കാപ്പിരിത്തുരുത്ത്
കാപ്പിരിത്തുരുത്ത്
Tuesday, October 18, 2016 4:53 AM IST
പുരാതന കൊച്ചിയുടെ തനിമയാർന്ന സാംസ്കാരിക ജീവിതപശ്ചാത്തലത്തിൽ കൊച്ചിയുടെ അഭിമാനമായ അനശ്വരഗായകൻ എച്ച്. മെഹ്ബൂബിന്റെ സംഗീത സാന്നിധ്യത്തിൽ ഒരുക്കുന്ന ചിത്രമാണ് കാപ്പിരിത്തുരുത്ത്.

ഡി ഫോർ ഡാൻസ് എന്ന ചാൽ പ്രോഗ്രാമിലൂടെ ശ്രദ്ധേയരായ ആദിൽ ഇബ്രാഹിം, പേളി മാണി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ സഹീർ അലി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ചിത്രമാണ് കാപ്പിരിത്തുരുത്ത്. നാടക രചയിതാവും സംവിധായകനും ചലച്ചിത്ര സഹസംവിധായകനുമായ സഹീർ അലി ഒരുക്കുന്ന ഈ ചിത്രം കൊച്ചിയുടെ സംഗീതത്തിന്റെയും സംസ്കാരത്തിന്റെയും ഒരു കാലഘട്ടത്തിന്റെ ജീവിതത്തിന്റെയും അന്വേഷണമാണ്.

ഗായകൻ എച്ച്. മെഹ്ബൂബായി പ്രശസ്ത ക്ലാർനെറ്റ് വിദഗ്ധൻ ജെർസൺ അഭിനയിക്കുന്നു. ലാൽ, സിദ്ധിഖ്, ഇന്ദ്രൻസ്, ശിവജി ഗുരുവായൂർ, എസ്.പി. ശ്രീകുമാർ, ഹരീഷ് കണരാൻ, സുനിൽ സുഖദ, രാജേഷ് ശർമ്മ, രാജീവ് കളമശേരി, കെ.ബി. വേണു, കമ്മട്ടിപ്പാടം അഷറഫ്, ബാബു പള്ളാശേരി, സുരഭി തുടങ്ങിയവർക്കൊപ്പം പ്ര ശസ്ത സംഗീതജ്‌ഞൻ രമേശ് നാരായണനും പ്രസ്ത നാടക താരങ്ങളും കാപ്പിരിത്തുരുത്തിൽ അഭിനയിക്കുന്നു.



ട്വന്റി ട്വന്റി മൂവി ഇന്റർനാഷണലിന്റെ ബാനറിൽ അഹമ്മദ് പാലപ്പറമ്പിൽ, സഹീർ അലി എന്നിവർ ചേർന്നു നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം പ്രവീൺ ചക്രപാണി നിർവഹിക്കുന്നു. പ്രശസ്ത കാമറാമാൻ രാമചന്ദ്രബാബുവിന്റെ പ്രധാന സഹായിയാണു പ്രവീൺ.


ഉറുദു കവി മിർസാ ഖാലിന്റെ ഗസലുകൾ, പഴയ കൊച്ചിയിലെ ജൂതരുടെ ജീവിതം, കറുത്ത ജൂതരും വെളുത്ത ജൂതരും തമ്മിലുള്ള വിവേചനം, രാജാവ് സമ്മാനിച്ച ജൂതപ്പട്ടയത്തെക്കുറിച്ചുള്ള തർക്കം, തദ്ദേശീയ ചെറുപ്പക്കാരനുമായുള്ള ജൂത പെൺകുട്ടിയുടെ പ്രണയം, തുറമുഖത്തെ കള്ളക്കടത്ത്, കൊച്ചിക്കാരുടെ കഥ ഇതൊക്കെ സമന്വയിപ്പിച്ചാണു സാഹിർ അലി കാപ്പിരിത്തുരുത്ത് എന്ന ചിത്രമൊരുക്കുന്നത്.

യൂസഫ്, മധു പോൾ എന്നിവരാണു ഗാനങ്ങളൊരുക്കുന്നത്. പണ്ഡിറ്റ് രമേശ് നാരായണൻ, വിജയ് യേശുദാസ്, അഫ്സൽ, മധുശ്രീ, കിഷോർ അബു, ഒ.യു ബഷീർ, തുരുത്തി ഇബ്രാഹിം എന്നിവരാണു ഗാനങ്ങൾ ആലപിക്കുന്നത്. പ്രൊഡക്ഷൻ കൺട്രോളർ– ജിതേഷ് അഞ്ചുമന, കല– മനു പെരുന്ന, മേക്കപ്– പട്ടണം റഷീദ്, പട്ടണം ഷാ, വസ്ത്രാലങ്കാരം– ഇന്ദ്രൻസ് ജയൻ, സ്റ്റിൽസ്– പ്രസാദ് വടകര, പരസ്യകല– ബിനോയ് കോട്ടയ്ക്കൽ, സൗണ്ട്– ഹരികുമാർ, സ്റ്റണ്ട്– പഴനി രാജ, അസോ. ഡയറക്ടർ– സുധീഷ്. കൊച്ചിക്കു പുറമേ ഡൽഹി, രാജസ്‌ഥാൻ എന്നിവിടങ്ങളിലും കാപ്പിരിത്തുരുത്തു ചിത്രീകരിക്കും.

എ.എസ്. ദിനേശ്