കേക്കിനുമുണ്ടൊരു ബൊട്ടീക്ക് ഇൻക്രെഡിബിൾ ആർട്ട്
കേക്കിനുമുണ്ടൊരു ബൊട്ടീക്ക് ഇൻക്രെഡിബിൾ ആർട്ട്
Tuesday, November 1, 2016 6:28 AM IST
പഠനം കാലം മുതൽ ബേക്കിംഗിനോടുള്ള പ്രണയം

പഠിക്കുന്ന കാലത്തൊക്കെ ആഗ്രഹങ്ങൾ പലതരത്തിലായിരിക്കും. പക്ഷേ, വളർന്നു വരുമ്പോൾ ആ ആഗ്രഹങ്ങളൊക്കെ വിട്ട് ഏതെങ്കിലും മൾട്ടി നാഷണൽ കമ്പനിയിലോ മറ്റോ ഒരു ജോലി വാങ്ങി ജീവിതം സുരക്ഷിതമാക്കാനായിരിക്കും എല്ലാവരുടേയും ശ്രമം.

പക്ഷേ റുമാന ജസീലിന്റെ ജീവിതം നേരെ മറിച്ചാണ്. സ്കൂളിൽ പഠിക്കുന്ന കാലം തൊട്ടെ ബേക്കിംഗ് എന്നത് പാഷനായി കൊണ്ടു നടന്നു.

ഭക്ഷണവുമായി ബന്ധപ്പെട്ട മേഖലയോടായിരുന്നു താൽപര്യം എന്നതിനാൽ പഠിച്ച് നല്ലൊരു ന്യൂട്രീഷനായി. ഇതും പിന്നീട് സ്വന്തമായൊരു ബിസിനസിലേക്ക് ഇറങ്ങിത്തിരിച്ചപ്പോൾ റുമാനക്ക് കൂട്ടായി വന്നു. കാരണം ആരോഗ്യകരമായ ഭക്ഷണം എങ്ങനെ തയാറാക്കണമെന്നതിനെക്കുറിച്ച് കൂടുതൽ അറിവു നേടാൻ റുമാനിയക്ക് ഈ പഠനം സഹായകമായി.

2008–ൽ സ്വയം പഠിച്ചാണ് ഹോം ബേക്കർ ബിസിനസ് ആരംഭിക്കുന്നത്. 2011 ആയപ്പോഴേക്കും www.facebook.com/incredibleart എന്ന പേരിൽ ഒരു ഫേസ്ബുക്ക് പേജും തുടങ്ങി.

2008–ൽ എം.ജി റോഡിലുള്ള വീട്ടിൽ തുടങ്ങിയ ബിസിനസ് ഇന്ന് കലൂർ കതൃക്കടവ് റോഡിലെ വിഎക്സ് ആർക്കേഡിലാണ് പ്രവർത്തിക്കുന്നത്. നിലവിൽ ഇൻക്രെഡിബിൾ ആർട്ടിന്റെ മാനേജിംഗ് പാർട്ണറാണ് റുമാന. അമ്മ സീനത്താണ് ബിസിനസിലെ റുമാനയുടെ പങ്കാളി.

ഒരു കുടക്കീഴിലെ മൂന്നു സംഗമം

ഇൻക്രെഡിബിൾ ആർട്ടെന്നത് മൂന്നു പ്രവർത്തനങ്ങളുടെ കൂടിച്ചേരലാണ്. കൊതിയുണർത്തുന്ന പേസ്ട്രീകളുടെ ലോകമാണ്, മനോഹരമായ കേക്കുകളുടെ ബൊട്ടീക്കാണ്, അതുകൂടാതെ ബേക്കിംഗിന്റെയും ക്രിയേറ്റിവിറ്റിയുടെയും ലോകത്തേക്കു നയിക്കുന്ന അക്കാദമിയാണ്: റുമാന പറയുന്നു.
യൂറോപ്യൻ പേസ്ട്രീ ആർട്ടിൽ നിന്നും പ്രചോദനമുൾക്കൊണ്ട് നിർമ്മിക്കുന്ന തങ്ങളുടെ പേസ്ട്രീകൾ തികച്ചും പ്രൊഫഷണലിസത്തോടു കൂടിയും മോഡേൺ ആർട്ട് ഉപയോഗിച്ചുമാണ് നിർമ്മിക്കുന്നതെന്ന് ഒറ്റ നോട്ടത്തിൽതന്നെ ഉപഭോക്‌താവിന് മനസിലാകും എന്ന് റുമാന ഉറപ്പു നൽകുന്നു.

വിവാഹം, മാമ്മോദീസ, ജന്മദിനം, വിവാഹവാർഷികം എന്നിങ്ങനെ ആഘോഷ വേളകൾക്കു മധുരം പകരാനുള്ള മനോഹരമായ കേക്കുകളുടെ ബൊട്ടീക്കാണ് റുമാനയുടെ രണ്ടാമത്തെ ലോകം. ആവശ്യക്കാരെ കാത്ത് ക്രിയേറ്റിവിറ്റിയുടെ വലിയൊരു ലോകമാണ് കാത്തിരിക്കുന്നതെന്നും അത്ഭുതകരമായ ഡിസൈനുകൾ കൊണ്ട് ഓരോ ഉപഭോക്‌താവിനെയും കുടുതൽ സന്തോഷിപ്പിക്കാനും തനിക്കു കഴിയുന്നുണ്ടെന്നും റുമാനപറയുന്നു.



എപ്പോഴും ഉപഭോക്‌താവിന്റെ ആവശ്യം ഉൾക്കൊണ്ടു മാത്രമേ ഡിസൈൻ ചെയ്യാറുള്ളു. കാരണം ഉപഭോക്‌താവിന്റെ സംതൃപ്തിക്കും സന്തോഷത്തിനുമാണ് പ്രാധാന്യമെന്ന് റുമാന പറയുന്നു.
ബേക്കിംഗ്, ഡിസൈനിംഗ് എന്നിവ പഠിപ്പിക്കാനായി ആരംഭിച്ച അക്കാദമിയാണ് റുമാനയുടെ മറ്റൊരു ലോകം. മുപ്പതു പേർക്ക് ഒരേ സമയം പങ്കെടുക്കാനുള്ള വിധത്തിലാണ് ക്ലാസ് മുറികൾ സജ്‌ജീകരിച്ചിട്ടുള്ളത്. കളിനറി തീയറ്ററോടു കൂടിയതാണ് അക്കാദമി. ഓരോരുത്തർക്കും വ്യക്‌തിപരമായ പരിഗണന നൽകിയാണ് ഓരോ ക്ലാസും സംഘടിപ്പിക്കുന്നത്. ബേക്കിംഗ്, പലഹാരനിർമ്മാണം എന്നിവയിൽ അതീവ താൽപര്യമുള്ളവരെയെല്ലാം അവരുടെ കഴിവുകളെ ഏറ്റവും മികച്ച രീതിയിലേക്ക് എത്തിക്കാൻ തന്റെ അക്കാദമികൊണ്ട് കഴിയുന്നു എന്ന് അതീവ സന്തോഷത്തോടെയാണ് റുമാന പറയുന്നത്. അതിനായി ദേശീയ തലത്തിലെയും അന്തർദേശീയ തലത്തിലെയും ഷെഫുമാരെ കൊണ്ടു വന്ന് ക്ലാസുകൾ സംഘടിപ്പിക്കാറുമുണ്ട്.


ബേക്കിംഗ്,ഡിസൈനിംഗ് മേഖലയിലെ പ്രൊഫഷണൽ പഠനത്തിന് ലോകത്തിലെ പ്രശസ്തമായ യൂണിവേഴ്സിറ്റികളുടെ അക്രെഡിറ്റേഷൻ സംഘടിപ്പിക്കുക എന്നതാണ് പ്രധാന ലക്ഷ്യമെന്നു റുമാന പറഞ്ഞു. നിലവിൽ ലണ്ടനിലെ പ്രസിദ്ധമായ സിറ്റി ആൻഡ് ഗിൽഡ് എന്ന പേസ്ട്രീ നിർമ്മാണത്തിൽ ഡിപ്ലോമ നൽകുന്ന സ്‌ഥാപനത്തിന്റെ കേരളത്തിലെ അംഗീകൃത കേന്ദ്രമാണ് ഇൻക്രെഡിബിൾ ആർട്ട്. മികച്ച ഡിസൈനർമാരാകാനായി 580 മണിക്കൂർ നീളുന്ന പരിശീലനമാണ് സിറ്റി ആൻഡ് ഗിൽഡ് വിദ്യാർത്ഥികൾക്കായി നൽകുന്നത്.

അംഗീകാരങ്ങൾ

പേസ്ട്രീകൾ നിർമ്മിക്കുക, ചേക്ലേറ്റ് ഉണ്ടാക്കുക തുടങ്ങിയ പ്രവർത്തനങ്ങളെ താൻ അതിയായി സ്നേഹിക്കുന്നു എന്നാണ് റുമാന പറയുന്നത്. ഫ്രഞ്ച് പേസ്ട്രീയും മോഡേൺ പേസ്ട്രീ ആർട്ടും മനോഹരമായി റുമാന ചെയ്യും.

ബേക്കിംഗിലും പേസ്ട്രീ മുതലായവയുടെ നിർമ്മാണത്തിലും എട്ടു വർഷമായും അധ്യാപനത്തിൽ ഏഴു വർഷമായും തന്റെ പ്രവർത്തന പരിചയം റുമാന തെളിയിച്ചു കഴിഞ്ഞു. ഇതിനോടകം നിരവധി ദേശിയ അന്തർദേശിയ മാസികകളിലും അന്താരാഷ്ര്‌ടതലത്തിൽ അലങ്കാര കേക്കുകളെക്കുറിച്ച് പ്രതിപാദിക്കുന്ന അമേരിക്കൻ കേക്ക് ഡെക്കറേറ്റിംഗ് എന്ന മാസികയിൽ കവർ പേജായും റുമാനയുടെ കേക്കുകൾ വന്നിട്ടുണ്ട്.

ദേശീയ അന്തർ ദേശീയ തലത്തിലുള്ള കേക്ക് ഡെക്കറേഷൻ ഫോറത്തിൽ സജീവ പങ്കാളിയാണ് റുമാന. കേക്ക് മാസ്റ്റേഴ്സ് മാഗസിൻ നൽകുന്ന കേക്ക് ഓസ്കർ അവാർഡിൽ 2015– ൽ വെഡിംഗ് കേക്കുകളുടെ ഗണത്തിൽ ഫൈനലിസ്റ്റായിരുന്നു. 2015–ൽ ബെർഹിംഗ്ഹാമിൽ വെച്ചു നടന്ന കേക്ക് മാസ്റ്റർ അവാർഡിൽ വെഡിംഗ് കേക്കുകളുടെ ഗണത്തിൽ തന്നെ ഫൈനലിസ്റ്റാകാനും റുമാനക്കു കഴിഞ്ഞു.

ലോകത്തിലെ മികച്ച പേസ്ട്രീഷെഫുമാരുടെ കീഴിൽ പരിശീലനവും റുമാന പൂർത്തിയാക്കിയിട്ടുണ്ട്. എംജി റോഡിൽ അറ്റ്ലാന്റിക് ജംഗ്ഷനിലാണ് റുമാനയുടെ താമസം. ഇന്ത്യൻ ഓയിൽ കോർപറേഷനിലെ ജീവനക്കാരനായ ഭർത്താവ് ജസീൽ മക്കളായ പത്താം ക്ലാസുകാരൻ ജസീം, ഏഴാക്ലാസുകാരിയായ ജിയ, പ്ലേ സ്കൂൾ വിദ്യാർത്ഥിനി ഐറ എന്നിവരുണ്ട് റുമാനക്ക് പിന്തുണയുമായി.