ആനന്ദം
ആനന്ദം
Saturday, October 15, 2016 4:01 AM IST
വിനീത് ശ്രീനിവാസൻ ആദ്യമായി തിരക്കഥയെഴുതി സംവിധാനം ചെയ്ത ചിത്രത്തിൽ പുതുമുഖങ്ങൾക്കാണു പ്രാധാന്യം നൽകിയത്. കാലംകഴിഞ്ഞ് വിനീത് ശ്രീനിവാസൻ ആദ്യമായി ചിത്രം നിർമിക്കുമ്പോൾ ആ ചിത്രത്തിലും പുതുമുഖങ്ങൾക്കുതന്നെ യാണു പ്രാധാന്യമെന്നത് ഏറെ കൗതുകമുണർത്തുന്നു.

തട്ടത്തിൻ മറയത്ത് മുതൽ ജേക്കബിന്റെ സ്വർഗരാജ്യംവരെ വിനീതിന്റെ സംവിധാന സഹായിയായിരുന്ന ഗണേഷ് രാജ് ആദ്യമായി തിരക്കഥയെഴുതി സംവിധാനംചെയ്യുന്ന ആനന്ദം എന്ന ചിത്രമാണു വിനീത് ശ്രീനിവാസൻ നിർമിക്കുന്നത്.

പതിനേഴിനും ഇരുപത്തിയൊന്നിനും ഇടയ്ക്കു പ്രായമുള്ളവരാണ് ഈ ചിത്രത്തിലെ താരങ്ങളെല്ലാം. അവരിൽ ഏഴുപേരാണ് കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. നാല് ആൺകുട്ടികളും മൂന്നു പെൺകുട്ടികളും. തോമസ് മാത്യു, റോഷൻ മാത്യു, വിശാഖ് നായർ, അരുൺ കുര്യൻ, സിദ്ധി മഹാജകടി, അനു ആന്റണി, അനാർക്കലി മരിയ്ക്കാർ എന്നിവരാണു പ്രമുഖർ. ഒപ്പം നാല്പതോളം പുതുമുഖങ്ങളും ഈ ചിത്രത്തിലുണ്ട്. ഡോക്ടർ റോണി, രാജേഷ് ശർമ്മ, പ്രദീപ് കോട്ടയം, വിനീത കോശി തുടങ്ങിയവരും ശ്രദ്ധേയമായ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഈ ചിത്രത്തിലെ മിക്കവാറും എല്ലാവരും വളരെ പ്രായം കുറഞ്ഞവരും എൻജിനീയറിംഗ് വിദ്യാർഥികളുമാണ്.



ഏഴുപേർ അടങ്ങുന്ന സുഹൃത് സംഘം എൻജിനീയറിംഗ് കോളജിലെ വിദ്യാർഥികളാണ്. കാമ്പസിൽ ഒറ്റ മനസായി ആർഭാടമായി ജീവിതം ആഘോഷിക്കുന്ന ഇവർ ടൂറിനു പോകുന്നു. കൂടെ നാല്പതോളം വിദ്യാർഥികളുണ്ട്. നാലു ദിവസത്തെ യാത്ര. ആ യാത്രയ്ക്കിടയിൽ ഉണ്ടാകുന്ന രസകരങ്ങളായ സംഭവ വികാസങ്ങളാണ് ആനന്ദത്തിന്റെ ഇതിവൃത്തം. സ്നേഹം, അസൂയ, വഴക്ക്, പക, പ്രണയം, നർമം തുടങ്ങിയ ഭാവങ്ങളിലൂടെ കടന്നുപോകുന്ന അവരുടെ യാത്രയ്ക്കിടയിൽ അപ്രതീക്ഷിതമായ സംഭവം എല്ലാം തകിടം മറിക്കുന്നു. കൊച്ചുകൊച്ചു സംഭവങ്ങൾ കോർത്തിണക്കിയ രസകരങ്ങളായ മുഹൂർത്തങ്ങളാൽ ഒരുക്കിയ ഇന്നത്തെ സിനിമയാണ് ആനന്ദം– സംവിധായകൻ ഗണേഷ് രാജ് പറഞ്ഞു.

ഹാബിറ്റ് ഓഫ് ലൈഫ്, കാസ്റ്റ് ആൻഡ് ക്രൂ എന്നിവയുടെ ബാനറിൽ വിനീത് ശ്രീനിവാസൻ നിർമിക്കുന്ന ഈ ചിത്രത്തിന്റെ ഛാ*ാഗ്രഹണം ആനന്ദ് സി. ചന്ദ്രൻ നിർവഹിക്കുന്നു. വിനീത് ശ്രീനിവാസൻ, അനു എലിസബത്ത്, മനു മഞ്ജിത് എന്നിവരുടെ വരികൾക്ക് സച്ചിൻ വാര്യർ സംഗീതം പകരുന്നു.

പ്രൊഡ. കൺട്രോളർ– ഷാഫി ചെമ്മാട്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ– ബോണി മേരി മാത്യു. എ.എസ്. ദിനേശ്.