സണ്ണി ജോസഫ് (കാമറ സ്ലോട്ട്)
സണ്ണി ജോസഫ്  (കാമറ സ്ലോട്ട്)
Friday, October 21, 2016 4:51 AM IST
ലോകപ്രശസ്തിയാർജിച്ച മലയാള ചിത്രം പിറവിയുടെ ഛായാഗ്രാഹകൻ എന്ന നിലയിലാണ് സണ്ണി ജോസഫ് ചലച്ചിത്രലോകത്ത് ശ്രദ്ധേയനാകുന്നത്. ഛായാഗ്രാഹകനായ ഷാജി എൻ. കരുണിന്റെ അസിസ്റ്റന്റായായി സിനിമയിൽ തുടക്കം കുറിച്ചു. 1988–ൽ ഷാജി എൻ. കരുൺ പിറവി സംവിധാനം ചെയ്യുമ്പോൾ ഛായാഗ്രാഹകനായി തെരഞ്ഞെടുത്തതു സണ്ണിയെയാണ്. മകനെ തേടി അലയുന്ന പിതാവിന്റെ വ്യഥകൾ ഹൃദയസ്പർശിയായി ദൃശ്യവത്കരിച്ച പിറവി 30–ലേറെ പുരസ്കാരങ്ങൾ നേടി. നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളിലും ഈ ചിത്രം പ്രദർശിപ്പിച്ചു. പിറവിയുടെ ക്ലൈമാക്സ് രംഗമൊഴികെയുള്ള എല്ലാ മഴരംഗങ്ങളും യഥാർഥ മഴയിൽ ചിത്രീകരിച്ചതുൾപ്പെടെയുള്ള പരീക്ഷണങ്ങൾ ചിത്രത്തെ ഏറ്റവും മികച്ചതാക്കാൻ സഹായിച്ചതായി ഇദ്ദേഹം അനുസ്മരിക്കുന്നു.

ചേർത്തലയിലെ സെന്റ് മൈക്കിൾസ് കോളജിലായിരുന്നു സണ്ണിയുടെ പ്രീഡിഗ്രി പഠനം. തുടർന്നു കുറവിലങ്ങാട് ദേവമാതാ കോളജിൽനിന്നു സുവോളജിയിൽ ബിരുദമെടുത്തശേഷം പൂന ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ ചേർന്നു. മോഷൻ പിക്ചർ ഫോട്ടോഗ്രഫിയിൽ സ്പെഷലൈസ് ചെയ്തു ഫോട്ടോഗ്രഫിയിൽ പി.ജി ഡിപ്ലോമ എടുത്തു. മോഹൻ സംവിധാനം ചെയ്ത തീർത്ഥത്തിലൂടെയാണു സ്വതന്ത്ര ഛായാഗ്രാഹകനാകുന്നത്. നെടുമുടി വേണു, പല്ലവി ജോഷി എന്നിവർ തീർത്ഥത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചു.

അടൂർ ചിത്രങ്ങളുടെ ഛായാഗ്രാഹകനായിരുന്ന മങ്കട രവിവർമയുടെ അസിസ്റ്റന്റ് ആയി സണ്ണി ജോസഫ് ഏറെക്കാലം പ്രവർത്തിച്ചു. രവിവർമ ഛായാഗ്രഹണം നിർവഹിച്ച അവസാന ചിത്രമായ നിഴൽക്കൂത്തുവരെ ഈ ബന്ധം തുടർന്നുപോന്നു. അടൂരിന്റെ ഒട്ടുമിക്ക ക്ലാസിക്കുകളിലും സണ്ണി ജോസഫ് ഛായാഗ്രഹണം നിർവഹിച്ച നിരവധി രംഗങ്ങളുണ്ട്.

ജി. അരവിന്ദന്റെ വാസ്തുഹാര സണ്ണി ജോസഫിന്റെ കരിയറിന് എന്നും തിളക്കം നൽകുന്ന ചിത്രമാണ്. വിഭജനത്തിന്റെ തിക്‌താനുഭവങ്ങൾ ഏറ്റുവാങ്ങേണ്ടിവന്ന ഒരു ബംഗാളി വിധവയുടെ മാനസിക സംഘർഷങ്ങൾ വാസ്തുഹാരയിലൂടടെ ആവിഷ്കരിക്കാൻ ജി. അരവിന്ദനു സണ്ണി ജോസഫിന്റെ കാമറ പര്യാപ്തമായി.


എം.ടിയുടെ തിരക്കഥയിൽ കാമറാമാൻ വേണു ആദ്യമായി സംവിധാനം ചെയ്ത ദയ സണ്ണിയുടെ കാമറയിൽ തീർത്തതാണ്. മൂന്നു ദേശീയ പുരസ്കാരങ്ങളും അഞ്ചു സംസ്‌ഥാന പുരസ്കാരങ്ങളും നേടിയ ദയയിൽ കേന്ദ്ര കഥാപാത്രമായതു മഞ്ജു വാര്യരാണ്. 2000–ലെ മികച്ച സംവിധായകനുള്ള സംസ്‌ഥാന സർക്കാരിന്റെ പുരസ്കാരം എം.ടിക്കു സമ്മാനിച്ച ഒരു ചെറുപുഞ്ചിരിയുടെ ഛായാഗ്രഹണവും ശ്രദ്ധിക്കപ്പെട്ടു.

ഒട്ടേറെ ക്ലാസിക്കുകൾക്കുവേണ്ടി കാമറയ്ക്കുപിന്നിൽനിൽക്കാൻ ഭാഗ്യം ലഭിച്ച സിനിമാട്ടോഗ്രഫറാണ് സണ്ണി ജോസഫ്. പി.എൻ. മേനോന്റെ മണി ഓർഡർ, ചിന്താ രവിയുടെ ഒരേ തൂവൽ പക്ഷികൾ, നെടുമുടി വേണു സംവിധാനം ചെയ്ത പൂരം, ടി.വി. ചന്ദ്രന്റെ ആലീസിന്റെ അന്വേഷണം തുടങ്ങിയവ ഇക്കൂട്ടത്തിൽപ്പെടുന്നു. ടി.കെ. രാജീവ് കുമാറിന്റെ കോമഡി ചിത്രം ഒറ്റയാൾ പട്ടാളം, ക്ഷണക്കത്ത്, സി. രാധാകൃഷ്ണന്റെ ഒറ്റയടിപ്പാതകൾ, ജി.എസ്. വിജയന്റെ ആനവാൽ മോതിരം, സുരേഷ് ഉണ്ണിത്താന്റെ സത്യപ്രതിജ്‌ഞ, ജയരാജ് സംവിധാനം ചെയ്ത ദൈവനാമത്തിൽ തുടങ്ങിയ വ്യത്യസ്ത രീതിയിലുള്ള ചിത്രങ്ങൾക്കും ഇദ്ദേഹം കാമറ നിയന്ത്രിച്ചു. ഫാസിലിന്റെ മണിച്ചിത്രത്താഴിന്റെ സെക്കൻഡ് യൂണിറ്റ് കാമറാമാനായും പ്രവർത്തിച്ചു.

മലയാളമുൾപ്പെടെ പതിനൊന്നു ഭാഷകളിലുള്ള ചിത്രങ്ങൾക്ക് ഇദ്ദേഹം ഛായാഗ്രഹണം നിർവഹിച്ചിട്ടുണ്ട്. മലയ് ഭട്ടാചാര്യയുടെ കാഹിനി, അരിബാം ശർമയുടെ സനാബി, ബുദ്ധദേവിന്റെ അമിയാസിൻ ഓർ മധുബാല, പ്രമുഖ പത്രപ്രവർത്തകനായ ഖുഷ്വന്ത് സിംഗിന്റെ നോവലിന്റെ ചലച്ചിത്രരൂപം ട്രെയിൻ ടു പാക്കിസ്‌ഥാൻ തുടങ്ങിയവ ഇവയിൽ ചിലതു മാത്രം.

വിഖ്യാത ഗണിതശാസ്ത്രജ്‌ഞനായ രാമാനുജന്റെ ജീവിതകഥ ആസ്പദമാക്കി ഇംഗ്ലീഷ്, തമിഴ് ഭാഷകളിൽ ഒരുക്കുന്ന പുതിയ ചിത്രത്തിനു കാമറ നിയന്ത്രിക്കുന്നതും ഇദ്ദേഹമാണ്.

തയാറാക്കിയത്: സാലു ആന്റണി