരു ഭീഷണിക്കാരനോ ലഭിക്കാനും അയാളത് ദുരുപയോഗം ചെയ്യാനും സാധ്യതയുണ്ട്.



പാസ്വേഡുകൾ പങ്കുവയ്ക്കരുത്

സുഹൃത്തിനെ അഥവാ പങ്കാളിയെ അന്ധമായി വിശ്വാസിക്കരുത്. മോശമായതോ, കയ്പേറിയ അനുഭവത്താൽ ആ സുഹൃത്ബന്ധം അവസാനിൽ അതു നിങ്ങൾക്ക് ഏറെ ദോഷമായേക്കാം. സാമൂഹ്യ മാധ്യമങ്ങളിൽ അപഖ്യാതിയും, സാമ്പത്തിക തട്ടിപ്പുകളും ക്രമക്കേടും മറ്റും ഭയന്ന് ധാരാളം പെൺകുട്ടികൾ ഇത്തരം ബന്ധങ്ങൾ തകരുമ്പോൾ ആത്മഹത്യ ചെയ്യുന്നുണ്ടെന്ന കാര്യം ഓർക്കുക.

വെബ് കാമറകൾ ആവശ്യമില്ലാത്തപ്പോൾ വിച്ഛേദിക്കുക

കാമറ ഓണായി നിങ്ങളുടെ ചലനങ്ങൾ രഹസ്യമായ റിക്കാർഡ് ചെയ്യാൻ കഴിയുന്ന പല ആപ്ലിക്കേഷനുകളും ഇന്ന് വിപണിയിൽ ലഭ്യമാണ്. അതിനാൽ വെബ് കാമറ ആവശ്യമില്ലാത്തപ്പോൾ പ്രവർത്തനരഹിതമാക്കാൻ ശ്രദ്ധിക്കുക.

നിയമാനുസൃതമല്ലാത്ത വസ്തുതകൾ ഫോൺ / ലാപ്ടോപ് വഴി ഡൗൺലോഡ് ചെയ്യാൻ മറ്റുള്ളവരെ അനുവദിക്കരുത്.

സ്വന്തം ലാപ്ടോപ്പ് വഴിയോ ഫോൺ വഴിയോ നിയമാനുസൃതമല്ലാത്ത വസ്തുക്കൾ മറ്റാരെങ്കിലും ഡൗൺലോഡ് ചെയ്താൽ അതിന്റെ ഭവിഷ്യത്ത് വലുതായിരിക്കും. മാത്രമല്ല തുടർന്ന് നിങ്ങൾക്ക് വരുന്ന മെസേജുകളും മെയിലുകളും നോട്ടുകളും മറ്റും അവർ കൈകാര്യം ചെയ്തെന്നും വരാം. നിങ്ങളുടെ ഇത്തരം ഉപകരണങ്ങൾ പാസ്വേഡ് ഉപയോഗിച്ച് സുരക്ഷിതമായി കൈകാര്യം ചെയ്തില്ലെങ്കിൽ ആർക്കുവേണമെങ്കിലും ഇവ കൈകാര്യം ചെയ്യാനും ശേഖരിച്ചിട്ടുള്ള വസ്തുതകൾ നഷ്‌ടപ്പെടുത്താനും കഴിയും. ഓൺലൈൻ സുഹൃത്തുക്കളെ നേരിൽ കാണാൻ പോകുമ്പോൾ വേണ്ടപ്പെട്ടവരെ വിവരം അറിയിക്കണം.

സെക്യൂരിറ്റി സോഫ്റ്റ്വെയറുകൾ കാലഹരണപ്പെട്ടാൽ അവ പുതുക്കുന്നതിൽ അനാസ്‌ഥ കാണിക്കരുത്.
സുരക്ഷിതത്വത്തിനായി സ്മാർട്ട് ഫോൺ ആപ്ലിക്കേഷനുകൾ ഉപയോഗപ്പെടുത്തുക. ഇത്തരം ആപ്ലിക്കേഷനുകൾ ഇന്ന് വിപണിയിൽ സുലഭമാണ്. അവയുടെ ആധികാരികത ഉറപ്പാക്കിയശേഷം പ്രയോജനപ്പെടുത്താവുന്നതാണ്.

സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റിൽ ശ്രദ്ധിക്കാം

സൈബർ ലോകത്തിൽ സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ സ്‌ഥാനം വളരെ വലുതാണ്. ഇന്നത്തെ കാലത്ത് സോഷ്യൽ നെറ്റ് വർക്കിംഗ് സൈറ്റുകളുടെ പ്രചാരവും വളരെ വേഗത്തിലാണ്. ഇന്ന് ലോകമെമ്പാടും ഫേസ്ബുക്ക്, ട്വിറ്റർ പോലുള്ള നിരവധി പബ്ലിക്, പ്രൈവറ്റ് സോഷ്യൽ നെറ്റ് വർക്കുകൾ ഉണ്ട്. ഇതിൽ ഏറ്റവും പ്രചാരമുള്ള ഫേസ് ബുക്കിൽ തന്നെ ലക്ഷക്കണക്കിന് ഉപയോക്‌താക്കൾ ഉണ്ട്.

ചെയ്യേണ്ട കാര്യങ്ങൾ

* സോഷ്യൽ നെറ്റ് വർക്കിൽ രജിസ്റ്റർ ചെയ്യുമ്പോൾ നിങ്ങളുടെ യഥാർത്ഥ പേര്, പ്രൊഫൈൽ ചിത്രമായി നിങ്ങളുടെ ചിത്രം തന്നെ ഉപയോഗിക്കുക. ഇതു നിങ്ങളുടെ സുഹൃത്തുക്കളെ കണ്ടെത്തുന്നതിനു സഹായിക്കും.
* നിങ്ങൾ ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നതിനു മുൻപ്, നിങ്ങൾക്കു ഫ്രണ്ട് റിക്വസ്റ്റ് അയക്കുന്നവരുടെയും പ്രൊഫൈൽ വിവരങ്ങൾ വ്യക്‌തമായി മനസിലാക്കിയ ശേഷം മാത്രം റിക്വസ്റ്റ് അയക്കുകയോ/ സ്വീകരിക്കുകയോ ചെയ്യാവൂ.
* വളരെയധികം വ്യാജപ്രൊഫൈൽ ഉള്ള ഒരു മേഖലയാണ് ഫേസ്ബുക്ക്. പലപ്പോഴും പ്രൊഫൈൽ വിവരങ്ങൾ യഥാർത്ഥമാവണമെന്നില്ല.
* ഫേസ്ബുക്കിൽ സൂക്ഷിക്കുന്ന നിങ്ങളുടെ ആൽബത്തിലുള്ള ഫോട്ടോകൾ നിങ്ങൾക്കോ നിങ്ങളുടെ സുഹൃത്തുക്കൾക്കോ മാത്രം കാണാവുന്ന തരത്തിൽ സെറ്റിങ്സ്സിൽ മാറ്റം വരുത്തുക. പബ്ലിക് ഫ്രെണ്ട്സ് ഓഫ് ഫ്രെണ്ട്സ് എന്നീ ഭാഗങ്ങളിൽ ഫോട്ടോകളോ വ്യക്‌തിപരമായ പോസ്റ്റുകളോ ഇടാതിരിക്കുക.
* അപരിചിതരിൽ നിന്നുള്ള ഫ്രണ്ട്സ് റിക്വസ്റ്റുകൾ പ്രത്യേകിച്ചും, ഫോട്ടോ ഉപയോഗിക്കാത്ത പ്രൊഫൈൽ ഉള്ളവരുടേത് നിർബന്ധമായും ഒഴിവാക്കുക. വ്യാജന്മാരാണെന്നു തോന്നിയാൽ കുറച്ചു പഴയ പോസ്റ്റുകൾ പരിശോധിക്കാവുന്നതാണ്.
* നിങ്ങളുടെ പ്രൊഫൈലിൽ ചേർത്തിട്ടുള്ള വിവരങ്ങൾ അപരിചിതരായവർ കാണാതിരിക്കുവാൻ സെറ്റിങ്സ്സിൽ ആവശ്യമായ മാറ്റം വരുത്തുക.
* ഫേസ് ബുക്കിൽ ഗ്രൂപ്പുകൾ ഉണ്ടാക്കുമ്പോൾ കഴിയുന്നതും അടുത്ത സുഹൃത്തുക്കളെയും അടുത്ത് അറിയാവുന്നവരെയും മാത്രം ഉൾപ്പെടുത്തുക.
* സോഷ്യൽ നെറ്റ് വർക്കുകളിൽ പോസ്റ്റ് ചെയ്യപ്പെടുന്ന ഭീഷണികൾ, അനുചിതമായ പോസ്റ്റുകൾ മുതലായവ ശ്രദ്ധയിൽപ്പെട്ടാൽ ബന്ധപ്പെട്ട അധികാരികളെ അറിയിക്കുക.

ചെയ്യരുതാത്തത്

* ഫേസ്ബുക്കിലെ പ്രൊഫൈൽ സെറ്റിങ്സിൽ മാറ്റം വരുത്താതെയുള്ള ഉപയോഗം, നിങ്ങളുടെ ഫേസ്ബുക്ക് വിവരങ്ങൾ, ചിത്രങ്ങൾ തുടങ്ങിയവ അപരിചിതരായ ആൾക്കാർ കാണാൻ ഇടയാകും.
* പബ്ലിക് ഗ്രൂപ്പുകളിൽ പോസ്റ്റു ചെയ്യപ്പെടുന്ന പോസ്റ്റുകൾ അനുചിതമല്ലാത്തവ ഷെയർ/ ലൈക് ചെയ്യാതിരിക്കുക.
* വ്യക്‌തിപരമായി പരിചയമില്ലാതവരുടെ ഫേസ് ബുക്കിലൂടെയുള്ളക്ഷണം ഒഴിവാക്കുക. അങ്ങനെയുള്ള സാഹചര്യങ്ങളിൽ പേഴ്സണൽ മെസേജിലൂടെ ആളെ തിരിച്ചറിഞ്ഞ ശേഷം മാത്രം പ്രതികരിക്കുക.
* ഫേസ്ബുക്കിലൂടെ മതസ്പർദ്ധ വളർത്തുന്നതോ, വ്യക്‌തിപരമായി അധിക്ഷേപിക്കുന്നതോ ആയ തരത്തിലുള്ള വാർത്തകൾ പ്രചരിപ്പിക്കാതിരിക്കുക.

ഇ മെയിൽ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കാം

ചെയ്യാവുന്നത്

* നിങ്ങൾ അറിയുന്ന വ്യക്‌തികളോ/ സംഘടനകളോ/ സ്‌ഥാപനങ്ങളോ അയയ്ക്കുന്ന ഇ– മെയിലുകൾ മാത്രം തുറന്നു വായിക്കുക. ഇ– മെയിൽ അറ്റാച്ചുമെന്റുകൾ സ്കാൻ ചെയ്തതിനുശേഷം തുറക്കാൻ ശ്രമിക്കുക. ഒരു പക്ഷേ അതിൽ വൈറസ് ഉണ്ടായേക്കാം.

* നിങ്ങൾക്ക് പരിചിതമല്ലാത്ത സ്രോതസിൽ നിന്നുള്ള ഇ–മെയിൽ തുറക്കണം എന്നുണ്ടെങ്കിൽ, ഇ– മെയിലിൽ ഫോൺ നമ്പരോ മേൽവിലാസമോ ലഭ്യമാണെങ്കിൽ അതു പരിശോധിച്ചു ഉറപ്പുവരുത്തിയ ശേഷം മാത്രം ഇ–മെയിൽ തുറക്കുക. കഴിയുമെങ്കിൽ ഇ– മെയിൽ ഫിൽറ്ററിംഗ് സോഫ്റ്റ് വെയർ ഉപയോഗിക്കാവുന്നതാണ്.

* സംശയം തോന്നുന്ന മെയിലുകൾ ഡിലീറ്റ് ചെയ്യുക.

* നിങ്ങളുടെ ഇ– മെയിൽ വിലാസം പരിചയമുള്ളവർക്ക് മാത്രം നൽകുക. സുരക്ഷിതത്വത്തിനായി നിങ്ങളുടെ ഇ–മെയിൽ പാസ് വേർഡുകൾ ഇടയ്ക്കിടെ മാറ്റുക. ഒന്നിൽ കൂടുതൽ ഇ–മെയിൽ അക്കൗണ്ടുകൾ ഉണ്ടെങ്കിൽ വ്യത്യസ്തമായ പാസ്വേർഡുകൾ ഉപയോഗിക്കുക.

* വൈറസുകൾ, ഹാക്കർമാർ, അനാവശ്യ മെയിലുകൾ തുടങ്ങിയവയിൽ നിന്നും സംരക്ഷണം ലഭിക്കുന്നതിനു കംപ്യൂട്ടറിൽ ഫയർവാൾ, ആന്റിസ്പം, ആന്റി വൈറസ് തുടങ്ങിയവ ഉപയോഗിക്കുകയും അവ ഇടയ്ക്കിടെ അപ്ഡേറ്റ് ചെയ്യുകയും വേണം.

* ആധുനിക യുഗത്തിൽ ഇ– മെയിലുകൾ വ്യാപകമായതിനാൽ കഴിയുമെങ്കിൽ ഡിജിറ്റൽ സിഗ്നൈച്ചർ ഉപയോഗിക്കുവാന്നതാണ്.

ചെയ്യരുതാത്തത് :

* പരിചയമില്ലാത്ത സ്രോതസുകളിൽ നിന്നുള്ള ഇ – മെയിൽ അറ്റാച്ച്മെന്റുകൾ തുറക്കരുത്.

* അറ്റാച്ചുമെന്റുകൾ സംബന്ധിച്ചുള്ള വിവരണത്തോടുകൂടി വരുന്നതും എന്നാൽ ഒരു അറ്റാച്ചുമെന്റുകളോ ഇല്ലാതെ ഇരിക്കുന്നതുമായ ഇ– മെയിലുകൾ തുറക്കരുത്. അവ നിങ്ങളുടെ കംപ്യൂട്ടർ പ്രോഗ്രാമുകൾ തകരാറിലാക്കാവുന്ന വൈറസുകൾ ആകാം. നിങ്ങളുടെ ബാങ്ക് അക്കൗണ്ടുകൾ വ്യക്‌തികത വിവരങ്ങൾ എന്നിവ മറ്റുള്ളവർക്ക് കൈക്കലാക്കാൻ ചിലപ്പോൾ ഇത് വഴിവച്ചേയ്ക്കാം. അത്തരം മെയിലുകൾക്ക് മറുപടി നൽകേണ്ടതില്ല.

* നിങ്ങൾക്ക് പരിചയമുള്ള വ്യക്‌തികളിൽ നിന്നും മെസേജ് വരുമ്പോൾ അതിലെ തലക്കെട്ട് സംശയം ഉണർത്തുന്നതാണെങ്കിൽ മെസേജ് തുറക്കാതെ ആ മെസേജ് അയച്ച വ്യക്‌തിയെ ബന്ധപ്പെട്ടു പരിശോധിക്കുക.

* ഒരു വ്യക്‌തിയിൽ നിന്നും വരുന്ന ഡ്യൂപ്ലിക്കേറ്റ് ഇ– മെയിലുകൾ സ്വീകരിക്കരുത്. ഒന്ന് ടെക്സറ്റോടുകൂടിയതും മറ്റേത് ടെക്കസ്റ്റ് ഒന്നുമില്ലാത്തതുമായിരിക്കും.

* .exe, .bat, .reg, .scr,.dll, .pif തുടങ്ങിയ എക്സറ്റൻഷനോടുകൂടിയ ഇ– മെയിൽ അറ്റാച്ചുമെന്റുകൾ തുറക്കരുത്.

* നിങ്ങളുടെയോ മറ്റുള്ളവരുടെയോ ഇ – മെയിൽ അഡ്രസ് – ഫേസ് ബുക്ക് ട്വിറ്റർ തുടങ്ങിയവയിലോ അല്ലാതെയോ ഓൺ ലൈനായി നൽകരുത്.

* സന്ദേശങ്ങൾ കൈമാറുന്ന വേളയിൽ എൻക്രിപ്റ്റഡ് ആയിട്ടുള്ള വിവരങ്ങൾ പോലും ശേഖരിക്കുന്നത് സുരക്ഷിതമല്ലാതെയാണെങ്കിൽ നിങ്ങളുടെ കംപ്യൂട്ടർ സിസ്റ്റത്തിലെ സുരക്ഷകൾ ഭേദിച്ച് നിങ്ങളുടെ വ്യക്‌തിഗത വിവരങ്ങൾ കവർന്നെടുക്കാൻ ഒരു സൈബർ കുറ്റവാളിക്ക് സാധിക്കുമെന്ന കാര്യം പ്രത്യേകം ഓർക്കുക. അതിനാൽ എൻക്രിപ്റ്റഡ് വിവരം പോലും സുരക്ഷിതമായി മാത്രം സൂക്ഷിക്കുക.

* സെൻസിറ്റീവ് ആയ സന്ദേശങ്ങൾ എൻക്രിപറ്റ് ചെയ്തുമാത്രം അയയ്ക്കുക.

* ഇ– മെയിൽ സന്ദേശങ്ങൾ ഓൺലൈനായി വായിക്കുക. കഴിയുമെങ്കിൽ ട്ക്സ്റ്റ്െ ഫോർമാറ്റിൽ മാത്രം വായിക്കുക.

* ഇ –മെയിൽ അറ്റാച്ചുമെന്റുകളിൽ കാണുന്ന ലിങ്കിൽ യാതൊരു കാരണവശാലും ക്ലിക്ക് ചെയ്യരുത്. അത് നിങ്ങളെ ഒരു വ്യാജ വെബ് സൈറ്റിലേക്കോ അശ്ലീല സൈറ്റുകളിലേക്കോ കൊണ്ട് പോയേക്കാം. ലിങ്കിനുള്ളിൽ ഒരു വ്യാജ ലിങ്ക് ഒളിച്ചിരിപ്പുണ്ടാകും. അതുകൊണ്ടു അത്തരം ലിങ്കുകൾ കോപ്പി ചെയ്തു അഡ്രസ് ബാറിൽ പോസ്റ്റ് ചെയ്തു ആ സൈറ്റിലേക്കു പോകുകയോ അല്ലെങ്കിൽ ടി ലിങ്ക് ടൈപ്പ് ചെയ്തു പോകുകയോ ചെയ്യാവുന്നതാണ്.

* സ്പാം മെയിലുകളിൽ കാണുന്ന വാഗ്ദാനങ്ങളിൽ മയങ്ങി അതിനു പുറമെ പോകരുത്. ചാരിറ്റി ഡോണെഷൻ പോലെയുള്ള വാഗ്ദാനങ്ങളിൽ ഇടപെടരുത്. അതൊക്കെ നിങ്ങളുടെ ഇ– മെയിൽ വിലാസം തട്ടിയെടുക്കാനുള്ള ശ്രമങ്ങളായിരിക്കും.