കമഴ്ത്തിവെട്ടിലൂടെ ആയുഷ്കാല റബർ കൃഷി, ഇടവിളയായി കൊക്കോ
കമഴ്ത്തിവെട്ടിലൂടെ ആയുഷ്കാല റബർ കൃഷി, ഇടവിളയായി കൊക്കോ
Thursday, October 6, 2016 5:18 AM IST
ഒരു മനുഷായുസ് മുഴുവൻ ഒരുറബർ മരത്തിൽ നിന്ന് പാലെടുക്കാൻ കഴിയുമോ? ചോദ്യം സാധാരണ റബർ കർഷകരോടാണ് ചോദിക്കുന്നതെങ്കിൽ ആ നിമിഷം ലഭിക്കുന്ന മറുപടി ഇല്ല എന്നു തന്നെയായിരിക്കും. എന്നാൽ ഈ ചോദ്യം റബർ കർഷകനായ ഈരാറ്റുപേട്ട ഇടമറുക് വട്ടപ്പലത്ത് മൈക്കിൾ മത്തായി സ്വയം ചോദിച്ചത് 36 വർഷം മുമ്പാണ്. എല്ലാവരും റബർ മലർത്തിവെട്ടി പട്ടമരയ്ക്കുമ്പോൾ കടും വെട്ടിനും നൽകി മരം മുറിച്ചു കളയുകയാണ് പതിവ്. എന്നാൽ ഇങ്ങനെ ചെയ്യുമ്പോൾ പുതിയമരം വെട്ടുപ്രായമായി വരുന്ന ആറേഴു വർഷം പുരയിടത്തിൽ നിന്ന് ഒരു വരുമാനവുമുണ്ടാകില്ല. മൈക്കിൾ മത്തായിയുടെ പരീക്ഷണബുദ്ധി പ്രവർത്തിച്ചതിന്റെ ഫലമായി ഉണ്ടായതാണ് റബറിലെ കമിഴ്ത്തിവെട്ട് എന്ന ആശയം. ഇതുവെറും ആശയമല്ല. 36 വർഷത്തിലധികമായി തന്റെ തോട്ടത്തിൽ നടത്തി വിജയിപ്പിച്ചാണ് മെക്കിൾ മത്തായി വ്യത്യസ്തനാകുന്നത്. ഇദ്ദേഹത്തിന്റെ ഈ കണ്ടുപിടിത്തത്തിന് അഹമ്മദാബാദിലെ നാഷണൽ ഇന്നോവേഷൻ ഫൗണ്ടഷന്റെ സമ്മതിപത്രവും ലഭിച്ചു. റബർബോർഡ് നിയന്ത്രിത കമിഴ്ത്തിവെട്ട് എന്നപേരിൽ പ്രചരിപ്പിച്ചതും മൈക്കിളിന്റെ ആശയമാണ്.

എന്താണ് കമിഴ്ത്തിവെട്ട് (Downward Tapping)
റബറിൽ മലർത്തിവെട്ടി (Upward Tapping) പട്ടമരയ്ക്കുമ്പോഴാണ് കമിഴ്ത്തിവെട്ട് ആരംഭിക്കുന്നത്. മലർത്തിവെട്ടിയ പട്ടയുടെ മുകൾഭാഗത്തുന്നിന്ന് മുകളിലേക്ക് വെട്ടിപ്പോകുന്നതാണിത്. ഈ സമയം മരങ്ങൾ വെട്ടിപുതിയവ വയ്ക്കാതെ നിലവിൽ മലർത്തി വെട്ടിയ മരങ്ങളിൽ മുകളിൽ നിന്ന് കമിഴ്ത്തിവെട്ടും. നാലു കൊല്ലം കഴിയുമ്പോൾ വീണ്ടും മലർത്തിവെട്ടിയാൽ പാൽ ലഭിക്കുമെന്നാണ് മൈക്കിളിന്റെ അനുഭവം. 42 വർഷമായ മരങ്ങളിൽ നിന്നുവരെ ഇതേരീതിയിൽ നല്ല ആദായം ലഭിക്കുന്നു. പാലിന്റെ ഗുണനിലവാരമളക്കുന്ന ഡിആർസി 35–45 ലഭിക്കുന്നുണ്ട്. നല്ല കൊഴുപ്പുള്ള പാലാണ് ലഭിക്കുന്നതെന്നർഥം. വീട്ടുമുറ്റത്തെ അഞ്ചു മരങ്ങളിലുൾപ്പെടെ 300 മരങ്ങളിൽ നാലിലൊന്നു കമിഴ്ത്തിവെട്ടുന്നു. മറ്റുതോട്ടങ്ങളിൽ രണ്ടുപ്രാവശ്യം മരം വെട്ടി പുതിയവ വച്ചപ്പോഴും മൈക്കിൾ ഇതൊന്നും ചെയ്യാതെ ആദായകരമായ രീതിയിൽ കമിഴ്ത്തിവെട്ടിലൂടെ പാലുണ്ടാക്കുന്നു. കരുത്തു കൂടുതൽ ഉള്ള മരങ്ങളിൽ പട്ടമരയ്ക്കുന്നതിനു മുമ്പുതന്നെ കമിഴ്ത്തിവെട്ടുന്നു. മരത്തിൽ അധികം പാൽ നിന്നാലും പട്ടമരയ്ക്കുമെന്നാണ് മൈക്കിളിന്റെ പക്ഷം. നൂറു മരത്തിൽ നിന്ന് ശരാശരി എട്ടുകിലോ റബർ പ്രതിദിനം ലഭിക്കുന്നു. പട്ടമരച്ച മരങ്ങളിൽ നിന്നു വരെ കമി്ത്തിവെട്ടിലൂടെ പട്ടമരയ്ക്കാത്ത മരത്തിനു തുല്യമായ പാൽ ലഭിക്കുന്നു.


28–ാം വയസിൽ നട്ടു 71–ാം വയസിലും അതേ മരം

താൻ 28–ാം വയസിൽ നട്ട റബറിൽ നിന്ന് 71–ാം വയസിലും ആദായമെടുക്കുന്നതിന്റെ ത്രില്ലിലാണ് മൈക്കിൾ. ആർആർഐഐ 105 ആണ് വച്ചത്. ആറാം വർഷം വെട്ടിത്തുടങ്ങിയപ്പോൾ തന്നെ ഒരു മരത്തിന്റെ പട്ട മരച്ചിരിക്കുന്നത് ശ്രദ്ധയിൽപ്പെട്ടു. പാലുണ്ടാകാനായി രണ്ടുവർഷം വെറുതേ നിർത്തിയെങ്കിലും ഫലമുണ്ടായില്ല. അപ്പോൾ മനസിൽതോന്നിയ ആശയമാണ് കമിഴ്ത്തിവെട്ട്. ആ മരത്തിൽ നാലിലൊരുഭാഗം കമിഴ്ത്തിവെട്ടിയപ്പോൾ മറ്റു മരത്തിനു തുല്യമായി പാൽ ലഭിച്ചു. ഇങ്ങനെയാണ് പട്ടമരപ്പിന് പരിഹാരം കമിഴ്ത്തിവെട്ടെന്ന ആശയത്തിലെത്തുന്നത്. 36 കൊല്ലമായി കമിഴ്ത്തിവെട്ടിലൂടെ മികച്ച ആദായം നേടുന്നുണ്ട് ഈ കർഷകൻ. 63 ഇഞ്ച് വലിപ്പമുള്ള റബർമരങ്ങൾ വരെയുണ്ട് മൈക്കിൾ മത്തായിയുടെ തോട്ടത്തിൽ. അരലിറ്റർ മുതൽ ഒരു ലിറ്റർ വരെ പാൽ ചുരത്തുന്നവയാണ് ഇവയെല്ലാം.

ഇടവിളയായി കൊക്കോ

പലരും റബർ വില ഇടിഞ്ഞ സമയത്താണ് ഇടവിള അന്വേഷിച്ചിറങ്ങിയത്. എന്നാൽ മൈക്കിൾമത്തായി 30 കൊല്ലം മുമ്പു തന്നെ ഇതു പരീക്ഷിച്ചു. റബർത്തോട്ടത്തിൽ കൊക്കോ ഇടവിളയാക്കിയെങ്കിലും റബറിലെ വരുമാനം കുറഞ്ഞിട്ടില്ല. പ്രതിവർഷം 27,000 രൂപവരെ ഇദ്ദേഹത്തിന് കൊക്കോ നൽകുന്നു. നട്ടപ്പോൾ ചാണകപ്പൊടിയിട്ടതൊഴിച്ചാൽ റബറിനും കൊക്കോയ്ക്കും മറ്റുവളങ്ങളൊന്നും ഇതുവരെ നൽകിയിട്ടില്ല.

സാധാരണ മലർത്തിവെട്ടി പട്ടമരയ്ക്കുമ്പോൾ എല്ലാവരും മരം വെട്ടും. എന്നാൽ മൈക്കിൾ മത്തായി ഈ മണ്ടത്തരം ചെയ്യുന്നില്ല. ഏഴുവർഷം എന്തിന് പുരയിടത്തെ ആദായമില്ലാതാക്കണം എന്നാണ് ഇദ്ദേഹത്തിന്റെ ചോദ്യം. പകരം ഇദ്ദേഹം കമിഴ്ത്തിവെട്ട് ആരംഭിക്കും. കമിഴ്ത്തിവെട്ടി നാലാം വർഷം മലർത്തിവെട്ടിന് മരങ്ങൾ വീണ്ടും സജ്‌ജമാകുമെന്നും മൈക്കിൾ പറയുന്നു. ഭാര്യ അന്നക്കുട്ടിയും മക്കളായ രമേഷ് മൈക്കിളും രമ്യ സിജോയും മൈക്കിളിന്റെ പരീക്ഷണങ്ങൾക്ക് പൂർണപിന്തുണയുമായി ഒപ്പമുണ്ട്.
ഫോൺ: മൈക്കിൾ 99 61 14 11 91.

ടോം ജോർജ്