പ്രതിരോധം കൂട്ടാം, വിഷം കുറയ്ക്കാം
പ്രതിരോധം കൂട്ടാം, വിഷം കുറയ്ക്കാം
Friday, October 28, 2016 3:42 AM IST
മാരകമായ രാസകീടനാശിനികൾ തളിച്ച പച്ചക്കറികളാണ് നമുക്കിന്ന് കടകളിൽ നിന്നു കിട്ടുന്നതിലധികവും. പ്രഷർ, പ്രമേഹം, കൊളസ്ട്രോൾ, കാൻസർ തുടങ്ങി ജീവിതശൈലി രോഗങ്ങൾ കൊണ്ട് കേരളജനത ദുരിതമനുഭവിക്കുകയാണ്. വളക്കുറില്ലാത്തതും ഉള്ളതുമായ മണ്ണിൽ എല്ലായിനം പച്ചക്കറികളും നന്നായി കൃഷി ചെയ്തിരുന്നവരാണ് നാം. ചാണകപ്പൊടിയും ആട്ടിൻകാഷ്ടവും കോഴിക്കാഷ്ടവും വെണ്ണീറും കുളത്തിലെ പായലുമൊക്കെ വളമായുപയോഗിക്കുന്നു. മുൻജന്മപാപം പോലെ മുമ്പുചെയ്തിരുന്ന രാസവളകൃഷിയുടെ ബാക്കി പത്രമായി നമുക്ക് ലഭിച്ചതും സൂക്ഷ്മ മൂലകങ്ങളുടെ ശോഷണമാണ്. കാത്സ്യവും മഗ്നീഷ്യവും ബോറോണും നമ്മുടെ മണ്ണിൽ പൊതുവേ കുറവാണ്. കാത്സ്യത്തിന്റെ അഭാവത്തിൽ മണ്ണിലെ പുളി കൂടി ചെടികളുടെ പ്രതിരോധശക്‌തി നശിച്ചു. എത്ര കീടനാശിനി തളിച്ചാലും കീടങ്ങൾ പൂർണമായി നശിക്കുന്നില്ല. സ്വാഭാവികമായുള്ള പ്രതിരോധശക്‌തി ലഭിക്കാൻ കാത്സ്യം ധാരാളമായി മണ്ണിൽ വേണം. കാത്സ്യം കാർബണേറ്റ് എന്ന കുമ്മായം ചേർത്താൽ മണ്ണിര അസിഡിറ്റി (പുളി) കുറയും. ചെടികളുടെ പ്രതിരോധശക്‌തി കൂടും. പ്രതിരോധശക്‌തി വർധിച്ചാൽ കീടശല്യമുണ്ടാവില്ല. വിഷം തളിക്കേണ്ടിവരുന്നില്ല. ചെടിക്കാവശ്യമായ കാത്സ്യം ലഭിച്ചാൽ, കായ്കനികൾ കഴിക്കുന്ന നമുക്കും ആവശ്യമായ കാത്സ്യം കിട്ടും. വില കൂടുതൽ കാരണം പലരും കുമ്മായമിടാറില്ല. മണ്ണിലെ പുളിരസം കൂടിയാൽ ഉള്ള സൂക്ഷ്മമൂലകങ്ങൾ പോലും ചെടിക്ക് വലിച്ചെടുക്കാൻ പറ്റാതാകും. നെല്ലിനും തെങ്ങിനും വാഴക്കും ഇതേപ്രശ്നം തന്നെയാണുള്ളത്.

മണ്ണിലുണ്ടെങ്കിൽ മരത്തിലുണ്ട്, മരത്തിലുണ്ടെങ്കിൽ മനുഷ്യരിലുണ്ട്. എന്താണ്? സൂക്ഷ്മ മൂലകങ്ങൾ തന്നെ. അതിലേറ്റവും പ്രധാനം മഗ്നീഷ്യം. എല്ലാ വിളകൾക്കും ആവശ്യമായ ഒരു സൂക്ഷ്മ മൂലകമാണ് മഗ്നീഷ്യം. മഗ്നീഷ്യം മണ്ണിലില്ലാതായിട്ട് നാളേറെയായി. ആരും ചെടികൾക്ക് മഗ്നീഷ്യമിടുന്നില്ല. മനുഷ്യരിൽ മഗ്നീഷ്യമില്ലാത്തത് മുട്ടുവേദന, കൈകാൽ മരവിപ്പ് കുഴഞ്ഞുവീണു മരിക്കുക തുടങ്ങിയ പ്രശ്നങ്ങൾക്കുള്ള പ്രധാന കാരണങ്ങളിൽ ഒന്നാണ്. എല്ലാ ചെടികൾക്കും മഗ്നീഷ്യംസൾഫേറ്റ് ഇടുക എന്നതാണ് പരിഹാരം. തെങ്ങൊന്നിന് 500 ഗ്രാം മഗ്നീഷ്യംസൾഫേറ്റ് രണ്ടുപ്രാവശ്യമായി 250 ഗ്രാം വീതം തടത്തിലിടണം. വാഴക്ക് 50 ഗ്രാം മതിയാകും. പച്ചക്കറികൾക്ക് ഒരു തടത്തിൽ അഞ്ചുഗ്രാം (ഒരുടേബിൾസ്പൂൺ) ഇടണം. പച്ചക്കറികൾക്ക് ഒരു പ്രാവശ്യം ഇട്ടാൽ മതി. മഗ്നീഷ്യം കുറഞ്ഞാൽ ഇലകൾക്ക് പച്ചനിറം കുറയും. മഞ്ഞളിപ്പു വരും. പൂവും കായും കുറയും. മഗ്നീഷ്യമിട്ടാൽ ഇലകൾക്ക് കടുംപച്ചനിറമാകും. ഇലകളിൽ പ്രകാശസംശ്ലേഷണം നടക്കുന്നത് മഗ്നീഷ്യത്തിന്റെ സാന്നിധ്യത്തിലാണ്.



ബോറോൺ എന്ന സൂക്ഷ്മ മൂലകം നമ്മുടെ മണ്ണിൽക്കുറവാണ്. തെങ്ങിന്റെ മച്ചിങ്ങകൊഴിയുക, വിളവെത്തും മുമ്പ് വിണ്ടുകീറി തേങ്ങ കൊഴിയുക ഇതെല്ലാം ബോറോണിന്റെ കുറവുമൂലമാണ്. അടയ്ക്ക വിണ്ടുകീറുക, ജാതിക്ക മൂപ്പെത്തും മുമ്പ് വിണ്ടുകീറി കൊഴിയുക ഇതെല്ലാം ബോറോ ണിന്റെ അഭാവം മൂലമാണ്. ബോനക്സ് തടത്തിലിട്ടുകൊടുത്താൽ കുഴപ്പംമാറും. ബോറോണിന്റെ അഭാവം വാഴയിൽ വളരെ രൂക്ഷമാണ്. കൂമ്പ് ഒടിയുക, കുമ്പു വിളറിവരുക, വിരിയാൻ മടിച്ച് ചുരുളായിരിക്കുക, ഓലവരാതിരിക്കുക തുടങ്ങിയവയാണ് ലക്ഷണങ്ങൾ. വാഴയൊന്നിന് പത്തുഗ്രാം ബോറാക്സ് തടത്തിവിട്ടുകൊടുത്താൽമതി.

തെങ്ങിന് ഇടവിളയായി വാഴ നടുന്നതും പരമ്പരാഗതരീതിയാണ്. നേന്ത്രനും ഞാലിപ്പൂവനും മറ്റും നന്നായി വളർന്ന് നല്ലകുലകിട്ടാൻ ജൈവവളം ചേർക്കണം. ജൈവവളങ്ങളുടെ പ്രത്യേകിച്ച് പിണ്ണാക്കുകളുടെ വില കുതിച്ചുയർന്നു. പിണ്ടിപ്പുഴുശല്യം വാഴകൃഷിയെ തകിടം മറിച്ചു. നേന്ത്രനേയും പാളേങ്കോടനേയും കൂടുതലായി പിണ്ടിപ്പുഴു ആക്രമിക്കുന്നെന്നു മനസിലാക്കിയ കൃഷിക്കാർ തരതമ്യേനപുഴു ശല്യം കുറഞ്ഞ ഞാലിപ്പൂവനിലേക്ക് ചുവടുമാറി. മറ്റുവാഴകൾ ലഭ്യമല്ലാതായപ്പോൾ പിണ്ടിപ്പുഴു ഞാലിപ്പുവനേയും ആക്രമിച്ചുതുടങ്ങി. ഏത്തക്കായ്ക്ക് വിലയും കൂടി.


നട്ട് നാലുമാസം കഴിയുമ്പോൾ വാഴയിൽ പിണ്ടിപ്പുഴുവിന്റെ ചെല്ലിവന്ന് ചെറിയ ദ്വാരമുണ്ടാക്കി അതിൽ കുറെ മുട്ടകളിടും. മുട്ടകൾ വിരിഞ്ഞ് പുഴുക്കൾ ഉണ്ടാകുന്നു. ഇവ പിണ്ടിതിന്ന് ഉള്ളിലേക്ക് കടന്ന് മദ്യഭാഗവും തിന്നു കയറുമ്പോൾ വാഴ ഒടിഞ്ഞു വീഴുന്നു. ചെല്ലി വരാതിരിക്കാൻ നാലു മാസം കഴിഞ്ഞ വാഴയുടെ കവിളിൽ ബാർസോ പ്പിന്റെ ചെറുകഷ്ണം വയ്ക്കുക. ഒരുവാഴയ്ക്ക് രണ്ടു കഷണം വേണം. ഇരുവശത്തുമായി രണ്ടു കവിളുകളിൽ ഇടുക. മഴയില്ലെങ്കിൽ അല്പം വെള്ളമൊഴിച്ചുകൊടുക്കണം. ഇതും ഒരിക്കൽ ചെയ്താൽ പോര. ഒരു മാസം ഇടവിട്ട് മൂന്നു പ്രാവശ്യം ചെയ്യണം.

നാളികേര വികസന ബോർഡ് നീര ചെത്തുതുടങ്ങിയെങ്കിലും ചെത്തുകാർ കുറവായതിനാൽ കൂടുതൽ തെങ്ങുചെത്താൻ പറ്റുന്നില്ല. ദേഹമനങ്ങിയുള്ള പണികളെല്ലാം ബംഗാളിയെ ഏല്പിച്ചതുപോലെ തെങ്ങു ചെത്താനും അവരെ പഠിപ്പിക്കേണ്ടിയിരിക്കുന്നു.

കർഷകരുടെ കഞ്ഞിയിൽ മണ്ണുവാരിയിട്ടതുപോലെയായി തേങ്ങയുടെ വിലയിടിവ്. എട്ടോ പത്തോ തേങ്ങയാണ് ഒരു തെങ്ങിൽ നിന്നും ഒരിടീലിന് കിട്ടുന്നത്. അതുവിറ്റാൽ കയറ്റക്കാരനു കൂലികൊടുക്കാൻ തികയില്ല. താഴെവീഴുന്ന തേങ്ങാമാത്രം എടുക്കുന്ന എന്ന രീതിയിലേക്ക് കർഷകർ മാറിത്തുടങ്ങി. തേങ്ങവിളഞ്ഞത് ഉണങ്ങിതെങ്ങിൽ നിന്നാൽ കായ്പിടുത്തം കുറയുമെന്നുള്ളതും ശാസ്ത്രീയതത്ത്വം.

തെങ്ങിൽ കറുത്തവണ്ടും ചെമ്പൻ ചെല്ലിയും രൂക്ഷം. ചാണകത്തിലായിരുന്നു കറുത്ത വണ്ട് മുട്ടയിടുന്നത്. ഇത് പുഴുവായും വണ്ടായും വളർന്ന് തെങ്ങിന്റെ മണ്ടയിൽ കൊമ്പുകൊണ്ട് ദ്വാരമുണ്ടാക്കിആക്രമിക്കുന്നു. കൂമ്പുവിരിഞ്ഞ് പച്ചഓലയാകുമ്പോൾ കത്രികയ്ക്ക് മുറിച്ചപോലെകാണാം. ചാണകം കുറഞ്ഞപ്പോൾ ഈ വണ്ടുകൾ മുട്ടയിടുന്നത് നാം വലിച്ചെറിയുന്ന ഭക്ഷ്യാവശിഷ്ടങ്ങളുടെ കൂനയിലാണ്. ഭക്ഷ്യാവശിഷ്ടങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കാതെ വലിച്ചെറിയുന്നതും വണ്ടുകൾ പെരുകാൻ കാരണമാകുന്നു. ഇവ തെങ്ങിന്റെ ഓല മുറിക്കുന്നത് വലിയ ദോഷമല്ലെങ്കിലും ഈ കറുത്തവണ്ടുകളുണ്ടാക്കിയ മുറിവുകളിലൂടെയാണ് ചെമ്പൻ ചെല്ലി തെങ്ങിന്റെ മണ്ടയിൽ ആക്രമിക്കുന്നത്. മണ്ടമറിയുന്ന തെങ്ങുനശിക്കുന്നു. കറുത്ത വണ്ടും ചെമ്പൻ ചെല്ലിയും വരാതിരിക്കാനായി വേപ്പിൻപിണ്ണാക്കും കല്ലുപ്പും 250 ഗ്രാം വീതം ഇടങ്ങഴി മണലിൽ ചേർത്തു ഇളം കവിളുകളിൽ ഏപ്രിൽ മേയ് മാസങ്ങളിലിട്ടാൽ മതി. കയറ്റക്കാരല്ലാതെ ഇത് സാധിക്കില്ല.

വിളകൾക്ക് ചുവട്ടിൽ പുതയിടുന്നത് വിളവുകൂട്ടാനുപകരിക്കും. കുളങ്ങളിലെയും തോടുകളിലെയും പായൽ പുതയായി ഇട്ടാൽ മതി. ജലാശയങ്ങൾ വൃത്തിയാവും. മുറ്റത്തും പറമ്പിലും വീഴുന്ന കരിയില ചുട്ടുകളയാതെ ചാക്കിൽ ശേഖരിച്ചുവച്ചാൽ വിളവിറക്കുമ്പോൾ പുതയിടാം. വേലിക്കുനാട്ടാനുപയോഗിക്കുന്ന ശീമക്കൊന്ന വെട്ടി പുതയിടാൻ പലർക്കുമറിയില്ല. ശീമക്കൊന്ന വേലികെട്ടാൻ മാത്രമായുള്ളതണെന്നാണ് മിക്കവരുടെയും മനസിലിരിപ്പ്. മണ്ണ്വളക്കുറുള്ള താക്കാൻ ശീമയിൽനിന്നു കൊണ്ടുവന്നതാണ് ശീമക്കൊന്ന.

തെങ്ങുകയറ്റം പരിശീലിപ്പിക്കാൻ ചങ്ങാതിക്കൂട്ടം എന്ന പേരിൽ നാളികേര വികസന ബോർഡ് നടപ്പിലാക്കിയിരുന്ന പദ്ധതി കർഷകർക്ക് ഗുണകരമായിരുന്നു. പക്ഷെ അവസാനിപ്പിച്ച മട്ടാണ്. കൃഷിവകുപ്പ് തെങ്ങുകയറ്റപരിശീലന പദ്ധതി ഏറ്റെടുക്കണം. നീര ചെത്താനുള്ള പരിശീലനം ഊർജ്‌ജിതമാക്കിയാൽ നീരയുത്പാദനം വർധിപ്പിച്ച് വരുമാനം കൂട്ടാം.

വിളകൾക്കെല്ലാം കുമ്മായവും സൂക്ഷ്മ മൂലകങ്ങളും പ്രയോഗിച്ചാൽ വിളകളുടെ ആരോഗ്യവും പ്രതിരോധശക്‌തിയും ഉറപ്പാക്കാം. ഒപ്പം നമ്മുടെ ആരോഗ്യഭക്ഷ്യസുരക്ഷയും. കൂടുതൽ വിവരങ്ങൾക്ക്: 9447650369.

പി. ജെ. ജോസഫ്
റിട്ട. അസി. ഡയറക്ടർ, കൃഷിവകുപ്പ്