ദിലീപ് * 25
ദിലീപ് * 25
Friday, October 28, 2016 3:39 AM IST
മലയാള സിനിമാ ആസ്വാദനത്തിൽ ജനകീയമായൊരു പാതയിലൂടെ എന്നും സഞ്ചരിക്കുന്ന താരമാണ് ദിലീപ്. മലയാളികളുടെ മനസ് ഇത്രത്തോളം തൊട്ടറിഞ്ഞ മറ്റൊരു താരം മലയാളത്തിലുണ്ടോ എന്നതു തന്നെ സംശയമാണ്. കാരണം പ്രേക്ഷകനെ എന്നും സന്തോഷിപ്പിക്കുന്ന, രസിപ്പിക്കുന്ന, ആവേശം കൊള്ളിക്കുന്ന സിനിമകൾ അറിഞ്ഞു നൽകിയിരുന്നു ഈ താരം. ഈ ഓണക്കാലത്ത് ബോക്സോഫീസുകളെ ആവേശം കൊള്ളിച്ച് വെൽക്കം ടു സെൻട്രൽ ജയിൽ എത്തിയപ്പോൾ ആ വിജയ നേട്ടം വീണ്ടും അടി വരയിട്ട് ഉറപ്പിക്കുന്നു. ജനപ്രിയ നായകന്റെ ജനകീയ തേരോട്ടം...

സിനിമയിലേക്കുള്ള ഹരിശ്രീ

ദിലീപ് സിനിമാ ലോകത്തെത്തിയിട്ട് ഇരുപത്തിയഞ്ചു വർഷമായിരിക്കുന്നു. മറ്റൊരു പിന്തുണയുമില്ലാതെ ജന്മസിദ്ധമായ വൈഭവത്താലാണ് ഇന്നത്തെ താരപട്ടം ദിലീപ് നേടിയെടുത്തത്. കൈയൊതുക്കത്തോടെ ഹാസ്യം കൈകാര്യം ചെയ്യുന്നതിൽ ദിലീപിനുള്ള മികവു തന്നെയാണ് അതിനു ഒരു കാരണം. ഒപ്പം സർഗ വിസ്മയം തീർക്കുന്ന നാട്യ മികവും ചേരുമ്പോൾ ഒന്നരപ്പതിറ്റാണ്ടിലേറെയായി ദിലീപ് തന്റെ താരകിരീടം ശിരസിലേന്തിയിരക്കുന്നു. മിമിക്രിയും സ്റ്റേജ് പ്രോഗ്രാമുമായി നടക്കുന്നതിനിടയിൽ നിന്നും സംവിധായകൻ കമലിനൊപ്പം സംവിധാന സഹായിയായി കൂടിയതാണ് ദിലീപിന്റെ ജീവിതത്തിൽ വഴിത്തിരിവാകുന്നത്. അവിടെ നിന്നും പിന്നീടു ചെറിയ വേഷങ്ങളിൽ കാമറയ്ക്കു മുന്നിലെത്തി. അപ്പോഴേക്കും ഗോപാലകൃഷ്ണൻ ദിലീപായി മാറിയിരുന്നു. പിന്നീട് ചെറുതും വലുതുമായ വേഷങ്ങളിൽ സിനിമയിൽ സ്‌ഥിരം സാന്നിധ്യമായി മാറി. ലോഹിതദാസിന്റെ തിരക്കഥയിൽ സുന്ദർ ദാസ് സംവിധാനം ചെയ്ത സല്ലാപമായിരുന്നു ദിലീപിനു മലയാളത്തിൽ ഒരു മേൽവിലാസം ഒരുക്കിക്കൊടുത്തത്. അവിടെനിന്നും സ്വന്തമായി ഒരു സിനി വിജയിപ്പിക്കാൻ കഴിയുന്ന നായക നിരയിലേക്കു ദിലീപും വളരുകയായിരുന്നു. മമ്മൂട്ടിയും മാഹൻലാലും ജയറാമും സുരേഷ് ഗോപിയും അരങ്ങു വാണിരുന്ന സമയത്താണ് ദിലീപ് തന്റെ വിജയ പടികൾ കയറിത്തുടങ്ങുന്നത്. പിന്നീട് റാഫി മെക്കാർട്ടിനൊപ്പം പഞ്ചാബി ഹൗസിലൂടെ മെഗാ വിജയത്തിന്റെ തങ്കത്തിളക്കവും.

കാലം കൈക്കുമ്പിളിൽ

2000 മുതൽ ദിലീപിന്റെ നാളുകളായിരുന്നു. ഹാസ്യത്തിന്റെ മേമ്പൊടിയോടെ എത്തുന്നവയായിരുന്നു അതിൽ ഓരോ ചിത്രങ്ങളും. കൂടുതൽ ദിവസങ്ങളിൽ തിയറ്ററിൽ പ്രദർശനം തുടരുമ്പോഴും അവയോരോന്നും മികച്ച ബോക്സോഫീസ് കളക്ഷനും നേടി. ജനപ്രിയ നായകൻ എന്ന പട്ടം അപ്പോഴേക്കും പ്രേക്ഷകർ ദിലീപിനു സമ്മാനിച്ചിരുന്നു. സുഹൃത്തും സംവിധായകനുമായ ലാൽ ജോസുമായി ഒന്നിച്ച മീശ മാധവൻ ദിലീപിനെ താര പദവിയിലേക്കെടുത്തുയർത്തി. ഇടവേളകൾ സൃഷ്ടിക്കാതെ ഓരോ ചിത്രവും തിയറ്ററുകളെ ഇളക്കി മറിച്ചു. കുടുംബ പ്രേക്ഷകരുടെ ഇഷ്ട തോഴനായി മാറിയ ദിലീപ് ഹാസ്യരസത്തിനെ പ്രേക്ഷകരുടെ മുന്നിലേക്ക് അറിഞ്ഞു വിളമ്പി. അപ്പോഴും പ്രേക്ഷകരെ മടുപ്പിക്കാതെ മുന്നോട്ടു പോകുന്നതിൽ ദിലീപിനു വിജയിക്കാനായി. കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട്, പച്ചക്കുതിര, ചക്കരമുത്ത്, സൗണ്ട് തോമ തുടങ്ങി വെല്ലുവിളികളുള്ള കഥാപാത്രവുമായി എത്തി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഈ പരീക്ഷണങ്ങൾ ഓരോന്നും പ്രേക്ഷകന്റെ രുചിയ്ക്കറിഞ്ഞു വിളമ്പാനായി എന്നതാണ് ദിലീപിന്റെ വിജയം.



നാൽപത്തെട്ടു വയസിലും ഇരുപത്തിയഞ്ചുകാരന്റെ ഊർജ്‌ജവും മെയ് വഴക്കവും നാട്യ ലാവണ്യവുമായി പ്രേക്ഷകനു മുന്നിലെത്താനാവുന്നു എന്നതാണ് ദിലീപിന്റെ വിജയ തന്ത്രം. മലയാളി പ്രേക്ഷകന്റെ കാഴ്ചയുടെ പൾസ് ഇത്രത്തോളം അടുത്തറിഞ്ഞ ഒരു നായക നടൻ മലയാളത്തിൽ ദിലീപ് മാത്രമാകാം. ഒന്നരപ്പതിറ്റാണ്ടിന്റെ മലയാള സിനിമയുടെ ചരിത്രം പരിശോധിച്ചാൽ ഒരു പക്ഷെ ഇത്രത്തോളം വിജയം നേടിയ ഒരു നായക നടൻ മലയാളത്തിൽ ദിലീപ് മാത്രമാണ്. ഒരു കാലത്ത് മലയാള സിനിമാ മേഖല പ്രതിസന്ധി നേരിട്ട കാലയളവിലും ദിലീപ് ചിത്രങ്ങൾ തിയറ്ററിൽ നൂറുമേനി വിജയം നേടുന്നതു നമ്മൾ കണ്ടതാണ്. ആ വിജയത്തുടർച്ച ദിലീപ് ചിത്രങ്ങൾ ഇന്നും ആവർത്തിക്കുന്നു എന്നതാണ് വാസ്തവം.

പുതിയ വേഷങ്ങൾ

ഇതിനിടയിൽ മലയാളത്തിൽ നിർമാതാവിന്റെ വേഷത്തിലും മികച്ച വിജയം നേടാനായി ദിലീപിന്. 2003ൽ ജോണി ആന്റണി സംവിധാനം ചെയ്ത സി ഐ ഡി മൂസയിൽ നായകനായതിനൊപ്പം നിർമാതാവിന്റെ വേഷത്തിലും ദിലീപ് വിജയിച്ചു. ഐതിഹാസിക വിജയം നേടിയ ചിത്രത്തിന്റെ നേടും തൂണായി ദിലീപിനു നിൽക്കാനായി. എന്നാൽ പ്രേക്ഷകരെ രസിപ്പിക്കുന്നതിനൊപ്പം നല്ല ചിത്രങ്ങളുടെ ഭാഗമായി നിൽക്കാനും ദിലീപ് എന്നു ശ്രദ്ധിച്ചിരുന്നു. ടി. വി ചന്ദ്രൻ 2004 ൽ സംവിധാനം ചെയ്ത കഥാവശേഷനിൽ അഭിനയിക്കുന്നതിനൊപ്പം ആ ചിത്രം നിർമിച്ചതും ദിലീപായിരുന്നു. ആ വർഷത്തെ മികച്ച രണ്ടാമത്തെ ചിത്രത്തിനുള്ള സംസ്‌ഥാന പുരസ്കാരം നേടിയത് ദിലീപിന്റെ ഈ ചിത്രമായിരുന്നു. മറ്റൊരിടത്തും സംഭവിക്കാൻ സാധ്യതയില്ലാത്ത ഒരു വെല്ലുവിളി ദിലീപ് ഏറ്റെടുത്തതും നമ്മൾ കണ്ടതാണ്. സിനിമ സംഘടനയായ അമ്മയ്ക്കു വേണ്ടി മലയാളത്തിലെ പ്രമുഖരായ ഒട്ടുമിക്ക താരങ്ങളേയും ഉൾപ്പെടുത്തി ട്വന്റി 20 എന്ന സിനിമ നിർമിച്ചത് ദിലീപായിരുന്നു. ഇതര സംസ്‌ഥാനങ്ങളിലെ സിനിമ സംഘടനകളും പ്രതിഭകളും ഇതിനായി ഇറങ്ങിത്തിരിച്ചു പരാജിതരായി മാറിയിടത്താണ് ദിലീപിന്റെ ഈ വിജയം.

തന്റെ മാത്രം സിനിമകൾ എന്ന പതിവു നായക– നിർമാണ സങ്കൽപത്തിൽ നിന്നും മാറി നല്ല സിനിമകളുടെ നിർമാതാവാകാനും ദിലീപ് ശ്രദ്ധിച്ചിരുന്നു. വിനീത് ശ്രീനിവാസൻ ആദ്യമായി സംവിധായകനായി, നിവിൻ പോളി നായകനായി എത്തിയ മലർവാടി ആട്സ് ക്ലബ്ബ് എന്ന ചിത്രത്തിന്റെ നിർമാതാവ് ദിലീപായിരുന്നു. യുവതാരങ്ങൾ കേന്ദ്രകഥാപാത്രമായി എ ത്തിയ ദി മെട്രോയുടെ നിർമാതാവായും ദിലീപിനെ നമ്മൾ കണ്ടാതാണ്.


കുടുംബ നായകൻ

ബോക്സോഫീസ് മത്സരങ്ങൾക്കിടയിൽ എന്നും തന്റേതായ സ്‌ഥാനം നിലനിർത്താൻ ദിലീപിനായിട്ടുണ്ട്. നർമ്മമാണ് സ്‌ഥായീഭാവം എങ്കിലും മികച്ച സിനിമ ആസ്വാദനം പ്രേക്ഷകർക്കു പകരാൻ ദിലീപിനു കഴിയുന്നു. റാഫി– മെക്കാർട്ടിൻ, ബെന്നി പി നായരമ്പലം, ഉദയകൃഷ്ണ– സിബി. കെ തോമസ് എന്നീ തിരക്കഥാകൃത്തുകൾ ദിലീപിനോടൊത്തു ചേർന്നു മലയാളികൾക്കു പകർന്ന ദൃശ്യോ ത്സവം ആബാലവൃദ്ധം ജനങ്ങളുടേയും മനസിൽ നിലകൊള്ളുന്നതാണ്. ജോഷി, കമൽ, ലാൽ ജോസ് തുടങ്ങി സീനിയറായ സംവിധായകർ മുതൽ നവാഗത സംവിധായകർ വരെ ദിലീപ് ചിത്രങ്ങൾക്കു കഥയുമായി കാത്തിരിക്കുന്നതിന്റെ കാരണം ദിലീപ് എന്ന ബ്രാൻഡ് നെയിമാണ്. കുട്ടികളും സ്ത്രീകളുമടങ്ങുന്ന വലിയൊരു ആരാധക കൂട്ടം ദിലീപിനു പിന്നാലെയുണ്ട്. ഓരോ ആഘോഷ നാളുകളിലും ദിലീപ് ചിത്രങ്ങൾ നേടുന്ന ബോക്സോഫീസ് കളക്ഷൻ അതു തെളിയിക്കുന്നു.



ബോക്സോഫീസ് കിംഗ്

ഈ വർഷം മാത്രമെടുത്താൽ ദിലീപ് ചിത്രങ്ങൾ ബോക്സോഫീൽ തീർത്ത നേട്ടം മറ്റൊരു താരത്തിനും അവകാശപ്പെടാനില്ലാത്തതാണ്. ഷാഫി സംവിധാനം ചെയ്ത 2 കൺട്രീസ് കഴിഞ്ഞ വർഷം അവസാന വാരം തിയറ്ററുകളിലെത്തിയതാണ്. അമ്പതു കോടി ക്ലബ്ബിൽ ഇടം നേടിയ ആദ്യ ദിലീപ് ചിത്രമായിരുന്നു അത്. 52 കോടി വേൾഡ് വൈഡായി കളക്ഷൻ നേടിയ ചിത്രത്തിനു പിന്നാലെ എത്തിയ സിദ്ധിഖ്–ലാൽ ചിത്രം കിംഗ് ലയറും ഇരുപതു കോടിക്കുമുകളിലാണ് സ്വന്തമാക്കിയത്. കൊമേഴ്സ്യലി വിജയം നേടുന്ന ചിത്രങ്ങളുടെ ഭാഗമാകുന്നതിനൊപ്പം മികച്ച സംവിധായകർക്കൊപ്പം പ്രവർത്തിക്കാനും ദിലീപിനു സാധിച്ചു. വിശ്വോത്തര സംവിധായകൻ അടൂർ ഗോപാലകൃഷ്ണന്റെ പുതിയ ചിത്രം പിന്നെയും സിനിമയിൽ പുരുഷോത്തമൻ നായർ എന്ന കഥാപാത്രമായി ദിലീപ് മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. അടൂരിന്റെ മറ്റൊരു ചിത്രത്തിനും ലഭ്യമാകാത്ത പബ്ലിസിറ്റിയും തിയറ്റർ വിജയവും ഈ ചിത്രം നേടി എന്നതു തന്നെ ദിലീപിന്റെ മാർക്കറ്റ് വാല്യു തെളിയിക്കുന്നതാണ്. പിന്നെയും നേടിയ വിജയത്തിനു തൊട്ടു പിന്നാലെയാണ് ഈ ഓണക്കാലത്ത് സുന്ദർദാസ്– ബെന്നി പി. നായരമ്പലം– ദിലീപ് ചിത്രം വെൽക്കം ടു സെൻട്രൽ ജയിലും എത്തിയത്. രണ്ടാഴ്ച കൊണ്ട് 12.50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രം മികച്ച കളക്ഷനിലേക്കു മുന്നേറുകയാണ്.

മിനി സ്കീനിലും താരം

ബിഗ് സ്ക്രീനിൽ മുടി ചൂടാ മന്നനായി നിൽക്കുമ്പോഴും മിനി സ്ക്രീനിലും തന്റെ ആധിപത്യം തെളിയിക്കാനായിട്ടുണ്ട് ദിലീപിന്. സിനിമ ജീവിതം ആരംഭിക്കുന്ന സമയത്ത് കോമിക്കോള, സിനിമാല എന്നീ ഹാസ്യ പരിപാടികളിൽകൂടി തിളങ്ങിയ താരമാണ് ദിലീപ്. ഈ ഓണക്കാലത്ത് വമ്പൻ താര നിരയിൽ അമ്പതോളം ചിത്രങ്ങൾ മിനിസ്ക്രീനിൽ എത്തിയെങ്കിലും ടാം റേറ്റിംഗ് പ്രകാരം ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ടത് ദിലീപിന്റെ ടു കൺട്രീസായിരുന്നു. കുടുംബ പ്രേക്ഷകർക്കിടയിൽ ദിലീപ് ചിത്രങ്ങൾ നേടിയെടുത്ത സ്വാധീനം വെളിവാക്കുന്നതാണ് ഈ റിപ്പോർട്ട്.

നേട്ടങ്ങൾക്കൊപ്പം

ഇരുപത്തഞ്ചു വർഷത്തെ സിനിമാ ജീവിതത്തിനുള്ളിൽ ഉയർച്ചയും താഴ്ചയും നേരിട്ട ദിലീപ് 2011ൽ അക്കു അക്ബർ സംവിധാനം ചെയ്ത വെള്ളരി പ്രാവിന്റെ ചങ്ങാതിയിലൂടെ മികച്ച നടനുള്ള സംസ്‌ഥാന പുരസ്കാരവും സ്വന്തമാക്കി. നേരത്തെ കുഞ്ഞിക്കൂനൻ, ചാന്തുപൊട്ട് എന്നീ ചിത്രങ്ങളിലൂടെ സ്പെഷ്യൽ ജൂറി അവാർഡും രണ്ടു തവണ കരസ്‌ഥമാക്കിയിരുന്നു ഈ പ്രതിഭ. ഇതിനിടയിൽ അന്യ ഭാഷകളിലും തന്റെ സാന്നിധ്യം അറിയിക്കാനായി ദിലീപിന്. മേജർ രവി സംവിധാനം ചെയ്ത ഹിന്ദി ചിത്രം തൂഫാൻ, തമിഴ് ചിത്രം രാജിയം, രണ്ടു കന്നട ചിത്രങ്ങൾ എന്നിവയിൽ ദിലീപ് എത്തിയിരുന്നു.

സത്യ സായിബാബയുടെ ജീവിതം ആസ്പദമാക്കി പ്രശസ്ത തെലുങ്ക് സംവിധായകൻ കോടി രാമകൃഷ്ണ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രത്തിലും ദിലീപ് കരാറായിട്ടുണ്ട്. തെലുങ്കിലും തമിഴിലുമായി ഒരുക്കുന്ന ചിത്രത്തിൽ സായി ബാബയായി എത്തുമ്പോൾ അത് അഭിനയ ജീവിതത്തിലെ സുവർണ നേട്ടമാവുകയാണ് ദിലീപിന്. ഇക്കാലയളവിൽ 130–ഓളം ചിത്രങ്ങളുടെ ഭാഗമാകാനും ദിലീപിനു കഴിഞ്ഞു. വ്യത്യസ്തതയും പരീക്ഷണവും എന്നും അഭിനയത്തിൽ കൊ ണ്ടുവരുന്ന ദിലീപിൽ നിന്നും ഇനിയുമേറെ മലയാളികൾ പ്രതീക്ഷിക്കുന്നു എന്നതാണ് സത്യം.

ഇരുപത്തഞ്ചു വർഷത്തെ സിനിമാ ജീവിതത്തിനിടയിൽ പിന്നിട്ട വഴികളും താങ്ങുതന്ന കൈകളും മറക്കുന്നവനല്ല ദിലീപെന്നു മലയാള സിനിമ ലോകം തന്നെ സാക്ഷ്യപ്പെടുത്തുന്നതാണ്. ഒപ്പം നടന്നവരെയും ചാരി നിന്നവരെയും സിനിമയ്ക്കുമപ്പുറത്ത്, അഭിനയമില്ലാത്ത ജീവിതം കൊണ്ട് ചേർത്തു നിർത്താൻ ദിലീപ് ശ്രമിക്കുന്നതു മലയാളി പ്രേക്ഷകർ കണ്ടതാണ്. ആ ഇരുപത്തഞ്ചു വർഷത്തെ സിനിമ ജീവിതം മലയാളികൾക്കു സമ്മാനിച്ച ദൃശ്യാനുഭവമാണ് ദിലീപ് എന്ന താരം. ഒരു താരമായും സാധാരണക്കാരനായും ഇനിയുമേറെ ചെയ്യാനുണ്ട് ദിലീപിന്. കാരണം ദിലീപ് എന്ന വ്യക്‌തിത്വം ഇടം പിടിച്ചിരിക്കുന്നത് മലയാളികളുടെ മനസിലാണ്. അത് എന്നും അങ്ങനെതന്നെ ആയിരിക്കും.

–ലിജിൻ കെ. ഈപ്പൻ