സ്നേഹപൂർവം പ്രിയങ്ക
സ്നേഹപൂർവം പ്രിയങ്ക
Tuesday, October 25, 2016 3:56 AM IST
പ്രിയങ്ക നായർ നിറഞ്ഞ സന്തോഷത്തിലാണ്. അടുത്തിടെ പുറത്തിറങ്ങിയ രഞ്ജിത് ചിത്രമായ ലീലയിലെ സി.കെ ബിന്ദു എന്ന കഥാപാത്രം പ്രിയങ്കയ്ക്ക് ഏറെ പ്രശംസ നേടിക്കൊടുത്തു. ചിത്രം റിലീസായതിനുശേഷം അഭിനന്ദനപ്രവാഹം തന്നെയായിരുന്നു. എന്നും ഓർത്തിരിക്കുന്ന ശക്‌തമായ സ്ത്രീ കഥാപാത്രങ്ങളിലൂടെ പ്രിയങ്ക നായർ പ്രേക്ഷകമനസിൽ നിറഞ്ഞുനിൽക്കുന്നു. വെയി ലിൽ തുടങ്ങി വിലാപങ്ങൾക്കപ്പുറവും ജലവും കടന്ന് ലീലയിലെത്തിയിരിക്കുകയാണ് പ്രിയങ്ക. എല്ലാം ഒന്നിനൊന്നു മികച്ച കഥാപാത്രങ്ങൾ.

ഇന്റർവ്യൂവിനായി വാമനപുരത്തെ വീട്ടിലെത്തുമ്പോൾ പ്രിയങ്ക മകൻ മുകുന്ദിനൊപ്പം തിരക്കിലായിരുന്നു. പൂമ്പാറ്റയെപോലെ അവിടമാകെ പാറിപ്പറന്നു നടക്കുകയാണ് മൂന്നു വയസുകാരൻ മുകുന്ദ്. ആൽബം എടുത്ത് പ്രിയങ്കയുടെ ചിത്രങ്ങൾ കാണിച്ചുതന്നു. പ്ലേ സ്കൂളിലെ വിശേഷങ്ങൾ പറഞ്ഞു, അമ്മയ്ക്കൊപ്പമിരുന്നു പാട്ടുപാടി. മകന്റെ കളിചിരികൾക്കൊപ്പം പ്രിയങ്കയും ചേർന്നു. അവർക്കൊപ്പം ചേരാം...

? ലീലയിലെ സി.കെ. ബിന്ദു എന്ന കഥാപാത്രത്തിന് വളരെ നല്ല അഭിപ്രായമാണ് പ്രേക്ഷകരിൽനിന്നു ലഭിക്കുന്നത്. വളരെക്കുറച്ച് സമയം മാത്രം ചിത്രത്തിൽ പ്രത്യക്ഷപ്പെടുന്ന കഥാപാത്രത്തെ തെരഞ്ഞെടുക്കാനുണ്ടായ കാരണം.

സി.കെ. ബിന്ദുവിനെ ഇഷ്‌ടപ്പെട്ടിട്ടാണോ രഞ്ജിയേട്ടന്റെ(സംവിധായകൻ രഞ്ജിത്) ചിത്രമായതുകൊണ്ടുതന്നെയാണ് അതിൽ അഭിനയിച്ചത്. രഞ്ജിയേട്ടൻ വിളിച്ചിട്ട് ഒരു കഥാപാത്രം ഉണ്ട്, അതു ചെയ്താൽ ഗുണം ചെയ്യുമെന്നു പറഞ്ഞപ്പോൾ അതിനപ്പുറം ചിന്തിക്കേണ്ടതില്ലെന്നു തോന്നി. എനിക്ക് ഏറെ ഇഷ്ടമുള്ള സംവിധായകന്മാരിലൊരാളാണ് രഞ്ജിയേട്ടൻ. അദ്ദേഹത്തിന്റെ കഥാപാത്രങ്ങൾ നോട്ടബിൾ ആകുമെന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെയാണ് സി.കെ ബിന്ദു തിരഞ്ഞെടുത്തതും.



? സി.കെ ബിന്ദുവിലേക്ക് എത്താനുള്ള തയാറെടുപ്പുകൾ

പ്രേക്ഷകരിൽ നിന്ന് വളരെ നല്ല അഭിപ്രായം കിട്ടിയ കഥാപാത്രമാണ് സി.കെ.ബിന്ദു. വളരെ പേടിയോടുകൂടിയാണ് ഞാൻ ആ കഥാപാത്രത്തെ സമീപിച്ചതും. അതായത് കൈവിട്ടുപോയേക്കാവുന്ന കഥാപാത്രമായിരുന്നു അത്. ആ കഥാപാത്രം കൈവിട്ടുപോയാൽ അത് സിനിമയെത്തന്നെ ബാധിക്കും. വളരെ കുറച്ചു സമയത്തേക്കു മാത്രമേ ഉള്ളൂവെങ്കിലും അത്രയ്ക്കു പ്രാധാന്യമുള്ളതായിരുന്നു അത്. പാളിപ്പോകാതിരിക്കാൻ ഏറെ ശ്രദ്ധയോടെയാണ് ബിന്ദുവിനെ അവതരിപ്പിച്ചത്.

? വെയിൽ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്ത് സജീവമാകുന്നത്. നല്ല അഭിപ്രായവും മികച്ച വിജയവും നേടിയ ചിത്രമായിരുന്നു അത്

അതേ, കോളജ് പഠനകാലത്ത് മോഡലിംഗും സീരിയൽ അഭിനയവുമൊക്കെ ഉണ്ടായിരുന്നു. എങ്കിലും വെയിൽ എന്ന തമിഴ് ചിത്രത്തിലൂടെയാണ് ഞാൻ വെള്ളിത്തിരയിൽ അരങ്ങേറ്റം കുറിച്ചത്. വെയിലിലെ തങ്കം എന്ന കഥാപാത്രം നല്ല അഭിപ്രായവും വിജയവും നേടിത്തന്ന ചിത്രമാണ്.

? മലയാളത്തിൽ സംസ്‌ഥാന അവാർഡ് നേടിയ വിലാപങ്ങൾക്കു
മപ്പുറം, ഭൂമിമലയാളം, ഇവിടം സ്വർഗമാണ്, ജലം, ഇപ്പോൾ ലീല എല്ലാം ഒന്നിനൊന്നു മികച്ച ചിത്രങ്ങളും കഥാപാത്രങ്ങളും. കഥാപാത്രങ്ങൾ തെരഞ്ഞെടുക്കുന്നതിന്റെ മാനദണ്ഡം എന്താണ്


കഥ കേൾക്കുമ്പോൾ സ്ട്രോംഗ് കഥാപാത്രമാണെങ്കിൽ അതു ചെയ്യാമെന്നു തീരുമാനിക്കാറുണ്ട്. പ്രേക്ഷകന്റെ വ്യൂ പോയിന്റിലാണ് കഥ കേൾക്കാറുള്ളത്. പ്രേക്ഷക എന്ന നിലയിൽ കഥ കേൾക്കുമ്പോൾ അതിന്റെ എല്ലാവശങ്ങളും മനസിൽ കാണാനാവും. പിന്നെ കംഫർട്ടബിൾ ആയിട്ടുള്ള ടീമിനൊപ്പം പ്രവർത്തിക്കുമ്പോൾ അതിന്റേതായ റിസൽട്ടും കിട്ടും. നല്ല കഥ, കഥാപാത്രം, സംവിധായകൻ ഇതൊക്കെ നോക്കാറുണ്ട്.

? സൈറ, ബെറ്റ്സി, തങ്കം ഇപ്പോൾ ബിന്ദു. എന്നും ഓർത്തിരിക്കുന്ന ശക്‌തമായ സ്ത്രീകഥാപാത്രങ്ങൾ ചെയ്തു. ഈ കഥാപാത്രങ്ങൾ ഇത്രത്തോളം ശ്രദ്ധിക്കപ്പെടുമെന്നു വിചാരിച്ചിരുന്നോ

കഥ കേട്ടപ്പോൾ മോശമാകില്ലെന്നു തോന്നി. പിന്നെ എല്ലാം ടീം വർക്കല്ലേ. അതിന്റെ റിസൽട്ട് കിട്ടും.

? സിനിമകൾക്കിടയിൽ ദീർഘമായ ഇടവേളകൾ ഉണ്ടാകുന്നു. മനപ്പൂർവം എടുക്കുന്നതാണോ ഈ
ഇടവേളകൾ

ഏയ്, വ്യക്‌തിപരമായ കാര്യങ്ങൾ കൊണ്ട് കുറച്ചു ദിവസങ്ങൾ ഫീൽഡിൽ നിന്നു മാറിനിന്നു. അത്രമാത്രം. കമിറ്റ് ചെയ്ത ചിത്രത്തിന്റെ ഡേറ്റ് നീണ്ടുപോയതുമൂലം ചില നല്ല ചിത്രങ്ങൾ നഷ്ടപ്പെട്ടിട്ടുണ്ട്. അതൊന്നും മനപ്പൂർവമല്ല.

? കുറച്ചുനല്ല സിനിമകളുമായി ഒരു തിരിച്ചുവരവിലാണെന്നു തോന്നുന്നു. കുമ്പസാരം, മാൽഗുഡി ഡെയ്സ്, ജലം... ലീല
ഒരുപിടി ചിത്രങ്ങൾ...

തിരിച്ചു വരാൻ ഞാൻ എങ്ങും പോയിട്ടില്ല. ഇവിടെത്തന്നെയുണ്ട്.( ചിരിക്കുന്നു). എപ്പോഴും സിനിമയാണ് എനിക്ക് സന്തോഷം നൽകുന്നത്. ഞാനൊരു ആക്ടർ ആണെന്നു കാണിച്ചുതന്നതും സിനിമയാണ്. എനിക്ക് എന്റേതായ ആത്മസംതൃപ്തി തന്നതു സിനിമയാണ്. നല്ല സിനിമകൾ തേടിവരുന്നത് ഭാഗ്യം തന്നെയാണ്. നല്ല കൊമേഴ്സ്യൽ സിനിമകൾ ചെയ്യണം. അത്തരം ചിത്രങ്ങൾക്ക് പ്രേക്ഷകർ കൂടുതലായുണ്ടാകും.

? മുകുന്ദിന്റെ നല്ലമ്മ

ജീവിതത്തിൽ എനിക്ക് മകൻ കഴിഞ്ഞിട്ടേ മറ്റെന്തും ഉള്ളൂ. മകൻ മുകുന്ദിന് മൂന്നു വയസായി. അവൻ കംഫർട്ട് ആകുന്നതരത്തിലാണ് ഞാൻ എല്ലാം ചെയ്യുന്നത്. ഷൂട്ടിംഗിനൊക്കെ പോകുമ്പോൾ മുകുന്ദിന് എന്നെ മിസ് ചെയ്യുന്നുവെന്ന തോന്നൽ ഉണ്ടാകാതിരിക്കാൻ ഞാൻ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്. എന്റെ അച്ഛനും അമ്മയും സഹോദരനുമൊക്കെ ഒന്നിച്ചാണു താമസിക്കുന്നത്.

ഈ വർഷം മുതൽ പ്ലേ സ്കൂളിൽ പോകുന്നുണ്ട്. അവിടത്തെ വിശേഷങ്ങളൊക്കെ പറയാറുണ്ട്. ഞങ്ങൾ ലീല കാണാൻ തിയറ്ററിൽ പോയപ്പോൾ മുകുന്ദും ഉണ്ടായിരുന്നു. സിനിമ കഴിഞ്ഞു പോരും നേരം എന്നോടു പറഞ്ഞു മോന് അമ്മയെ കണ്ടപ്പോൾ സങ്കടം വന്നുവെന്ന്. ജലം ഇറങ്ങിയ സമയത്ത് എന്നെ ടിവിയിൽ കണ്ടിട്ട് മോന്റെ അമ്മ എന്നു പറഞ്ഞു. എല്ലാവരോടും വളരെ ജോളിയായിട്ട് ഇടപെടുന്ന ആളാണ് മുകുന്ദ്.

? പുതിയ പ്രോജക്ടുകൾ

തമിഴ് ചിത്രം തുടങ്ങി. മലയാളത്തിൽ പുതിയ പ്രോജക്ടുകൾ വരുന്നുണ്ട്. ഒന്നും സെലക്ട് ചെയ്തിട്ടില്ല.

സീമ മോഹൻലാൽ