വീട്ടിലെ രുചി ആവശ്യക്കാരേറെ
വീട്ടിലെ രുചി ആവശ്യക്കാരേറെ
Friday, October 28, 2016 3:41 AM IST
ഹോംലി ഫുഡ് എന്ന് എവിടെ എഴുതിയിരിക്കുന്നുവോ അവിടെയെല്ലാം നീണ്ട ക്യൂ കാണാം. വിപണി സാധ്യത ഏറെയുള്ള മേഖലയാണ് ഭക്ഷണം. രുചികരമായ ഭക്ഷണം എവിടെ കിട്ടുന്നുവോ അവിടേക്ക് ആളുകൾ ഒഴുകിയെത്തും. കലൂർ സ്വദേശികളായ സീന ബാബുവും സിനി ആന്റണിയും എല്ലാ ദിവസവും വൈകിട്ട് നാലു മണി മുതൽ 10.30 വരെ ഈ തിരിക്ക് അനുഭവിച്ചറിയുന്നവരാണ്.

പൊറോട്ട ലാൻഡ്

പൊറോട്ട ലാൻഡ് എന്ന പേരിൽ കലൂർ ജഡ്ജസ് അവന്യുവിൽ ഇവർ തുറന്നിരിക്കുന്ന കടയിൽ നിന്നാണ് ഈ തിരക്ക് അനുഭവിക്കുന്നത്. പൊറോട്ട, ചപ്പാത്തി, ഇടിയപ്പം, വെള്ളയപ്പം, പത്തിരി എന്നീ വിഭവങ്ങളാണ് ഇവർ വിളമ്പുന്നത്. കറികളിലും ഇവർ വ്യത്യസ്തത കൊണ്ടു വന്നിട്ടുണ്ട്. ലിവർ റോസ്റ്റ്, ബീഫ് ഫ്രൈ, പോട്ടി കറി എന്നിവയാണ് ഇവരുടെ പ്രധാന കറികൾ. ഇതു കൂടാതെ വെജിറ്റബിൾ കറിയും മുട്ടക്കറിയും ഉണ്ട്. ജോലി കഴിഞ്ഞ് ക്ഷീണിച്ചെത്തുന്നവർക്കും വീട്ടിലെ രുചിയോടെ ഭക്ഷണം കഴിക്കണമെന്നാഗ്രഹിക്കുന്നവർക്കും പൊറോട്ട ലാൻഡിലെത്തി ഭക്ഷണം വാങ്ങിച്ചു കൊണ്ടു പോകാം.



ഉപഭോക്‌താക്കളെത്തുന്നു സ്‌ഥിരമായി

തീർത്തും ഹോംലി ഫുഡ് തന്നെയാണിവർ വിളമ്പുന്നത്. അപ്പവും ഇടിയപ്പവും കറികളുമെല്ലാം ഉണ്ടാക്കുന്നത് ഇവരുടെ വീടിനു സമീപത്തുള്ള വീട്ടമ്മമാർ ചേർന്നാണ്. ചിറ്റൂരുള്ള മാസ്റ്റർ കുക്ക് പ്രോഡക്റ്റ്സിലെ റെഡി റ്റു കുക്ക് ചപ്പാത്തിയാണ് ഉപയോഗിക്കുന്നത്. പൊറോട്ട ഉണ്ടാക്കാൻ മാത്രം പുറത്തു നിന്നും ഒരാളെ വെച്ചിട്ടുണ്ട്. കറിയുണ്ടാക്കുന്നതിലാണ് തീർത്തും വീട്ടമ്മയുടെ കൈപുണ്യമെത്തുന്നത്. സീനയുടെയും സിനിയുടെയും അമ്മ ഫിലോമിന ജേക്കബാണ് കറികളെല്ലാം ഉണ്ടാക്കുന്നത്. കറിക്കാവശ്യമായ വസ്തുക്കളെല്ലാം എത്തിച്ചു കൊടുക്കുക മാത്രമാണ് ഇവരുടെ ജോലി. രുചികരമായ കറിയുണ്ടാക്കുന്ന കാര്യം അമ്മ ഏറ്റു എന്ന് ഇവർ ഏറെ സന്തോഷത്തോടെ പറയുന്നു.


രണ്ടു മാസമേ ആയിട്ടുള്ളു കട തുടങ്ങിയിട്ട് പക്ഷേ, സ്‌ഥിരമായി എത്തുന്ന ഉപഭോക്‌താക്കളും അവരോടൊപ്പം അവർ പറഞ്ഞും അറിഞ്ഞു കേട്ടെത്തുന്നവരുമായി നിരവധി ആൾക്കാർ ദിവസവും കടയിലെത്തുന്നു. ഒരു ദിവസം പോലും ഭക്ഷണം വിറ്റു തീരാതിരിക്കുന്നില്ല എന്നും ഇവർ പറയുന്നു.

മൈദ കൊണ്ടുള്ള പൊറോട്ടക്ക് ഒമ്പതു രൂപ, ഗോതമ്പ് 10 രൂപ, പത്തിരിക്കു നാലു രൂപ, മറ്റുള്ളവക്ക് അഞ്ചു രൂപ എന്നിങ്ങനെയാണ് വില. വെജിറ്റബിൾ കറിക്ക് 35 രൂപ, ബീഫ് റോസ്റ്റിന് 80, ലിവർ റോസ്റ്റിന് 70 രൂപ, പോട്ടി കറിക്ക് 60 രൂപ, മുട്ട കറിക്ക് 35 രൂപ എന്നിങ്ങനെയാണ് കറിയുടെ വില. 250 ഗ്രാമിന്റെ പ്ലാസ്റ്റിക് കണ്ടെയിനറുകളിലാണ് കറികൾ വിൽക്കുന്നത്. സീനയുടെ ഭർത്താവ് ബാബു അപ്ഹോൾസറ്ററി ജോലിക്കാരനാണ്. സിനിയുടെ ഭർത്താവ് ആന്റണി മാസ്റ്റർ കുക്ക് പ്രൊഡക്റ്റിസിൽ സൂപ്പർവൈസറാണ്. ജോലി കഴിഞ്ഞെത്തിയതിനുശേഷം സഹായിക്കാൻ ഇവരും ഒപ്പം ചേരും. കട കുറച്ചു കൂടി വലുതാക്കി ബിസിനസ് വളർത്തുവാനുള്ള ശ്രമത്തിലാണ് ഇവർ.