നാലുമണി പലഹാരങ്ങൾ
നാലുമണി പലഹാരങ്ങൾ
Wednesday, October 5, 2016 4:54 AM IST
മധുരകൊഴുക്കട്ട

ചേരുവകൾ
ഉണക്കലരി – അരകിലോ
ശർക്കര (ചീകിയത്) – 200 ഗ്രാം
തേങ്ങ (ചുരണ്ടിയത്) – ഒരു പകുതി
ഉപ്പ് – ഒരുനുള്ള്
ഏലയ്ക്കാപ്പൊടി – ഒരു ടീസ്പൂൺ
ജീരകം – രണ്ട് നുള്ള്

തയാറാക്കുന്നവിധം
അരി വെള്ളത്തിൽ ഇട്ട് കുതിർത്ത് അരിച്ചുവാരി അരയ്ക്കുക. തേങ്ങയും ശർക്കരയും ഏലയ്ക്കാപ്പൊടിയും തമ്മിൽ ചേർത്തിളക്കി വയ്ക്കുക. അരിയിൽ ഒരുനുള്ള് ഉപ്പും അൽപം വെള്ളവും ചേർത്ത് അരച്ച് ജീരകം ചതച്ചതിട്ടിളക്കി ഉരുളകൾ ആക്കിവയ്ക്കുക. ഇവയ്ക്കുള്ളിൽ തേങ്ങാക്കൂട്ട് കുറേശെവച്ച് വീണ്ടും ഉരുളയാക്കി ആവിയിൽ വേവിച്ച് എടുക്കുക.

ഏത്തപ്പഴം അട

ചേരുവകൾ
ഏത്തപ്പഴം (പുഴുങ്ങി ഉടച്ചത്) –മൂന്നെണ്ണം
ശർക്കര (ചീകിയത്) –25 ഗ്രാം
തേങ്ങ (ചുരണ്ടിയത്) –ഒരു മുറി
അരിപ്പൊടി (വറുത്തത്) –കാൽ കിലോ
തേങ്ങാപ്പാൽ –ഒരു കപ്പ്
ഏലയ്ക്കാപ്പൊടി –ഒരു നുള്ള്
നെയ്യ് – ഒരു ടേബിൾ സ്പൂൺ
കിസ്മിസ് അണ്ടിപ്പരിപ്പ്,
മുന്തിരിങ്ങ –25 ഗ്രാം വീതം

തയാറാക്കുന്നവിധം
ഒരു പാനിൽ നെയ്യൊഴിച്ച് ചൂടാക്കി ശർക്കരയും കിസ്മിസും ഇട്ട് വറുത്ത് കോരിവയ്ക്കുക. ശർക്കരയും ചുരണ്ടിയ തേങ്ങയും ഒരു പാനിൽ ഇട്ട് നന്നായി വരട്ടി അൽപം നെയ്യുമൊഴിച്ചിളക്കി ഏലയ്ക്കാപ്പൊടിയും ഉടച്ചുവച്ച ഏത്തപ്പഴവുമിട്ടിളക്കി കോരിവയ്ക്കുക. ഇതിലേക്ക് വറുത്ത അണ്ടിപ്പരിപ്പും കിസ്മിസും ചേർക്കണം. ഒരു പാത്രത്തിൽ അരിപ്പൊടിയിട്ട് തേങ്ങാപ്പാലും ഒഴിച്ച് ഇളക്കി നന്നായി കുഴച്ചു മയമുള്ള ഉരുളകളാക്കുക. കൈവെള്ളയിൽ വച്ച് ഒരു പൂരിയുടെ വലുപ്പത്തിൽ പരത്തുക. ഇതിൽ ഏത്തപ്പഴക്കൂട്ട് കുറേശെവച്ച് മടക്കി അമർത്തിവയ്ക്കുക. എല്ലാം ഇതേപോലെ തയാറാക്കി ആവിയിൽ വേവിച്ചെടുക്കുക.



ഒരപ്പം

ചേരുവകൾ
പച്ചരി – അര കിലോ
നെയ്യ് – 125 ഗ്രാം
തേങ്ങ – രണ്ടു വലുത്
പഞ്ചസാര – 375 ഗ്രാം
അണ്ടിപ്പരിപ്പ് – 50 ഗ്രാം
എണ്ണ – ആവശ്യത്തിന്


തയാറാക്കുന്നവിധം
പച്ചരി കുതിർത്ത് പൊടിച്ച് (ഇടിയപ്പപ്പൊടിയുടെ പാകം) വറുത്തു കോരുക. തേങ്ങ ചുരണ്ടി കാൽ ലിറ്റർ വെള്ളം ഒഴിച്ച് ഒന്നാം പാലെടുക്കുക. പിന്നീട് അര ലിറ്റർ വെള്ളം പിഴിഞ്ഞുവച്ച തേങ്ങയിൽ ചേർത്തരച്ച് പിഴിയുക. രണ്ടാം പാൽ തയാർ. ഉരുളി അടുപ്പത്ത് വച്ച് ചൂടാക്കുക. രണ്ടാംപാൽ ഒഴിച്ച് തിളപ്പിക്കുക. എണ്ണ മീതെ തെളിയുമ്പോൾ മിച്ചമുള്ള പാലിൽ അരിപ്പൊടിയും പഞ്ചസാരയുമിട്ട് കലക്കി, കട്ടകെട്ടാതെ തിളയ്ക്കുന്ന തേങ്ങാപ്പാലിൽ ചേർക്കുക. തുടരെ ഇളക്കി കുറുക്കുക. അണ്ടിപ്പരിപ്പ് അരിഞ്ഞിടുക. നെയ്യ് കുറച്ചൊഴിക്കുക. ഇടയ്ക്കിടെ നെയ്യ് ഒഴിക്കാം. ഇനിയിത് ഒരു ചെറിയ പാത്രത്തിൽ ഒഴിച്ച് അമർത്തിവച്ച് ആവിയിൽ വേവിച്ച് എടുക്കുക. ഇനി ചൂടെണ്ണയിൽ വറുത്തുകോരാം.

അരിയുണ്ട

ചേരുവകൾ
പച്ചരി പൊടിച്ച് വറുത്തത്– അര കിലോ
ശർക്കര (ചീകിയത്) – അര കിലോ
ഏലയ്ക്ക (പൊടിച്ചത്) – രണ്ടെണ്ണം
ജീരകം – ഒരു ടീസ്പൂൺ

തയാറാക്കുന്നവിധം
വറുത്ത അരിപ്പൊടിയും ജീരകവും ഏലയ്ക്കാപ്പൊടിയും തമ്മിൽ ചേർത്തിളക്കുക. ശർക്കര ഒരു പാത്രത്തിലാക്കി ചൂടാക്കുക. ഇതിലേക്ക് മാവ് കുറേശെ ചേർത്ത് കട്ടകെട്ടാതെ ഇളക്കി ചെറുനാരങ്ങാ വലിപ്പമുള്ള ഉരുളകൾ തയാറാക്കുക.

മുറുക്ക്

ചേരുവകൾ
പച്ചരിപ്പൊടി – രണ്ട് കപ്പ്
ഉഴുന്നുപൊടി – ഒരു കപ്പ്
പൊരിക്കടല പൊടിച്ചത് – അര കപ്പ്
നെയ്യ് – അര ടേബിൾ സ്പൂൺ
സോഡാപ്പൊടി– ഒരു നുള്ള്
കായപ്പൊടി – അര ടീസ്പൂൺ
ജീരകം – ഒരു ടേബിൾ സ്പൂൺ
ഉപ്പ് – പാകത്തിന്
എള്ള് – ഒരു ടേബിൾ സ്പൂൺ
വെള്ളം – മാവ് കുഴയ്ക്കാൻ

തയാറാക്കുന്നവിധം
പൊടികൾ മൂന്നും തെളി നെയ്യും ഉപ്പും പാകത്തിന് വെള്ളവും ചേർത്ത് കുഴയ്ക്കുക. സോഡാപ്പൊടിയും ജീരകവും എള്ളും കായപ്പൊടിയും ചേർത്ത് കുഴയ്ക്കുക. സേവാനാഴിയിൽ മുറുക്കിന്റെ ചില്ലിട്ട് കുഴച്ചമാവ് കുറേശെ അതിലാക്കി ചുറ്റിച്ച് ചൂടെണ്ണയിലേക്കിട്ട് വറുത്ത് കരുകരുപ്പാക്കി കോരുക.

ഇന്ദുനാരായൺ
തിരുവനന്തപുരം.